Current Date

Search
Close this search box.
Search
Close this search box.

ഈമാന്‍ സത്യവിശ്വാസം

വിശുദ്ധ ഖുര്‍ആനിന്റെ പല പ്രയോഗങ്ങള്‍ ക്കും തത്തുല്യമായ പദങ്ങള്‍ ഭാഷയില്‍ ലഭ്യമല്ലെന്നകാര്യം സുവിദിതമാണ്. അതില്‍ പെട്ടതത്രെ ഈമാന്‍.

ഈമാന്‍ സമഗ്രമായൊരു പദമാണ്. എന്നാല്‍ ഈമാനിന്റെ അടിവേര് നമ്മള്‍ പറയുന്ന അല്ലാഹുവിലുള്ള ‘വിശ്വാസം’ (സത്യവിശ്വാസം) ആണ്. (വിശുദ്ധ ഖുര്‍ആനിന്റെ രണ്ടാം അധ്യായത്തിന്റെ തുടക്കത്തില്‍ തന്നെ ഈ കാര്യം പരാമര്‍ശിക്കുന്നുണ്ട് ) ‘അദ്യശ്യത്തിലുള്ള വിശ്വാസം’ (ബില്‍ഗയ്ബ്) എന്ന് അല്ലാഹു അതിനെ പരിചയപ്പെടുത്തുന്നു.

‘അമ്‌ന് ‘എന്ന ധാതുവില്‍ നിന്ന് നിഷ്പന്നമായതാണ് ഈമാന്‍.മനസ്സ് നിര്‍ഭയവും പ്രശാന്തവുമാവുകയാണ് ഈ മാനിന്റെ മൗലികഭാവം (നടപ്പു ഭാഷയില്‍ ടെന്‍ഷന്‍ഫ്രീ – തത്വുമഇന്നല്‍ ഖുലൂബ് )

ഈമാന്‍ എന്നത് നിശ്ചലമായ അവസ്ഥയല്ല. ബോധപൂര്‍വ്വം വളര്‍ത്തിയില്ലെങ്കില്‍ താഴോട്ടു പോവുകയും വളര്‍ത്തിയാല്‍ യഖീന്‍ (ദൃഢബോധ്യം) ഇല്‍മുല്‍ യഖീന്‍ (കേട്ടറിവ്) ഐനുല്‍യഖീന്‍ (കണ്ടറിവ്) ഹഖുല്‍യഖീന്‍ (കൊണ്ടറിവ്) എന്നിങ്ങനെ അത്യുന്നത പദവി പ്രാപിക്കുകയും ചെയ്യുന്ന അവസ്ഥയാണ്.അങ്ങനെ ചിന്തിക്കുമ്പോള്‍ഈമാന്‍ വെറും വിശ്വാസം എന്നതിലുപരി വലിയൊരു ‘അറിവ് ‘ (ഇല്‍മ്, മഅരിഫത്,ഹിക്മത്…) ആണെന്നു വരുന്നു.

‘തസ്വ് ദീഖ് ‘ അഥവാ സത്യമെന്നംഗീകരിക്കലാണ് ഈമാനിന്റെ ഭാഷാര്‍ത്ഥം. ഒരു സംഗതി ഗ്രഹിച്ച് അതില്‍ പൂര്‍ണമായി അടിയുറച്ചു വിശ്വസിക്കുക, അതിനെതിരായി യാതൊന്നും ഒരിക്കലും സമ്മതിക്കാതിരിക്കുക എന്നതാണ് ഈ മാനിന്റെ ഉദ്ദേശ്യം.

ഈമാനിന്റെ ബന്ധം ഹൃദയത്തോടും ഇസ് ലാമിന്റെ ബന്ധം പ്രവൃത്തിയോടുമാണെന്ന് പറയപ്പെട്ടിട്ടുണ്ട് (തങ്ങള്‍ വിശ്വാസികളാണെന്ന് പ്രഖ്യാപിച്ച ഒരു സംഘത്തോട് ‘നിങ്ങള്‍ വിശ്വാസികളായിട്ടില്ല’ എന്നു പറയാന്‍ സൂറ:ഹുജുറാത്തില്‍ അല്ലാഹു ഉന്നയിച്ച ന്യായം ‘നിങ്ങളുടെ ഹൃദയങ്ങളില്‍ ഇനിയും ഈമാന്‍ കടന്നിട്ടില്ല’എന്നത്രെ)

കേവലം അവകാശവാദത്തിന്റെ പേരില്‍ ഒരാള്‍ ‘മുഉമിന്‍ ‘ആവുകയില്ല എന്നര്‍ത്ഥം. പ്രത്യക്ഷത്തില്‍ സത്കര്‍മ്മമായി കരുതപ്പെടുതുന്നതാണെങ്കിലും ഈമാനിന്റെ ആന്തരിക പിന്തുണയില്ലെങ്കില്‍ അല്ലാഹു അത് സ്വീകരിക്കുകയില്ല എന്നും മനസ്സിലാക്കുക.

അതേയവസരം ഈമാനിന്റെ പൂര്‍ത്തീകരണത്തിന് അത്യാവശ്യമായ മൗലിക ഘടകമാണ് സല്‍കര്‍മം (അമലുസ്വാലിഹാത്ത്) എന്ന കാര്യം മറക്കരുത്. ഖുര്‍ആന്‍ മിക്കയിടങ്ങളിലും ഈമാനിനു തൊട്ടുടനെ തന്നെ സല്‍കര്‍മം പരാമര്‍ശിക്കുന്നത് അതുകൊണ്ടാണ്.(ഈമാനില്‍ ഇത്വാഅത്ത് ഉള്‍ച്ചേര്‍ന്നിരിക്കുന്നു)

ഈമാനിന്റെ ഉറവിടം അല്ലാഹുവാകുന്നു. അല്ലാഹു അവനുദ്ദേശിക്കുന്നവര്‍ക്ക് അത് നല്‍കുന്നു. അതിനാല്‍ ഈമാന്‍ ലഭിച്ചവര്‍ ആകാശഭൂമികള്‍ക്കിടയിലെ അതുല്യ സൗഭാഗ്യം ലഭിച്ചവരാണ്. യഥാര്‍ത്ഥ വിശ്വാസി ജീവന്‍ തൃണവല്‍ഗണിച്ചും ഈമാന്‍ നിലനിര്‍ത്തും.

എല്ലാ മനുഷ്യരിലും ഈമാനിന്റെ ചില അംശങ്ങള്‍ അല്ലാഹു മുദ്രണം ചെയ്തിട്ടുള്ളതായി വിശുദ്ധ ഖുര്‍ആന്‍ (അഅറാഫ്: 172173) പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണത്രെ ഏത് ദൈവനിഷേധിയും പ്രതികൂലാവസ്ഥകളില്‍ ‘ദൈവമേ ‘ എന്ന് വിളിച്ചു പോകുന്നത്.

Related Articles