ഏഴ് വർഷം നീണ്ട പൂർണ്ണ ബന്ധ വിഛേദത്തിന് ശേഷം ബന്ധങ്ങൾ പുനസ്ഥാപിക്കാൻ സഊദി അറേബ്യയും ഇറാനും തീരുമാനിച്ചത് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ്. ചൈനയാണ് മധ്യസ്ഥന്റെ റോളിലുള്ളത്. ഇരു രാഷ്ട്രങ്ങളും പരസ്പരം മറ്റേ രാഷ്ട്രത്തിന്റെ പരമാധികാരത്തെ മാനിക്കും എന്നതാണ് സംയുക്ത പ്രസ്താവനയിലെ പ്രധാന വശം. ആഭ്യന്തര കാര്യങ്ങളിൽ പരസ്പരം ഇടപെടില്ല. ഇനി മുതൽ ഇരു രാജ്യങ്ങളും നല്ല അയൽക്കാരായിരിക്കും. രണ്ട് മാസത്തിനകം ഇരു രാഷ്ട്രങ്ങളും തങ്ങൾ അടച്ചുപൂട്ടിയിരുന്ന എംബസികൾ തുറക്കും. ഇതൊക്കെയാണ് പ്രസ്താവനയിലുള്ളത്. ചർച്ചയിലൂടെ രാഷ്ടീയ പരിഹാരം എന്ന തങ്ങളുടെ പോളിസിയുടെ സാക്ഷാൽക്കാരമാണ് ബന്ധം പുനസ്ഥാപിക്കലെന്ന് സഊദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബ്നു ഫർഹാൻ പ്രതികരിച്ചു. മേഖലയിലെ എല്ലാ രാഷ്ട്രങ്ങളും പങ്ക് വെക്കുന്നത് ഒരേ ഭാഗധേയമാണെന്നും അതിനാൽ മേഖലയിലെ മുഴുവൻ ജനങ്ങളുടെയും ക്ഷേമവും സുസ്ഥിതിയും ഉറപ്പ് വരുത്തുന്ന നയങ്ങളാണ് പിന്തുടരേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വെടിനിർത്തലിനെ പ്രശംസിച്ചു കൊണ്ട് വിവിധ കോണുകളിൽ നിന്ന് അഭിനന്ദനങ്ങൾ വന്നു കൊണ്ടിരിക്കുന്നു. അമേരിക്ക, യൂറോപ്യൻ രാഷ്ട്രങ്ങൾ, അറബ്- ഗൾഫ് രാഷ്ട്രങ്ങൾ, ലബ്നാനിലെ ഹിസ്ബുല്ല, യമനിലെ ഹൂഥികൾ ഇങ്ങനെ പലരിൽ നിന്നും. ഇറാഖ്, ഒമാൻ, ചൈന തുടണ്ടിയ രാജ്യങ്ങൾ നയിച്ച വളരെയേറെ ചർച്ചകൾക്ക് ശേഷമാണ് ഈ ഒത്തുതീർപ്പ് ഉണ്ടായിരിക്കുന്നത്.
സ്വീഡനിലെ ഉപ്സല യൂനിവേഴ്സിറ്റി പ്രഫസർ അശോക് സ്വെയ്ൻ പറയുന്നത്, ഇരു രാഷ്ട്രങ്ങളും തമ്മിൽ നടന്ന വർഷങ്ങൾ നീണ്ട പോർ വിളിക്ക് ശേഷം ഇങ്ങനെയൊരു ഒത്തുതീർപ്പുണ്ടാക്കാൻ കഴിഞ്ഞത് മേഖലയിൽ സമാധാന പുനസ്ഥാപനത്തിന് വഴിവെക്കുമെന്നാണ്. ചർച്ചക്ക് കാർമികത്വം വഹിച്ച രാഷ്ട്രമെന്ന നിലക്ക് മേഖലയിൽ കൂടുതൽ സ്വാധീനം ചെലുത്താൻ ചൈനക്ക് സാധ്യമാവുകയും ചെയ്തിരിക്കുന്നു. മേഖലയിൽ നിന്ന് പിൻവാങ്ങിക്കൊണ്ടിരിക്കുന്ന അമേരിക്കയുടെ ചെലവിലാണ് ചൈന തൽസ്ഥാനത്തേക്ക് കയറുന്നത്. ലോകത്തിന്റെ ഏത് കോണിലും സമാധാനം സ്ഥാപിക്കാൻ കെൽപ്പുള്ള ലോക ശക്തിയാണ് തങ്ങളെന്ന് തെളിയിക്കുകയാണ് ചൈനയെന്നും അശോക് സ്വെയ്ൻ പറഞ്ഞു.
ഗാർഡിയൻ പത്രത്തിലെ നയതന്ത്ര വിദഗ്ധൻ പാറ്റ്റിക് വിന്ററിന്റെ അഭിപ്രായം ഇങ്ങനെ: ഈ ഒത്ത്തീർപ്പിന്റെ ഗുണാത്മക പ്രതിഫലനങ്ങൾ കൂടുതലായി ഉണ്ടാകാൻ പോകുന്നത് യമൻ യുദ്ധത്തിലാണ്. ആ ആഭ്യന്തര യുദ്ധത്തിൽ ഗവൺമെന്റ് പക്ഷത്തെ സഹായിക്കുന്നത് സഊദിയും ഹൂഥി പക്ഷത്തെ സഹായിക്കുന്നത് ഇറാനുമാണല്ലോ. അപ്രതീക്ഷിത നേട്ടം കൈവരാൻ പോകുന്നത് ടെഹ്റാന്ന് തന്നെയാണ്. എത്രയോ കാലമായി പാശ്ചാത്യ രാജ്യങ്ങളുടെ സാമ്പത്തിക ഉപരോധം നേരിട്ടു കൊണ്ടിരിക്കുകയാണ് ഇറാൻ. ഒത്ത് തീർപ്പിന് ശേഷം സഊദി ഇറാനിൽ ഇൻവെസ്റ്റ് ചെയ്യാൻ തയ്യാറായേക്കാം.
ഇറാനിയൻ രാഷ്ട്രീയ നിരീക്ഷകൻ ഇഹ്സാൻ സഫർ നിജാദും ഇതിൽ ഇടപെട്ട കക്ഷികൾക്ക് ഉണ്ടാകാൻ പോകുന്ന സാമ്പത്തിക നേട്ടങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. ഉദാഹരണത്തിന്, ചൈന തങ്ങളുടെ എണ്ണ ആവശ്യത്തിന്റെ 40 ശതമാനവും പൂർത്തീകരിക്കുന്നത് സഊദി, യു.എ.ഇ, കുവൈത്ത്, ഇറാഖ് എന്നീ നാടുകളിൽ നിന്നുള്ള ഇറക്കുമതിയിലൂടെയാണ്. സഊദി – ഇറാൻ സംഘർഷം തുടരുന്നത് ഈ സാമ്പത്തിക ഇടപാടിനെ ദോഷകരമായി ബാധിക്കും. ഇറാനും സഊദിയുമാകട്ടെ ഈയടുത്ത കാലത്തായി ചൈനയുമായി നല്ല ബന്ധത്തിലുമാണ്. അപ്പോൾ ടെഹ്റാനിലും റിയാദിലും തങ്ങൾ നടത്തുന്ന ഇൻവെസ്റ്റ്മെന്റ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിൽ പെട്ട് പോകരുതെന്ന് ചൈനക്ക് നിർബന്ധമുണ്ടാവുമല്ലോ. മാത്രവുമല്ല ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങൾ ചേർന്നുള്ള BRICS കൂട്ടായ്മയിൽ ( ഈ രാജ്യങ്ങളുടെ മൊത്തം ആഭ്യന്തര ഉൽപാദനം 51.49 ട്രില്യൻ വരും ) ചേരാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ് സഊദിയും ഇറാനും. ഇത് ജി-7 രാഷ്ട്രങ്ങളുടെ മൊത്തം ആഭ്യന്തര ഉൽപ്പാദന (49. 37 ട ട്രില്യൻ) ത്തേക്കാൾ കൂടുതലാണ്. അപ്പോൾ ഇറാന്നും സഊദിക്കും ‘ബ്രിക്സി’ൽ ചേരണമെന്നുണ്ടെങ്കിൽ പരസ്പരമുള്ള ശ്രത്രുത അവസാനിപ്പിച്ചല്ലേ പറ്റൂ. ഫലസ്തീൻ പ്രശ്നത്തിലും ശ്രദ്ധേയമായ ചുവട് വെപ്പുകൾ നടത്താൻ ഒത്ത് തീർപ്പ് സഹായകമാകുമെന്നാണ് സഫർ നിജാദ് പറയുന്നത്.
ഇരു രാഷ്ട്രങ്ങളും എതിർ പക്ഷത്തുളള യമൻ, ലബനാൻ, സിറിയ പ്രശ്നങ്ങളിൽ പെട്ടെന്ന് സമവായങ്ങളൊന്നും ഉരുത്തിരിയാൻ സാധ്യതയില്ല. മേഖലയിൽ മേധാവിത്വമുറപ്പിക്കാൻ ഇരുവരും കാലങ്ങളായി ശ്രമിച്ചു വരികയുമാണ്. സ്വന്തം താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി, ഭാരിച്ച യുദ്ധച്ചെലവുകൾ ഒഴിവാക്കുന്നതിന് വേണ്ടി ഇരു കൂട്ടരും ആത്മനിയന്ത്രണം പാലിക്കുകയാണ് ബുദ്ധി എന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ്. അതാണ് ഈ ഒത്ത്തീർപ്പ്.
വിവ. അശ്റഫ് കീഴുപറമ്പ്
🪀 To Join Whatsapp Group 👉: https://chat.whatsapp.com/BxliWKickAyDu0ikv75WY5