Current Date

Search
Close this search box.
Search
Close this search box.

ഏപ്പ്ൾ ഡെയ്‌ലി പത്രവും അടച്ചുപൂട്ടി

ജനാധിപത്യത്തിനുവേണ്ടി നിലകൊണ്ട ഹോങ്കോങ്ങിലെ അവസാനത്തെ പത്രവും അടച്ചുപൂട്ടി. ഏപ്പ്ൾ ഡെയ്ലിയുടെ അവസാന പതിപ്പ് വ്യാഴാഴ്ച അച്ചടിച്ചത് ഒരു ദശലക്ഷം കോപ്പികളാണ്. സാധാരണ അടിക്കാറുള്ളത് 80,000 കോപ്പികൾ. വ്യാഴാഴ്‌ചത്തെ പത്തു ലക്ഷത്തോളം കോപ്പികളും മണിക്കൂറുകൾക്കകം വിറ്റുതീർന്നു. ജനസാന്ദ്രത കൂടിയ മഹാനഗരത്തിലുടനീളം ആളുകൾ അതിരാവിലെ തന്നെ പത്രത്തിനായി കാത്തുനിൽക്കുകയായിരുന്നു. കമ്യൂണിസ്റ്റ് ഇരുമ്പുമറക്കുള്ളിൽ ഞെരിഞ്ഞമരുന്ന ജനാധിപത്യത്തിന്റെ അവസാനത്തെ പ്രതീകമായാണ് അവർ ഏപ്പ്ൾ ഡെയ്‌ലിയെ കണ്ടത്. എട്ടര മണിയാകുമ്പോഴേക്ക് കോപ്പികൾ പൂർണമായും വിറ്റുതീർന്നു.

2.3 മില്യൺ ഡോളർ വരുന്ന പത്രത്തിന്റെ സ്വത്തുക്കൾ പോലീസ് മരവിപ്പിക്കുകയും അഞ്ച് മുൻനിര എഡിറ്റർമാരെയും എക്‌സിക്യൂട്ടീവുകളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തതിനെ തുടർന്നാണ് പ്രവർത്തനം അവസാനിപ്പിക്കാൻ നിർബന്ധിതരായതെന്ന് പത്രം വ്യക്തമാക്കി. ‘ഇത് ഞങ്ങളുടെ അവസാന ദിവസമാണ്, അവസാന പതിപ്പാണ്, ഹോങ്കോങ്ങിന്റെ മാധ്യമ സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും നഷ്ടപ്പെടാൻ തുടങ്ങിയിരിക്കുന്നു,” പത്രത്തിന്റെ അവസാന കോപ്പി ഉയർത്തിക്കാട്ടി ഗ്രാഫിക് ഡിസൈനർ ഡിക്‌സൺ വികാരഭരിതനായി പറഞ്ഞു. ഓൺലൈൻ മാധ്യമങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും അച്ചടിച്ചു വിതരണം ചെയ്യുന്ന ഹോങ്കോങ്ങിലെ ഏക ജനാധിപത്യ അനുകൂല ദിനപത്രമായിരുന്നു ഏപ്പ്ൾ ഡെയ്‌ലി.

അഭിപ്രായ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ ഹോങ്കോങ്ങിലെ ജനങ്ങളുടെ ആവേശമായിരുന്നു ചൈനീസ് ഭാഷയിൽ പുറത്തിറങ്ങിയ പത്രം. 2019ൽ രാജ്യം സാക്ഷ്യം വഹിച്ച വൻ ജനാധിപത്യ പ്രക്ഷോഭത്തിന് പൂർണ പിന്തുണ നൽകിയിരുന്ന ഏപ്പ്ൾ ഡെയ്ലിയെ അന്നു മുതൽക്കേ അധികൃതർ നോട്ടമിട്ടിരുന്നു. ബ്രിട്ടന്റെ ഭാഗമായിരുന്ന ഹോങ്കോങ്ങ് 99 വർഷത്തെ പാട്ട കാലാവധി കഴിഞ്ഞു ചൈനക്ക് കൈമാറുന്നതിന്റെ രണ്ടു വർഷം മുമ്പ് 1995ലാണ് പത്രം പ്രസിദ്ധീകരണം ആരംഭിച്ചത്.

ചൈനീസ് ഭരണകൂടത്തിന്റെ അടിച്ചമർത്തൽ നടപടി അവശേഷിക്കുന്ന മാധ്യമങ്ങളെയും ബാധിക്കുമോയെന്ന ആശങ്ക ഉയരുന്നുണ്ട്. പൊതുവെ ഇംഗ്ലീഷ് മാധ്യമങ്ങൾ സർക്കാർ നയങ്ങളെ വിമർശിക്കാൻ ധൈര്യപ്പെടാറില്ല. 117 വർഷം പിന്നിട്ട സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് ഉദാഹരണം. എന്നാൽ, 2016ൽ പത്രം അലിബാബ ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ വന്നതിനുശേഷം ചൈനീസ് മെയിൻ ലാന്റിലെയും ഹോങ്കോങ്ങിലെയും രാഷ്ട്രീയ, സാമ്പത്തിക മേഖലകളെക്കുറിച്ച് വിമർശനാത്മക റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കാൻ തുടങ്ങി. ഇതോടെ പത്രത്തെ നിയന്ത്രിക്കാനുള്ള നടപടികളുമായി കമ്യൂണിസ്റ്റ് ഭരണകൂടം രംഗത്തുവന്നു. അലിബാബ ഗ്രൂപ്പ് ഹോൾഡിംഗിനോട് മാധ്യമ മേഖലയിൽനിന്ന് പിന്മാറാൻ ഇക്കഴിഞ്ഞ മാർച്ചിൽ ചൈനീസ് സർക്കാർ ആവശ്യപ്പെട്ടതായി വാൾ സ്ട്രീറ്റ് ജേർണൽ ഉൾപ്പെടെയുള്ള പത്രങ്ങൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി. ഗ്രൂപ്പിന്റെയും പത്രത്തിന്റെയും ഉടമയായ ജാക്ക് മാ അതിനുശേഷം പൊതുരംഗത്തുനിന്ന് അപ്രത്യക്ഷമായ മട്ടാണ്.

സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് വിലയ്ക്ക് വാങ്ങിയ ശേഷം യു റ്റ്യുബ് മോഡലിലുള്ള ചൈനീസ് പ്ലാറ്റ്‌ഫോമായ യോക്കു തുദോവു, എന്റർടൈൻമെന്റ് കമ്പനിയായ ഹുവായി ബ്രദേഴ്‌സ്, വീഡിയോ ഷെയറിംഗ് സൈറ്റ് ബിലിബിലി എന്നിവയും അലിബാബ ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു.

മാധ്യമങ്ങൾ സർക്കാറിന്റെ കുഴലൂത്തുകാരായിരിക്കണമെന്നാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാട്. ഭീകരമായ ടിയനന്മൻ സംഭവം മുതൽ സിൻജിയാങ്ങിലെ ഉയിഗുർ മുസ്ലിം വേട്ടവരെ എത്തി നിൽക്കുന്ന കമ്യുണിസ്റ്റ് അടിച്ചമർത്തലുകൾ ലോകം അറിയാതിരിക്കാൻ മാധ്യമ ങ്ങൾക്കുമേൽ ഇരുമ്പു മറ ഉയർത്തിയവരാണവർ. ഹോങ്കോങ്ങിലെ ഏപ്പ്ൾ ഡെയിലിയുടെ അകാല ചരമത്തോടെ, അല്ല കൊലപാതകത്തിലൂടെ, അവസാനിക്കില്ല ഇതെന്നു മാത്രം.

മോദിക്കാലത്തെ ഇന്ത്യയുടെ ചിത്രവും മറ്റൊന്നല്ല. പൗരത്വ നിയമം പോലെയുള്ള ദേശവിരുദ്ധ നിലപാടുകൾക്ക് എതിരെ ശബ്ദിക്കുന്ന ചാനലുകൾക്ക് മൂക്കുകയറിടുന്നതും മോദിയെ വിമർശിക്കുന്ന മാധ്യമ പ്രവർത്തകർക്കെതിരെ രാജ്യദ്രോഹ കുറ്റം ചാർത്തുന്നതും ട്വിറ്റർ ഉൾപ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നതുമൊക്കെ എല്ലാവരും ഗോഡി മീഡിയ ആകണമെന്ന ഫാഷിസത്തിന്റെ മുന്നറിയിപ്പാണ്. ഭരണഘടന പൗരന്മാർക്ക് നൽകിയിരിക്കുന്ന സ്വകാര്യതയെ പോലും ലംഘിക്കുന്നതാണ് കേന്ദ്രത്തിന്റെ പുതിയ ഐ ടി നയം. എൻക്രിപ്റ്റഡ് മെസേജുകളിൽ സർക്കാരിന് കൈകടത്താൻ അനുമതി നൽകിയാൽ സ്വകാര്യതാ നയം തകരുമെന്ന് ചൂണ്ടിക്കാട്ടി വാട്സാപ്പ് കോടതിയെ സമീപിച്ചിരിക്കുകയാണല്ലോ.

 

Related Articles