Current Date

Search
Close this search box.
Search
Close this search box.

‘അല്ലാഹു അക്ബർ’ കേൾക്കുമ്പോൾ കുരുപൊട്ടുന്ന സഖാക്കളോട്

കർണാടക മാൻഡ്യയിലെ 20 വയസ്സുകാരി മുസ്‌കാൻ ഖാൻ ഹിജാബ് ധതിച്ചതിന്റെ പേരിൽ അവളെ തടയാൻ ശ്രമിക്കുകയും ജയ് ശ്രീ രാം വിളിച്ചു ആക്രോശിക്കുകയും ചെയ്ത സംഘ് പരിവാരുകാർക്കെതിരെ ധീരമായും ശക്തമായും പ്രതികരിച്ചപ്പോൾ ഉരുവിട്ട ‘അല്ലാഹു അക്ബറി’ന്റെ പേരിൽ വത്തക്ക സമരവും ഫ്ലാഷ് മോബും മാത്രമാറിയാവുന്ന, മുസ്ലിം സ്ത്രീകളുടെ ഇസ്ലാമികമായ പ്രതികരണങ്ങളെ മാത്രം പ്രശ്നവത്കരിക്കുന്ന കേരളത്തിലെ സഖാക്കൾക്ക്‌ മുഴുക്കെ കുരുപൊട്ടിയിരിക്കയാണ്.

ഒരു കാര്യം സഖാക്കൾ മനസ്സിലാക്കുന്നത് നല്ലതാണ്. അവർക്ക് കൊട്ടി ഘോഷിക്കാൻ കൈ കൂപ്പി നിന്ന് മാപ്പപേക്ഷിക്കുന്ന മാപ്പിള സഖാക്കളിൽ നിന്നും, ജാമിഅ മില്ലിയ പോരാളികളായ ലദീദ, ആയിഷ റെന്ന, ഷാഹീൻ ബാഗ് നായിക 82 വയസ്സുകാരി ബിൽകീസ്, മാൻഡ്യയിലെ 20 വയസ്സുകാരി ബീബി മുസ്‌കാൻ എന്നിവരിലേക്ക് ഇന്ത്യയിലെ മുസ്ലിം സമുദായം അതിവേഗം സഞ്ചരിച്ചെത്തിയ കാലമാണിത്. സത്വത്തിന്റെ പേരിൽ വേട്ടയാടപ്പെടുമ്പോൾ ആ സ്വത്വം മുറുകെ പിടിച്ചു തന്നെയാണ് പോരാടേണ്ടത്. അല്ലാതെ പൊളിഞ്ഞു പാളീസായ മാർക്സിസം പറഞ്ഞിട്ടല്ല.

സംഘം ചേർന്നുള്ള ആക്രോശത്തെയും ആക്രമണത്തെയും പ്രതിരോധിക്കുവാൻ ആ 20 വയസ്സുകാരി പെൺപുലിക്കു പ്രചോദനവും പ്രത്യാശയും സ്ഥിര ചിത്തതയും നൽകുന്ന വാക്ക് ഏതോ, അത് തന്നെയാണ് അവിടെ പ്രഖ്യാപിക്കേണ്ടത്. പിന്നെ, ആ കുട്ടിയുടേത് കാരണമല്ലന്നും പ്രതികരണമാണെന്നും മനസ്സിലാക്കണം. കാരണത്തെയും പ്രതികരണത്തെയും ഒരു പോലെ കാണുന്ന കേരളത്തിലെ സഖാക്കളുടെ മനോരോഗം മാറ്റുവാൻ ഇനിയും മരുന്ന് കണ്ടു പിടിച്ചിട്ടില്ല.

‘അല്ലാഹു അക്ബർ’ എന്ന് അവൾ പറഞ്ഞില്ലെങ്കിൽ പോലും, ആ പെൺ പുലി ധരിക്കുന്ന വസ്ത്രം തന്നെഅവൾ പ്രഖ്യാപിക്കുന്ന ‘അല്ലാഹു അക്ബറി’നെ അടയാളപ്പെടുത്തുന്നുണ്ട്. വസ്ത്രത്തിലും ഭക്ഷണത്തിലും സാമ്പത്തീക ഇടപാടുകളിലും ഒന്നും മതം ചേർക്കരുതെന്ന് സഖാക്കൾക്ക്‌ സഖാക്കളുടെ മതക്കാരോട് പറയാം. ഇസ്ലാം അങ്ങനെയാണെന്ന് പറയരുത്. അത് ജീവിതത്തിന്റെ സകലമാന മേഖലകളെയും ഉൾകൊള്ളുന്ന പ്രപഞ്ചത്തിന്റെ മനുഷ്യ മുഖവും മനുഷ്യന്റെ പ്രകൃതിപരമായമുഖവും താളവുമാണ്.

പിന്നെ ഹിജാബ് ധരിക്കുന്ന പെൺകുട്ടി ‘അല്ലാഹു അക്ബർ’ എന്ന് പറയുമ്പോൾ, ആരെന്ത് പറഞ്ഞാലും എന്റെ സൃഷ്ടാവായ അല്ലാഹുവിന്റെ കല്പനയാണ് എനിക്കു വലുത്, ആയതിനാൽ ഞാൻ അല്ലാഹു കല്പിച്ചതായി മനസ്സിലാക്കുന്ന ഹിജാബ് ധരിക്കുകതന്നെ ചെയ്യുമെന്നാണ് ധീരമായി പ്രഖ്യാപിക്കുന്നത്. മുഴുവൻ പ്രപഞ്ചവും അല്ലാഹുവിന്റെ കല്പനക്ക് മുമ്പിൽ അവൾക്ക് നിസ്സാരമാണെന്നും, പ്രപഞ്ചം മുഴുക്കെ അവളുടെ കാൽ ചുവട്ടിലും സൃഷ്ടാവായ അല്ലാഹു മാത്രമാണ് അവൾക്ക് മുകളിലെന്നുമാണ് അവൾ പറയുന്നത്.

പൊളിഞ്ഞു പാളീസായ മാർക്സിസം ഉൾപ്പടെയുള്ള സകലമാന പാരതന്ത്ര്യങ്ങളിൽ നിന്നുമുള്ള വിമോചനത്തിന്റെ വിപ്ലവകരമായ പ്രഖ്യാപനം കൂടിയാണ് അത്. അതിന്നും അപ്പുറത്ത്, അവളെ പോലുള്ള ഒരു സൃഷ്ടിയുടെയും എടാകൂടത്തിന്റെയും മുമ്പിൽ കുനിയുകയോ കുമ്പിടുകയോ ചെയ്യുകയില്ലെന്നുമുള്ള ആത്മാഭിമാനത്തോട് കൂടിയ ധീരമായ പ്രഖ്യാപനമാണ് അത്. അവൾ ഉൾകൊള്ളുന്ന സ്ത്രീകളുടെ ശരീരം വാണിജ്യ വൽക്കരിക്കുന്നതിനെതിരെ അവൾ നടത്തുന്ന ധീരമായ പ്രതിരോധ പോരാട്ടത്തിന്റെ പേരാണ് ഹിജാബെന്നത്. എല്ലാറ്റിനും പുറമെ, അപരിമേയനും നമ്മുടെ സകലമാന വിഭാവനകൾക്കും അതീതനായ സൃഷ്ടാവിനെ മനുഷ്യ സങ്കല്പത്തിലും ഭാവനയിലും ചുരുക്കി വിഗ്രഹങ്ങളും ആൾദൈവങ്ങളും ചിത്രങ്ങളുമാക്കി ചൂഷണോപാധിയാക്കുവാൻ അനുവദിക്കരുതെന്നും , സൃഷ്ടാവായ ദൈവം അവയ്ക്കൊക്കെ അതീതനും അതിലൊക്കെ ‘അക്ബറും’ ആണെന്നുമുള്ള വിശ്വാസപരവും ആദർശപരവുമായ പാഠം ജനങ്ങളെ നിരന്തരം പഠിപ്പിക്കുന്ന അർത്ഥ ഗർഭമായ മുദ്രാവാക്യമാണത്.

സൃഷ്ടാവ് മാത്രമാണ് വലിയവനെന്നും(അക്ബർ) ബാക്കി സൃഷ്ടികളെല്ലാം സമന്മാരാണെന്നും പഠിപ്പിക്കുന്ന സമ ഭാവനയുടെ മഹിത തത്വം കൂടിയാണ് ‘അല്ലാഹു അക്ബർ’. ഇതിനെയാണ് ബ്രാഹ്മണിക്കൽ സംഘ് പരിവാർ ഭയപ്പെടുന്നത്. ആൾ ദൈവങ്ങളുടെയും അസമത്വത്തിന്റെയും അടിമത്വത്തിന്റെയും അനീതിയുടെയും ഉച്ച നീച്ചത്വത്തിന്റെയും ബ്രാഹ്മണിക്കൽ ഇന്ത്യയിൽ അതാണ്‌ അതിന്റെ പൂർണ ചൈതന്യം ഉൾകൊണ്ടുകൊണ്ട് നിരന്തരം മുഴങ്ങേണ്ടത്. അല്ലാതെ പഴകി പുളിച്ചതും, വരണ്ടുണങ്ങിയതും, പൊളിഞ്ഞു പാളീസായതും, ചത്തു കെട്ടടങ്ങി കെട്ടു നാറുന്നതുമായ മാർക്സത്തിന്റെ പൊള്ളയായ വാക്കുകൾ അല്ല.

Related Articles