Columns

ശ്വാസം മുട്ടുന്ന അമേരിക്ക

അമേരിക്കന്‍ ജനതയുടെ ഏകദേശം പന്ത്രണ്ടു ശതമാനമാണ് ആഫ്രിക്കന്‍ അമേരിക്കന്‍ വിഭാഗം. അമേരിക്കന്‍ പോലീസിന്റെ കറുത്തവരോടുള്ള ക്രൂരത പുതിയതല്ല. 2013 ല്‍ ഒരു ആഫ്രിക്കന്‍ അമേരിക്കന്‍ കൗമാരക്കാരനായിരുന്ന Trayyon Martin നെ വെടിവെച്ചു കൊന്ന പോലീസ് ഓഫീസരെ വെറുതെ വിട്ട കോടതി വിധി നാം കേട്ടതാണ്. അതിനു ശേഷം പുതിയ പല കൂട്ടായ്മകളും അമേരിക്കയില്‍ രൂപം കൊണ്ടിട്ടുണ്ട്. Black Lives Matter എന്ന സംഘടന അതിനു ശേഷം രൂപം കൊണ്ടതാണ്. പുതിയ പ്രതിഷേധത്തിലും അവര്‍ ശക്തമായി ഇടപെടുന്നുണ്ട്.

മറ്റെല്ലാ രാജ്യങ്ങളെ പോലെയല്ല വര്‍ത്തമാന അമേരിക്ക. കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യമാണ് അമേരിക്ക. ആളുകള്‍ കൂട്ടം കൂടുക എന്നത് കൊറോണക്ക് എതിരാണ്. അതെ സമയത്ത് തന്നെയാണ് ആയിരങ്ങള്‍ കൂടിച്ചേര്‍ന്നു അമേരിക്കന്‍ തെരുവുകള്‍ പ്രതിഷേധം കൊണ്ട് സജീവമാകുന്നത്. വിഷയം കറുത്ത വര്‍ഗക്കാരുമായി ബന്ധപ്പെട്ടതാണെങ്കിലും വെളുത്തവരും ഈ പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നു. സമരത്തെ നിരുല്‍സാഹപ്പെടുത്താന്‍ ട്രമ്പ്‌ ഭരണകൂടം ഒരു പാട് അടവുകള്‍ സ്വീകരിച്ചിരുന്നു. അതൊന്നും ജനം വകവെച്ചില്ല എന്ന് മാത്രമല്ല അവരുടെ പ്രതിഷേധം വൈറ്റ് ഹൗസ് വരെയെത്തി എന്നാണു പുതിയ വിവരം.

ഇത് കേവലം ഒരു കൊലപാതകത്തിനെതിരെയുള്ള സമരമായി ചുരുങ്ങുന്നില്ല എന്നതാണ് ഈ സമരത്തിന്റെ പ്രത്യേകത. അമേരിക്കന്‍ സമൂഹത്തിന്റെ ഭാഗമായ വംശീയയതയുടെ കരണത്ത് പ്രഹരിക്കുന്ന ഒന്ന് കൂടിയാണു ഈ സമരം. ഒരു കടയില്‍ നിന്നും സാധനം വാങ്ങി വ്യാജ കറന്‍സി നല്‍കി എന്നതാണ് ജോർജ് ഫ്ലോയിഡിനെതിരെ പോലീസ് ഉന്നയിക്കുന്ന ആരോപണം. പോലീസ് ജീപ്പില്‍ കയറാന്‍ കൂട്ടാക്കാതെ റോഡില്‍ കിടന്ന ജോര്‍ജിന്റെ കഴുത്തില്‍ എട്ടു മിനുട്ടും നാലപതു സെക്കന്റും വെളുത്ത പോലീസ് ഓഫീസര്‍ മുട്ടുകാല്‍ കയറ്റിവെച്ചു. എനിക്ക് ശ്വാസം മുട്ടുന്നു എന്ന് വിളിച്ചു പറഞ്ഞ ജോര്‍ജിന്റെ കഴുത്തില്‍ നിന്നും പോലീസ് കാല്‍ എടുക്കുന്നതിനു മുമ്പേ അദ്ദേഹത്തിലെ ശ്വാസം നിലച്ചിരുന്നു.

Also read: അറിവ് തന്നെ സമ്പാദ്യം

പോലീസ് ഓഫീസര്‍ക്കെതിരെ കൊലക്കുറ്റത്തിനു കേസ് എടുത്തെങ്കിലും അമേരിക്കന്‍ ഭരണകൂടം വിഷയത്തെ കൈകാര്യം ചെയ്തിടതാണ് പ്രതിഷേധം ഇരമ്പുന്നത്. “ കൊള്ള തുടങ്ങിയാല്‍ വെടിവെക്കും” എന്നായിരുന്നു ട്രമ്പ്‌ ട്വീറ്റ് ചെയ്തത്. കറുത്തവനെ കഴുത്ത് ഞെരിച്ചു കൊന്ന വിഷയത്തെ പ്രസിഡന്റ് ഒരു അപലപനത്തില്‍ മാത്രം ഒതുക്കി. കുറ്റവാളികള്‍ക്കെതിരെ ഒരു നടപടിയെ കുറിച്ചും അദ്ദേഹം സൂചന നല്‍കിയില്ല. “ White Supremacy” എന്നതാണ് ഇന്ന് അമേരിക്ക നേരിടുന്ന സാമൂഹിക പ്രശ്നങ്ങളില്‍ വലുത്. അത് ഏകദേശം നമ്മുടെ നാട്ടിലെ ഹിന്ദുത്വ രാഷ്ട്രീയത്തിന് അടുത്ത് വരും. സവര്‍ണ മേധാവിത്വം എന്ന വാക്കിന്റെ മറ്റൊരു രൂപമായി അതിനെ മനസ്സിലാക്കാം. കുറച്ചു മുമ്പ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. അതില്‍ അവര്‍ White supremacy യെ തള്ളിക്കളഞ്ഞു കൊണ്ട് സംസാരിച്ചു. പ്രസിഡന്റ് ട്രമ്പ്‌ കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട് എന്നവര്‍ പേര്‍ത്തും പേര്‍ത്തും പറഞ്ഞു കൊണ്ടിരുന്നു. അതെ സമയം ട്രമ്പിന്റെ white supremacy നിലപാട് ഇതിനു മുമ്പ് തന്നെ പ്രശസ്തമാണ് എന്നാണു മീഡിയ പറയുന്നതും.

വിഷയത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി ലോകത്തിലെ മറ്റു ജനാധിപത്യ രാജ്യങ്ങളിലും പ്രകടനം നടന്നു. നാട്ടിലെ ജനങ്ങളെ ശ്വസിക്കാന്‍ അനുവദിക്കൂ എന്നാണു ഇറാന്‍ ഈ വിഷയത്തില്‍ പ്രതികരിച്ചത്. യോറോപ്പിലെ മിക്ക നഗരങ്ങളും അത്തരം സമരങ്ങള്‍ക്ക് സാക്ഷിയായി. ന്യൂസിലന്‍ഡിലും ഇത്തരം സമരങ്ങള്‍ അരങ്ങേറി. പക്ഷെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ഈ വിഷയത്തില്‍ കാര്യമായ പ്രതികരണം ഒന്നും കണ്ടില്ല. കൊറോണ ഭീഷണി നിലനില്‍ക്കെ തന്നെയാണ് ജനങ്ങള്‍ ജനാധിപത്യ സംരക്ഷണത്തിനു വേണ്ടി തെരുവില്‍ ഒരുമിച്ചു കൂടിയത്. ഇന്നൊരു ടി വി ഷോയില്‍ വാഷിംഗ്‌ടണ്‍ പോസ്റ്റ് എഡിറ്റര്‍ കാര്യമായി എടുത്തു പറഞ്ഞതും ഈ സമരത്തിന്റെ ശേഷം വരാനിരിക്കുന്ന കൊറോണ വ്യാപനം തന്നെ.

Also read: ജോര്‍ജ് ഫ്‌ളോയിഡും ഇയാദ് അല്‍ ഹാലഖും ലോകത്തോട് പറയുന്നത്

ഇന്ത്യയിലും സമാന രീതിയില്‍ പല അക്രമങ്ങളും അരങ്ങേറിയിരുന്നു. പക്ഷെ ഒരു പൊതുവായ ജനകീയ സമരത്തിലേക്ക് അത് നയിച്ചില്ല. ഇന്ത്യന്‍ ഭരണ കൂടവും അമേരിക്കന്‍ ഭരണകൂടവും ഏകദേശം ഒരേ രീതിയിലാണ് സഞ്ചരിക്കുന്നത്. പക്ഷെ പ്രതികരിക്കാനുള്ള പടിഞ്ഞാറിന്റെ നിലപാടും ഇന്ത്യന്‍ നിലപാടും തീര്‍ത്തും ഭിന്നമാണ്‌. ഓരോ ക്രൂരതയും അവിടങ്ങളില്‍ ചര്ച്ചയാകാറുണ്ട് . ന്യൂയോര്‍ക്ക് ടൈംസ്‌ പോലുള്ള പത്രങ്ങള്‍ തന്നെ അവരുടെ വാര്‍ത്തകളില്‍ വര്‍ത്തമാന പ്രതിഷേധങ്ങളെ ഉയര്‍ത്തി കാണിക്കുന്നു. ഇന്ത്യന്‍ ജനതയും മാധ്യമങ്ങളും കുറെ കാലമായി ഭരണാധികാരികളുടെ മഹത്വം പാടാന്‍ സമയം കാണുന്നു. അക്രമങ്ങളെയും അനീതിയേയും കണ്ടില്ലെന്നു നടിക്കാനും അവര്‍ക്ക് മടിയില്ല. അത് കൊണ്ട് തന്നെ ഭരണ കൂടം കൂടുതല്‍ മോശമായ അവസ്ഥ സ്വീകരിക്കുന്നു.

ജോര്‍ജിന്റെ കഴുത്തില്‍ അമര്‍ന്ന വെളുത്ത മുട്ടുകാല്‍ പുതിയ ചരിത്രം കുറിക്കും എന്ന് പ്രതീക്ഷിക്കാം. തങ്ങള്‍ എല്ലാം തികഞ്ഞവര്‍ എന്ന വെള്ളക്കാരുടെ കുടില മനസ്കത തുറന്നു കാട്ടാന്‍ കൂടി ഇത് കാരണമാക്കും. അപ്പോഴും കറുത്തവനു നീതി എന്നത് ഒരു മരീചികയായി മാറും എന്ന് തന്നെയാണ് വരികള്‍ക്കിടയില്‍ വായിക്കാന്‍ കഴിയുക.

Facebook Comments
Related Articles
Close
Close