Columns

ഇന്ത്യന്‍ നീതിപീഠത്തെ എങ്ങിനെ നീതിയുടെ പേരിൽ അഭിസംബോധന ചെയ്യും ?

എഴുപതുകളുടെ തുടക്കം മുതല്‍ എണ്‍പതുകളുടെ അവസാനം വരെ ക്രമസമാധാനപാലകര്‍ (പോലീസും യു,പിയിലെ പി.എ.സിയും ഉള്‍പ്പെടെയുള്ളവ) കലാപകാരികള്‍ക്കൊപ്പം ചേര്‍ന്ന് ന്യൂനപക്ഷങ്ങളെ കൂട്ടക്കൊല ചെയ്യാന്‍ നേതൃത്വം നല്‍കിയതിന്റെ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 1972ല്‍ ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരുന്നേേപ്പാള്‍ നടന്ന അലിഗര്‍ പ്രക്ഷോഭത്തില്‍ യു.പി പോലിസ് മുസ്ലിംകള്‍ക്കെതിരെ നടത്തിയ നരനായാട്ട് കുപ്രസിദ്ധമാണ്. അന്ന് അലിഗര്‍, ഫിറോസാബാദ്, വാരാണസി തുടങ്ങിയ യു.പിയിലെ നഗരങ്ങളില്‍ പി.എ.സി എന്ന പ്രോവിഷ്യനല്‍ ആംഡ് കോണ്‍സ്റ്റാബുലറിയാണ് ഹിന്ദു വര്‍ഗീയവാദികള്‍ക്കൊപ്പം ചേര്‍ന്ന് ന്യൂനപക്ഷ വേട്ട നടത്തിയത്. ഫിറോസാബാദില്‍ മാത്രം 66 പേര്‍ കൊല്ലപ്പെട്ടു. 1980ല്‍ മൊറാദാബാദ്, 1987ല്‍ മീററ്റ്, 88ല്‍ ഭഗല്‍പൂര്‍ എന്നിവിടങ്ങളിലുണ്ടായ വര്‍ഗീയ കലാപങ്ങള്‍, ജംഷ്ഡ്പൂര്‍, ഭീവണ്ടി കലാപങ്ങള്‍ തുടങ്ങിയവയിലൊക്കെ പോലീസിന്റെ പങ്ക് വ്യക്തമായിരുന്നു.

Also read: മരണത്തിനും പ്രതീക്ഷക്കുമിടയില്‍ മൂന്ന് മണിക്കൂര്‍

എന്നാല്‍, 1987 മേയ് 22ന് 42 മുസ്ലിംകളെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ മീററ്റിലെ ഹാഷിംപുര കലാപത്തില്‍ മാത്രമാണ് പോലീസുകാര്‍ ശിക്ഷിക്കപ്പെട്ടത്. 16 മുന്‍ പി.എ.സി കോണ്‍സ്റ്റബിള്‍മാരെ ജീവപര്യന്തം തടവിനുശിക്ഷിച്ച് ദല്‍ഹി ഹൈക്കോടതി വിധി വന്നത് 2018 ഒക്ടോബര്‍ 31നായിരുന്നു. അന്നത്തെ സംസ്ഥാന കോണ്‍ഗ്രസ് സര്‍ക്കാര്‍ കേസുകള്‍ മൂടിവെക്കാന്‍ ശ്രമിച്ചിട്ടും നീതിപീഠത്തിന്റെ ശക്തമായ ഇടപെടല്‍ കാരണമാണ് ഇത്തരമൊരു വിധിയുണ്ടായത്. 2002ലെ ഗുജറാത്ത് കൂട്ടക്കൊലയില്‍ ബി.ജെ.പിയുടെ പങ്ക് എവ്വിധമാണോ അതേ പങ്കാണ് ഹാഷിംപുര കൂട്ടക്കൊലയില്‍ കോണ്‍ഗ്രസിനുമുണ്ടായിരുന്നത് എന്ന് ഫ്രണ്ട്‌ലൈന്‍ അസി എഡിറ്ററും സുഹൃത്തുമായ സിയാഉസ്സലാം അദ്ദേഹത്തിന്റെ Saffron Caps and Skullcaps എന്ന പുസ്തകത്തില്‍ നിരീക്ഷിച്ചിട്ടുണ്ട്.

ദല്‍ഹിയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വര്‍ഗീയ കലാപങ്ങള്‍ക്ക് തിരികൊളുത്തിയ ബി.ജെ.പി നേതാക്കളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ശ്രമിച്ചതോടെ സംഘ്പരിവാര്‍ ഫാഷിസ്റ്റ്ഭരണകൂടത്തിന്റെ കണ്ണിലെ കരടായി മാറിയ ദല്‍ഹി ഹൈക്കോടതിയിലെ ജഡ്ജി എസ്. മുരളീധറാണ് ഹാഷിംപുരയിലെ കാക്കി കൊലയാളികളെ ജയിലിലേക്ക് അയച്ച സുപ്രധാന വിധി പ്രസ്താവിച്ച ഡിവിഷന്‍ ബെഞ്ചില്‍ ഉണ്ടായിരുന്നതെന്നത് ഈ ഘട്ടത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. വിചാരണ കോടതി വെറുതെ വിട്ട പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുക വഴി നിഷ്‌കൃഷ്ടമായി നീതി നടപ്പാക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തോടൊപ്പം ബെഞ്ചിലുണ്ടായിരുന്നത് ജസ്റ്റിസ് വിനോദ് ഗോയലായിരുന്നു. പോലീസും കലാപകാരികളും ചേര്‍ന്ന് ഒരു സമുദായത്തിനുനേരെ നടത്തിയ targeted killing ആയിരുന്നു ഹാഷിംപുരയില്‍ നടന്നതെന്ന് വിധിന്യായത്തില്‍ പറയുന്നു.

Also read: ഇന്ത്യയുടെ ഐക്യം പുനഃസ്ഥാപിക്കാൻ ഷഹീൻ ബാഗുകൾ

ഇന്ന് ഇതേ ജഡ്ജി മറ്റൊരു വര്‍ഗീയ കലാപക്കേസില്‍ ബി.ജെ.പി നേതാക്കള്‍ക്കെതിരെ എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും നാളെ വീണ്ടും കേസ് പരിഗണിക്കുമെന്ന് പ്രഖ്യാപിച്ച് കോടതി പിരിഞ്ഞ് മണിക്കൂറുകള്‍ക്കകം അദ്ദേഹത്തെ സ്ഥലംമാറ്റിയുള്ള ഉത്തരവ് അര്‍ധരാത്രിയില്‍ തന്നെ ഇറക്കിയിരിക്കുന്നു സംഘ് പരിവാര്‍ ഭരണകൂടവും അതിന്റെ റബ്ബര്‍ സ്റ്റാമ്പായ രാഷ്ട്രപതിയും. ദുരൂഹമായ ഉത്തരവുകള്‍ അര്‍ധരാത്രി മാത്രം പുറത്തിറക്കുന്ന ദുരൂഹത മാത്രം നിറഞ്ഞ ഭരണകൂടം അങ്ങനെ ജുഡീഷ്യറിയെ പൂര്‍ണമായും വരുതിയിലാക്കിയിരിക്കുന്നു. കള്ളന് കഞ്ഞിവെക്കുന്നുവെന്ന് പറയുന്നതുപൊലെ ഫാഷിസ്റ്റുകള്‍ക്ക് പൂര്‍ണമായും കീഴൊതുങ്ങിക്കഴിഞ്ഞ ഇന്ത്യന്‍ നീതിപീഠത്തെ ഇനിയും നീതിയുടെ പേരിൽ അഭിസംബോധന ചെയ്യുന്നതിൽപരം അശ്ലീലതയുണ്ടോ.

Facebook Comments
Related Articles

പി.കെ. നിയാസ്

Senior journalist @The Peninsula, Qatar, author and writer. India

Check Also

Close
Close
Close