Current Date

Search
Close this search box.
Search
Close this search box.

ഇന്ത്യ-പാക് ക്രിക്കറ്റ് നയതന്ത്രം

രാജീവ് ഗാന്ധി ഇവിടെയും സിയാഹുല്‍ ഹഖ് അവിടെയും ഉണ്ടായിരുന്ന സമയത്തു ഇന്ത്യ – പാകിസ്ഥാന്‍ പ്രശ്‌നം രൂക്ഷമായാല്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ഇന്ത്യയില്‍ വരും ഒപ്പം പ്രസിഡന്റും. അല്ലെങ്കില്‍ ഇന്ത്യന്‍ ടീം അങ്ങോട്ട് പോകും. കളിയുടെ മൂര്‍ദ്ധന്യാവസ്ഥയില്‍ മഞ്ഞുരുക്കം നടക്കും. വി പി സിങ്ങും ഈ മാര്‍ഗം ഉപയോഗിച്ചിട്ടുണ്ട്. അവസാനം വാജ്‌പേയിയുടെ കാലത്തു ആ ബന്ധം കൂടുതല്‍ ശക്തമായി. മന്‍മോഹന്‍ സിംഗിന്റെ കാലത്ത് അദ്ദേഹത്തെ പാകിസ്ഥാനിലേക്ക് ക്ഷണിച്ചത് ഒരു ക്രിക്കറ്റ് മത്സരത്തിന്റെ ഇടയിലാണ്. അതൊക്കെ ചരിത്രം. വര്‍ത്തമാനം അവിടെ നിന്നും കുറെ പിന്നോട്ട് പോയിരിക്കുന്നു

പുല്‍വാമ ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാനെ നാം സംശയിക്കുന്നു. ഒരു പ്രബല ശക്തിയുടെ പിന്തുണയില്ലാതെ ഒരു തീവ്രവാദ ഗ്രൂപ്പിനും പിടിച്ചു നില്ക്കാന്‍ കഴിയില്ല എന്നത് തന്നെ. തീവ്രവാദ പ്രവര്‍ത്തനത്തിന് ആവശ്യമായ സമ്പത്ത്,ആയുധം,ആളുകള്‍ എന്നിവ ശരിപ്പെടുത്താന്‍ ഒരു അന്തര്‍ദേശീയ ശക്തിയുടെ കൂടി സഹായം വേണം. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഒരു യുദ്ധം എന്നതു അടഞ്ഞ അധ്യായമാണ്. ന്യൂക്ലിയര്‍ ശക്തികളായ ഇരു രാജ്യങ്ങളും യുദ്ധം ചെയ്താല്‍ അത് ഇരു രാജ്യങ്ങളുടെ മാത്രമല്ല മേഖലയുടെ തന്നെ അവസാനമാണ്. ടി പി ശ്രീനിവാസനെ പോലുള്ളവര്‍ പറയുന്നത് അടുത്ത ലോക യുദ്ധം തന്നെ ആയിമാറും ഇത് എന്നാണ്.

ഒരു രാജ്യത്തെ പിടിച്ചു നിര്‍ത്താന്‍ സൈനിക ആക്രമണം തന്നെ വേണമെന്നില്ല. ഇക്കാലത്തു അതിനേക്കാള്‍ ശക്തമാണ് സാമ്പത്തിക ഉപരോധം. ഒറ്റയ്ക്ക് നില്ക്കാന്‍ എന്ത് കൊണ്ടും പാകിസ്ഥാന്‍ അശക്തരാണ്. ഇന്ത്യക്കു സാധ്യമാകുക പുല്‍വാമ ആക്രമത്തില്‍ മാത്രമല്ല, പാകിസ്ഥാന്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്ന ഭീകരരെ സഹായിക്കല്‍ ലോകത്തെ തര്യപ്പെടുത്തുക എന്നതാണ്. ഭീകരത വളര്‍ത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന രാജ്യം എന്ന നിലയില്‍ പാകിസ്ഥാനെ ഒറ്റപ്പെടുത്താന്‍ അത് ധാരാളം. വിഷയങ്ങളെ വൈകാരികമായി സമീപിക്കുക എന്നത് ദേശീയതയുടെ കൂടി ഭാഗമായി പലരും കാണുന്നു. അതിന്റെ ഭാഗമാണ് ക്രിക്കറ്റ് ലോകകപ്പില്‍ പാകിസ്ഥാനുമായി ഇന്ത്യ കളിക്കരുത് എന്ന നിലപാട്.

ക്രിക്കറ്റ് ഒരിക്കല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ഭരണാധികാരികള്‍ ഉപയോഗിച്ചിരുന്നു. അതില്‍ സംഘ പരിവാര്‍ ഭരണാധികാരികളും ഉള്‍പ്പെട്ടിരുന്നു. ഇരു രാജ്യത്തെയും ആളുകള്‍ വലിയ ആവേശത്തോടെയാണ് കളിക്കാരെ സ്വീകരിച്ചത് എന്നൊക്കെ ചരിത്രം പറയുന്നു. കാലം മാറി. ഐ പി എല്ലില്‍ നിന്ന് പോലും പാകിസ്ഥാന്‍ കളിക്കാര്‍ ഒഴിവാക്കപ്പെട്ടു. ശത്രു രാജ്യത്തോട് കളിക്കാന്‍ പാടില്ല എന്ന നിലപാട് പലപ്പോഴും പലരും കൈക്കൊള്ളാറുണ്ട്. അതെ സമയം ഫോക്‌ലാന്‍ഡ് ദ്വീപിന്റെ പേരില്‍ യുദ്ധം നിലനിന്ന കാലത്തു ഇംഗ്ലണ്ടും അര്‍ജന്റീനയും തമ്മില്‍ ഒരു ലോകകപ്പില്‍ കളിച്ചിട്ടുണ്ട് എന്നാണു അറിവ്. ഇന്ത്യയും പാകിസ്താനും തമ്മില്‍ ക്രിക്കറ്റ് കളിക്കുക എന്നത് ഈ അവസരത്തില്‍ ചിന്തനീയമേയല്ല.

ലോക കപ്പു നടക്കുന്നത് ഇന്ത്യയിലും പാകിസ്ഥാനിലുമല്ല. അതിനു പുറത്താണ്. ഗവാസ്‌കര്‍ പറഞ്ഞതാണ് അതിന്റെ ശരി. ആദ്യ മത്സരം ഇന്ത്യക്കു മാറി നില്‍ക്കാം. പാകിസ്താന് രണ്ടു പോയിന്റ് കിട്ടും. അത് ഇന്ത്യക്കു റിസ്‌കാണ്. അതെ സമയം പാകിസ്താനുമായി സെമിയിലോ ഫൈനലിലോ കളിക്കേണ്ടി വന്നാല്‍ നാം സ്വയം കളിയില്‍ നിന്നും പുറത്തു പോകും. അങ്ങിനെ വന്നാല്‍ നാമായിട്ടു അവര്‍ക്കു കപ്പു നല്‍കുന്നു എന്ന് വരും. മറ്റൊരു വഴിയുള്ളത് ക്രിക്കറ്റ് ബോര്‍ഡിനോട് പറഞ്ഞു പാകിസ്താനെ പുറത്താക്കണം. അത് പെട്ടെന്ന് നടക്കുന്ന കാര്യമല്ല. ഒരു രാജ്യത്തെ ക്രിക്കറ്റ് ബോഡിയില്‍ നിന്നും പുറത്താക്കുക എന്നത് വളരെ ശ്രമകരമായ കാര്യമാണ്. നേരത്തെ പറഞ്ഞ ഭീകരവാദത്തെയും തീവ്ര വാദത്തെയും അവര്‍ സഹായിക്കുന്നു എന്ന് നാം തെളിയിക്കണം. ഇന്ത്യക്കു അത് കഴിയും എന്നുറപ്പാണ് . പക്ഷെ സമയം മതിയാകില്ല. ജൂണ്‍ മാസത്തിലാണ് ഇന്ത്യ-പാകിസ്ഥാന്‍ മത്സരം നടക്കുന്നത്. അതിന് മുമ്പ് ഇന്ത്യക്കു സാധ്യമാകുന്ന കാര്യം കളിയില്‍ നിന്നും സ്വയം മാറി നില്‍ക്കുക എന്നത് മാത്രമാണ്. അതാവട്ടെ ശത്രുവിനെ സഹായിക്കുകയാണ് ചെയ്യുക.

കളിയെ വിനോദത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇരു രാജ്യത്തെയും ഭൂരിപക്ഷം ആളുകളും ഭീകരതക്കും അക്രമത്തിനും എതിരാണ്. അതെ സമയം ഇരു രാജ്യവും തമ്മില്‍ ക്രിക്കറ്റ് കളിക്കണം എന്ന് അവര്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. ഒരിക്കല്‍ ക്രിക്കറ്റ് ഒരു നയതന്ത്ര ഉപാധിയായിരുന്നു. ഇന്ന് നയതന്ത്രം കളിയെ പോലും അകറ്റി നിര്‍ത്തുന്നു.

Related Articles