Current Date

Search
Close this search box.
Search
Close this search box.

പറയാനുള്ളത് സിപിഎമ്മിനോടും പിണറായി ഭരണകൂടത്തോടും തന്നെയാണ്

“നിങ്ങൾ എന്തിനാണ് പാലാ ബിഷപ്പിന്റെ പ്രസ്താവന വിഷയത്തിലും സിപിഎമ്മിനെ എതിർക്കുന്നത്? അതിന്ന് ബിഷപ്പിനെയും കൃസ്തിയാനികളെയും അല്ലേ കുറ്റം പറയേണ്ടത് “?

‘നിഷ്കളങ്ക’രായ സഖാക്കളുടെ ചോദ്യമാണ്. ഞങ്ങൾ പാലാ ബിഷപ്പിന്റെയും താമരശ്ശേരി രൂപതയുടെയും വിഷലിപ്ത പരാമർശങ്ങളെ വിശകലനം ചെയ്തു അതിലെ അപകടത്തെ കുറിച്ച് ജനങ്ങളെ നന്നായി ബോധവൽക്കരിക്കുന്നുണ്ട്. അതേ സമയം തത്തുല്യമായ രൂപത്തിൽ നിരുത്തരവാദപരമായി കൃസ്ത്യൻ സമുദായത്തെ അധിക്ഷേപിക്കില്ല. ഏതെങ്കിലും വ്യക്തിയേയോ സമുദായത്തെയോ അധിക്ഷേപ്പിക്കൽ അരുതാത്തതുമാണ്. എന്നാൽ ഈ വിഷയത്തിൽ പഴയ കൊളോനിയലിസ്റ്റ് കുതന്ത്രമായ ‘ഭിന്നിപ്പിച്ചു ഭരിക്കുക’യെന്ന ഭീകര നയം സ്വീകരിക്കുന്ന സിപിഎമ്മിന്റെ ഇരട്ടത്താപ്പിനെ തുറന്നു കാണിക്കും. കാരണം, ഒന്നാമതായി സിപിഎം ഭരിക്കുന്ന പാർട്ടിയാണ്. കുറ്റം ചെയ്തവർക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. സംഘികളെയും ക്രിസംഘികളെയും കാണുമ്പോൾ സിപിഎമ്മിന്റെ മുട്ടിടിക്കുന്നത് പതിവിലേറെ ശക്തമായിട്ടുണ്ട്. ആ മുട്ടിടിയുടെ ശബ്ദം കേരളമാകെ കേൾക്കുന്നുമുണ്ട്.

രണ്ടാമതായി, മുസ്ലിംകൾക്കും കൃസ്തിയാനികൾക്കും ഇടയിൽ കലഹം ഉണ്ടാക്കുക, എന്നിട്ട് അതിൽ നിന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്തുക എന്ന സിപിഎം കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്ത് പ്രയോഗിച്ച കുതന്ത്രം ചുരുങ്ങിയത് മുസ്ലിംകളിലെങ്കിലും ഇനിയങ്ങോട്ട് വിലപ്പോവില്ലന്ന് സിപിഎം മനസ്സിലാക്കണം. കൃസ്തിയാനികൾ ഉൾപ്പടെയുള്ള നിഷ്പക്ഷ പൊതു സമൂഹത്തെ കേരളത്തിലെ സിപിഎമ്മിന്റെ ഈ അത്യപകടകരമായ സംഘ് പരിവാരിയൻ കുതന്ത്രങ്ങളെ കുറിച്ച് ബോധവൽക്കരിക്കും. കൃസ്തിയാനികൾ മുസ്ലിംകളെ വർഗീയമായി അധിക്ഷേപിച്ചത് പോലെ മുസ്ലിംകളും വർഗീയമായി തിരിച്ചടിക്കുവാനായിരിക്കും സിപിഎം ആഗ്രഹിക്കുന്നുണ്ടാവുക. അതിന്ന് മുസ്ലിംകളെ കിട്ടാത്തതിലെ സിപിഎമ്മിന്റെ നിരാശ മന്ത്രി വാസവന്റെയും സെക്രട്ടറി വിജയരാഘവന്റെയും മറ്റും പ്രസ്താവനകളിൽനിന്നും വ്യക്തമാണ്. എരിതീയിൽ എണ്ണയൊഴിച്ചു കത്തിക്കുവാനുള്ള ശ്രമത്തിന്റെ കൂടി ഭാഗമാണ് ആ പ്രസ്താവനകളൊക്കെയും എന്ന് അവയുടെ ഉള്ളടക്കവും സാഹചര്യവും വിലയിരുത്തിയാൽ തന്നെ ആർക്കും മനസ്സിലാവും. ഇതര മതവിഭാഗങ്ങളെ അധിക്ഷേപിക്കൽ മുസ്ലിംകൾക്ക് ധാർമികമായും വിശ്വാസപരമായും പാടില്ലാത്തതാണ്. അവർ വിഷയങ്ങളെ ആശയപരമായി മാത്രമേ സമീപിക്കാറുള്ളൂ. അത് ഇനിയും തുടരും. അതിക്ഷേപങ്ങളും അതിന്നുള്ള തത്തുല്യമായ രൂപത്തിലുള്ള പ്രതികരണങ്ങളും കേരളത്തിൽ മാർക്സിസ്റ്റ്‌ പാർട്ടി ആഗ്രഹിക്കുന്ന സാമുദായിക ധ്രുവീകരണമാണ് ശക്തിപ്പെടുത്തുക.

മൂന്നാമതായി, മുസ്ലിംകൾ ഇത്തരം വിഷയങ്ങളിൽ കൃസ്തിയാനികളുമായി നേർക്കുനേരെ ഏറ്റുമുട്ടുന്നത് നാട്ടിൽ ക്രമ സമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുവാനാണ് സഹായിക്കുക. അത് ഇല്ലാതിരിക്കുവാനും പ്രശ്നം വഷളാവാതിരിക്കുവാനുമാണ് ഭരണ കൂടത്തിന്റെ ഇടപെടൽ ആവശ്യമായി വരുന്നത്. സഖാക്കൾ പറയുന്നത് പോലെ ഓരോരുത്തരും മറ്റുള്ളവരെ തിരിച്ചാരോപിക്കുകയും ആക്രമിക്കുകയും ചെയ്യുകയാണെങ്കിൽ , പിന്നെയെന്തിനാണ് സ്റ്റേറ്റും നിയമ വ്യവസ്ഥയും? ഓരോ മത ജനവിഭാഗവും ഇതര മത ജന വിഭാഗങ്ങൾക്കെതിരെ കേസുകൾ ഫയൽ ചെയ്യുന്ന സാഹചര്യവും മതപരവും സാമുദായികമായ പരസ്പരാദരവും സഹവർത്തിത്വവും ഉണ്ടാക്കുവാനല്ല സഹായിക്കുക. മത സാമുദായികമായ സഹവർത്തിത്വത്തെയും സഹരണത്തെയും പരസ്പരമുള്ള ആദരവിനെയും തകർക്കുവാനും പരസ്പര വൈരവും പകയും ഉണ്ടാക്കുവാനും മാത്രമേ ആ സമീപനം സഹായിക്കൂ. മുസ്ലിം സ്കോളർഷിപ് വിഷയത്തിൽ കൃസ്ത്യൻ വിഭാഗം കോടതിയെ സമീപിച്ചത് പരിഹരിക്കാനാകാത്ത സാമുദായികമായ വിള്ളൽ കേരളത്തിൽ സൃഷ്ടിച്ചത് നമ്മുടെ മുമ്പിലുണ്ട്. മുസ്ലിംകൾക്ക് പാലാ ബിഷപ്പിനെതിരെ കേസുകളുമായി കോടതികളെ സമീപിക്കാൻ അറിയാഞ്ഞിട്ടല്ല അത് ചെയ്യാത്തത്. രണ്ട് സമുദായങ്ങൾ നിരന്തരം കോടതികളിലും തെരുവുകളിലും പത്ര പേജുകളിലും സ്റ്റേജുകളിലും സ്ക്രീനിലും പരസ്പരം ഏറ്റുമുട്ടുന്ന പ്രതീതി രാഷ്ട്രീയമായ മുതലെടുപ്പിന്നു സിപിഎം ആഗ്രഹിക്കുന്നുണ്ടാവാം. പക്ഷെ, അത് നമ്മുടെ സമൂഹത്തിന്റെ ആരോഗ്യപൂർണമായ നിലനിൽപ്പിന്ന് നല്ലതല്ലയെന്നാണ് മുസ്ലിം സമുദായം ഒന്നാകെ മനസ്സിലാക്കുന്നത്. അത് കൊണ്ടാണ് മുസ്ലിം സമുദായത്തിലെ ഒരു സംഘടനയും ഇത്തരം വിഷയങ്ങളിൽ കോടതികളെ സമീപിക്കാത്തത്. സ്റ്റേറ്റ് ഒരു ന്യൂട്രൽ കക്ഷിയായി, സ്വാതന്ത്രമായി, നിഷ്പക്ഷമായി, നീതി പൂർവമായി, അത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ അത് നീതി ന്യായ വ്യവസ്ഥയുടെ ഭാഗമായിട്ടാണ് എല്ലാ സമുദായങ്ങൾക്കും കാണുവാൻ സാധിക്കുക. മാർക്സ് പറഞ്ഞത് പോലെ പിണറായിക്ക് കീഴിൽ സ്റ്റേറ്റ് സംവിധാനം കൊഴിഞ്ഞു പോയോ? അതല്ല, ഇതും വെള്ളം കലക്കി അധികാരത്തിന്റെ മീൻ പിടിക്കാനുള്ള ശ്രമമോ?

Related Articles