Current Date

Search
Close this search box.
Search
Close this search box.

ഇബ്രാഹീം അൽ ഖൂലി ….

സംവാദങ്ങളിലും വാദപ്രതിവാദങ്ങളിലും ഇസ്ലാമിന് പ്രതിരോധമൊരുക്കി തലയെടുപ്പോടെ നിൽക്കും. അസ്ഹരി പണ്ഡിതൻ. അൽ അസ്ഹർ പണ്ഡിത സമിതിയിലെ അംഗം. അൽ അസ്ഹർ അറബി ഭാഷാ കോളേജിൽ സാഹിത്യവും നിരൂപണവും ഭാഷാസൗന്ദര്യ ശാസ്ത്രവും കൈകാര്യം ചെയ്തിരുന്ന അധ്യാപകൻ. വിഷയം ഇസ്ലാമിനെക്കുറിച്ചും മുസ്ലിംകളെക്കുറിച്ചുമാവുമ്പോൾ വളച്ചുകെട്ടില്ലാതെയും മുഖം നോക്കാതെയും പറയേണ്ടത് തുറന്നടിച്ചു പറയും ….

ഇങ്ങനെയൊക്കെയാണ് ശിഷ്യൻമാർ അദ്ദേഹത്തെ വിശേഷിപ്പിക്കുക. തെളിഞ്ഞ പുഴ പോലെ ഒരു ജീവിതം. ജീവിതാന്ത്യം വരെ താൻ ഉയർത്തിപ്പിടിച്ച ലക്ഷ്യത്തിന്റെ കൊടി വാഹകനായി നിലകൊണ്ടു. ആഴത്തിൽ പാണ്ഡിത്യമുള്ള പരിഷ്‌കരണവാദി. രക്ഷിതാവുമായി കണ്ടുമുട്ടാൻ റമദാൻ വരെ കാത്തു നിന്നു. സത്യത്തിന് വേണ്ടിയുള്ള പൊരുതലായി ജീവിതത്തെ മാറ്റിയെടുത്തു; അല്ലാഹുവിന്റെ കാര്യത്തിൽ വിമർശകരെ തെല്ലും കൂസാതെയും ഭയക്കാതെയും.

കഴിഞ്ഞ ഏപ്രിൽ എട്ടിന് മരണപ്പെട്ട ഈജിപ്ഷ്യൻ പണ്ഡിതൻ ഇബ്രാഹീം അൽ ഖൂലിയെപ്പറ്റിയാണ് പറഞ്ഞു വരുന്നത്. ഈജിപ്തിലെ പടിഞ്ഞാറൻ പ്രവിശ്യയിൽ അൽ ഖുറശിയ്യ ഗ്രാമത്തിൽ 1929 – ൽ ജനനം. ബാല്യത്തിൽ തന്നെ ഖുർആൻ മനപ്പാഠമാക്കി. 1956 – ലാണ് അൽ അസ്ഹറിലെ അറബി ഭാഷാ പഠന കോളേജിൽ ചേർന്നത്. പിന്നീട് സൈക്കാളജിയിലും (1957) എജ്യുക്കേഷനിലും (1961) ഡിപ്ലോമ നേടി. അൽ അസ്ഹറിൽ നിന്ന് തന്നെ 1972 ൽ ബിരുദാനന്തര ബിരുദവും 1978 – ൽ ഡോക്ടറേറ്റും നേടി. 1956 – 1968 കാലത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിൽ ജോലി നോക്കിയിരുന്നു. 1968-ൽ മാതൃ സ്ഥാപനമായ അൽ അസ്ഹർ അറബിക്കോളേജിൽ അധ്യാപകനായി തിരിച്ചെത്തി. അലങ്കാര ശാസ്ത്ര ( ബലാഗ ) വും നിരൂപണവുമായിരുന്നു അധ്യാപന വിഷയങ്ങൾ.

ഈജിപ്തിലും മറ്റു നാടുകളിലുമായി നടന്ന നിരവധി ഇസ്ലാമിക് കോൺഫ്രൻസുകളിൽ സജീവ പങ്കാളിത്തം വഹിച്ചിട്ടുണ്ട്. 1980-ൽ മദീനയിലെ കിങ്ങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റിയിൽ വിസിറ്റിംഗ് പ്രഫസറായിരുന്നു. 1986-ൽ ഇസ്ലാമാബാദിലെ ഇസ്ലാമിക് യൂണിവേഴ്സിറ്റിയും അദ്ദേഹത്തിന്റെ സേവനം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. യുനെസ്കോ ആസ്ഥാനമായ പാരീസിൽ 1981-ൽ നടന്ന ‘ഇസ്ലാമിലെ മനുഷ്യാവകാശ പ്രഖ്യാപന’ത്തിന്റെ കരട് തയ്യാറാക്കിയതും അദ്ദേഹമായിരുന്നു. നിയമോപദേഷ്ടാവ് ഹംദി അസാമുമായി ചേർന്ന് ‘ഇസ്ലാമിക ഭരണഘടനാ പ്രോജക്ടും’ തയ്യാറാക്കി. 1988-ൽ ഇസ്ലാമാബാദിൽ ചേർന്ന ഒരു സമ്മേളത്തിൽ ‘സമുദായൈക്യ പ്രഖ്യാപന’വും നടത്തുകയുണ്ടായി.

ഇസ്ലാമിക കാവ്യ ശാസ്ത്രത്തിലും അലങ്കാരശാസ്ത്രത്തിലും നിരൂപണത്തിലും നിരവധി കൃതികൾ രചിച്ച് അദ്ദേഹം അറബി ലൈബ്രറികളെയും സമ്പന്നമാക്കുകയുണ്ടായി. ആ കൃതികളിൽ ഏറെ പ്രശസ്തമായവ : അസ്സുന്നത്തു ബയാനൻ ലിൽ ഖുർആൻ ; അത്തഅ് രീള് ഫിൽ ഖുർആനിൽ കരീം ; അത്തക്റാറു ബലാഗത്തുൻ; ലുസൂമിയ്യാത്തു അബിൽ അലാ – റുഅയാ ബലാഗിയ്യ നഖ്ദിയ്യ ; മൻഹജുൽ ഇസ്ലാം ഫിൽ ഹയാത്തി മിനൽ കിതാബി വസ്സുന്ന ; അൽ ജാനിബു അന്നഫ്സി മിനത്തഫ്സീറിൽ ബലാഗി ഇൻദ അബ്ദിൽ ഖാഹിർ അൽ ജുർജാനി ; മകാനുന്നഹവി മിൻ നള് രിയ്യത്തിന്നുള്മ് ഇൻദ അബ്ദിൽ ഖാഹിർ ജുർജാനി ; മുഖ്തളൽ ഹാൽ ബൈനൽ ബലാഗത്തിൽ ഖദീമ വന്നഖ്ദിൽ ഹദീസ ; മുതശാബിഹുൽ ഖുർആൻ. ഫ്രഞ്ച്, ഇംഗ്ലീഷ് തുടങ്ങിയ നിരവധി യൂറോപ്യൻ ഭാഷകളിലേക്ക് അദ്ദേഹത്തിന്റെ കൃതികൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

നിലപാടുകളിലെ ധീരതയുടെ പേരിലും അദ്ദേഹം അറിയപ്പെട്ടു. മുൻ അസ്ഹർ റെക്ടർ മുഹമ്മദ് സയ്യിദ് ത്വൻത്വാവി ഒരിക്കൽ ജൂത റബ്ബിയെ അദ്ദേഹത്തിന്റെ ഓഫീസിൽ പോയി കണ്ടു. ഇതെക്കുറിച്ച് ഖൂലി അശ്ശഅബ് പത്രത്തിൽ ഒരു ലേഖനമെഴുതി. ‘ഒരു അസ്ഹരി പണ്ഡിതൻ ജനങ്ങൾക്ക് നൽകുന്ന വിശദീകരണം’ എന്നായിരുന്നു അതിന്റെ തലക്കെട്ട്. അസ്ഹർ റെക്ടർ രണ്ടാലൊന്ന് ചെയ്യണം – ലേഖനത്തിൽ ഖൂലി ആവശ്യപ്പെട്ടു. ഒന്നുകിൽ ജനങ്ങളോട് മാപ്പ് പറയണം. അല്ലെങ്കിൽ റെക്ടർ സ്ഥാനം ഒഴിയണം. ഖൂലിക്കെതിരെ അൽ അസ്ഹർ യൂനിവേഴ്സിറ്റിയിൽ നിന്ന് അന്വേഷണം വന്നു. അന്വേഷണത്തിനൊടുവിൽ, ഇനി അൽ അസ്ഹറിൽ ജോലിക്ക് വരേണ്ടെന്ന് ഖൂലിക്ക് അധികൃതർ നോട്ടീസ് നൽകി. ഖൂലി കോടതിയിൽ പോയി, അനുകൂല വിധിയും സമ്പാദിച്ചു. ഉത്തരവുമായി താൻ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലേക്ക് ചെന്നപ്പോൾ അതിന്റെ പ്രിൻസിപ്പൽ ഒരു അപേക്ഷ എഴുതിക്കൊടുക്കാൻ ആവശ്യപ്പെട്ടു. ഖൂലി വഴങ്ങിയില്ല. അദ്ദേഹം പറഞ്ഞു:’ അപേക്ഷ എഴുതിത്തരാനൊന്നും പറ്റില്ല. ഞാൻ കോടതി ഉത്തരവുമായാണ് വന്നിരിക്കുന്നത്. താങ്കളത് നടപ്പാക്കുന്നോ, ഇല്ലയോ?’

പല വിഷയങ്ങളിലും വേറിട്ട അഭിപ്രായങ്ങൾ ഉണ്ടായിരുന്നു. മുസ്ലിംകളാവട്ടെ, ക്രിസ്ത്യാനികളാകട്ടെ ഈജിപ്തുകാർ മുഴുവൻ ഖിബ്ത്വികൾ (കോപ്റ്റിക് ) ആണെന്ന് ഖൂലി വാദിച്ചു. വംശീയ വിഭാഗീയകതകളൊക്കെ കെട്ടുകഥകളാണെന്നും. ഫിഖ്ഹി മദ്ഹബുകൾ പുതു നിർമിതി (ബിദ്അത്ത്) ആണെന്നും വാദിച്ചു. കച്ചവടക്കണ്ണുള്ള ചിലരാണ് അതിന് പിന്നിൽ. ‘അബൂ ഹനീഫ, ശാഫിഈ തുടങ്ങിയ പണ്ഡിതന്മാരൊന്നും തങ്ങളൊരു മദ്ഹബ് എഴുതിയുണ്ടാക്കിയതായി പറഞ്ഞിട്ടില്ല. അങ്ങനെയൊരു മദ്ഹബിന് വേണ്ടി പണിയെടുക്കണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടുമില്ല. തങ്ങളുടെ കഴിവിൽ പെട്ട ഏറ്റവും മികച്ച അഭിപ്രായം പ്രകടിപ്പിക്കുക മാത്രമാണ് അവർ ചെയ്തത്. ഇതിനേക്കാൾ നല്ല ഒരഭിപ്രായം ആരെങ്കിലും കണ്ടാൽ ഞങ്ങളുടെ അഭിപ്രായത്തെ ചുമരിലേക്കെറിഞ്ഞോളൂ എന്നും അവർ പറഞ്ഞിട്ടുണ്ട്.’

ഇസ്ലാം വ്യക്തി കേന്ദ്രീകൃതം (ശഖ്സ്വന) ആകുന്നതിനെ അദ്ദേഹം നിരാകരിച്ചു. ഇസ്ലാമിന് വന്ന് ഭവിക്കാവുന്ന ഏറ്റവും വലിയ അപകടമായും അദ്ദേഹമതിനെ കണ്ടു. ചില വ്യക്തികൾക്ക് ഇമാമത്ത് പട്ടം ചാർത്തിക്കൊടുക്കുന്നതിനെയും അംഗീകരിച്ചില്ല. ഒറ്റ ഇമാമേയുള്ളൂ, അത് മുഹമ്മദ് നബി (സ)യാണ്. ഇബ്നു തൈമിയയാവട്ടെ, ഇബ്നുൽ ഖയ്യിമാവട്ടെ, മുഹമ്മദ് ബ്നുൽ അബ്ദിൽ വഹാബാകട്ടെ, ഹസനുൽ ബന്നയാവട്ടെ, മറ്റാരാവട്ടെ, മുസ്‌ലിംകൾക്ക് വേറൊരു ഇമാം ഇല്ല എന്നായിരുന്നു വാദം. ഇതിന്റെ അടിസ്ഥാനത്തിൽ, ഭരണാധികാരി അതിക്രമിയാണെങ്കിലും അയാൾക്കെതിരെ സായുധ നീക്കം പാടില്ലെന്ന ചില പണ്ഡിതൻമാരുടെ അഭിപ്രായത്തെയും അദ്ദേഹം തള്ളി.

ദാരിദ്ര്യവും വലിയ അപകടമായി അദ്ദേഹം കണ്ടു. അറബികളിൽ പകുതിയും ദാരിദ്യരേഖക്ക് താഴെയാണ്. ഈജിപ്തിലാവുമ്പോൾ അത് എൺപത് ശതമാനത്തിലെത്തും. അതിനാൽ നമ്മുടെ കാലത്തെ സാമൂഹിക നീതി എന്നാൽ, സമ്പത്തിന്റെ നീതിപൂർണ്ണമായ വിതരണമാണ്. ഇതിന് തടസ്സം നിൽക്കുന്ന സ്വാർഥികളായ ധനികരെ നിലക്ക് നിർത്താൻ ഭരണാധികാരി ബലപ്രയോഗം നടത്തണമെന്നും ഖൂലിക്ക് അഭിപ്രായമുണ്ട്. ഫലസ്തീന് വേണ്ടിയും ശക്തമായി നിലകൊണ്ട പണ്ഡിതനായിരുന്നു. അതിൽ കോംപ്രമൈസ് ചെയ്യാൻ ഫതഹിനോ ഹമാസിനോ മറ്റേതെങ്കിലും ഗ്രൂപ്പിനോ അവകാശമില്ലെന്നും തുറന്നു പറഞ്ഞു.

മരിക്കുമ്പോൾ 94- നോടടുത്ത് പ്രായമുണ്ടായിരുന്നു.

വിവ. അശ്റഫ് കീഴുപറമ്പ്

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CONOJlYnC05Kslg9NygjM1

Related Articles