Current Date

Search
Close this search box.
Search
Close this search box.

പലിശയുടെ ദുരന്ത വാര്‍ത്തകളും ഇസ്‌ലാമിക സമ്പദ് വ്യവസ്ഥയും

ഒരിക്കല്‍ മുടി വെട്ടിക്കൊണ്ടിരിക്കെ കടയിലേക്ക് നാട്ടിലെ വട്ടിപ്പലിശക്കാരന്‍ കടന്നു വന്നു. കടക്കാരന് വല്ലാത്ത ഒരു അവസ്ഥ. സ്ഥിരം അടവിനു പലിശ കടം വാങ്ങിയ പൈസക്കാണ് അദ്ദേഹം വന്നിട്ടുള്ളത്. ഒരു വിധത്തില്‍ കടക്കാരന്‍ പലിശക്കാരനെ പറഞ്ഞയച്ചു. ശേഷം ഞാന്‍ അയാളോട് പറഞ്ഞു ‘ഇത്രയും പൈസ ഇത്രയും നാള്‍ക്ക് പലിശയില്ലാതെ എനിക്ക് തരാന്‍ കഴിയും, പക്ഷെ അത് കൃത്യമായി തിരിച്ചടക്കില്ല’

പലിശയുടെ വ്യാപനം ഇന്ന് കേരള സമൂഹം നേരിടുന്ന വലിയ സാമൂഹിക പ്രശ്‌നമാണ്. ഗ്രാമങ്ങളില്‍ പോലും അവര്‍ സജീവമാണ്. പ്രത്യേക മുസ്ലിം ഭൂരിപക്ഷ പ്രദേശത്തു ഇത്തരം കൂട്ടങ്ങളുടെ പേര് പോലും ഒരു അറബി ചുവയിലാവും. കേരളത്തില്‍ നിന്നും പലിശയുടെ മറ്റൊരു ദുരന്തം കൂടി നാം കേള്‍ക്കുന്നു. ബാങ്കില്‍ നിന്നും പണമെടുത്തു തിരിച്ചടക്കാന്‍ കഴിയാത്ത കാരണം കൊണ്ട് അമ്മയും മകളും തീ കൊളുത്തി ആത്മഹത്യ ചെയ്തു. കടം വീട്ടാന്‍ സമ്മതിക്കാതെ ഭര്‍ത്താവും കുടുംബവും പീഡിപ്പിച്ചിരുന്നു എന്ന വാര്‍ത്തയും ഇപ്പോള്‍ വന്നു കൊണ്ടിരിക്കുന്നു. ഏതായാലും വില്ലന്‍ പലിശ തന്നെ. പലിശ ജീവനെടുക്കുന്ന ആദ്യത്തെ വാര്‍ത്തയല്ല ഇത്. കേരളത്തില്‍ കര്‍ഷക ആത്മഹത്യകള്‍ ധാരാളം നാം കേട്ടതും അറിഞ്ഞതുമാണ്. അതും അവസാനം വന്നു നില്‍ക്കുന്നത് പലിശയില്‍ തന്നെ.

പലിശ ഒരു സാമൂഹിക വിപത്ത് എന്നതിനേക്കാള്‍ സമൂഹത്തില്‍ ഇന്നതിന് അന്തസ്സിന്റെ രൂപമാണ്. പാവപ്പെട്ടവന്റെ ആവശ്യങ്ങള്‍ മനസ്സിലാക്കി പണം നല്‍കി അവസാനം അവന്റെ കിടപ്പാടം വരെ വിറ്റു പോകുന്ന വാര്‍ത്തകള്‍ നാം കേട്ട് കൊണ്ടിരിക്കുന്നു. ഒരിക്കലും അവസാനിക്കില്ല എന്നതാണ് പലിശയുടെ മറ്റൊരു ദുരന്തം. തിരുവനന്തപുരത്ത് തന്നെ വാങ്ങിയതിനേക്കാള്‍ കൂടുതല്‍ തുക പലിശ കേന്ദ്രങ്ങള്‍ ചെയ്യുന്നതും.

സമൂഹത്തില്‍ ആളുകള്‍ക്കിടയില്‍ പരസ്പരം സഹായിക്കുക എന്ന അടിസ്ഥാന നന്മയാണ് ഇല്ലാതെ പോകുന്നത്. എന്തിനും ഏതിനും പലിശ സ്ഥാപനങ്ങളെ സമീപിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്നു. തീര്‍ത്തും അത്യാവശ്യമല്ലാത്ത കാര്യങ്ങള്‍ക്കു പോലും പലിശ സ്ഥാപനങ്ങളെ സമീപിക്കുന്ന രീതി വര്‍ധിച്ചു വരുന്നു. ആയിരങ്ങള്‍ മാസത്തില്‍ പലിശ അടക്കുന്നവരെ നാട്ടില്‍ കാണാം. ഒരു കാര്യം അവര്‍ ഓര്‍ക്കാതെ പോകുന്നു. ഒരിക്കലും അവരുടെ യഥാര്‍ത്ഥ കടം അവസാനിക്കുന്നില്ല. പല വീടുകളുടെയും ആധാരങ്ങള്‍ പല ബാങ്കുകളിലും പണയത്തിലാണ്. ഒരിക്കലും തിരിച്ചടക്കാന്‍ കഴിയില്ല എന്ന ഉറപ്പില്‍ തന്നെയാണ് പലരും ഈ കടം വാങ്ങുന്നതും.

ജീവിതത്തിനു ഒരു അടുക്കും ചിട്ടയും ഇല്ലാതിരുന്നാല്‍ സംഭവിക്കാന്‍ ഇടയുള്ളതാണ് പലിശയുടെ കെണിയില്‍ വീഴുക എന്നത്. മോഹന വാഗ്ദാനവുമായി ബാങ്കുകള്‍ എന്നും നമ്മുടെ പിന്നില്‍ കാണും. ഒരിക്കല്‍ വീണു കഴിഞ്ഞാല്‍ പിന്നെ കരകയറുക എന്നത് തീര്‍ത്തും ശ്രമകരമാണ് . പാവങ്ങള്‍ കടം വാങ്ങിയാല്‍ ബാങ്കുകള്‍ക്ക് നിയമം കൃത്യമാണ്. അതെ സമയം കോടീശ്വരന്മാര്‍ കോടികള്‍ കൈക്കലാക്കി മുങ്ങുന്ന വാര്‍ത്തകളും നാം കേള്‍ക്കുന്നു. അവരുടെ നേരെ നിയമം കണ്ണടക്കുന്നു എന്ന് വേണം മനസ്സിലാക്കാന്‍. പലിശയുടെ കൂടെ സ്ത്രീധന പീഡനവും മന്ത്രവാദവും കൂടി ചേര്‍ന്നപ്പോള്‍ ഒരമ്മയുടെയും മകളുടെയും ജീവിതം ദുരന്തമായി അവസാനിച്ചു. ആധുനിക കാലത്തും മനുഷ്യര്‍ സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുക എന്നത് കേരളത്തിന് മൊത്തം അപമാനമാണ്. അതിന്റെ കൂടെ മന്ത്രവാദവും കൂടി ചേര്‍ന്നപ്പോള്‍ ദുരന്തം പൂര്‍ണമായി.

പലിശ രഹിത സംരംഭങ്ങള്‍ നടത്താന്‍ ആര്‍ ബി ഐ അനുമതി നല്‍കുന്നില്ല. നമ്മുടെ നാട്ടില്‍ ചെറിയ രീതിയില്‍ ഇത്തരം പലിശ രഹിത സംരംഭങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നു. സര്‍ക്കാരുകള്‍ അത്തരം സംരംഭങ്ങളെ ഏറ്റെടുത്തു നടത്താന്‍ ശ്രമം നടത്തണം. തിരിച്ചടക്കുന്നതു തീര്‍ത്തും മുതലിലേക്കു തന്നെ പോകുന്നു എന്നതാണ് അതിന്റെ പ്രത്യേകത. പലിശ ഒരു സാമൂഹിക തിന്മയായി ഇസ്ലാം പണ്ടേ പ്രഖ്യാപിച്ചതാണ്. അതെ സമയം മുസ്ലിം രാജ്യങ്ങളില്‍ പോലും പലിശ ഒരു സത്യമാണ്. ലോകത്തിന്റെ സമ്പത്ത് വ്യവസ്ഥ തന്നെ പലിശയില്‍ ഉറച്ചതാണ് എന്നത് കൊണ്ട് അതില്‍ മാറി നില്‍ക്കാന്‍ അവര്‍ക്കു കഴിഞ്ഞെന്നു വരില്ല. അതെ സമയം ചൂഷണ മുക്തമായ ഇസ്ലാമിക സമ്പദ് വ്യവസ്ഥയെ കുറിച്ച് സംസാരിക്കാന്‍ ഈ സമയം ഉപകാരപ്പെടും എന്ന് തന്നെ മനസ്സിലാക്കുന്നു.

Related Articles