“ എന്റെ ഷൂ ജപ്പാനിൽ നിന്നാണ്
എന്റെ പാന്റ്സ് ഇംഗ്ലണ്ട് നിന്നാണ്
എന്റെ തലയിലെ ചുകപ്പ് തൊപ്പി റഷ്യയിൽ നിന്നാണ്
പക്ഷെ എന്റെ ഹൃദയം ഇപ്പോഴും ഇന്ദ്യക്കാരന്റെത് തന്നെയാണ്”
ഒരിക്കൽ കൂടി നാം നമ്മുടെ സ്വാതന്ത്രം ആഘോഷിക്കുന്നു. വിദേശിയിൽ നിന്നും നാം നമ്മുടെ നാടിനെ തിരിച്ചു പിടിച്ചതിന്റെ ആഘോഷം. നമ്മുടെ ശബ്ദത്തെ അടിച്ചൊതുക്കിയാണ് ബ്രിട്ടീഷുകാർ നാട് ഭരിച്ചത്. ഇന്ത്യക്കാരനെ മുസ്ലിമെന്നും ഹിന്ദുവെന്നും വേർതിരിക്കുന്നതിൽ അവർ വിജയം കണ്ടു. നാം അത് തിരിച്ചറിഞ്ഞു ഒറ്റക്കെട്ടായി അണിനിരന്നു. അങ്ങിനെ അവർ നമ്മുടെ നാടിനെ നമുക്ക് തന്നു തിരിച്ചു പോയി. അപ്പോഴും അവർ ഒരു കാര്യം തീരുമാനിച്ചിരുന്നു. ഇന്ത്യക്കാർ ഒരിക്കലും സമാധാനത്തോടെ ജീവിക്കരുത്. അങ്ങിനെയാണ് കാശ്മീരിലെ മഞ്ഞു മലകൾ നമുക്കെന്നും ചൂട് പകർന്നു നൽകിയത്.
രാജ്യം നമ്മുടെ കയ്യിൽ കിട്ടിയിട്ട് മുക്കാൽ നൂറ്റാണ്ട് തികയുന്നു. ബ്രിട്ടിഷ് കാലത്തും ഇന്ത്യ വികസിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനം അവരുടെ വികസനമായിരുന്നു. കഴിഞ്ഞ കാലം കൊണ്ട് വേണ്ടത്ര വികസനം നമുക്ക് നേടാൻ കഴിഞ്ഞിട്ടില്ല . രാജ്യത്തിന്റെ ശത്രുക്കൾ നിരന്തരം ഉയർത്തിക്കൊണ്ടു വന്ന വർഗീയതയും വിഭാഗതയും കലാപങ്ങളും നമ്മെ പിറകോട്ടു വലിച്ചു. കഴിഞ്ഞ കാലങ്ങളിൽ വികസനത്തിന്റെ പേരിൽ സർക്കാരുകൾ ഒഴുക്കിയ പണവും അതിന്റെ ഫലവും തമ്മിലുള്ള അന്തരമാണ് നമ്മുടെ വികസനത്തിന്റെ കാതൽ എന്ന് മനസ്സിലാക്കാം.
സ്വാതന്ത്ര്യം നേടി കുറഞ്ഞ വർഷങ്ങൾ കൊണ്ട് തന്നെ നമുക്ക് മാന്യമായ ഒരു ഭരണ ഘടന ഉണ്ടായി . നമ്മുടേത് ഒരു ജനാധിപത്യ മതേതര ഭരണ ക്രമമാണ്. മുക്കാൽ നൂറ്റാണ്ട് കഴിയുമ്പോൾ നമ്മുടെ മുഖ്യ ആശങ്ക ജനാധിപത്യത്തെയും മതേതരത്വയും കുറിച്ചാണ് എന്നത് കൂടുതൽ സങ്കടകരമാണ്. ഇന്ത്യക്കാർ ആരൊക്കെ എന്നത് ഭരണഘടന വിശദീകരിക്കുന്നു . ഇന്ത്യയിൽ ജനിച്ചവർ അതിനു ശേഷം ഇന്ത്യയിൽ ജീവിക്കുന്നവർ എന്നാണ് അതിനുള്ള ചുരുങ്ങിയ മറുപടി . മുൻ രാഷ്ട്രപതിമാരുടെ കുടുംബം പോലും സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന അവസ്ഥയിലേക്ക് കാലം മാറിയിരിക്കുന്നു . ഭരണ ഘടന തീർത്തും നോക്കുകുത്തിയായി മാറുന്ന കാലത്ത് ആ ആശങ്ക അധികരിക്കുന്നു എന്നതാണ് പരമാർത്ഥം.
ഇന്ത്യയിൽ ജനിച്ചു ഇന്ത്യയിൽ ജീവിക്കുന്നു എന്നതിലപ്പുറം ഇന്ത്യയോടുള്ള കൂറ് ദിവസം പത്തു തവണ വിളിച്ചു പറയേണ്ട അവസ്ഥയിലാണ് ചിലർ . അവരുടെ മുൻഗാമികളുടെ കൂടി പ്രയത്നമാണ് ഇന്ന് നാം കാണുന്ന സ്വതന്ത്ര ഇന്ത്യ എന്ന് അധികാരി വർഗം മറക്കുന്നു. മുസ്ലിംകളുടെ ഒന്നും പാടില്ല എന്നിടത്താണ് സംഘ പരിവാർ ചെന്ന് നിൽക്കുന്നത് . അവരുടെ വേഷം സംസ്കാരം ആദർശം എന്നിവയെല്ലാം ഭാണ ഘടന പരമായി തന്നെ സംരക്ഷിക്കാൻ ഭരണ കൂടങ്ങൾ നിർബന്ധിതരാണ് . അതെ സമയം അത് എടുത്തു കളയാൻ ഭരണകൂടങ്ങൾ കാണിക്കുന്ന ഉത്സാഹം നമ്മെ അത്ഭുതപ്പെടുത്തുന്നു. ജനിച്ച മണ്ണിൽ തന്നെ മരിക്കുക എന്നത് ഒരു വ്യക്തിയുടെ അവകാശമാണ് . ആ അവകാശത്തിനു വേണ്ടിയാണ് ഒരിക്കൽ നാം ബ്രിട്ടീഷുകാരോട് സമരം ചെയ്തത്. അതെ ആവശ്യത്തിനു വേണ്ടി ഇന്ത്യക്കാരോട് തന്നെ നമുക്ക് സമരം ചെയ്യേണ്ടി വരുന്നു. അപ്പോൾ കഴിഞ്ഞ മുക്കാൽ നൂറ്റാണ്ട് കൊണ്ട് നാം എവിടെയെത്തി എന്നതാണ് പ്രസക്തമായ ചോദ്യം.
ഒരിക്കൽ ഇന്ത്യയിൽ കച്ചവടം ചെയ്യാനാണ് ബ്രിട്ടീഷുകാർ വന്നത് . പിന്നെ അവർ ഇവിടുത്തെ നാട്ടുകാരായി . ഇന്നും നമ്മെ ഭരിക്കുന്നത് കുത്തകകൾ തന്നെ . പാവപ്പെട്ടവന്റെ എണ്ണവും അളവും കൂടി വരുമ്പോൾ പണക്കാരന്റെ വണ്ണവും കൂടി വരുന്നു.
കഴിഞ്ഞ കാലം കൊണ്ട് നാം ഒരു പാട് മേഖലകളിൽ മുന്നോട്ട് പോയി. പക്ഷെ മൊത്തമായി എടുത്താൽ നമ്മുടെ വികസനവും വളർച്ചയും എങ്ങിനെ സമരസപ്പെടുന്നു എന്ന ചോദ്യം പിന്നെയും ബാക്കിയാണ് എന്തെല്ലാം കുറവുകൾ ഉണ്ടെന്നാലും മുകേഷ് പാടിയത് പോലെ എന്റെ ഹൃദയം ഇന്ത്യയിലാണ് . അത് പിഴുതെറിയാൻ ഒരു വർഗീയ വാദികളെയും നാം സമ്മതിക്കില്ല എന്നതാവട്ടെ നമ്മുടെ പുതിയ മുദ്രാവാക്യം.
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp