Columns

ഇറാന്‍-യു.എസ് പടപ്പുറപ്പാട്: മധ്യേഷ്യ വീണ്ടും യുദ്ധഭീതിയില്‍

യുദ്ധം മധ്യേഷ്യക്കു ഒരു പുത്തരിയല്ല. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന കാലങ്ങള്‍ മുതല്‍ അതൊരു സ്ഥിര സംഭവമായി നമുക്ക് അനുഭവപ്പെടുന്നു. പലപ്പോഴും എന്തിനായിരുന്നു യുദ്ധം എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കാനുള്ള സാധ്യതയും വളരെ കുറവാണ്. ഇറാന്‍-ഇറാഖ് യുദ്ധം തന്നെ അതിന്റെ ഒന്നാം തരം തെളിവാണ്. പണ്ടെങ്ങോ നിലനിന്നിരുന്ന കാരണമാണ് യുദ്ധത്തിലേക്ക് നയിച്ചത്. അതിന്റെ രാഷ്ട്രീയം അന്ന് തന്നെ പലരും മനസ്സിലാക്കിയതാണ്. രണ്ടു രാജ്യവും ഒരേ പോലെ തകരാന്‍ എന്നതല്ലാതെ മറ്റൊരു ഗുണവും അത് കൊണ്ട് ലഭിച്ചില്ല. ഇറാനില്‍ ഉരുത്തിരിഞ്ഞ ഭരണ മാറ്റം തൊട്ടടുത്ത നാടുകളിലേക്ക് കടന്നു കയറാതിരിക്കാന്‍ വേണ്ടി പടച്ചുണ്ടാക്കിയ യുദ്ധമെന്നും അന്ന് പലരും വിശദീകരിച്ചിരുന്നു. മറ്റാര്‍ക്കും നല്‍കാത്ത ആധുനിക ആയുധങ്ങള്‍ അന്ന് അമേരിക്ക ഇറാഖിന് നല്‍കി. ഇസ്റാഈല്‍ വഴി റായ്ഗന്‍ ഭരണകൂടം ഇറാനും ആയുധം വില്‍പ്പന നടത്തി. മധ്യേഷ്യയിലെ രണ്ടു പ്രധാന രാഷ്ട്രങ്ങള്‍ തകര്‍ന്നു തരിപ്പണമായപ്പോള്‍ അമേരിക്ക തടിച്ചു കൊഴുത്തു.

ഇറാനിലെ ശിയാ രാഷ്ട്രീയം തങ്ങളുടെ നാടുകളിലേക്ക് കയറ്റി അയക്കുമോ എന്നതിനേക്കാള്‍ അത്തരം ഒരു നീക്കം തങ്ങളുടെ ജനത പിന്തുടരുമോ എന്നതായിരുന്നു ഇറാനിന്റെ അയല്‍പക്ക രാഷ്ട്രങ്ങള്‍ ചിന്തിച്ചത്. അത് കൊണ്ട് തന്നെ അന്നത്തെ യുദ്ധത്തില്‍ അവരും ശക്തമായി ഇടപെട്ടു. പിന്നെ നാം കാണുന്നത് മിത്രം ശത്രുവാകുന്നതാണ്. ഒരിക്കല്‍ പാല് കൊടുത്തു വളര്‍ത്തിയ മിത്രത്തെ അമേരിക്ക തന്നെ ഇല്ലാതാക്കി. അതിനു അവര്‍ പടച്ചു വിട്ടത് കുറെ കെട്ടുകഥകളും. ലക്ഷങ്ങളുടെ ജീവന്‍ കൊണ്ടാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ അവസാന ഇരുപതു വര്‍ഷങ്ങള്‍ കടന്നു പോയത്. അതിനിടയിലും ശാസ്ത്ര സാങ്കേതിക രംഗത്ത് ഇറാന്‍ മുന്നേറ്റം നടത്തി എന്ന് വേണം മനസ്സിലാക്കാന്‍. ലോകത്ത് ആണവായുധ ശക്തികളായി അറിയപ്പെടുന്ന രക്ഷാ സമിതി അംഗങ്ങള്‍ക്ക് പുറമെ ആണവായുധം ഉണ്ടെന്ന് ഉറപ്പുള്ള മൂന്നു രാജ്യങ്ങള്‍ ഇന്ത്യയും പാകിസ്ഥാനും വടക്കന്‍ കൊറിയയുമാണ്. 1950കളില്‍ അമേരിക്കന്‍ സഹായത്തോടു കൂടി തന്നെയാണ് ഇറാന്‍ ഊര്‍ജാവശ്യങ്ങള്‍ക്കുള്ള ആണവായുധ റിയാക്ടറുകള്‍ ആരംഭിച്ചത്. ഇറാന്‍ വിപ്ലവത്തിന് ശേഷം പ്രസ്തുത പദ്ധതികളുടെ മേല്‍ അമേരിക്കയുടെ സ്വാധീനം നഷ്ടമായി. അണുവായുധം നിര്‍മിക്കാനുള്ള യുറേനിയം ഇറാന്‍ സ്വായത്തമാക്കാന്‍ ശ്രമിക്കുന്നു എന്നതാണ് പിന്നീട് ഇറാന്റെ മേല്‍ ഉന്നയിക്കപ്പെട്ട ആരോപണം. അപ്പോഴും സമാധാന പരമായ കാര്യങ്ങള്‍ക്കു മാത്രമേ അത് ഉപയോഗിക്കൂ എന്നതായിരുന്നു ഇറാന്റെ നിലപാട്. ആ വിഷയത്തില്‍ അമേരിക്കന്‍ പക്ഷത്തു നിന്നുള്ള ഉപരോധവും അവസാനം വന്‍ ശക്തികളുമായുള്ള ഉടമ്പടിയും നാം കണ്ടതാണ്.

സാമ്പത്തിക ഉപരോധം നീങ്ങിയപ്പോള്‍ എണ്ണ വിപണന രംഗത്ത് ഇറാന് നല്ല കാലം കൈ വന്നു. അമേരിക്ക തന്നെ ആദ്യം ഉടമ്പടിയില്‍ നിന്നും പിറകോട്ടു പോയി. 2015ലെ കരാറില്‍ നിന്നും ഇപ്പോള്‍ ഇറാന്‍ തന്നെ പിറകോട്ടു പോയിരിക്കുകയാണ്. മറ്റാരും ഇറാനില്‍ നിന്നും എണ്ണ വാങ്ങരുത് എന്നാണു അമേരിക്കന്‍ ഭീഷണി. ഇറാന്‍-ഇറാഖ് യുദ്ധ കാലത്തേക്കാള്‍ വലിയ പ്രതിസന്ധി എന്നാണ് ഇറാന്‍ പ്രസിഡന്റ് വിഷയത്തെ സ്വയം സൂചിപ്പിച്ചത്. അന്ന് ബാങ്കുകള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും വിലക്ക് ഭീഷണിയായിരുന്നില്ല. ഇറാന്റെ മേല്‍ ആകെ ഉണ്ടായിരുന്നത് ആയുധ വിലക്ക് മാത്രമായിരുന്നു. ചൈന,തുര്‍ക്കി,ഇന്ത്യ എന്നീ രാജ്യങ്ങളാണ് ഇറാനില്‍ നിന്നും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത്. കഴിഞ്ഞ ഏപ്രില്‍ അവസാനത്തില്‍ അമേരിക്ക നല്‍കിയ ആറു മാസത്തെ കാലാവധി കഴിഞ്ഞിട്ടും ആ രാജ്യങ്ങള്‍ എണ്ണ ഇറക്കുമതി തുടര്‍ന്നു കൊണ്ടിരിക്കുന്നു. തങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിച്ചാല്‍ ഹോര്‍മോസ് കടലിടുക്ക് അടച്ചിടും എന്നാണു ഇറാന്റെ ഭീഷണി. ആ ഭീഷണിയയാണ് ഇപ്പോള്‍ മധ്യേഷ്യയില്‍ പുതിയ സൈനിക നീക്കങ്ങള്‍ക്ക് കാരണമായതും.

തെക്കുകിഴക്കുള്ള ഒമാന്‍ ഗള്‍ഫിന്റെയും പേര്‍ഷ്യന്‍ ഗള്‍ഫിന്റെയും ഇടയില്‍ വരുന്ന ഇടുങ്ങിയതും തന്ത്രപ്രധാനവുമായ ഒരു ജലപാതയാണ് ഹോര്‍മൂസ് കടലിടുക്ക് . ഹോര്‍മൂസ് കടലിടുക്കിന്റെ വീതി 54 കിലോമീറ്റര്‍. പേര്‍ഷ്യന്‍ ഗള്‍ഫിലുള്ള പെട്രോളിയം കയറ്റുമതി രാജ്യങ്ങള്‍ക്ക് സമുദ്രത്തിലേക്ക് വഴിതുറക്കുന്ന ഏക കടല്‍ മാര്‍ഗ്ഗമാണിത്. അമേരിക്കന്‍ ഐക്യനാടുകളുടെ എനര്‍ജി ഇന്‍ഫര്‍മേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ കണക്ക് പ്രകാരം, ശരാശരി 15 ടാങ്കറുകള്‍ 16.5 മുതല്‍ 17 വരെ മില്യന്‍ ബാരല്‍ അസംസ്‌കൃത എണ്ണ ഓരോ ദിവസവും ഈ പാതയിലൂടെ വഹിച്ചുകൊണ്ട് പോകുന്നു. ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ കടലിടുക്കായി ഹോര്‍മൂസിനെ കണക്കാക്കുന്നതും ഇക്കാരണത്താലാണ്. ലോകത്തിലെ കടല്‍മാര്‍ഗ്ഗമുള്ള എണ്ണ ചരക്കുനീക്കത്തിന്റെ 40%വും ലോകത്തിലെ മൊത്തം ചരക്കുനീക്കത്തിന്റെ 20% വും വരുമിത്. ഇറാന്‍ അത്തരം നിലപാട് സ്വീകരിച്ചാല്‍ മേഖലയിലെ മൊത്തം എണ്ണ കയറ്റുമതി രാജ്യങ്ങളെ അത് ബാധിക്കും. അത് കൊണ്ടാണ് ഒരു മിനുട്ട് പോലും അടച്ചിടാന്‍ സമ്മതിക്കില്ല എന്ന് സഊദി പോലുള്ള രാജ്യങ്ങള്‍ പറഞ്ഞു വരുന്നതും.

ഇറാന്‍ മധ്യേഷ്യയില്‍ തമ്പടിച്ചിരുന്ന തങ്ങളുടെ സൈനിക ശക്തികളെ ആക്രമിക്കും എന്നാണ് പുതിയ സൈനിക വിന്യാസത്തിനു അമേരിക്ക പറയുന്ന കാരണം. ഹോര്‍മോസ് കടലിന്റെ പേരില്‍ നടത്തപ്പെടുന്ന എല്ലാത്തിനും കണക്ക് പറഞ്ഞു അറബ് രാജ്യങ്ങളില്‍ നിന്നും അമേരിക്ക പ്രതിഫലം വാങ്ങും എന്നുറപ്പാണ്. യമന്‍ യുദ്ധത്തില്‍ തകര്‍ന്നു പോയ അറബി നാടുകള്‍ക്ക് ഈ ചിലവുകള്‍ പുതിയ പ്രതിസന്ധി സൃഷ്ടിക്കും. ഇറാന്റെ വര്‍ത്തമാന സാഹചര്യം സിറിയയില്‍ ബശ്ശാറിനെ ബാധിക്കും എന്നുറപ്പാണ്. അതെ സമയം അവിടുത്തെ കാര്യങ്ങള്‍ ഇപ്പോള്‍ റഷ്യയാണ് നോക്കി നടത്തുന്നത് എന്നത് കൊണ്ട് വലിയ മാറ്റം വരാന്‍ സാധ്യത കുറവാണ്. ഇനിയൊരു യുദ്ധം താങ്ങാനുള്ള ആരോഗ്യം മധ്യേഷ്യക്കില്ല എന്നുറപ്പാണ്. പുതിയ സാഹചര്യങ്ങളില്‍ ഇറാനും മറ്റു അറബ് രാജ്യങ്ങള്‍ക്കുമിടയില്‍ ശക്തമായ വിള്ളല്‍ നിലനില്‍ക്കുന്നു. അത് മുതലെടുക്കാന്‍ എന്നും അമേരിക്ക ശ്രമിക്കാറുണ്ട്. ഒരു ഭാഗത്തു മുസ്ലിം രാജ്യങ്ങള്‍ പരസ്പരം തമ്മിലടിച്ചു ശക്തി ക്ഷയിക്കുമ്പോള്‍ തൊട്ടപ്പുറത്ത് ഇസ്രായേല്‍ ശക്തിപ്പെടുന്നു എന്ന് കൂടി വേണം മനസ്സിലാക്കാന്‍. ജൂത രാഷ്ട്രത്തിന്റെ എല്ലാ നെറികേടുകള്‍ക്കും പരസ്യമായ പിന്തുണ നല്‍കുന്ന കാര്യത്തില്‍ ട്രംപ് ഭരണകൂടം ഒരു പിശുക്കും കാണിക്കുന്നില്ല എന്നത് കൂടി ഇവിടെ ചേര്‍ത്ത് വായിക്കണം.

Facebook Comments
Related Articles
Show More
Close
Close