Columns

‘ഹിജ്‌റ’ ഒരു പ്രതീക്ഷയാണ്

‘ ഹിജ്‌റ ( പാലായനം) എന്നത് ആധുനിക ലോകത്തു ഒരു ഉട്ടോപ്പിയന്‍ സങ്കല്‍പ്പമാണ്. ഒരാള്‍ക്കോ സമൂഹത്തിനോ സ്വന്തം ഇഷ്ടപ്രകാരം മറ്റൊരു രാജ്യത്തേക്ക് പോകുക എന്നതും ഒരു രാജ്യത്തെ പൗരനെ മറ്റൊരു രാജ്യത്തേക്ക് നാട് കടത്തുക എന്നതും ഈ കാലത്തും ലോകത്തും അസംഭവ്യമാണ്. പിന്നെ എന്തിനാണ് പ്രവാചക ഹിജ്‌റ ഇപ്പോഴും ആഘോഷിക്കപ്പെടുന്നത്?. ഒരു അമുസ്ലിം സുഹൃത്തിന്റെ സംശയമാണിത്.

സഹോദര, പ്രവാചക ഹിജ്‌റ താങ്കള്‍ ഉദ്ദേശിക്കുന്ന രീതിയിലുള്ള ഒന്നല്ല. ഒരു ഒളിച്ചോട്ടമോ അഭയാര്‍ത്ഥി വിഷയമോ ആയിരുന്നെങ്കില്‍ പ്രവാചക പാലായനതിന്റെ പരിണതി ഇങ്ങിനെ ആകുമായിരുന്നില്ല. മക്കയില്‍ നിന്നും മദീനയിലേക്ക് പോയ പ്രവാചകനെ നാം കാണുന്നത് ആ നാട്ടിലെ ഭരണാധികാരി എന്ന നിലയിലാണ്. ഒരു ഒളിച്ചോട്ടക്കാരനും അഭയാര്‍ത്ഥിക്കും അസാധ്യമായ ഒന്നാണത.് അത് കൊണ്ട് തന്നെ ഒളിച്ചോട്ടം എന്ന പ്രയോഗം ഹിജ്‌റക്ക് തീര്‍ത്തും അനുയോജ്യമാണ്. ഹിജ്‌റ മാത്രമല്ല എന്തിനെയും ആ കാലത്തെ മുന്നില്‍ വെച്ച് കൊണ്ട് വേണം വിലയിരുത്താന്‍. നമ്മുടെ കാലത്തു നിന്ന് കൊണ്ട് പ്രവാചക കാലത്തെ വിലയിരുത്താന്‍ ശ്രമിക്കരുത്. അന്ന് നിലനിന്നിരുന്ന സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളെ നാം കാണാതെ പോകരുത്. നാം ഇന്ന് കാണുന്ന തരത്തിലുള്ള രാജ്യവും സംവിധാനങ്ങളും അന്നില്ല. ആര്‍ക്കും എവിടെയും പോയി താമസിക്കാം. അതാണ് അന്നത്തെ കാലഘട്ടം.

മക്കത്തു പതിമൂന്നു കൊല്ലം പ്രവാചകന്‍ പ്രബോധനം നടത്തി. ഇസ്‌ലാമിന്റെ ഒന്നാം ഘട്ടം ഏകദേശം അതിന്റെ പരിസമാപ്തിയില്‍ എത്തിയിരുന്നു. പ്രവാചകന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ മക്കയില്‍ ഏറെക്കുറെ പൂര്‍ണമായി എത്തിക്കഴിഞ്ഞിരുന്നു. ഹജ്ജിനും കച്ചവടത്തിനുമായി മക്കയില്‍ വന്നിരുന്ന ആളുകള്‍ക്കും പ്രവാചക സന്ദേശം എത്തിയിരുന്നു. അവരിലൂടെ അവരുടെ നാട്ടിലും ഇസ്‌ലാമിക സന്ദേശം എത്തി കൊണ്ടിരുന്നു. മക്കാ കാലത്തു പ്രവാചകന് ഇന്ന് കാണുന്ന ഖുര്‍ആനിന്റെ പകുതിയേ ലഭിച്ചിട്ടുള്ളൂ. അള്ളാഹു പ്രവാചകന്മാര്‍ പരലോകം തുടങ്ങിയ വിശ്വാസ കാര്യങ്ങളായിരുന്നു അവിടെ മക്കയില്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. അതെ സമയം ഇസ്‌ലാം ഭൂമിയില്‍ നടപ്പാക്കാനുള്ളത് കൂടിയാണ്. അതിനുള്ള അവസരമാണ് ഇനി ഉണ്ടാകേണ്ടത്. അന്നത്തെ സാഹചര്യത്തില്‍ അതിനു വേണ്ടി മറ്റൊരിടത്തേക്ക് മാറുക എന്നത് അത്ര വലിയ കാര്യമല്ല. പക്ഷെ പ്രവാചകന്മാര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം നാട് വിട്ടു പോകാന്‍ കഴിയില്ല. അതിനു ദൈവത്തിന്റെ അനുമതി വേണം. പ്രവാചക ഹിജ്‌റയിലേക്കു വെളിച്ചം വീശുന്ന സൂക്തങ്ങള്‍ ഖുര്‍ആനിലുണ്ട്. പ്രവാചകന്റെ പ്രബോധനം മക്കയില്‍ പലര്‍ക്കും അലോസരം ഉണ്ടാക്കിയിരുന്നു. മക്കയിലെ നേതാവായ അബൂതാലിബാണ് പ്രവാചകന്റെ സംരക്ഷകന്‍ എന്നത് കൊണ്ട് തന്നെ ശത്രുക്കള്‍ എന്നും നിസ്സഹായരായി തീര്‍ന്നു. അബൂതാലിബ് മരണപ്പെട്ടപ്പോള്‍ അതൊരു അവസരമായി ശത്രുക്കള്‍ മനസ്സിലാക്കി.

ഇസ്ലാമിന്റെ അടുത്ത ഘട്ടം മക്കയില്‍ സാധ്യമല്ല എന്ന തിരിച്ചറിവ് പ്രവാചകന് ലഭിച്ചിരുന്നു. അതിന്റെ ഭാഗമമായി മദീനക്കാരുമായി പ്രവാചകന്‍ ചര്‍ച്ച നടത്തിയിരുന്നു. ഒളിച്ചോടുന്ന ഒരാള്‍ അതൊരിക്കലും ചെയ്യില്ല എന്നുറപ്പാണ്. മാത്രമല്ല അവര്‍ തിരിച്ചു പോകുമ്പോള്‍ മദീനക്കാര്‍ക്കു ഇസ്‌ലാം പഠിപ്പിക്കാന്‍ തന്റെ അനുചരന്മാരെയും പ്രവാചകന്‍ പറഞ്ഞയച്ചു. അടുത്ത കൊല്ലം മദീനക്കാര്‍ വന്നപ്പോള്‍ പഴയ ചര്‍ച്ച ഒന്ന് കൂടി പുതുക്കി. അങ്ങിനെ മക്കയില്‍ നിന്നും മദീനയില്‍ എത്തിയാല്‍ പ്രവാചകന് വേണ്ട സംരക്ഷണം നല്‍കാമെന്ന് അവര്‍ ഉറപ്പു നല്‍കി. അതിനു ശേഷം മക്കയിലെ മുസ്ലിംകളില്‍ ഓരോരുത്തരായി മദീനയിലേക്ക് നീങ്ങി. ആ നീക്കം മക്കക്കാര്‍ ആശ്വാസമായി കണ്ടു. അവസാന ഘട്ടം എന്ന നിലയില്‍ അവര്‍ പ്രവാചകനെ വകവരുത്താന്‍ തീരുമാനിച്ചു. അങ്ങിനെ സംഭവിച്ചാല്‍, അല്ലങ്കില്‍ പ്രവാചകന്‍ പുറത്തു പോയാല്‍ അധിക കാലം ശത്രുക്കള്‍ മക്കയില്‍ അവശേഷിക്കില്ല എന്നാണു അതിനെ സംബന്ധിച്ച് ഖുര്‍ആന്‍ സൂചിപ്പിച്ചത്.

അതാണ് ഹിജ്‌റയുടെ സാമൂഹിക വശം. വിശ്വാസികളുടെ ഹിജ്‌റയിലുള്ള പാഠം നാട് വിട്ടു പോകലല്ല. ഉന്നതമായ ആശയങ്ങളുമായി മുന്നോട്ടു പോകുമ്പോള്‍ മുന്നില്‍ വരുന്ന തടസ്സങ്ങളെ എങ്ങിനെ മറികടക്കാം എന്നതാണ് ഹിജ്‌റയുടെ പാഠം. അന്നത്തെ സാഹചര്യതില്‍ മറ്റൊരു സ്ഥലത്തേക്ക് മാറി പോകല്‍ സാധ്യമാണ്. ഇന്ന് അത്തരം സാഹചര്യമില്ല. അതിനാല്‍ തന്നെ പുതിയ രീതി കണ്ടത്തെണം, പക്ഷെ ലക്ഷ്യങ്ങളില്‍ നിന്നും പിന്നോട്ട് പോകരുത്. ഹിജ്‌റയെ വിജയിപ്പിക്കാന്‍ പ്രവാചകന്‍ കാണിച്ച പാടവം വിശ്വാസികള്‍ക്ക് എന്നും പ്രചോദനമാണ്. പലപ്പോഴും പല കാര്യങ്ങളും വിജയിക്കാതെ പോകുന്നത് അതിനു പിന്നിലെ ഒരുക്കങ്ങളുടെ കുറവ് കൊണ്ടാണ്. ഒറ്റ രാത്രി കൊണ്ട് മക്കയില്‍ നിന്നും ആയിരക്കണക്കിന് നാഴിക ദൂരമുള്ള ബൈത്തുല്‍ മുഖദ്ദസില്‍ അള്ളാഹു പ്രവാചകനെ കൊണ്ട് പോയി എന്ന് വിശ്വാസികള്‍ വിശ്വസിക്കുന്നു. അങ്ങിനെ ഒരു രാത്രിയോ പകലോ പ്രവാചനെ മക്കയില്‍ നിന്നും മദീനയിലെത്തിക്കാന്‍ അല്ലാഹുവിനു കഴിയും. പക്ഷെ അപ്പോള്‍ അതില്‍ വിശ്വാസികള്‍ക്ക് പാടവും മാതൃകയുമില്ല. തങ്ങളുടെ യാത്രയില്‍ ആവശ്യമായ ചെറിയ കാര്യങ്ങള്‍ക്കു പോലും ആളുകളെ നിശ്ചയിച്ചാണ് പ്രവാചകന്‍ യാത്ര തുടങ്ങിയത്. ഒരു കാര്യം വിജയിക്കാന്‍ എത്രമാത്രം ആസൂത്രണം വേണമെന്നും ഹിജ്‌റ പഠിപ്പിക്കുന്നു. ഹിജ്‌റയിലൂടെ വിശ്വാസികള്‍ ഊന്നിപ്പറയാന്‍ ആഗ്രഹിക്കുന്ന പാഠം മനുഷ്യന്‍ തന്റെ കഴിവിന്റെ പരമാവധി ചെയ്യുക എന്നതാണ്. അത് ആധുനിക കാലത്തും ആവശ്യമാണ്. ഏതു കാലത്തും ദൈവിക സഹായമാണ് വിജയത്തിന്റെ നിദാനം. അത് ലഭിക്കാന്‍ തന്നാല്‍ സാധ്യമായത് ചെയ്തു തീര്‍ക്കണമെന്ന ആശയമാണ് ഹിജ്‌റയുടെ ആളുകളെ പഠിപ്പിക്കുന്നത്.

മുന്നോട്ടുള്ള പ്രയാണത്തില്‍ തടസ്സങ്ങള്‍ സാധ്യമാണ്. ആ തടസ്സങ്ങള്‍ മറികടക്കാന്‍ ഹിജ്‌റ ധൈര്യം നല്‍കും. ഫാസിസ്റ്റു കാലത്തു വിശ്വാസികള്‍ നില നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലാണ്. അവിടെ തകര്‍ന്ന് പോകാതെ സധൈര്യം മുന്നോട്ടു പോകാന്‍ ഹിജ്‌റ ഉത്തേജനം നല്‍കും. അത് പാകിസ്ഥാനിലേക്ക് പാലായനം ചെയ്തു കൊണ്ടല്ല. പകരം നമ്മുടെ മണ്ണില്‍ ഉറച്ചു നിന്ന് കൊണ്ട് തന്നെ, ഹിജ്‌റ ഒരു പ്രതീക്ഷയാണ്. വിശ്വാസി ലോകത്തിനു പ്രതീക്ഷയുടെ നാളം കാട്ടിക്കൊടുക്കുക എന്നത് കൂടി ഹിജ്‌റയുടെ ഉദ്ദേശമാണ്.

Facebook Comments
Related Articles
Close
Close