Current Date

Search
Close this search box.
Search
Close this search box.

യുക്തി ബോധമില്ലാത്ത മതവിധി തെറ്റായ മാര്‍ഗത്തിലേക്ക് നയിക്കുന്നു

പ്രവാചകനും അനുചരന്മാരും കുറെ കാലത്തിനു ശേഷം സ്വന്തം നാടായ മക്കയിലേക്ക് പോകുകയാണ്. മറ്റൊന്നുമല്ല ഉദ്ദേശം. പരിശുദ്ധ കഅബയില്‍ പോയി ഉംറ നിര്‍വ്വഹിക്കണം എന്നത് മാത്രമാണ് ആഗ്രഹം. അവരെ മക്കയിലേക്ക് പ്രവേശിപ്പിക്കാന്‍ മക്കക്കാര്‍ സന്നദ്ധരായില്ല. ഹുദൈബിയ്യയില്‍ തമ്പടിച്ച പ്രവാചകനും കൂട്ടരും അവസാനം ഒരു കരാര്‍ എഴുതി മദീനയിലേക്ക് തന്നെ തിരുച്ചു പോന്നു. വിഷമത്തോടെ എങ്കിലും അധികം പേരും അത് അംഗീകരിച്ചിരുന്നു. അതെ സമയം പ്രസ്തുത നടപടിയില്‍ സംഭവിച്ച മാനഹാനി മനസ്സില്‍ സൂക്ഷിച്ച ചിലരും അവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു.

മക്കാമുശ്‌രിക്കുകള്‍ മുസ്‌ലിംകളുടെ കഅ്ബ സന്ദര്‍ശനത്തെ തടഞ്ഞ സന്ദര്‍ഭമായിരുന്നല്ലോ അത്. അറബികളുടെ പഴയ പാരമ്പര്യമനുസരിച്ച് ശത്രുമിത്ര ഭേദമന്യേ ഏവരെയും കഅ്ബ സന്ദര്‍ശനത്തിന് അനുവദിക്കേണ്ടതായിരുന്നു. പക്ഷേ, മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ആ കീഴ് വഴക്കത്തെ അവര്‍ ലംഘിക്കുകയാണ് ചെയ്തത്. അതിനാല്‍, തങ്ങളുടെ അധീന പ്രദേശങ്ങളുടെ സമീപത്തൂടെ കടന്നുപോകുന്ന ശത്രുഗോത്രങ്ങളുടെ തീര്‍ഥാടകസംഘങ്ങളെ തടയണമെന്നും മുസ്‌ലിംകള്‍ക്കും തോന്നാതിരുന്നില്ല. എന്നാല്‍, സൂറ അല്‍ മാഇദ രണ്ടാം വചനം വഴി അല്ലാഹു അതിനെ തടഞ്ഞു. “വിശ്വസിച്ചവരേ, അല്ലാഹുവിന്റെ ചിഹ്നങ്ങളെ അനാദരിക്കരുത്. പവിത്രമായ മാസങ്ങളിലൊന്നിനെയും അനാദരിക്കാന്‍ പാടില്ല. ബലിമൃഗങ്ങളെ ദ്രോഹിക്കാതിരിക്കുക. അല്ലാഹുവിനുള്ള വഴിപാടിന്റെ അടയാളമായി കഴുത്തില്‍ പട്ടയിട്ട മൃഗങ്ങളെയും ഉപദ്രവിക്കാതിരിക്കുക. അല്ലാഹുവിന്റെ അനുഗ്രഹവും പ്രീതിയും തേടി പുണ്യഗേഹ(കഅ്ബ)ത്തിലേക്കു സഞ്ചരിക്കുന്നവരെ ശല്യപ്പെടുത്താതിരിക്കുക. എന്നാല്‍, ഇഹ്‌റാമിന്റെ നാളുകള്‍ അവസാനിച്ചാല്‍ നിങ്ങള്‍ക്കു വേട്ടയിലേര്‍പ്പെടാവുന്നതാകുന്നു. നിങ്ങളെ മസ്ജിദുല്‍ ഹറാമിലേക്ക് വഴിമുടക്കിയ ജനത്തോടുള്ള രോഷം, അവര്‍ക്കെതിരെ അതിക്രമം പ്രവര്‍ത്തിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാവതല്ല. നന്മയുടേതും ദൈവഭക്തിയുടേതുമായ കാര്യങ്ങളിലൊക്കെയും നിങ്ങള്‍ എല്ലാവരോടും സഹകരിക്കേണ്ടതാകുന്നു. പാപകരവും അതിക്രമപരവുമായ കാര്യങ്ങളില്‍ ആരോടും സഹകരിക്കാവതുമല്ല. അല്ലാഹുവിനെ ഭയപ്പെടുവിന്‍. അവന്റെ ശിക്ഷ അതികഠിനമാകുന്നു”

Also read: ആൽപ് അർസലാൻ എന്ന മാൻസികേർട്ടിലെ സിംഹം

പലരും ചോദിച്ച ഒരു ചോദ്യമുണ്ട്. “ ഒരു ഹിന്ദു സഹോദരന്‍ ശബരി മലയിലേക്കു മാലയിട്ടാല്‍ പിന്നെ അദ്ദേഹം മുസ്ലിം വീടുകളില്‍ നിന്നും ഒന്നും കഴിക്കില്ല. അത് കൊണ്ട് അദ്ദേഹത്തെ നിങ്ങള്‍ വര്‍ഗീയവാദി എന്ന് വിളിക്കുമോ?”. ഓണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഇത്തരം ചോദ്യങ്ങള്‍ നാം കൂടുതല്‍ കേള്‍ക്കാറുണ്ട്. അവിടെയാണ് മേല്‍ ഉദ്ദരിച്ച സംഭവം നമുക്ക് വെളിച്ചം നല്‍കേണ്ടത്. ഇസ്ലാം കാര്യങ്ങളെ കാണുന്നത് മറ്റു മതങ്ങള്‍ എങ്ങിനെ കാണുന്നു എന്ന് നോക്കിയല്ല. ഇസ്ലാമില്‍ എല്ലാത്തിനും കൃത്യമായ രീതിയും വഴികളുമുണ്ട്. ഇസ്ലാമില്‍ ആരാധന കാര്യങ്ങളും ആഹാരവും വളര അടുത്ത ബന്ധമുണ്ട്. ആരാധനകള്‍ സ്വീകരിക്കപ്പെടാന്‍ ഒരു ഉപാധി അദ്ദേഹം കഴിക്കുന്ന ഭക്ഷണം അനുവദനീയമാകണം എന്നതാണ്. ആരാധനയുടെ മജ്ജ എന്ന് വിളിക്കപ്പെടുന്ന പ്രാര്‍ത്ഥനയെ കുറിച്ച് പ്രവാചക വചനവും ആ രീതിയില്‍ തന്നെയാണ് വന്നിട്ടുള്ളത്. ദീന്‍ പൂര്‍ണമാക്കി എന്ന ഖുര്‍ആന്‍ വചനത്തിലും ഊന്നി പറഞ്ഞ കാര്യം ഭക്ഷണ കാര്യത്തിലെ നിഷിദ്ധവും അനുവാദവും തന്നെയാണ്.

മലക്ക് പോകാന്‍ തീരുമാനിച്ച ഒരാള്‍ മുസ്ലിം വീടുകളില്‍ നിന്നും ഒന്നും കഴിക്കില്ല എന്നത് കൊണ്ട് ഒരു അമുസ്ലിം വീട്ടില്‍ നിന്നും ഹജ്ജിനു പോകാന്‍ തീരുമാനിച്ച ഒരാള്‍ ഒന്നും കഴിക്കരുത് എന്ന് ഇസ്ലാം പറയുന്നില്ല. അല്ലെങ്കില്‍ അവരുടെ വെള്ളം കൊണ്ട് നോമ്പ് മുറിക്കാന്‍ പാടില്ല എന്നും ഇസ്ലാം നിര്‍ദ്ദേശം നല്‍കുന്നില്ല. അവരുടെ മതം അങ്ങിനെ എന്നത് കൊണ്ട് ഇസ്ലാം ഇങ്ങിനെ ആകണം എന്ന് വാശി പിടിക്കാന്‍ നമുക്ക് കഴിയില്ല. ഭക്ഷണത്തിന്റെ നിഷിദ്ധത പറഞ്ഞ കൂട്ടത്തില്‍ പറഞ്ഞ ഒന്നാണ് പ്രതിഷ്ഠകള്‍ക്ക് വേണ്ടി സമര്‍പ്പിക്കപ്പെട്ട ബലികള്‍. ബലികള്‍ എന്നത് മൃഗബലി മാത്രമല്ല അവയുടെ പേരില്‍ നേര്‍ച്ചയാക്കിയ എന്തും എന്നും വരുന്നു. അതിലെ നിഷിദ്ധതയുടെ കാരണം അത് അല്ലലാഹു അല്ലാത്തവര്‍ക്ക് സമര്‍പ്പിച്ചു എന്നതിനാലാണ്. അല്ലാതെ അത് ചെയ്യുന്ന ആളുകളോടുള്ള സാമുദായിക വികാരം കൊണ്ടല്ല.

Also read: പാതിവഴിയിൽ വെച്ച് പൂർത്തീകരിച്ച ഹജ്ജ്

ആഘോഷങ്ങള്‍ കേവലം ചടങ്ങുകളായി ഇസ്ലാം കാണുന്നില്ല. അതിനു പിന്നില്‍ അവരുടെ സാംസ്കാരിക തനിമ കൂടി ഇസ്ലാം കാണുന്നു. ഇസ്ലാമിലെ ആരാധനകള്‍ അല്ലാഹുവിന്റെ ഏകത്വം ഊന്നി പറയുന്ന അവസരങ്ങളാണ്. അത് പോലെ തന്നെ മറ്റു മതക്കാര്‍ അവരുടെ വിശ്വാസവും സംസ്കാരവും അവരുടെ ആഘോഷങ്ങളില്‍ തെളിയിക്കുന്നു. അത് കൊണ്ട് തന്നെ മറ്റുള്ളവരുടെ ആഘോഷങ്ങള്‍ അതെ രീതിയില്‍ ഒരു വിശ്വാസിക്കും അനുകരിക്കുക സാധ്യമല്ല. അതെ സമയം ആഘോഷ അവസരങ്ങളില്‍ അവരുടെ ക്ഷണം സ്വീകരിക്കാന്‍ പാടില്ല എന്ന് ഇസ്ലാം കൃത്യമായി പറഞ്ഞിട്ടില്ല. മറ്റു മതക്കാരുടെ കൂടെയായിരുന്നു മുസ്ലിംകളും ജീവിച്ചിരുന്നത്. ഹജറുല്‍ അസ് വദ് ചുംബിക്കാന്‍ സഹാബികള്‍ തിരക്ക് കൂട്ടുന്നത്‌ കണ്ടപ്പോള്‍ ഉമര്‍ ഫാറൂഖ്  അതിനെ നേരെ നോക്കി പറഞ്ഞ വാക്കുകള്‍ പ്രസക്തമാണ്. കല്ലുകളെ ആരാധിച്ചിരുന്ന ഒരു ജനതയ്ക്ക് ഹജറുല്‍ അസ് വദും ഉപദ്രവമോ ഉപകാരമോ ചെയ്യാന്‍ പറ്റാത്ത ഒരു കല്ലാണ് എന്ന് ഓര്‍മ്മിപ്പിക്കല്‍ ഒരു അനിവാര്യതയായി ഉമറിനു തോന്നി. അത് പോലെ ഓണവും ക്രിസ്തുമസും ഇസ്ലാമിക ആചാരമല്ല എന്ന് ചിലരെ ഓര്‍മ്മിപ്പിക്കേണ്ടിവരും. അതെ പോലെ തന്നെ മറ്റു മതക്കാരോട് സാധ്യമായ രീതിയില്‍ സഹകരിക്കാം എന്നതിന്റെ പട്ടികയില്‍ ആഘോഷ കാലങ്ങളില്‍ പരസ്പരം നല്‍കുന്ന ആശംസകളും ഭക്ഷണവും കണക്കാക്കുകയും ചെയ്യാം.

ഇസ്ലാമിലെ നിഷിദ്ധങ്ങള്‍ കൃത്യമാണ്. മതം പൂര്‍ണമായി എന്നിടത്തു തന്നെ അതും പൂര്‍ണമായിരിക്കുന്നു. അതില്‍ വെള്ളം ചേര്‍ക്കാനും തീവ്രത വരുത്താനും നമുക്ക് അവകാശമില്ല . ഇസ്ലാമിലെ നിലപാടുകള്‍ വൈകാരികതയുടെ പേരില്‍ രൂപപ്പെടാന്‍ പാടില്ല. തന്റെ മകളെ കുറിച്ച് അപവാദം പറഞ്ഞ ബന്ധുവിനെ സഹായിക്കില്ല എന്ന അബൂബക്കറിന്റെ (റ) പ്രസ്താവന അത് കൊണ്ട് തന്നെ അത്ര നല്ല ഒന്നായി ഖുര്‍ആന്‍ കണ്ടില്ല. ഫാസിസ്റ്റ് ശക്തികള്‍ വിശ്വാസികള്‍ക്കിടയില്‍ വിടവ് സൃഷ്ടിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു . ഒരിക്കലും അടുക്കാത്ത അത്ര അകലങ്ങളിലേക്ക് മതങ്ങള്‍ പോകണമെന്ന് അവര്‍ ആഗ്രഹിക്കുന്നു . അപ്പോള്‍ സാധ്യമായ അടുപ്പം എത്ര എന്ന് പരിശോധിക്കാന്‍ വിശ്വാസികളും നിര്‍ബന്ധിതരാവും. അത് പരിധികള്‍ ലംഘിച്ചു കൊണ്ടല്ല , പരിധികള്‍ അംഗീകരിച്ചു കൊണ്ട് തന്നെ. ഇനി മുതല്‍ “ ഹൃദയം ഇണക്കപ്പെട്ടവര്‍ “ എന്ന വിഭാഗത്തിന് സക്കാത് നല്‍കേണ്ടതില്ല എന്ന് ഉമറുല്‍ ഫാറൂഖ് (റ) പ്രകടിപ്പിച്ച അഭിപ്രായം ഒരു പ്രത്യേക രാഷ്ട്രീയ സാഹചര്യത്തിലായിരുന്നു. അപ്പോള്‍ സാഹചര്യങ്ങള്‍ കൂടി പരിഗണിച്ചു വേണം വിധികള്‍ രൂപപ്പെടാന്‍ . യുക്തിയില്ലാത്ത മതബോധം പലപ്പോഴും കൊണ്ട് ചെന്നെത്തിക്കുക തെറ്റായ മാര്‍ഗത്തില്‍ എന്നും കൂടി ചേര്‍ത്ത് പറയണം.

Related Articles