Current Date

Search
Close this search box.
Search
Close this search box.

ലൗ ജിഹാദ് പുകമറക്കിടയിലും കൂടുതല്‍ പരിവര്‍ത്തനം നടന്നത് ഹിന്ദു മതത്തിലേക്ക്

ഇത്തവണ കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബി.ജെ.പിയും സി.പി.എമ്മും ഉയര്‍ത്തിക്കാട്ടിയ ഒന്നായിരുന്നു ‘ലൗ ജിഹാദ്’ ആരോപണങ്ങള്‍. കേരളത്തില്‍ മാധ്യമങ്ങളും രാഷ്ട്രീയ-സമുദായ-മത സംഘടന നേതാക്കളും ചര്‍ച്ച ചെയ്ത് പഴകി പുളിച്ച ഒരു വിഷയമാണ് ലൗ ജിഹാദ്. മുസ്ലിം മതവിഭാഗത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തി സംഘ്പരിവാര്‍ കൊട്ടിഘോഷിച്ച കെട്ടുകഥയാണ് യഥാര്‍ത്ഥത്തില്‍ ലൗജിഹാദ്. ഹിന്ദു പെണ്‍കുട്ടികളെ മുസ്ലിം യുവാക്കള്‍ പ്രണയിച്ച് മതം മാറ്റുന്നു എന്നാണ് ലൗ ജിഹാദിന് സംഘപരിവാരം നല്‍കിയ വിവക്ഷ. പിന്നീടങ്ങോട്ട് സ്വയം പഠിച്ചു മനസ്സിലാക്കി ഇസ്‌ലാം മതത്തിലേക്ക് വരുന്ന മുഴുവന്‍ പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയുമെല്ലാം സംഘ്പരിവാര്‍ ലൗജിഹാദ് എന്ന ചാപ്പ കുത്തിയാണ് എതിരേറ്റത്. ഈ ആരോപണം ഏറ്റുപിടിച്ച് കേരളത്തിലെ മുഖ്യധാര ചാനലുകളും പത്ര ഓണ്‍ലൈന്‍ മാധ്യമങ്ങളും ഗംഭീര ചര്‍ച്ചകള്‍ തന്നെ നടത്തി.

മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളും തങ്ങളുടെ അവസരവാദ രാഷ്ട്രീയത്തിനും മുന്നണി നേട്ടങ്ങള്‍ക്കുമായി തരംകിട്ടുമ്പോഴൊക്കെ ഇതെടുത്ത് ഉപയോഗിക്കുകയും ചെയ്തു. എല്ലാ ആരോപണങ്ങള്‍ക്കും മറുപടി പറയേണ്ട ബാധ്യത ഓരോ മുസ്ലിം സമുദായാംഗത്തിനും വന്നു ചേരുകയും ഇസ്‌ലാമിലേക്കുള്ള മതപരിവര്‍ത്തനത്തെ പൊതുസമൂഹം സംശയത്തിന്റെ നിഴലില്‍ നോക്കികാണുകയും ചെയ്തു. ഏറ്റവും ഒടുവില്‍ ബഹുമാന്യ കോടതികള്‍ വരെ ഈ വിഷയത്തില്‍ അന്വേഷണം നടത്തി ലൗ ജിഹാദ് എന്നത് വെറും കെട്ടുകഥയാണെന്നും അങ്ങിനെ ഒരു ആരോപണം നിലനില്‍ക്കുന്നില്ലെന്നും വിധി പ്രസ്താവിച്ചു. ആരോപണത്തില്‍ ഉന്നയിക്കുന്നതു പോലെ പ്രണയിച്ച് മതം മാറ്റിയ സംഭവങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യാനോ തെളിയിക്കാനോ ആരോപിതര്‍ക്ക് സാധിച്ചില്ല.

തുടര്‍ന്ന് ലൗ ജിഹാദ് ചര്‍ച്ചകളുടെ ആക്കം കുറഞ്ഞെങ്കിലും അവസരം കിട്ടുമ്പോഴെല്ലാം ബി.ജെ.പിയും സംഘ്പരിവാറും ലൗ ജിഹാദ് ചര്‍ച്ച പൊതുസമൂഹത്തിലേക്ക് എടുത്തിട്ടു. ഇപ്പോഴിതാ കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ മുന്നണിയുടെ പ്രധാന തെരഞ്ഞെടുപ്പ് അജണ്ടകളില്‍ ഒന്ന് ലൗ ജിഹാദ് ആണ്. കേരളത്തില്‍ പ്രചാരണത്തിനായി എത്തുന്ന പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിലെ നേതാക്കളുടെയടക്കം തെരഞ്ഞെടുപ്പ് പ്രസംഗത്തിലെ പ്രധാന പോയിന്റാണ് ലൗ ജിഹാദ്. ബി.ജെ.പി അധികാരത്തിലെത്തിയാല്‍ നിയമം വഴി ലൗ ജിഹാദ് നിരോധിക്കും എന്നാണ് അണികളോട് പറയുന്നത്. ഇത്തരത്തില്‍ വര്‍ഗ്ഗീയ വിഷം കലക്കി മീന്‍ പിടിക്കാന്‍ ഒരു ഭാഗത്ത് ബി.ജെ.പി ശ്രമിക്കുമ്പോള്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെയും സമാനമായ രീതിയില്‍ മതപരിവര്‍ത്തനം ചെയ്യപ്പെടുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ക്രിസ്ത്യന്‍ വോട്ടുകള്‍ പെട്ടിയിലാക്കാന്‍ ഇടതുമുന്നണിയും കിണഞ്ഞുപരിശ്രമിക്കുന്നുണ്ട്.

ഇത്തരം പ്രചാരണങ്ങള്‍ ഒരു ഭാഗത്ത് തകൃതിയായി നടക്കുമ്പോഴാണ് വെള്ളിയാഴ്ച ‘ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്’ ഒരു വാര്‍ത്ത പുറത്തുവിടുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ മതപരിവര്‍ത്തനം നടത്തുന്നത് ഹിന്ദു മതത്തിലേക്കാണ് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2020ല്‍ കോവിഡ് പ്രതിസന്ധിക്കിടയിലും ഏറ്റവും കൂടുതല്‍ പേര്‍ മതം മാറിയത് ഹിന്ദു മതത്തിലേക്കാണെന്നും 47 ശതമാനമാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തിലെ ആകെ മതപരിവര്‍ത്തനത്തില്‍ 47 ശതമാനം ആളുകള്‍ ഹിന്ദു മതമാണ് സ്വീകരിച്ചത് എന്നാണിത്.

കണക്കുകള്‍ പ്രകാരം 506 പേരാണ് തങ്ങളുടെ മതം മാറിയിട്ടുണ്ടെന്ന് കാണിച്ച് സര്‍ക്കാറിനെ സമീപിച്ചത്. ഇതില്‍ 241 പേര്‍ ഇസ്‌ലാം, ക്രിസ്ത്യന്‍ മതത്തില്‍ നിന്നും ഹിന്ദു മതത്തിലേക്ക് മാറിയവരാണ്. മൊത്തം 144 പേരാണ് 2020ല്‍ ഇസ്ലാം സ്വീകരിച്ചത്. 119 പേര്‍ ക്രിസ്ത്യാനിറ്റിയിലേക്ക് മാറിയെന്നും സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു.

സര്‍ക്കാര്‍ നിയമപ്രകാരം, പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ മതം മാറുന്നവര്‍ ഔദ്യോഗികമായി അത് ഗസറ്റില്‍ പരസ്യം ചെയ്യണം. ഹിന്ദു മതത്തിലേക്ക് മാറിയവരില്‍ 72 ശതമാനവും ദലിത് ക്രിസ്ത്യാനികളില്‍ നിന്നാണ്. ഇതില്‍ തന്നെ ക്രിസ്ത്യന്‍ ചേരമാര്‍, സാംഭവ, പുലയ എന്നീ വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. സംവരണ ആനുകൂല്യങ്ങളുടെ അഭാവമാണ് പല ദലിത് ക്രിസ്ത്യാനികളെയും ഹിന്ദുമതം വീണ്ടും സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. 32 പേരാണ് ഇസ്ലാം വിട്ട് ഹിന്ദു മതത്തില്‍ ചേര്‍ന്നത്.

242 ക്രിസ്ത്യാനികളാണ് ഹിന്ദു, ഇസ്ലാം മതത്തിലേക്ക് മാറിയത്. 119 പേരാണ് പുതുതായി ക്രിസ്തു മതം സ്വീകരിച്ചത്. ഇതേ കാലഘട്ടത്തില്‍ ഇസ്ലാമിലേക്ക് 144 പേര്‍ പുതുതായി കടന്നു വരികയും 40 പേര്‍ ഇസ്ലാം വിടുകയും ചെയ്തു. ഹിന്ദു മതത്തില്‍ നിന്നും രണ്ട് പേര്‍ ബുദ്ധ മതത്തിലേക്ക് മാറുകയും ചെയ്തിട്ടുണ്ട്.

ഇസ്ലാമിലേക്കുള്ള മതപരിവര്‍ത്തനത്തില്‍ 77 ശതമാനം ഹിന്ദു മതത്തില്‍ നിന്നാണ്. ഇതില്‍ 63 ശതമാനം സ്ത്രീകളാണ്. ഈഴവ, തിയ്യ, നായര്‍ വിഭാഗത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ ഇസ്ലാം സ്വീകരിച്ചത്. ഈഴവ വിഭാഗത്തില്‍ നിന്നും മാത്രം 13 സ്ത്രീകള്‍ അടക്കം 25 പേരാണ് ഇസ്ലാം സ്വീകരിച്ചത്. 17 പേര്‍ തിയ്യ വിഭാഗത്തില്‍ നിന്നും 17 പേര്‍ നായര്‍ സമുദായത്തില്‍ നിന്നുമാണ്. ക്രിസ്ത്യന്‍ മതത്തില്‍ നിന്നും 33 പേരാണ് ഇസ്ലാം സ്വീകരിച്ചത്. ഇതില്‍ 9 പേര്‍ സിറിയന്‍ കത്തോലിക്ക് വിഭാഗത്തില്‍ നിന്നാണ്.

കേരളത്തില്‍ ഔദ്യോഗികമായി മതം മാറിയവരുടെ സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളാണിതെന്നും ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു. ഇത്തരത്തില്‍ ഒരു ഭാഗത്ത് ലൗ ജിഹാദ് ആരോപിച്ച് ഇസ്‌ലാമിലേക്ക് മതം മാറുന്നതിനെ ഭീകരപ്രവര്‍ത്തനമായി അവതരിപ്പിക്കുകയും ഏറ്റവും കൂടുതല്‍ മതപരിവര്‍ത്തനം നടക്കുന്നത് ഇസ്ലാമിലേക്കാണെന്ന് വ്യാജമായ ആരോപണം ഉന്നയിക്കുകയുമാണ് ഒരു വിഭാഗം ചെയ്യുന്നത്. ഇത്തരം ആരോപണങ്ങള്‍ക്കുള്ള മറുപടി കൂടിയാണ് ഈ കണക്കുകള്‍ എന്നാണ് നമ്മോട് സംസാരിക്കുന്നത്.

Related Articles