Current Date

Search
Close this search box.
Search
Close this search box.

അതാണ് ഇന്ത്യയുടെ ആഭ്യന്തരമന്ത്രി

അവശ്യ സാധനങ്ങൾ എത്തിക്കുന്നതിന് രണ്ട് പ്രധാന ഹൈവെകളിലെ ഉപരോധം പിൻവലിക്കാൻ മണിപ്പൂരിലെ പ്രക്ഷോഭകരോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ട്വിറ്ററിലൂടെ ഒരു അഭ്യർത്ഥന നടത്തിയിട്ടുണ്ട്. എന്നാൽ, ഷായുടെ ട്വീറ്റ് ഒരു മണിപ്പൂരിയും കാണില്ല. കാരണം, കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ നിർദേശ പ്രകാരം സംസ്ഥാനത്ത് ഇന്റർനെറ്റ് സംവിധാനം ബ്ലോക്ക് ചെയ്തിട്ട് രണ്ടാഴ്ചയിലേറേയായി!

ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ഇന്റർനെറ്റ് ഷട്ട്ഡൗൺ കാശ്മീരിലായിരുന്നല്ലോ. 2019 ഡിസംബർ 16 മുതൽ അഞ്ചു മാസത്തിലേറെയാണ് തുടർച്ചയായി ഇന്റർനെറ്റ് സേവനം കശ്മീരിലെ ജനങ്ങൾക്ക് നിഷേധിച്ചത്. അതിനും ചുക്കാൻ പിടിച്ചത് ഇതേ ആഭ്യന്തരമന്ത്രി തന്നെ.
ജനാധിപത്യത്തിന്റെ പ്രാണവായുവാണ് അഭിപ്രായ സ്വാതന്ത്ര്യവും അറിയാനുള്ള അവകാശവും. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ജനങ്ങൾക്ക് അവ നിഷേധിക്കപ്പെടുന്നത് സംഘപരിവാർ ഭരണത്തിൽ നിത്യസംഭവമായി മാറിയിരിക്കുന്നു. 2014ൽ മോദി ഭരണം ഏറ്റെടുക്കുന്നത് വരെ വർഷത്തിൽ ശരാശരി അഞ്ചു തവണ മാത്രമാണ് കാശ്മീർ താഴ് വരയിൽ ഇന്റർനെറ്റ് ബ്ലോക്ക് ചെയ്യാറുള്ളത്. മോദിക്കാലത്ത്, വിശിഷ്യാ അമിത് ഷാ ആഭ്യന്തരം ഏറ്റെടുത്തത് മുതൽ ഇന്റർനെറ്റ് ബ്ലോക്ക് ചെയ്യുന്നത് സ്ഥിരം പരിപാടി ആയിരിക്കുന്നു. 2017ൽ 32, 2018ൽ 65, 2019ൽ 55, 2020ൽ 116, 2021ൽ 79 എന്നിങ്ങനെയാണ് ഇന്റർനെറ്റ് വിച്ഛേദിച്ചതിന്റെ കണക്ക്.

ക്രമസമാധാന പാലനത്തിൽ അമ്പേ പരാജയപ്പെടുന്ന ഭരണകൂടത്തിന്റെ തുരുപ്പുചീട്ടാണ് ഇന്റർനെറ്റ് സംവിധാനം വിച്ഛേദിക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ.

രാജ്യത്തിന്റെ ക്രമസമാധാനം ഭദ്രമാക്കുക, എല്ലാ സമുദായങ്ങളെയും ഒന്നിച്ചു കൊണ്ടുപോവുക തുടങ്ങിയവയാണ് ഒരു ആഭ്യന്തരമന്ത്രിയുടെ കർത്തവ്യം. നിർഭാഗ്യവശാൽ, വർഗീയത വിതച്ച് ജനങ്ങളെ തമ്മിലടിപ്പിച്ച് ചോരയൂറ്റി അധികാരം കൈക്കലാക്കാൻ ഏതറ്റവും പോകാൻ മടിയില്ലാത്ത ഒരാളാണ് നമുക്ക് കിട്ടിയ ആഭ്യന്തരമന്ത്രി.

ഒരുകാലത്ത് സ്വന്തം നാട്ടിൽനിന്ന് പോലും ഹൈക്കോടതി നാടുകടത്തിയയാൾ, വ്യാജ ഏറ്റുമുട്ടൽ കൊലകളുടെ ആശാൻ തുടങ്ങിയവയാണ് അമിത് ഷായുടെ ട്രാക്ക് റെക്കോർഡ്. ഇലക്ഷൻ ജയിക്കാൻ വർഗീയ കലാപങ്ങൾ ഇദ്ദേഹം ആസൂത്രണം ചെയ്യും. ബിജെപി പ്രസിഡണ്ടായിരിക്കെ 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ യുപിയിലെ മുസഫർ നഗറിൽ വിദ്വേഷ പ്രസംഗം നടത്തിയതിന് കേസ് ചാർജ് ചെയ്യപ്പെട്ടിട്ടുണ്ട്.
‘തൊട്ടടുത്ത് കേരളമുണ്ടെന്നും സൂക്ഷിക്കണമെന്നും താൻ കൂടുതലൊന്നും പറയുന്നില്ലെന്നും’ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ കർണാടകയിലെ പുത്തൂരിൽ അമിത് ഷാ നടത്തിയ വിദ്വേഷ പ്രസംഗം മറക്കാറായിട്ടില്ല. കോൺഗ്രസ് ജയിച്ചാൽ കർണാടകയിൽ കലാപങ്ങൾ ഉണ്ടാകുമെന്നായിരുന്നു കർണാടക ഇലക്ഷൻ തൊട്ടുമുമ്പ് ആഭ്യന്തരമന്ത്രിയുടെ മുന്നറിയിപ്പ്. പക്ഷേ കർണാടകയിലെ ജനങ്ങൾ ആ പ്രസ്താവനയെയും ബിജെപിയും തോട്ടിലെറിയുന്നതാണ് കണ്ടത്.

???? കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE

Related Articles