Current Date

Search
Close this search box.
Search
Close this search box.

ഗോഡ്സെയുടെ പേരിൽ “ ഗ്യാൻശാല” എന്നൊരു ലൈബ്രറി !?

ഗാന്ധിജി ഇപ്പോഴും അറിയപ്പെടുന്നത് രാഷ്ട്രപിതാവ് എന്ന പേരിലാണ്. അതെത്ര നാൾ എന്നത് ഒരു സുപ്രധാന ചോദ്യമായി അവശേഷിക്കുന്നു. ഗാന്ധിജിയെ ഗോഡ്സെ എന്നൊരാൾ വെടിവെച്ചു കൊന്നു എന്നതാണ് നമുക്കറിയുന്ന ചരിത്രം. ഗോഡ്സെ എന്നതു ഒരു വ്യക്തിയുടെ പേരല്ല എന്നാണ് ചരിത്രം നമ്മോടു പറയുന്നത്. ഗോഡ്സെ ഗാന്ധിജിയെ കൊന്നു. കൊലയാളിയെ നിയമം തൂക്കി കൊന്നു എന്നുവരികിൽ ആ ചർച്ച അവിടെ അവസാനിക്കേണ്ടതായിരുന്നു. അതെ സമയം ഗോഡ്സെ ഇന്ന് നമ്മുടെ നാട്ടിൽ “വാഴ്ത്തപ്പെട്ടവൻ” എന്ന നിലയിലേക്ക് ഉയർത്തപ്പെട്ടിരിക്കുന്നു. ഗോഡ്സെക്ക് അമ്പലം പണിയാൻ ഒരിക്കൽ ശ്രമം നടന്നിരുന്നു. ഇപ്പോഴിതാ ഗോഡ്സെയുടെ പേരിൽ “ ഗ്യാൻശാല” എന്നൊരു ലൈബ്രറി തന്നെ ഹിന്ദു മഹാസഭ തുടങ്ങിയിരിക്കുന്നു. മധ്യപ്രദേശിലെ ഗ്വാളിയോർ പട്ടണത്തിനടുത്ത് ദൌലത് ഗന്ജ് പ്രദേശത്താണ് പ്രസ്തുത ലൈബ്രറി തുറന്നത്. ജില്ല ഭരണകൂടം പ്രസ്തുത സംരംഭം അടച്ചു പൂട്ടുകയും അവിടെ നിന്നും പുസ്തകങ്ങളും മറ്റും പിടിച്ചെടുക്കുകയും ചെയ്തു. ആരെയെങ്കിലും ഇതിന്റെ പേരിൽ അറസ്റ്റ് ചെയ്തതായി അറിവില്ല.

ലൈബ്രറിയുടെ ഉദ്ദേശ ലക്ഷ്യങ്ങളും സംഘാടകർ പറയുന്നുണ്ട്. രാജ്യത്തെ യുവാക്കളിൽ ദേശസ്നേഹം വളർത്തുക എന്നതാണ് മുഖ്യ ഉദേശം. ഈ ഉദ്ദേശം മുന്നിൽ വെച്ച് പ്രഭാഷണങ്ങളും ആരംഭിക്കാൻ മഹാസഭ പദ്ധതിയിട്ടിരുന്നു. നാട്ടിൽ സാമുദായിക കലാപം ഉണ്ടാകാൻ കാരണമാകും എന്ന കാരണത്താൽ പ്രദേശത്ത് 144 പാസ്സാക്കിയിട്ടുണ്ട്.

ഇന്ത്യൻ മുസ്ലിംകളുടെ രാഷ്ട്രീയമായിരുന്നില്ല ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ രൂപീകരണ ലക്‌ഷ്യം. പത്തൊമ്പതാം നൂറ്റാണ്ടിൽ സർ സയ്യിദ് അഹമദ് ഖാൻ തുടങ്ങിവെച്ച മുസ്ലിംകളുടെ വിദ്യാഭ്യാസ സാമൂഹിക പുരോഗതി ലക്ഷ്യം വെച്ചാണ് മുസ്ലിം ലീഗ് രൂപീകൃതമായത്. കൊൺ​ഗ്രസ്സിൽ നിന്നും മുസ്ലിംകൾക്ക് അവഗണന ലഭിക്കുന്നു എന്ന ആരോപണവും ഇത്തരം ഒരു നീക്കത്തിന്റെ പിന്നിലുണ്ട് എന്നും വായിക്കാം. 1905 ലെ ബംഗാൾ വിഭജനം കൊണ്ട് ബംഗാൾ ഹിന്ദു മുസ്ലിം ഭൂരിപക്ഷമുള്ള രണ്ടു ബംഗാളുകളും മുസ്ലിം പ്രാതിനിധ്യമുള്ള ആസാമും നിലവിൽ വന്നു. പ്രതിഷേധത്തെ തുടർന്ന് 1911 ൽ തന്നെ വിഭജനം റദ്ദ് ചെയ്തിരുന്നു. ഈ അവസരത്തിലാണ് 1909 ൽ ആദ്യമായി ബ്രിട്ടീഷ് ഇന്ത്യയിൽ സംഘ പരിവാർ സംഘാടനം ആരംഭിച്ചത്. ഹിന്ദു മഹാസഭ എന്ന പേരിൽ ഹിന്ദുക്കളുടെ അവകാശം സംരക്ഷിക്കാൻ എന്ന പേരിലാണ് സംഘാടനം നടന്നത്. കോണ്ഗ്രസ് ഹിന്ദുക്കളെ അവഗണിക്കുന്നു എന്ന ആരോപണവും ഇതിന്റെ പിന്നിലുണ്ട്. തുടർ വർഷങ്ങളിൽ ഓരോ പ്രദേശത്തും ഇത്തരം കൂട്ടായ്മകൾ രൂപം കൊണ്ടു. സിഖ് ജയിൻ ബുദ്ധ മതങ്ങളെ ഹിന്ദു മതത്തിന്റെ ഭാഗമായി അവർ കണക്കാക്കി. അതെ സമയം മുസ്ലിം കൃസ്ത്യൻ വിഭാഗത്തെ വിദേശികൾ എന്ന രീതിയിലാണ്‌ മഹാസഭ പരിഗണിച്ചത്.

മുസ്ലിം ലീഗ് ആദ്യകാലത്ത് ഒരിക്കലും വേറിട്ട രാജ്യം ചോദിച്ചിട്ടില്ല. 1940 കളിലാണ് അത്തരം ഒരു നീക്കത്തിനുള്ള ശ്രമം ആരംഭിച്ചത്. അവസാനം കൊണ്ഗ്രസ്സിനു ഇന്ത്യൻ വിഭജനം അംഗീകരിക്കേണ്ടി വന്നു. ഇന്ത്യൻ മുസ്ലിംകൾക്ക് വഴിവിട്ടു സഹായം ചെയ്തു എന്നതാണ് ഗാന്ധിജിയെ കൊല്ലാൻ മുഖ്യ കാരണമായി ഗോഡ്സെ പറഞ്ഞതും. അപ്പോൾ ഗാന്ധി വധം ഗോഡ്സെക്ക് ഗാന്ധിയോടുള്ള വ്യക്തിപരമായ എതിർപ്പല്ല. ഒരു വിഭാഗത്തോടുള്ള വെറുപ്പ്‌ മറ്റൊരു രീതിയിൽ പുറത്തു വന്നു എന്നുമാത്രം. ഗാന്ധി വധമാണ് സ്വതന്ത്ര ഇന്ത്യ കണ്ട വലിയ ദുരന്തം എന്നതിൽ ചരിത്രകാരന്മാർ ഒന്നിക്കുന്നു . അത് ഗാന്ധി കൊല്ലപ്പെട്ടു എന്നത് കൊണ്ട് മാത്രമല്ല. ആ കൊലയുടെ കാരണം ഒരു രാഷ്ട്രീയമായി മാറും എന്ന് അന്ന് തന്നെ പലരും ആശങ്കപ്പെട്ടിരുന്നു.

മോഡി സർക്കാർ അധികാരത്തിൽ വരുന്നത് വരെ ഗാന്ധിയുടെ ഘാതകന് സംഘ പരിവാറും പരസ്യ പിന്തുണ നൽകാൻ മടി കാണിച്ചിരുന്നു. ഇന്ത്യൻ ദേശസ്നേഹത്തിന്റെ പ്രതീകം എന്നായിരുന്നു ഹിന്ദു മഹാസഭയും അനുബന്ധ സംഘ പരിവാർ സംഘങ്ങളും ഗോഡ്സെയെ വിശേഷിപ്പിച്ചത്‌. “ഇന്ത്യൻ വിഭജനം ഇല്ലാതാക്കാൻ ഗാന്ധി പരാജയപ്പെട്ടിടത്ത് നിന്നാണ് ഗോഡ്സെയുടെ യാത്ര ആരംഭിക്കുന്നത്” എന്ന തലക്കെട്ടിൽ രാജ്യമൊട്ടാകെ പ്രഭാഷണ പരമ്പര നടത്താനും ഹിന്ദു മഹാ സഭ ആലോചിക്കുന്നു എന്നാണു വാർത്ത പറയുന്നത്. അതും ഇന്ത്യയിലെ യുവാക്കളെ ഉന്നം വെച്ചാണ് പ്രസ്തുത പരിപാടിയുമായി അവർ മുന്നോട്ട് പോകുന്നത്. യുവാക്കൾ ഒരു തലമുറ മാറ്റം സൂചിപ്പിക്കുന്നു. സ്വാതന്ത്ര്യം നേടി ഏഴു പതിറ്റാണ്ട് കൊണ്ട് തന്നെ ഗാന്ധി ഘാതകർക്ക് മാന്യമായ സ്ഥാനം നേടി കൊടുക്കാൻ സംഘ പരിവാറിനു കഴിഞ്ഞു എന്നത് നിസാര കാര്യമല്ല. ഈ കണക്കിന് പോയാൽ അടുത്ത തലമുറയിൽ ഗോഡ്സെയെ രാഷ്ട്ര പിതാവ് എന്ന് വിളിക്കാനും അവസരമുണ്ടാകും എന്ന് പ്രതീക്ഷിക്കാം.

2017 ലാണ് ഗോഡ്സെക്ക് അമ്പലത്തിനു തറക്കല്ലിട്ടത്. തികഞ്ഞ വംശീയവാദി എന്നതാണ് ഗോഡ്സെ ആരാധിക്കപ്പെടാനുള്ള കാരണം. അപ്പോൾ വംശീയ വാദവും ഫാസിസവും ഇന്ത്യൻ മണ്ണിൽ ആരാധിക്കപ്പെടുന്ന അവസ്ഥയിലേക്ക് മാറിയിരിക്കുന്നു. കൊന്നിട്ടും അരിശം തീരാതെ 2019 ൽ ഹിന്ദു മഹാസഭ നേതാവ് പൂജ പാണ്ടേ ഗാന്ധിജിയുടെ പ്രതിമയിലേക്ക് വീണ്ടും വെടിവെക്കുന്ന ചിത്രം ഇന്ത്യ മുഴുവൻ കണ്ടിരുന്നു. മറ്റൊരു ബി ജെ പി നതാവും എം പി യും സ്ഫോടന കേസിലെ പ്രതിയുമായ പ്രഗ്യ താക്കൂർ ഗോഡ്സെയെ “ ശരിയായ ദേശേസ്നേഹി” എന്നാണ് വിളിച്ചത്. ഇതെല്ലാം ചേർത്ത് വായിക്കുമ്പോൾ നമുക്ക് മനാസിലാവുന്ന ഇന്ത്യൻ സാമൂഹിക അവസരം അതിഗുരുതരമാണ്. ഒരു വയോധികനെ നിഷ്കരുണം വെടി വെച്ച് കൊല്ലുക എന്നത് തന്നെ മാപ്പർഹിക്കാത്ത പാതകമാണ്. കൊലയാളിയെ വെള്ള പൂശുക എന്നത് അതിലും ഗുരുതരമാണ്. കൊലയാളിയുടെ ആശയം ഇന്ത്യ മുഴുവൻ പ്രചരിപ്പിക്കാൻ ശ്രമിക്കുക എന്നതു അതിലും ഗുരുതരം.

മതേതര കക്ഷികൾ പരസ്പരം അകലുന്ന കാലത്ത് സംഘ പരിവാരിനു നമ്മുടെ പൊതു ഇടങ്ങൾ തുറന്നു കിട്ടുകയാണ്. അതിലൂടെ അവർ അവരുടെ അജണ്ട നടപ്പാക്കുന്നു. ഗാന്ധിജി ഗോഡ്സെയെ കൊന്നു എന്നൊരു വായന അടുത്ത തലമുറക്കുണ്ടാവില്ല എന്ന് പറയാൻ നമുക്ക് കഴിയില്ല. സംഘ പരിവാർ കൈവെച്ച ഒന്നാമത്തെ കാര്യം ചരിത്രം തന്നെയാണ്. ഒരിക്കൽ പൂട്ടിയ ലൈബ്രറി തുറന്നു കിട്ടുക എന്നത് മോഡി കാലത്ത് നിസ്സാര കാര്യമാണ്. ഗോഡ്സെ ഒരിക്കൽ മാത്രമാണ് ഗാന്ധിജിയെ കൊന്നത് . സംഘ പരിവാർ എന്നും കൊണ്ടിരിക്കുന്നു.

Related Articles