Sunday, November 16, 2025

Current Date

ഹുദ്‌ഹുദ്: നമ്മൾ മറന്നുപോയ ഉത്തരവാദിത്തബോധം

importance of being conscious, truthful, and responsible in handling information

വിശുദ്ധ ഖുർആനിലെ ഒരൊറ്റ സംഭവം മതി, മനുഷ്യസമൂഹത്തിന് തങ്ങളുടെ കടമകളെക്കുറിച്ചും ധാർമ്മികനിലവാരത്തെക്കുറിച്ചുമുള്ള കാഴ്ചപ്പാട് അടിമുടി മാറ്റാൻ. പ്രവാചകനായ സുലൈമാൻ നബി (അ) യുടെ സദസ്സിൽ നടന്ന ആ സംഭവം, ഒരു കൊച്ചു പക്ഷിയായ ഹുദ്‌ഹുദിനെ (Hoopoe), സൃഷ്ടികളിൽ ഏറ്റവും ശ്രേഷ്ഠരായ മനുഷ്യർക്ക് പോലും മാതൃകയാക്കി നിർത്തുന്നു. അത് മരംകൊത്തിയാണോ ഉപ്പൂപ്പനാണോ എന്ന ജൈവശാസ്ത്ര ചർച്ചയേക്കാൾ അത് നിർവഹിച്ച ധർമശാസ്ത്രമാണ് നാമിവിടെ കാണാൻ ശ്രമിക്കുന്നത്.

വർണ്ണാഭമായ തൂവലുകളോടും കിരീടം പോലുള്ള പൂവുകളോടും കൂടിയ ഈ പക്ഷി, കാഴ്ചയിൽ സാധാരണ ജീവിയാണെങ്കിലും അതിന്റെ ദൗത്യനിർവഹണത്തിലെ സത്യസന്ധതയും കൃത്യതയും നമ്മുടെ ആത്മാവിനെ പിടിച്ചുലയ്‌ക്കേണ്ട പാഠമാണ്. ഒരു സുപ്രഭാതത്തിൽ സുലൈമാൻ നബി (അ) തൻ്റെ സൈന്യങ്ങളെ പരിശോധിക്കുന്ന വേളയിൽ ഹുദ്‌ഹുദിനെ കാണുന്നില്ല. സൈന്യാധിപനെ അറിയിക്കാതെ അപ്രത്യക്ഷനായതിന് ഹുദ്‌ഹുദിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ നബി (അ) തീരുമാനിച്ചു. എന്നാൽ, ശിക്ഷയിൽ നിന്ന് രക്ഷ ലഭിക്കണമെങ്കിൽ അത്  വ്യക്തമായ ന്യായീകരണം ബോധിപ്പിക്കേണ്ടതുണ്ടായിരുന്നു. ഒരു ജീവി അതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് മാറിനിന്നതിന് കാരണം ബോധിപ്പിക്കാൻ ബാധ്യസ്ഥമാകുമ്പോൾ അല്ലാഹു അഷ്‌റഫുൽ മഖ്‌ലൂഖാത്ത് (സൃഷ്ടികളിൽ ഏറ്റവും ശ്രേഷ്ഠർ) ആക്കിയ മനുഷ്യൻ തൻ്റെ ഓരോ പ്രവർത്തിക്കും ഓരോ വാക്കിനും സ്രഷ്ടാവിൻ്റെ മുന്നിൽ കണക്ക് ബോധിപ്പിക്കേണ്ടതില്ലേ എന്ന ചോദ്യം തീർച്ചയായും പ്രസക്തമാണ്. അതവിടെ നിൽക്കട്ടെ.

നമുക്ക് നൽകപ്പെട്ട വിവേകം, തിരിച്ചറിവ്, ചിന്തിക്കാനുള്ള ശേഷി, സംസാരിക്കാനുള്ള വരം എന്നീ മഹത്തായ അനുഗ്രഹങ്ങൾ ഉപയോഗിച്ച് ഭൂമിയിൽ നന്മയുടെയും നീതിയുടെയും വാഹകരാകേണ്ട നാം ഇന്ന് എവിടെ എത്തിനിൽക്കുന്നു? കേട്ടറിവുകൾ പ്രചരിപ്പിച്ചും അസത്യങ്ങൾക്ക് ചിറക് നൽകിയും നമ്മുടെ കുടുംബബന്ധങ്ങളെയും സൗഹൃദങ്ങളെയും സമൂഹത്തിൻ്റെ കെട്ടുറപ്പിനെയും തകർത്തെറിയുന്ന കാഴ്ച വേദനാജനകമാണ്.

യഖീൻ എന്ന സത്യസന്ധത: ഞാൻ അറിഞ്ഞു, ഞാൻ പറയുന്നു

ഹുദ്‌ഹുദ് പക്ഷിയുമായി ബന്ധപ്പെട്ട് ഖുർആൻ സംസാരിക്കുന്നത് അതിന്റെ ഉത്തരവാദിത്തത്തെക്കുറിച്ചും സത്യസന്ധതയെക്കുറിച്ചുമാണ്. “നീ എവിടെയായിരുന്നു?” എന്ന ചോദ്യത്തിന് ഹുദ്‌ഹുദ് നൽകിയ മറുപടി, നമ്മുടെ ഹൃദയങ്ങളിൽ ഇന്നും അലകൾ സൃഷ്ടിക്കേണ്ട സത്യമാണ്. {﴿وَجِئْتُكَ مِنْ سَبَإٍ بِنَبَإٍ يَقِينٍ﴾ }, (27: 22) “സബഇൽ നിന്ന് ഞാൻ താങ്കൾക്ക് ഉറപ്പായ ഒരു വാർത്ത കൊണ്ടുവന്നിരിക്കുന്നു. ഈ പ്രതികരണത്തിലെ ഏറ്റവും നിർണ്ണായകമായ വാക്ക് “യഖീൻ” (يَقِينٍ – ഉറപ്പായത്) എന്നതാണ്. ആ കൊച്ചു വർത്തമാനത്തിൽ മുഴുവൻ ഉത്തരവാദിത്തബോധവും സത്യസന്ധതയും നിറഞ്ഞു നിൽക്കുന്നു.

 a – “ഞാൻ ഊഹിച്ചതാണ്” എന്നൊരു നമ്മുടെ സ്വന്തം വാക്ക് ഹുദ്‌ഹുദ് പറഞ്ഞില്ല.

 b – “ആരോ പറഞ്ഞുകേട്ടതാണ്” എന്ന് പറഞ്ഞ് നമ്മളെ പോലെ ഉത്തരവാദിത്തം ഒഴിയാൻ ശ്രമിച്ചില്ല.

 c – “ഒരു ഫോർവേർഡ് മെസേജാണ്” എന്ന ലാഘവത്തോടെ ആ വാർത്ത കൈമാറിയില്ല.

താൻ കൊണ്ടുവന്ന സന്ദേശത്തിന് അത് നൽകിയ ആധികാരികതയുടെ മുദ്ര “യഖീൻ” എന്ന ഒറ്റ വാക്കിലുണ്ട്. ഇത് കേവലം ഒരു വാർത്ത കൈമാറലായിരുന്നില്ല, മറിച്ച് ഉറച്ച വിശ്വാസത്തോടും ആധികാരികതയോടും കൂടിയുള്ള  വെളിപ്പെടുത്തലായിരുന്നു. ഓരോ സന്ദേശം കൈമാറുമ്പോഴും ആധികാരികതയും, അന്വേഷണവും, ഉറപ്പും നമ്മുടെയും ബാധ്യതയായി തീരുന്നു എന്ന് ഈ ചെറിയ പക്ഷി ഇത്രയും വലിയ നമ്മെ പഠിപ്പിക്കുന്നു. “ഞാൻ കേട്ടു, ഞാൻ പറയുന്നു” എന്നതിൽ നിന്ന് “ഞാൻ അറിഞ്ഞു, ഞാൻ പറയുന്നു” എന്ന തലത്തിലേക്ക് നമ്മുടെ സംസാരശൈലി ഉയരണം എന്നതാണാ പാഠം.

തകരുന്ന ബന്ധങ്ങളുടെ തേങ്ങൽ: നുണകൾ വാഴുന്ന കാലം

ഹുദ്‌ഹുദിന്റെ ഈ സത്യസന്ധതയുടെ പാഠം ജീവിതത്തിന്റെ അടിസ്ഥാന ഘടകമായ കുടുംബത്തിലേക്കും സമൂഹത്തിലേക്കും നാം പ്രയോഗിക്കേണ്ടതുണ്ട്. നമ്മുടെ വീടുകൾ ഇന്ന് നുണകളുടെ ചാരത്തിൽ നിന്ന് പുകയുകയാണ്. ഒരു നിമിഷത്തെ ദേഷ്യത്തിൽ, അന്വേഷിക്കാതെയും ഉറപ്പുവരുത്താതെയും ഭാര്യ ഭർത്താവിനോടോ, മരുമകൾ അമ്മായിയമ്മയോടോ ഒരു വാക്ക് കൈമാറുമ്പോൾ, അവിടെ ഉടലെടുക്കുന്നത് തെറ്റിദ്ധാരണകളുടെ അഗ്നിയാണ്. “അവർ അങ്ങനെ പറഞ്ഞു,” “അവരിപ്പോൾ ഇതാണ് പറഞ്ഞത്” എന്ന് പറഞ്ഞ് നാം വീട്ടിലെ സംഭാഷണങ്ങൾ വളച്ചൊടിക്കുമ്പോൾ, ആ വീടിൻ്റെ ശാന്തിയും സമാധാനവും എന്നെന്നേക്കുമായി നഷ്ടപ്പെടുന്നു.

നമ്മുടെ ബന്ധുക്കൾക്കിടയിലെ അകൽച്ചകൾക്കും, സൗഹൃദങ്ങളിലെ കയ്പ്പുകൾക്കും പിന്നിലെല്ലാം, ഉറപ്പില്ലാത്ത ചില വാർത്തകൾക്ക് നാം നൽകിയ ചിറകുകളാണ് കാരണമായത്. ഓരോ വാക്കുകളും വികാരങ്ങളെയും ജീവിതങ്ങളെയും ബാധിക്കുമെന്ന ബോധം നഷ്ടപ്പെടുമ്പോൾ, അവിടെ നാം ഒരു പക്ഷിയേക്കാൾ താഴെയാകുന്നു. വാർത്തയുടെ ഉറപ്പ് വരുത്താൻ നമുക്ക് കഴിയേണ്ടിയിരുന്നു! കുടുംബം എന്ന പവിത്രമായ സ്ഥാപനത്തിൻ്റെ അടിത്തറയിൽ വിള്ളലുണ്ടാക്കാൻ നമ്മുടെ ഒരൊറ്റ അനാവശ്യവാക്ക് മതി.

സമൂഹത്തെ നശിപ്പിക്കുന്ന നുണപ്രളയം

നാം ജീവിക്കുന്ന ഈ സോഷ്യൽ മീഡിയയുടെ കൊടുങ്കാറ്റിൽ വ്യാജവാർത്ത തീപ്പൊരി പോലെയാണ്. ഒരു ക്ലിക്കിലൂടെ അത് ലക്ഷോപലക്ഷം ആളുകളുടെ മനസ്സിൽ വിദ്വേഷത്തിൻ്റെയും ഭയത്തിൻ്റെയും കറുപ്പ് പടർത്തുന്നു. എത്രയെത്ര മനുഷ്യരുടെ അന്തസ്സാണ് ഒരു വ്യാജവാർത്തയുടെ പേരിൽ തകർക്കപ്പെട്ടത്! എത്രയെത്ര സമൂഹങ്ങളുടെ സമാധാനമാണ് ഒരു കിംവദന്തിയുടെ പേരിൽ ഇല്ലാതായത്! ഒരു വ്യാജവാർത്ത സമൂഹത്തിൽ കലാപത്തിനും, കൂട്ടക്കൊലകൾക്കും, അവിശ്വാസത്തിനും വരെ വഴിയൊരുക്കുന്നു.

ഒരു പ്രാവശ്യം വ്യാജവാർത്ത പ്രചരിപ്പിക്കുന്നതിലൂടെ നാം, ആ നുണ കാരണം ഉണ്ടായ എല്ലാ നാശനഷ്ടങ്ങൾക്കും ഉത്തരവാദികളായി മാറുകയാണ്. നമുക്ക് കിട്ടിയ സന്ദേശത്തെ അപ്പടി വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുമ്പോൾ, നാം ഒരു പക്ഷിയേക്കാൾ താഴ്ന്ന നിലവാരത്തിലേക്ക് പോകുന്നു. പ്രവാചകൻ സുലൈമാൻ (അ) അറിവുള്ളവനായിരുന്നിട്ടും ഹുദ്‌ഹുദിനോട് പറഞ്ഞ വാക്കുകൾ ശ്രദ്ധിക്കുക: “നീ സത്യം പറഞ്ഞവനാണോ കള്ളം പറഞ്ഞവനാണോ എന്ന് നാം നോക്കാം.” ഒരു മാതൃകാ മനുഷ്യൻ  വാർത്തകൾ ലഭിക്കുമ്പോൾ അത് പരിശോധനയ്ക്ക് വിധേയമാക്കുന്നതിന്റെ മാതൃകയാണിത്. നമ്മുടെ സംശയങ്ങൾ പൂർണ്ണമായും നീങ്ങിയ ശേഷം മാത്രമേ മറ്റൊരാളുടെ വാക്കുകളെ നാം വിശ്വസിക്കാവൂ.

നമ്മുടെ ഹൃദയത്തിൽ പതിക്കേണ്ട ദൈവിക കൽപ്പന

വിശുദ്ധ ഖുർആൻ വിശ്വാസികളായ നമ്മോട് നേരിട്ട് കൽപ്പിക്കുന്ന ഈ സൂക്തം, നമ്മുടെ സാമൂഹിക ബാധ്യതയെ അടിവരയിടുന്നു:

{يَا أَيُّهَا الَّذِينَ آمَنُوا إِن جَاءَكُمْ فَاسِقٌ بِنَبَإٍ فَتَبَيَّنُوا}, (49: 6)  “സത്യവിശ്വാസികളേ, ഒരു ദുർവൃത്തൻ ഒരു വാർത്തയുമായി നിങ്ങളുടെ അടുത്ത് വന്നാൽ നിങ്ങൾ അതിനെക്കുറിച്ച് വ്യക്തമായി അന്വേഷിച്ച് അറിയണം (ഫ തബയ്യനൂ).” “ഫ തബയ്യനൂ” — നിങ്ങൾ അന്വേഷിക്കുക! നിങ്ങൾ ഉറപ്പുവരുത്തുക! ആര് വാർത്ത കൊണ്ടുവന്നാലും, അതിന്റെ സത്യസന്ധതയും ഉറപ്പും അറിയാതെ മുന്നോട്ട് പോകരുത്. ഒരു ‘ഫാസിഖ്’ (തെമ്മാടി) വാർത്ത കൊണ്ടുവന്നാൽ മാത്രമല്ല, ആരിൽ നിന്ന് വാർത്ത കേട്ടാലും നാം അതിന്റെ ആധികാരികത ഉറപ്പുവരുത്തണം. ഈ കൽപ്പന നമ്മുടെ ഓരോ സോഷ്യൽ മീഡിയ പോസ്റ്റിനും, ഓരോ കുടുംബ സംഭാഷണത്തിനും, ഓരോ രാഷ്ട്രീയ ചർച്ചയ്ക്കും മുകളിൽ പ്രകാശമായി നിൽക്കേണ്ട ഒന്നാണ്. ഈ കൽപ്പന പാലിച്ചാൽ നമ്മുടെ കർമ്മങ്ങൾ നശിക്കുന്നത് നമുക്ക് തടയാൻ സാധിക്കും.

നാം ഹുദ്‌ഹുദിനെ നമ്മുടെ വഴികാട്ടിയാക്കണം. നാം സംസാരിക്കുന്ന ഓരോ വാക്കും യഖീൻ (ഉറപ്പ്) ഉള്ളതാകണം. ഓരോ വാർത്തയും തബയ്യുൻ (വ്യക്തത) ഉള്ളതാക്കണം. നമ്മുടെ നാവുകളും തൂലികകളും ഉപയോഗിച്ച് നന്മ പ്രചരിപ്പിക്കാൻ  പ്രതിജ്ഞാബദ്ധരാകണം. നമ്മുടെ നാവുകൾ സമാധാനത്തിൻ്റെ വാഹകരാകട്ടെ. നമ്മുടെ എഴുത്തുകൾ സത്യസന്ധതയുടെ പ്രതീകങ്ങളാകട്ടെ. എങ്കിൽ, നമ്മുടെ വീടുകളിൽ ശാന്തത തിരികെ വരും, ബന്ധങ്ങളിൽ സ്നേഹം പൂക്കും, സമൂഹത്തിൽ വിശ്വാസം വളരും. നുണകൾ പ്രചരിപ്പിച്ചതിൻ്റെ ഭാരം പേറുന്നതിൽ നിന്ന് നാം രക്ഷപ്പെടും. ഓർക്കുക, ഹുദ്‌ഹുദ് പക്ഷി അതിൻ്റെ ദൗത്യത്തിൽ വിജയിച്ചു. സത്യത്തെ മുറുകെപ്പിടിക്കാനുള്ള ഈ ആഹ്വാനം നമ്മുടെ ജീവിതത്തിൻ്റെ മുഖമുദ്രയായി മാറട്ടെ. കാരണം, അറിവും വിവേകവുമുള്ള മനുഷ്യനേക്കാൾ തന്റെ ദൗത്യത്തിൽ ആ ജീവി പോലും നമ്മേക്കാൾ ഉത്തമനായിരുന്നു.

Summary: The Qur’anic story of the Hudhud (the hoopoe bird) in the time of Prophet Sulayman (A.S) beautifully teaches the importance of being conscious, truthful, and responsible in handling information. When Hudhud brought news about the kingdom of Saba and its queen, he did not rely on assumptions or rumours; he said with certainty, “I have come to you with sure knowledge from Saba” (Qur’an 27:22). This verse highlights the ethical principle of verifying information before sharing it — a value essential in our time of rapid communication and social media. Just as Prophet Sulayman confirmed the report before acting, believers are reminded to cross-check facts and avoid spreading unverified news that could cause harm or confusion.

Related Articles