ഒന്നാം ഇൻതിഫാദയിൽ പങ്കെടുക്കുകയും ഹമാസ് സൈനിക വിഭാഗത്തിന്റെ നേതാവാകുകയും ചെയ്ത അൽ ഖസ്സാം ബ്രിഗേഡിൻ്റെ സൈനിക കമാൻഡർ ആയിരുന്നു അബ്ദുറഹ്മാൻ ഹസൻ സലാമ. ഡസൻ കണക്കിന് ഇസ്രായേലികളെ കൊല്ലുകയും പരിക്കേൽപ്പിക്കുകയും ചെയ്ത ബോംബാക്രമണങ്ങളുടെ ഉത്തരവാദിത്തം ഇസ്രായേൽ അദ്ദേഹത്തിനെതിരെ ചുമത്തി. “പവിത്രമായ പ്രതികാര പ്രവർത്തനങ്ങളുടെ നായകൻ” എന്നാണ് ഹമാസ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. അദ്ദേഹത്തിന് 48 ജീവപര്യന്തം (1175 വർഷം) തടവ് ശിക്ഷയാണ് ഇസ്രായേൽ ഭരണകൂടം വിധിച്ചത്. 2011-ൽ തടവുകാരെ കൈമാറുന്ന കരാറിന്റെ ഭാഗമായി അദ്ദേഹത്തെ മോചിപ്പിക്കാൻ ഇസ്രായേൽ ഭരണകൂടം വിസമ്മതിച്ചു. തൻ്റെ ഏകാന്ത നടവറയിലെ അനുഭവങ്ങൾ കോർത്തിണക്കി ഹസൻ സലാമ എഴുതിയ തടവറ കുറിപ്പുകൾ ആണ് ‘ആലമുൽ ബർസഖിലെ അയ്യായിരം ദിനങ്ങൾ’.
ഏതെങ്കിലും ഒരു ജയിലിൽ അടയ്ക്കപ്പെട്ട ഏതോ ഒരു തടവുകാരന്റെ ഓർമ്മക്കുറിപ്പുകളല്ല ഇത്. സാധാരണ നാം വായിച്ചതും പരിചയിച്ചതും ആയ ജയിൽ കുറിപ്പുകളും അല്ല. മറിച്ച് ഇത് ‘ആലമുൽ ബർസഖിലെ അയ്യായിരം ദിനങ്ങൾ’ അനാവരണം ചെയ്യപ്പെട്ട ഡയറിക്കുറിപ്പുകളാണ്. ഇത് എഴുതിയ പ്രിയ സ്നേഹിതനും നേതാവുമായ ഹസ്സൻ സലാമ തൻ്റെ ഡയറിക്കുറിപ്പിനു ഇങ്ങനെയാണ് പേരു നൽകിയത്. ഈ കാലമത്രയും അദ്ദേഹം ഒരു തടവുകാരനായി ശവക്കുഴിക്ക് സമാനമായ സെല്ലിലാണ് കഴിഞ്ഞുകൂടിയത്.
പതിമൂന്ന് വർഷമോ അതിലധികമോ താൻ ജീവിച്ച അത്യസാധാരണമായ ഒരു ലോകം. തന്റെ ജയിലിൽവാസം ജീവിതവും അല്ല മരണവും അല്ല മറിച്ച് ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ഒരു അവസ്ഥയായാണ് സലാമ വിലയിരുത്തുന്നത്. വലിയ ഒരു തടവറയ്ക്കുള്ളിലെ ചെറിയൊരു തടവറ. മത്തി പെട്ടികൾ അടക്കിവെച്ചത് പോലെയുള്ള ചെറിയ ചെറിയ സെല്ലുകൾ. മന്ദഗതിയിലുള്ള മരണത്തിലേക്കു തടവിലാക്കപ്പെട്ട മനുഷ്യനെ നയിക്കുന്ന ശവക്കുഴികൾ. മനുഷ്യനെ പീഡിപ്പിക്കാനും മർദ്ദിക്കാനും പരിശീലനം കിട്ടിയ അതിവിദഗ്ധരായ ജയിലർമാരാണ് അവിടുത്തെ സൂക്ഷിപ്പുകാർ. ചെറുത്തുനിൽപ്പിന്റെ നേതാക്കളെ, പ്രവർത്തകരെ, അതിന്റെ ചിഹ്നങ്ങളെ വരെ അവർ പ്രതികാരത്തിന് വിധേയമാക്കി. അവരുടെ ശരീരത്തിൻ്റെ അകത്തു പുറത്തും പ്രഹരം ഏൽപ്പിക്കപ്പെട്ടു. അതിനപ്പുറത്തും അവർക്ക് ഏറ്റവും വലിയ കഷ്ടനഷ്ടങ്ങൾ വരുത്താനും പീഢകരായ അവിടുത്തെ ഉദ്യോഗസ്ഥർ ആവുന്നത്ര ശ്രമിച്ചു. അങ്ങനെ അവർക്ക് പരാജയവും നിരാശയും കീഴടങ്ങാനുള്ള ആഗ്രഹവും ജനിപ്പിക്കാൻ ആയിരുന്നു അവർ ശ്രമിച്ചത്; അല്ലെങ്കിൽ അവരെ ഇല്ലായ്മ ചെയ്യാനും.
ശവക്കുഴികൾക്ക് സമാനമായ ആ സെല്ലുകളിൽ തടവിലാക്കപ്പെട്ടവരുടെ അനുഭവങ്ങൾ എല്ലാം അത്യസാധാരണമായിരുന്നു. ഇല്ലായ്മ ആണ് അവിടെയുള്ള എല്ലാത്തിലും കാണാനാവുന്നത്; മനുഷ്യന് മനുഷ്യൻ എന്ന നിലയിലുള്ള എല്ലാ ഭാവങ്ങളും ഇല്ലാതാകുന്ന ഒരുതരം ഇല്ലായ്മ. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും, ആകാശവും ഭൂമിയും, വായുവും, രാത്രിയും പകലും, നാല് ഋതുക്കളും അവയുടെ ക്രമവും അർത്ഥവും എല്ലാം നഷ്ടപ്പെടുന്നവൻ്റെ ഇല്ലായ്മ. വ്യവസ്ഥാപിതമായ ഉറക്കമില്ല, എന്നാലോ ഉണർച്ചയും ഇല്ല. ആരുമായും ഒരു സമ്പർക്കവുമില്ല. എല്ലാം തടവറക്കാലം അവന് നഷ്ടമാക്കി…!
ക്ഷീണിപ്പിക്കുന്ന, മുതുകു ഞെരിക്കുന്ന ഭാരവുമായി സയണിസ്റ്റ് അധിനിവേശകരുടെ ജയിലറകളിലെ ഐസുലേറ്റഡ് വാർഡുകളിൽ അദ്ദേഹം അയ്യായിരം ദിനങ്ങൾ കഴിച്ചുകൂട്ടി. അയലോൺ, അഷ്കലോൺ, ഷട്ട, ബീർഷെബ, റയ്യോൺ തടവറകളിൽ എന്തെല്ലാം ഉണ്ടെന്നു പറഞ്ഞാലും, തടവുകാർക്ക് കനംതിങ്ങുന്ന, ഭാരം നിറഞ്ഞ, തളർത്തി കളയുന്ന, വിരസമായ അനുഭവം ആയിരുന്നു അതിലെ ഒരു ദിവസം പോലും. അപ്പോൾ ഹസൻ സലാമയുടെ അവസ്ഥ എത്ര ഭീകരമായിരിക്കും! ആയിരക്കണക്കിന് ദിനങ്ങളാണ് ചെറുത്തുനിൽപ്പുകാർ ജയിലിൽ ജീവിച്ചത്. മുതനബ്ബി പറഞ്ഞത് പോലെ, “വാളിന്റെ മുനയിൽ എന്ന പോലെ, മരണത്തിന്റെ വക്കിൽ, കാറ്റ് തങ്ങൾക്ക് താഴെയാണെന്നപോലെ ഉത്കണ്ഠയോടെയാണ്” അവർ അവിടെ ജീവിച്ചത്.
ഇതിനുപുറമെ, നമ്മുടെ ധീരന്മാരായ തടവുകാർ ക്രിമിനലുകളും തീവ്രവാദികളുമായ ജൂതന്മാരിൽ നിന്നും അനുഭവിക്കുന്ന അധിക്ഷേപങ്ങളും അശ്ലീലങ്ങളും കൂടി ഇതിനോട് ചേർത്തു വായിക്കണം. അവരെ മനഃപൂർവ്വം തങ്ങളെ പാർപ്പിക്കുന്ന ഐസൊലേഷൻ വാർഡുകളിൽ കൊണ്ടുവന്നിടും. മറ്റ് തരത്തിലുള്ള മാനസികവും ശാരീരികവുമായ പീഡനങ്ങളും അവർക്ക് അവിടെ നേരിടേണ്ടിവന്നു. എന്നാൽ ഈ കഷ്ടപ്പാടുകൾക്കും പീഡനങ്ങൾക്കുമിടയിൽ, ആരാധനയുടെയും പ്രാർത്ഥനയുടെയും ഖുർആൻ പാരായണത്തിൻ്റെയും ദൈവ സ്മരണയുടെയും ഒരു ആത്മീയ അന്തരീക്ഷത്തിൽ, സർവ്വശക്തനായ ദൈവവുമായുള്ള ബന്ധത്തിന്റെയും, അവനിലുള്ള അചഞ്ചലമായ വിശ്വാസത്തിന്റെയും അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് പ്രതിസന്ധികളെ മറികടക്കാനുള്ള സവിശേഷമായ സിദ്ധി അവർ ആർജിച്ചെടുക്കുകയായിരുന്നു.
മനോഹരവും സത്യസന്ധവുമായ ഈ ഓർമ്മക്കുറിപ്പുകളിൽ, നമ്മുടെ പ്രിയപ്പെട്ട സഹോദരൻ ഹസ്സൻ അബു അലി, പ്രത്യേകിച്ച് ഒരു നീണ്ട കാലത്തെ ഒറ്റപ്പെടലിനുശേഷം, ജയിലിൽ തന്റെ സഹോദരങ്ങളെ കണ്ടുമുട്ടിയതിന്റെ സന്തോഷ നിമിഷങ്ങൾ നാമുമായി പങ്കുവെക്കുകയാണ്. ദൈവത്തിൽ നിന്നും പിന്നീട് സഹോദരങ്ങളിൽ നിന്നും കൂട്ടാളികളിൽ നിന്നും ലഭിച്ച പിന്തുണയും സഹായവും കഠിനമായ സാഹചര്യങ്ങളിൽ, “അല്ലാഹുവാണ് തന്റെ സഹായത്താലും വിശ്വാസികളിലൂടെയും നിന്നെ പിന്തുണച്ചതും അവരുടെ ഹൃദയങ്ങളെ ഒരുമിപ്പിച്ചതും” എന്ന സത്യസന്ധമായ സാഹോദര്യ വികാരങ്ങളാണ് ഈ സന്ദർഭത്തിൽ ഹസൻ സലാമ നമ്മോട് പങ്കുവയ്ക്കുന്നത്. അത്തരമൊരു അന്തരീക്ഷത്തിൽ, അന്തരംഗത്തു നിന്നും കവിഞ്ഞൊഴുകുന്ന വികാരങ്ങളുടെയും ഭാവനകളുടെയും രസകരമായ കഥകളും ഹൃദയസ്പർശിയായ വിവരണങ്ങളും അടങ്ങിയ ഡയറിക്കുറിപ്പാണിത്. അതിലൂടെ കടന്നു പോകവേ നാം അല്പസമയം ചിന്താനിമഗ്നരായി നിന്നു പോവുക തന്നെ ചെയ്യും!
ഗഫ്റാനെ സംബന്ധിച്ചിടത്തോളം, കഷ്ടപ്പാടിന്റെ പ്രയാസകരമായ നിമിഷങ്ങളിലാണ് അവൾ സഹോദരൻ ഹസന്റെ ലോകത്തേക്ക് പ്രവേശിച്ചത്. അവൾ സ്നേഹത്തിന്റെ വറ്റാത്ത ഉറവയായിരുന്നു; പ്രത്യാശയുടെ ഉറവിടവും. സ്ഥിരോത്സാഹത്തിനും ദൃഢതയ്ക്കും വെല്ലുവിളികളെ നേരിടുന്നതിനും അവൾ സലാമയ്ക്ക് വലിയ സഹായമായിരുന്നു. തിരശ്ശീലക്കു പിന്നിൽ അവന്റെ പ്രതിശ്രുത വധുവാണ് ഗഫ്റാൻ. ത്യാഗത്തിന്റെയും നിസ്വാർത്ഥതയുടെയും പ്രചോദനാത്മകമായ ഒരു ചിത്രത്തിൽ, ഫലസ്തീൻ സ്ത്രീകൾ തങ്ങളുടെ വിധിയെ ചെറുത്തുനിൽപ്പിന്റെ പ്രതീകങ്ങളുമായും പതിറ്റാണ്ടുകളുടെ ജീവപര്യന്തം തടവ് ചുമലിൽ വഹിക്കുന്ന ധീരരായ പുരുഷന്മാരുമായും ഇവിടെ ബന്ധിപ്പിക്കുന്നു; അസാധ്യമെന്നു തോന്നുന്ന ഒരു ദാമ്പത്യത്തിൽ. എന്നാൽ വിശ്വാസം, പോരാട്ടം, ദേശസ്‌നേഹം എന്നിവ കൊണ്ടെല്ലാം അത് സാധ്യമാകും എന്ന് അവർ തെളിയിക്കുന്നു. അങ്ങേയറ്റത്തെ പ്രതീക്ഷയും ശുഭാപ്തിവിശ്വാസവും നിറഞ്ഞതാണ് അവരുടെ ജീവിതം.
ജയിലിനുള്ളിൽ പോലും പോരാട്ടം തുടരണമെന്ന സലാമയുടെ നിർബന്ധം, ഈ ഓർമ്മക്കുറിപ്പുകളിൽ കാണുമ്പോൾ പ്രിയപ്പെട്ട വായനക്കാർ ആശ്ചര്യപ്പെടും. എന്നാൽ ഏകാന്ത തടവറക്കാലമാണ്, കമാൻഡർ അബു അലിയ്ക്ക് ഖസ്സാം നേതൃത്വത്തിലെ തന്റെ സഹോദരന്മാരുമായി എങ്ങനെ ആശയവിനിമയം നടത്താം എന്നും ചെറുത്തുനിൽപ്പിനായി പുതിയ പ്രവർത്തന മാർഗങ്ങൾ തുറക്കാൻ അവരെ എങ്ങനെ സഹായിക്കാം എന്നും മനസ്സിലാക്കി കൊടുത്തത്! അസാധ്യമായത് എന്ന ഒന്നില്ലെന്നും ഒഴിവു കഴിവുകൾ ഒരു യാഥാർത്ഥ്യമാണെങ്കിലും അതിനെ സ്വീകരിക്കരുത് എന്നും സലാമയെ ബോധ്യപ്പെടുത്തിയത് ഈ തടവറയാണ്.
സുഖദുഃഖ സമ്മിശ്ര വികാരങ്ങളുടെ ഒരു വാഗ്മയ ചിത്രം. അതായിരുന്നു 2011 ഒക്ടോബറിലെ ബന്ദി മോചന കരാർ. കരാർ പ്രകാരം മോചിതരാകാൻ പോകുന്ന തന്റെ ചങ്ങാതിമാരുടെ മോചനത്തിൽ അബു അലി ഹസൻ സലാമ സന്തോഷിക്കുമ്പോഴും താൻ ആ കൂട്ടത്തിൽ നിന്നും ഒഴിവാക്കപ്പെട്ടതിൻ്റെ വേദന അദ്ദേഹത്തെ ആഴത്തിൽ ബാധിച്ചു. സ്വാഭാവികവും മനുഷ്യസഹജവുമായ വികാരമാണ് ആ വേദന. പക്ഷേ, അതൊക്കെ ഉണ്ടായിരുന്നിട്ടും, അന്നത്തെ സയണിസ്റ്റ് സുരക്ഷാ കാര്യ മേധാവിയുടെ “ഹസൻ സലാമയെ വിട്ടയക്കില്ല” എന്ന പ്രസ്താവന കേട്ടപ്പോൾ, ഹസ്സൻ സലാമ ആരാണെന്ന് അറിയാവുന്ന ഇസ്രായേലി പൊതുജനങ്ങൾക്ക് ആശ്വാസമായി. വിമോചന പോരാട്ടത്തിൽ ഏർപ്പെട്ട് രക്തസാക്ഷിയായ യഹ്‌യ അയ്യാഷിന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്യാൻ തൻ്റെ നേതൃത്വത്തിൽ 1996-ൽ നടന്ന പ്രവർത്തനങ്ങൾ മനസ്സിലാക്കിയവരെ സംബന്ധിച്ചിടത്തോളം ഹസൻ സലാമ എത്രമാത്രം അപകടകാരിയായിരുന്നു എന്ന് ഇസ്രയേലിലെ പൊതുജനങ്ങൾ ഇതിനോടകം തിരിച്ചറിഞ്ഞിരുന്നു. അബു അലി അത് കേട്ടപ്പോൾ, ആ വെല്ലുവിളിയെ മറ്റൊരു വെല്ലുവിളിയായി അദ്ദേഹം നേരിട്ടു. കഠിനമായി പരിശീലനത്തിൽ ഏർപ്പെട്ടു കൊണ്ട് തന്റെ ശക്തി അവർക്ക് മുന്നിൽ പ്രകടിപ്പിക്കാൻ അദ്ദേഹം ആഗ്രഹിച്ചു. ആ കരാറിന് മുമ്പുള്ള നീണ്ട ജയിൽപീഡനവും നിരാഹാര സമരവും ഫലമായി അദ്ദേഹത്തിന്റെ ശരീരം ക്ഷീണിച്ചിരുന്നെങ്കിലും, അത് അസാധാരണമായ മനോവീര്യത്തിന്റെ ശക്തമായ സന്ദേശമായിരുന്നു പ്രസരിപ്പിച്ചത്. ജയിൽമോചനത്തിനുള്ള വലിയൊരവസരം നഷ്ടപ്പെട്ട നിമിഷത്തിൽ പോലും അദ്ദേഹം തകർന്നില്ല.
തങ്ങളുടെ എല്ലാ അവകാശങ്ങളും കവർന്നെടുത്ത അധിനിവേശ ശക്തിയായ സിയോണിസ്റ്റുകളുടെ ഭീകര തടവറകളിലെ ഏകാന്ത സെല്ലുകളിൽ അടയ്ക്കപ്പെട്ട ഫലസ്തീൻ തടവുകാരുടെ മുന്നിലുള്ള ഏക സമരമാർഗ്ഗം ആയിരുന്നു ഭക്ഷണവും മറ്റും ഉപേക്ഷിച്ചുകൊണ്ടുള്ള നിരാഹാര സമരം. ഞങ്ങളുടെ സുഹൃത്തിന്റെ ഓർമ്മക്കുറിപ്പുകളിൽ, അദ്ദേഹം ആ സമരമുറകളെക്കുറിച്ച് എഴുതുന്നുണ്ട്. അവയെക്കുറിച്ചും അവരുടെ ദിവസങ്ങളിലെ മിനിറ്റുകളെക്കുറിച്ചും, എല്ലാ വിധേനയും അവയെ തകർക്കാൻ പ്രവർത്തിക്കുന്ന സയണിസ്റ്റ് ശക്തികളോട് ഇച്ഛാശക്തിയോടെ പോരാടിയതിനെ കുറിച്ചും സലാമ വാചാലനാവുന്നതും കാണാം; പ്രത്യേകിച്ച് 2012 ഏപ്രിൽ 17-ന് “ഫലസ്തീൻ തടവുകാരുടെ ദിന” വാർഷികത്തിൽ നടന്ന “സ്ട്രൈക് ഫോർ ഡിഗ്നിറ്റി”യെ കുറിച്ച്. ഈ സമരത്തെ തകർക്കാൻ ആവുംവിധമെല്ലാം സിയോണിസ്റ്റ് ഭരണകൂടം ശ്രമിച്ചിരുന്നു. 28 ദിവസത്തെ നിരാഹാര സത്യാഗ്രഹ സമരത്തിന് ശേഷം ഹസൻ സലാമയും സഹപ്രവർത്തകരും തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കുന്നതിൽ വിജയിച്ചു. യാതൊരു വിട്ടുവീഴ്ചയും ഇല്ലാത്ത സമരം ആയിരുന്നു അവരുടേത്. ഏകാന്ത തടവറയിൽ നിന്നുള്ള മോചനമായിരുന്നു ആ ലക്ഷ്യം. ചെറുത്തുനിൽപ്പു പ്രസ്ഥാനത്തിലെ പ്രവർത്തകരും പോരാളികളുമായ അവർ വരിച്ച ഏറ്റവും അത്ഭുതകരമായ ത്യാഗങ്ങളും ഉന്നതമായ ഇച്ഛാശക്തിയും കൊണ്ട് ദൈവാനുഗ്രഹത്താൽ അവർ ആഗ്രഹിച്ചത് യാഥാർത്ഥ്യമായി.
എല്ലാ ബുദ്ധിമുട്ടുകളെയും വെല്ലുവിളികളെയും സ്വയം മറികടക്കുന്ന മനുഷ്യനാണിത്; സർവ്വശക്തനായ ദൈവം വലിയ ഊർജ്ജവും ഉന്നതമായ സ്വഭാവ ഗുണങ്ങളും നിക്ഷേപിച്ച മനുഷ്യൻ. ദൃഢവിശ്വാസവും ആത്മാഭിമാന ബോധവും സ്വാതന്ത്ര്യത്തിനുള്ള അടങ്ങാത്ത ദാഹവും ആ മനുഷ്യന് അധിക ഗുണങ്ങളായി ലഭിക്കുന്നതോടെ അവൻ ദൈവത്തിന്റെ മാത്രം ദാസനായി മാറും. അവൻ ഒരു മഹത്തായ ലക്ഷ്യത്തിന്റെയും ഉന്നതമായ സന്ദേശത്തിന്റെയും വാഹകനാണെങ്കിൽ, തന്റെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന ആ ഊർജ്ജത്തെ സർഗ്ഗാത്മകവും അത്ഭുതപ്പെടുത്തുന്നതും അസാധ്യമായതിനെ മറികടക്കുന്നതും മുഴുവൻ മനുഷ്യരാശിക്കും നന്മ നൽകുന്ന ഉദാത്തവും പരിഷ്കൃതവുമായ ഒരു മനുഷ്യനായി അവനെ അത് രൂപാന്തരപ്പെടുത്തും. “നീ ഒരു ചെറിയ വസ്തുവാണെന്നാണ് നീ കരുതുന്നത്. നിന്നിൽ ഈ മഹാപ്രപഞ്ചം ചുരുണ്ടുകൂടിയിരിക്കുന്നു” എന്ന് കവി പാടിയത് പോലെയാണ് സലാമയുടെ വ്യക്തിത്വം.
ഈ സന്ദർഭത്തിൽ, നാം നടത്തുന്ന ജിഹാദിനും അധിനിവേശത്തിനെതിരായ നമ്മുടെ പോരാട്ടത്തിനും വലിയ സംഭാവനകൾ നൽകിയ അബു അലി ഹസൻ സലാമയുമായും അദ്ദേഹത്തിന്റെ സഹോദരൻ അബുൽ ഹസൻ മാജിദുമായും എനിക്കുള്ള സൗഹൃദത്തെ പരാമർശിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്; അഭിമാനവും. അവർ രണ്ടുപേരും, മഹത്തായ ഒരു ജനതയ്ക്ക് അനുഗ്രഹീത കുടുംബത്തിൽ നിന്നും ലഭിച്ച കരുത്തുറ്റ രണ്ടു ശാഖകളാണ്. അതുവഴിയാണ് ആദരണീയയായ ആ മാതാവിനെ (ഉമ്മു നബീൽ) എനിക്കു പരിചയപ്പെടാനായത്.
2012 ഡിസംബറിൽ പ്രിയപ്പെട്ട സുഹൃത്ത് അബുൽ അബ്ദിനൊപ്പം ഗസ്സ സന്ദർശിച്ച നിമിഷങ്ങൾ എനിക്കു മറക്കാൻ കഴിയുന്നതല്ല. ഞങ്ങളുടെ ജനതയുടെ ഊഷ്മളതയും ആത്മാർത്ഥതയും വഴിഞ്ഞൊഴുകുന്ന വികാര തീഷ്ണമായ രംഗങ്ങളാണ് ആ സന്ദർശനം എനിക്കു സമ്മാനിച്ചത്. ആ നിമിഷങ്ങളിൽ, ഖാൻ യൂനിസിലെ വഴിയരികിൽ, അനുഗ്രഹീതരായ ആ ജനക്കൂട്ടത്തോടൊപ്പം നിൽക്കുന്ന ഉമ്മു നബീലിനെയും അവരുടെ പ്രിയപ്പെട്ട മകൻ മജീദിനെയും ഞങ്ങൾ കണ്ടു. അല്ലാഹുവിൻ്റെ അനുഗ്രഹത്താൽ, മോചനവും തിരിച്ചുവരവും വരെ ജിഹാദിന്റെയും ചെറുത്തുനിൽപ്പിന്റെയും കനലുകൾ ഇപ്പോഴും മുറുകെ പിടിക്കുന്ന ഉന്നതരായ ധീരന്മാർക്ക് ജന്മം നൽകിയ ആ മാതാവിൻറെ മൂർദ്ധാവിൽ ചുംബിച്ചാണ് ഞങ്ങൾ അവിടെനിന്നും മടങ്ങിയത്.
എന്റെ പ്രിയപ്പെട്ട സഹോദരൻ അബു അലി, ഇടുങ്ങിയ സെല്ലുകൾക്കിടയിലും, ഈ മനോഹരവും വിശാലവുമായ ലോകങ്ങളിലൂടെ ഞങ്ങളെ യാത്ര ചെയ്യിപ്പിച്ചതിന് അങ്ങയോട് എത്രയധികം നന്ദി പറഞ്ഞാലും മതിയാവുകയില്ല. കാരണം അവ ആത്മാവിന്റെ വികാസത്തിൽ നിന്നും, വിശാലമായ ഹൃദയത്തിൽ നിന്നും, ഇച്ഛാശക്തിയുടെ ആഴത്തിൽ നിന്നും, ആത്മാവിന്റെ ഔന്നത്യത്തിൽ നിന്നും ഉരുവം കൊള്ളുന്ന ലോകങ്ങളാണ്. ജയിൽപീഡനങ്ങളാൽ മെലിഞ്ഞുണങ്ങിയതായി മാറി താങ്കളുടെ ശരീരമെങ്കിലും, ഇടുങ്ങിയ സെല്ലുകളിൽ താങ്കൾ അടയ്ക്കപ്പെട്ടു എങ്കിലും, ആ പരിമിതികളെ എല്ലാം മറികടക്കുന്നതാണ് താങ്കളുടെ രചന.
ഏകാന്ത തടവിൽ നിന്ന് മോചിതനായി സന്തോഷത്തോടെ ജീവിക്കാൻ താങ്കൾക്കു കഴിയും. അല്ലാഹുവിൻ്റെ അനുഗ്രഹത്താൽ താങ്കളും സഹപ്രവർത്തകരും ബന്ധനങ്ങളും ചങ്ങലകളും പൊട്ടിച്ച്, ശപിക്കപ്പെട്ട തടവറകളിൽ നിന്ന് മോചിതരാകും. കുടുംബത്തോടൊപ്പം, ജനതയോടൊപ്പം, ഫലസ്തീനിൽ നിങ്ങളുടെ ആദരണീയയായ അ ഉമ്മയുടെ കൂടെ, പ്രിയപ്പെട്ട പ്രതിശ്രുത വധു ഗഫ്റാനോടൊത്ത് സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിന്റെയും സന്തോഷം തീർച്ചയായും താങ്കൾ അനുഭവിക്കും. കൂടാതെ ദൈവം അനുവദിച്ചാൽ, അവനെ കണ്ടുമുട്ടുന്നതുവരെ നാമെല്ലാം പോരാട്ടത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും പാതയിൽ അടിയുറച്ചു നിൽക്കും. മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള നമ്മുടെ പങ്ക് നാം നൽകും.
വിവ: എസ്.എം സൈനുദ്ദീൻ
Summary: Introduces the book 5000 Days in the World of Barzakh, a compelling collection of prison writings by Abdurahman Hassan Salama, a senior commander of the Al-Qassam Brigades and a legendary figure in the history of Palestinian resistance. Written during his long years of incarceration in Israeli prisons, the book is far more than a personal memoir—it is a profound spiritual and intellectual reflection on struggle, faith, and the unseen world, shaped by the harsh realities of captivity and the unwavering commitment to liberation.