Columns

ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാണ്

പ്രവാചകന്‍ വരുന്ന കാലത്ത് ഗോത്രങ്ങള്‍ തമ്മിലുള്ള വൈരാഗ്യം, നിസ്സാര കാര്യങ്ങളെച്ചൊല്ലിയുള്ള യുദ്ധങ്ങള്‍, രാപ്പകല്‍ ഭേദമില്ലാത്ത ചോരക്കളി – ആദിയായ കാരണങ്ങളാല്‍ അറേബ്യന്‍ ജനതയുടെ പേരും കുറിയും അവസാനിക്കാറായിരുന്നു. നീണ്ട കൊല്ലങ്ങളോളം പരസ്പരം രക്തദാഹികളായി വര്‍ത്തിച്ച ഔസ്, ഖസ്‌റജ് ഗോത്രങ്ങളെ ഇസ്‌ലാം ഏകോദര സഹോദരന്മാരാക്കി. മക്കയില്‍നിന്ന് അഭയംതേടിവന്ന മുഹാജിറുകള്‍ക്കുവേണ്ടി അവര്‍ അര്‍പ്പിച്ച ത്യാഗസേവനങ്ങള്‍ ചരിത്രത്തില്‍ തുല്യത കാണാത്തവയാണ്. സ്‌നേഹനിര്‍ഭരമായ ആ സൗഹൃദഭാവം ഒരു കുടുംബത്തിലെ അംഗങ്ങള്‍ക്കിടയില്‍പോലും കാണുക സാധ്യമല്ല. നിങ്ങള്‍ ഒരു നരകക്കുണ്ടിന്റെ വക്കിലായിരുന്നു എന്നാണു ഈ വിഷയത്തെ ഖുര്‍ആന്‍ സൂചിപ്പിച്ചത്.

മുസ്ലിം സമുദായത്തിന്റെ ഭിന്നിപ്പാണ് പലര്‍ക്കും ആത്മധൈര്യം നല്‍കുന്നത്. അടിസ്ഥാന വിഷയങ്ങളില്‍ പോലും ഒരിക്കലും അവര്‍ ഒന്നിക്കില്ല എന്ന ബോധം എതിരാളികള്‍ക്ക് ശക്തി പകര്‍ന്നിരുന്നു. സ്വാതന്ത്ര സമരകാലത്തോ അതിനു മുമ്പോ ഇന്ത്യന്‍ മുസ്ലിംകള്‍ ഇന്നത്തെ പോലെ ഒരവസ്ഥ നേരിട്ടിട്ടില്ല. വാസ്ഗോഡിഗാമയിലൂടെ നടന്ന മുസ്ലിം ഹത്യകള്‍ അവഗണിച്ചു കൊണ്ടല്ല പറയുന്നത്. അതിനെ പ്രതിരോധിക്കാന്‍ നാട്ടില്‍ ഭരണ കൂടം ഉണ്ടായിരുന്നു. ഇന്ത്യന്‍ സമൂഹത്തില്‍ നിന്നും തീര്‍ത്തും ഭിന്നമാണ്‌ കേരള സമൂഹം. ലോകത്തെയും ഇന്ത്യയേയും ബാധിച്ച പലതും കേരള സമൂഹത്തെ ബാധിച്ചിട്ടില്ല. ലോക മഹായുദ്ധങ്ങള്‍ ലോകത്തിന്റെ മുസ്ലിം ഭൂപടത്തെ തന്നെ മാറ്റിമറിച്ചു. ഫലസ്തീന്‍ എന്ന ഒരു രാജ്യം തന്നെ ലോകത്ത് നിന്നും ഇല്ലാതായി. കാലങ്ങളായി പേരിനെങ്കിലും നിലനിന്നിരുന്ന തുര്‍ക്കിയിലെ ഖിലാഫത്ത് ഇല്ലാതായി. അതിന്റെ അലയൊലികള്‍ കേരളത്തില്‍ ഉണ്ടായെങ്കിലും അതിനെ സ്വാതന്ത്ര സമരത്തിന്റെ ഭാഗമായി പിന്നീട് മാറുകയുണ്ടായി. കേരള നവോത്ഥാനം ഏറ്റവും കൂടുതല്‍ ഉപയോഗപ്പെട്ട സമുദായം മുസ്ലിം തന്നെയാകും. അതിലൂടെ വലിയ സാമൂഹിക മാറ്റമാണ് അവരെ തേടിയെത്തിയത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ തുടങ്ങിയ നവോധാന സംരംഭങ്ങള്‍ നൂറ്റാണ്ടിന്റെ പകുതിയോടെ അതിന്റെ പാരമ്യത്തിലെത്തി. ഇസ്ലാമിക ബോധത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ സംഘടന പ്രവര്‍ത്തനങ്ങളും സജീവമാണു. സംഘടനകളുടെ ആധിക്യം ഇസ്ലാമിന് ഗുണകരമായിട്ടുണ്ട്. കേരള മുസ്ലിം മുന്നേറ്റത്തിനു സംഘടനകള്‍ നല്‍കിയ സംഭാവന അത്ര മഹത്വരമാണ്. അതെ സമയം മുസ്ലിംകള്‍ പരസ്പരം ഭിന്നിക്കാനുള്ള കാരണം കൂടിയായി സംഘടനകള്‍ എന്ന് പറയാതിരിക്കാന്‍ കഴിയില്ല. പണ്ടൊരിക്കല്‍ ഇസ്ലാമിക ശരീഅത്തിനു നേരെ ആക്രമണം ഉണ്ടായപ്പോള്‍ മുസ്ലിം സംഘടനകള്‍ ഒരേ സമയം യോജിപ്പും ഭിന്നിപ്പും കാണിച്ചു. ഒരിക്കലും ഒന്നിലും ഒന്നിക്കാന്‍ കഴിയാത്ത രീതിയില്‍ നാള്‍ക്കുനാള്‍ പലരും അകന്നു പോയിക്കൊണ്ടിരിന്നു. ആഗോള തലത്തില്‍ സുന്നി ഷിയാ മുതല്‍ നമ്മുടെ നാട്ടിലെ സംഘടന വരെ ഭിന്നിപ്പുകള്‍ക്ക് കൂടുതല്‍ കരുത്തേകി.

മുസ്ലിംകളെ ഒറ്റപ്പെടുത്തുക എന്ന സംഘ പരിവാര്‍ നിലപാടുമായി മുന്നോട്ട് വരുമ്പോള്‍ ഇപ്പോള്‍ സംഭവിക്കുന്ന ഒന്നും അവര്‍ മനസ്സില്‍ കണ്ടിരുന്നില്ല. കാശ്മീര്‍ ഒതുക്കിയ പോലെ ഒതുക്കാം എന്നതായിരുന്നു അവരുടെ മനസ്സില്‍. പക്ഷെ മുസ്ലിം സമുദായം ഒറ്റക്കെട്ടായും മതേതര സമൂഹം കൂട്ടായും പുതിയ ബില്ലിനെതിരെ രംഗത്ത്‌ വന്നു. മുസ്ലിം സംഘടനകളെ ഒരേ വേദിയില്‍ കൊണ്ട് വരാന്‍ പുതിയ സാഹചര്യം കളമൊരുക്കി എന്നത് നിസാര സംഗതിയല്ല. സംഘ പരിവാര്‍ മുസ്ലിം സമുദായത്തിന്റെ നിലനില്‍പ്പ്‌ തന്നെ ചോദ്യം ചെയ്യുന്നു എന്ന ബോധം രാജ്യത്തെ മുസ്ലിം സമുദായം ഒന്നിച്ചു തിരിച്ചറിഞ്ഞു എന്നത് ശുഭകരമായ കാര്യമാണ്. പ്രവാചക പത്നി ആയിഷയുമായി ( റ ) ബന്ധപ്പെട്ട വിഷയത്തെ വിശകലനം ചെയ്തു ഖുര്‍ആന്‍ ഇങ്ങിനെ പറഞ്ഞു “ അത് നിങ്ങള്‍ക്ക് ദോഷമാണ് എന്ന് നിങ്ങള്‍ കരുതരുത്, എന്നാല്‍ അത് നിങ്ങള്ക് അനുഗ്രഹമാണ്”. പുതിയ പൌരത്വ നിയമവും ആ രീതിയില്‍ ഒരു അനുഗ്രഹമാണ്. ഭിന്നിച്ചു നിന്നാല്‍ ശത്രുവാണ് ശക്തിപ്പെടുക എന്ന ബോധം മുസ്ലിം സംഘടനകള്‍ക്കും നേതാക്കള്‍ക്കും സംജാതമായി എന്നത് തന്നെയാണു പുതിയ സംഭവ വികാസങ്ങളുടെ അനുഗ്രഹമായ വശം. അഭിപ്രായ വ്യത്യാസം ഇസ്ലാമിന്റെ അടിസ്ഥാന വിഷയമാണ്‌. അത് മനസ്സിലാക്കിയാല്‍ പലര്‍ക്കും ഒന്നിക്കാന്‍ കഴിയും. നാം പലപ്പോഴും നമ്മുടെ ഊര്‍ജം നമുക്കിടയില്‍ തന്നെ ചിലവഴിക്കുന്നു. ശത്രുവിനെ നേരിടാന്‍ നമ്മുടെ കയ്യില്‍ ഊര്‍ജമില്ല എന്ന ധാരണ മാറ്റാന്‍ കഴിയുന്നിടത്താണ് യഥാര്‍ത്ഥ വിജയം കുടിയിരിക്കുന്നത്. അത് കൊണ്ട് തന്നെയാണു ആ ചോദ്യം പ്രസക്തമാകുന്നതും ” ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോഴാണ്.”

Facebook Comments
Related Articles
Close
Close