Columns

ഐ.എന്‍.എല്ലിന്റെ എല്‍.ഡി.എഫ് പ്രവേശനം വരുത്തുന്ന മാറ്റങ്ങള്‍

‘മനുഷ്യനെ സംബന്ധിച്ചിടത്തോളം കേവലം ഒരു ചെറിയ കാല്‍വെപ്പ്. മനുഷ്യരാശിക്ക് വലിയ കുതിച്ചുചാട്ടം’ നീല്‍ ആംസട്രോങ്ങ് ചന്ദ്രനില്‍ കാലുകുത്തുമ്പോള്‍ ആദ്യം പറഞ്ഞ വാക്കുകള്‍. INLന്റെ കാര്യത്തിലും അതു ശരിയാണ്. മുന്നണിയില്‍ എടുക്കുമെന്ന തീരുമാനം മുന്നണിയെ സംബന്ധിച്ചിടത്തോളം ചെറുതാണെങ്കിലും മലബാര്‍ രാഷ്ട്രീയത്തില്‍ ആ തീരുമാനത്തിന് ദൂരവ്യാപകമായ മാനമുണ്ട്. ബാബരി മസ്ജിദുമായി ബന്ധപ്പെട്ടാണ് INL രൂപം കൊള്ളുന്നത്. ബാബരി പള്ളിയുടെ തകര്‍ച്ചയില്‍ അന്നത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പങ്കാണ് INL എന്ന പാര്‍ട്ടിയുടെ പിറവിക്ക് കാരണം. പ്രധാനമന്ത്രി വിഷയത്തില്‍ കുറ്റകരമായ അനാസ്ഥ കാണിച്ചു എന്നാണു അന്ന് ലീഗിലെ ഒരു വിഭാഗം ഉന്നയിച്ച പരാതി. സുലൈന്മാന്‍ സേട്ട് എന്ന ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ എക്കാലത്തെയും മുന്നണി പോരാളിയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട പാര്‍ട്ടി ഇടതുപക്ഷത്തിന്റെ തിണ്ണയില്‍ മാത്രം ഒതുങ്ങി പോയി. അന്നു മുതല്‍ അവര്‍ ഇടതു പക്ഷത്താണ്. ലീഗ് വലതു പക്ഷത്താവുമ്പോള്‍ അവര്‍ക്ക് ആ പക്ഷം ഒരു കിട്ടാക്കനിയാണ്.

വരമ്പത്തെ തേങ്ങ പോലെയായിരുന്നു കുറെ കാലമായി INL. ഇടതു പക്ഷത്ത് വരുമെന്നു ഉറപ്പില്ല എന്നത് കൊണ്ടു തന്നെ ആ പാര്‍ട്ടിയുടെ ഭാവി ചോദ്യ ചിഹ്നമായിരുന്നു. ഇപ്പോള്‍ ആ അവസ്ഥ മാറി. അവര്‍ ഇടതു പക്ഷത്തെ കക്ഷിയായി. പിടിച്ചു നില്‍ക്കാന്‍ ഇപ്പോള്‍ അവര്‍ക്ക് പിടിവള്ളിയുണ്ട്. മറ്റൊന്ന് ഇവരിലൂടെ ഒരു മുസ്ലിം പ്രാതിനിധ്യം കൂടി ഇടതു പക്ഷത്ത് ഉറപ്പിക്കാം. LDF മുസ്ലിം വിരുദ്ധമാണ് എന്ന ആരോപണത്തെ ചെറുക്കാനും ഇതിലൂടെ കഴിയും. മലബാറില്‍ മുസ്ലിം ലീഗിന് ഒരു എതിരാളി എന്ന നിലയില്‍ ഐ എന്‍ എലിനെ ഉയര്‍ത്തികാട്ടലും ഇതിന്റെ പിന്നിലെ ഉദ്ദേശമാകാം. മുസ്ലിം പ്രാധിനിത്യം എന്നത് തന്നെയായിരുന്നു ഒരു കണക്കില്‍ ഐ എന്‍ എലിന് മുന്നണി പ്രവേശനത്തിന് തടസ്സമായത്. എന്തിനായിരുന്നു അകത്തു കടത്താന്‍ നീണ്ട കാല്‍ നൂറ്റാണ്ട് എന്നത് ഇപ്പോഴും ഒരു ചോദ്യചിഹ്നമാണ്.

ഇന്നലെ മുന്നണിയില്‍ കടന്നു വന്ന നാല് പാര്‍ട്ടികളില്‍ മൂന്നും സമുദായങ്ങളെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടികളാണ്. നായര്‍,മുസ്ലിം,ക്രിസ്ത്യന്‍ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്നു എന്നതാണ് അതിന്റെ പ്രത്യേകത. ശബരിമലയും ശേഷം വന്ന വനിത മതിലും കേരള മത സമൂഹങ്ങളില്‍ നിന്നും പാര്‍ട്ടിയെ ഒറ്റപ്പെടുത്തുന്നു എന്നൊരു പൊതുബോധം നാട്ടില്‍ നിലവിലുണ്ട്. ഈ പാര്‍ട്ടികളുടെ മുന്നണി പ്രവേശത്തോടെ ഒരു തട എന്നത് കൂടി അവര്‍ ഉദ്ദേശിച്ചു കാണും. കേരള രാഷ്ട്രീയത്തില്‍ പെട്ടെന്നൊരു മാറ്റം ഇത് കൊണ്ട് സംഭവിക്കില്ല എന്നുറപ്പാണ് അതെ സമയം വരുന്ന തിരഞ്ഞെടുപ്പുകളില്‍ യു ഡി എഫിന് കാര്യമായ മുന്നേറ്റം സാധ്യമായില്ലെങ്കില്‍ ഈ പാര്‍ടികളുടെ മുന്നണി പ്രവേശം മാറ്റങ്ങള്‍ ഉണ്ടാക്കും. അധികാരം ലഭിക്കില്ല എന്ന് കണ്ടാല്‍ മറുകണ്ടം ചാടാന്‍ മടിയില്ലാത്ത പലരും അപ്പുറത്തുണ്ട്. അവര്‍ക്ക് ഒരു തണലായി ഈ മൂന്നു പാര്‍ട്ടികളുടെ മുന്നണി പ്രവേശനം മാറിയേക്കാം.

അഖിലേന്ത്യാ ലീഗ് ഇടതുപക്ഷത്ത് നിന്നും പോയതിനു ശേഷം ന്യൂനപക്ഷങ്ങളെ പ്രതിനിധീകരിക്കുന്നു ഒരു സാഹചര്യം ഇടതു പക്ഷത്ത് നഷ്ടമായിരുന്നു. ആ വിടവ് ഐ എന്‍ എല്‍ നികത്തും എന്ന് ഉറപ്പാണ്. നായര്‍ സമൂഹത്തിന്റെ എതിര്‍പ്പ് ബാലകൃഷ്ണ പിള്ളയിലൂടെയും ക്രിസ്ത്യന്‍ സഹകരണം കേരള കോണ്‍ഗ്രസിലൂടെയും നികത്തും എന്ന കണക്കുകൂട്ടല്‍ തെറ്റാന്‍ ഇടയില്ല. പാലക്കാട്,കോഴിക്കോട് പോലുള്ള ഇടതുപക്ഷ ശക്തി കേന്ദ്രങ്ങളെ ഒന്നുകൂടി ബലപ്പെടുത്താം എന്നതാണ് ജനതാദള്‍ വരവ് കൊണ്ട് ഉദ്ദേശം. ഐ എന്‍ എല്ലിന്റെ മുന്നണി പ്രവേശം ലീഗിന് ഭീഷണിയാകുന്ന ഒരു സാഹചര്യം ഇപ്പോള്‍ നിലവിലില്ല. അടുത്ത തിരഞ്ഞെടുപ്പുകളില്‍ യു ഡി എഫ് എങ്ങിനെ പ്രകടനം നടത്തുന്നു എന്നത് നോക്കിയാവും അത് തീരുമാനിക്കപ്പെടുക. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ മുന്നണി പ്രവേശനം ഐ എന്‍ എല്ലിനു കൂടുതല്‍ ഉത്തരവാദിത്തം ഉണ്ടാക്കി വെക്കുന്നു. ലീഗ് വിരുദ്ധരെ എത്രമാത്രം ആകര്‍ഷിക്കാന്‍ കഴിയും എന്നത് വരും കാലത്തെ ചോദ്യമാകും.

Facebook Comments
Related Articles
Show More
Close
Close