Current Date

Search
Close this search box.
Search
Close this search box.

അപ്പോള്‍ നബി വചനങ്ങളും വ്യാജമാണോ ?

മേല്‍ ശീര്‍ഷകത്തില്‍ ഹമീദ് ചേന്ദമംഗല്ലൂര്‍ എഴുതിയ (സമകാലിക മലയാളം-ഒക്ടോബര്‍ 1) കുറിപ്പ് വായിച്ചപ്പോള്‍ ”അഞ്ജനമെന്നത് ഞാനറിയും,അത് മഞ്ഞള്‍ പോലെ വെളുത്തിട്ടാണ്” എന്ന പ്രയോഗമാണ് ഓര്‍മ്മ വന്നത്.

ഇസ്ലാമിനെ തകര്‍ക്കാന്‍ പാടുപെടുന്നവര്‍ നബിചര്യയില്‍ അവിശ്വാസം ഉണ്ടാക്കാന്‍ ശ്രമിക്കാറുണ്ട്. ഹമീദ് തക്കം കിട്ടുമ്പോഴൊക്കെ ഖാദിയാനികള്‍,മോഡേണിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള ഇസ്ലാം വിരുദ്ധരുടെ പക്ഷം ചേരാറുള്ള സ്ഥിതിക്ക് ഹദീസിനെ വിലയിടിച്ച് കാണിക്കാന്‍ ശ്രമിക്കുന്നതില്‍ അത്ഭുതമില്ല. ”നബിയുടെ വചനങ്ങള്‍,ചെയ്തികള്‍ എന്ന നിലയില്‍ അറിയപ്പെടുന്ന ഹഥീസുകളെല്ലാം വ്യാജമാണെന്ന് സമ്മതിക്കേണ്ടി വരും, കാരണം പ്രവാചകന്മാര്‍ അന്തരിച്ച് രണ്ടു നൂറ്റാണ്ടോളം പിന്നിട്ട ശേഷമാണ് കേട്ടു കേള്‍വിയുടെ അടിസ്ഥാനത്തില്‍ ഹദീസുകള്‍ ക്രോഡീകരിക്കപ്പെട്ടത്…” ഹമീദിന്റെ ഈ വാചകം ഉത്തരം മുട്ടുമ്പോഴുള്ള കൊഞ്ഞനം കാട്ടല്‍ മാത്രമാണ്.

മൗദൂദി മുഹമ്മദലി ജിന്നയെ കാഫിറെ അഅ്‌സം എന്ന് ഏതു കൃതിയില്‍, എപ്പോള്‍,എവിടെ പറഞ്ഞുവെന്ന് വസ്തുനിഷ്ഠമായും കൃത്യമായും തെളിയിക്കാനാവാതെ വന്ന ജാള്യത്തില്‍, ഒഴിഞ്ഞുമാറാനായി ഹദീസിന്റെ ആധികാരികതയെപ്പറ്റി സംശയം ജനിപ്പിക്കാനാണ് സൂത്രത്തില്‍ ശ്രമിക്കുന്നത്.

പ്രവാചക വചനം/കര്‍മ്മം അല്ലെങ്കില്‍ പ്രവാചകന്‍ മൗനാനുവാദം വഴി നല്‍കിയ അംഗീകാരം എന്നിവയാണ് ഹദീസ്. ഇത് ഇസ്ലാമിലെ രണ്ടാം പ്രമാണമാണ്.ഹദീസിന്റെ നിവേദക പരമ്പര പ്രവാചകനിലേക്ക് സംശയാതീതമായി ചേര്‍ത്തു പറയാവും വിധം കൃത്യമായെങ്കിലേ അതിനെ ആധികാരികമായി പരിഗണിക്കാറുള്ളൂ. പ്രവാചകന്റെ വാക്കുകള്‍ക്കും മാതൃകകള്‍ക്കും അദ്ദേഹത്തിന്റെ അനുയായികള്‍ കല്‍പിച്ച പ്രാധാന്യവും തദടിസ്ഥാനത്തില്‍ പാലിച്ച സൂക്ഷ്മതയും ലേഖകന്‍ വിശദമായി പഠിക്കേണ്ടതുണ്ട്.

ഹഥീസിന്റെ കൃത്യത ഉറപ്പുവരുത്താന്‍ പാലിച്ച ജാഗ്രതാ പൂര്‍വമുള്ള സൂക്ഷ്മതയുടെ ഒരു തെളിവാണ്,നബിയെ സംബന്ധിച്ച ഒരു വിവരം പിന്‍തലമുറക്ക് കൈമാറുന്നതില്‍ പങ്ക് വഹിച്ചവരെന്ന നിലക്ക് അങ്ങിനെയുള്ള അഞ്ചു ലക്ഷത്തോളം വ്യക്തികളുടെ ജീവചരിത്ര കുറിപ്പുകള്‍ രേഖപ്പെടുത്തിവെച്ചുവെന്നത് ഹദീസിന്റെ കൃത്യതയിലും ഭദ്രതയിലും പുലര്‍ത്തിയ അതിസൂക്ഷ്മതയാണ് വിളിച്ചോതുന്നത്. ”കേട്ടുകേള്‍വികളുടെ അിസ്ഥാനത്തില്‍” എന്ന ലേഖകന്റെ പ്രയോഗം ദുരുപദിഷ്ടതമാണ്. ഹദീസിന്റെ സംശോദനക്കും സംരക്ഷണത്തിനും കൃത്യമായ മാനദണ്ഡങ്ങളുണ്ട്. അതിനായി വളരെ വിപുലമായ വിജ്ഞാന ശാഖയുമുണ്ട്.

ഖാദിയാനികള്‍ക്കെതിരെ എന്ന പോലെ ഹദീസ് നിഷേധികള്‍ക്കെതിരെയും മൗദൂദി ശക്തമായ പോരാട്ടം നടത്തിയിട്ടുണ്ട്. അതുകൊണ്ടാണ് മോഡേണിസ്റ്റുകളും കമ്യൂണിസ്റ്റുകളും ഖാദിയാനികളും മറ്റും മൗദൂദിക്കെതിരെ നുണപ്രചാരണം നടത്തുന്നത്.

അതിന്റെ ഭാഗം തന്നെയാണ് മൗദൂദി ജിന്നയെ കാഫിറെ അഅ്‌സം എന്ന് വിശേഷിപ്പിച്ചുവെന്ന കള്ളക്കഥയും. വസ്തുനിഷ്ഠമായി ഹമീദിന് തെളിയിക്കാനാവാതെ പോയതിന്റെ പരാജയം മറച്ചുവെക്കാനുള്ള ഗോഷ്ടികള്‍ സംക്രമിച്ച് ഹദീസിനെതിരെ ആക്കി ഒരു തരം കുളം കലക്കല്‍ യത്‌നമാണ് ഹമീദ് നടത്തിയത്.

Related Articles