Current Date

Search
Close this search box.
Search
Close this search box.

ആരോഗ്യ ഇന്‍ഷുറന്‍സ് ആര്‍ക്ക് വേണ്ടി ?

കഴിഞ്ഞ ദിവസം അപകടത്തില്‍ പെട്ട ഒരു രോഗിയെ സന്ദര്‍ശിക്കാന്‍ തൃശൂര്‍ പട്ടണത്തിലെ ഒരു ആശുപതിയില്‍ പോകേണ്ടി വന്നു. തൊട്ടടുത്ത കട്ടിലില്‍ മൂക്കിലൂടെ ട്യൂബിട്ട ഒരു വൃദ്ധനായ രോഗിയെ കണ്ടു. അടുത്ത് ഒരു ചെറുപ്പക്കാരന്‍ ഇരിക്കുന്നുണ്ട്. അടുത്ത് പോയി സംസാരിച്ചു. ഒരു ബസ്സപകടത്തില്‍ പെട്ട് മാസങ്ങളോളമായി ഇദ്ദേഹം ആശുപത്രിയിലാണ്. ദരിദ്ര കുടുംബമാണ്. കുടുംബത്തില്‍ ആകെ അധ്വാനിക്കുന്നത് ഈ ചെറുപ്പക്കാരനാണ്. അച്ഛനെ നോക്കാനിരിക്കുന്നു എന്നതിനാല്‍ അതും മുടങ്ങി കിടക്കുന്നു.

മാസങ്ങള്‍ക്കു മുമ്പ് ഒരു ബസ്സപകടം. നാട്ടിലെ നിയമമനുസരിച്ചു അപകടം നടത്തിയയാള്‍ക്ക് ഒരു ഉത്തരവാദിത്വവുമില്ല. സംഗതി സ്വാഭാവിക കേസാകും. ഇത്തരം കേസുകള്‍ വിധി പറയാന്‍ വര്‍ഷങ്ങള്‍ പിടിക്കും. നഷ്ടപരിഹാരം കിട്ടും എന്നുറപ്പാണ് പക്ഷെ അത് പലപ്പോഴും അപകടത്തില്‍ പെട്ടയാള്‍ക്കു ഉപകാരപ്പെടണം എന്നില്ല. പന്ത്രണ്ടു ലക്ഷം രൂപയാണ് മൊത്തം ആശുപത്രി ചിലവ്. അഞ്ചു ലക്ഷം നല്‍കയിട്ടുണ്ട്. കേസ് തീരുമ്പോള്‍ തരാം എന്ന ഉറപ്പില്‍ വക്കീലിന്റെ കയ്യില്‍ നിന്നും കുറച്ചു പൈസ ലഭിച്ചു. ബാക്കി വീട്ടില്‍ പണയംവെക്കാനും വില്‍ക്കാനും കഴിയുന്നതൊക്കെ വിറ്റും പണയം വെച്ചുമാണ് അഞ്ചു ലക്ഷം നല്‍കിയത്. ബാക്കി ഏഴു ലക്ഷവും നല്‍കിയാല്‍ മാത്രമേ പറഞ്ഞു വിടൂ എന്ന നിലയിലാണ് ആശുപത്രി അധികൃതര്‍. ആ ചെറുപ്പക്കാരനെ എന്ത് പറഞ്ഞു സമാധാനിപ്പിക്കണം എന്നെനിക്കു അറിയില്ലായിരുന്നു.

രാജ്യത്തിന്റെ ജി ഡി പിയുടെ ഒരു ശതമാനം മാത്രമാണ് ഇന്ത്യ ആരോഗ്യ രംഗത്ത് ചിലവഴിക്കുന്നത്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പുതിയ ഇന്‍ഷുറന്‍സ് പോളിസി പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഒരുപാട് കുടുംബങ്ങള്‍ക്കു അഞ്ചു ലക്ഷം വരെ വൈദ്യ സഹായം ലഭിക്കുന്ന പദ്ധതി എന്നാണ് അറിയാന്‍ കഴിഞ്ഞത്. ലോകത്തിലെ തന്നെ വലിയ ഇന്‍ഷുറന്‍സ് സ്‌കീം എന്നതാണ് ഇതിനു പറയുന്ന വ്യാഖ്യാനം. ഇന്ത്യയില്‍ ആരോഗ്യ രംഗത്ത് പൊതു മേഖലയെക്കാള്‍ വളരെ മുന്നിലാണ് സ്വകാര്യ മേഖല. ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന രാജ്യത്തെ ജനങ്ങളില്‍ അധികവും സമീപിക്കുന്നത് സ്വകാര്യ മേഖലയെ തന്നെ. അത് കൊണ്ട് ഈ പറഞ്ഞ ഇന്‍ഷുറന്‍സ് സത്യമായി വന്നാല്‍ പോലും സ്വകാര്യ സ്ഥാപനങ്ങള്‍ അത് ചൂഷണം ചെയ്യുമെന്ന ആകുലത ആളുകള്‍ പ്രകടിപ്പിക്കുന്നു.

രാജ്യത്തെ വളര്‍ന്നു വരുന്ന വലിയ വ്യവസായമാണ് ആരോഗ്യ രംഗം. മനുഷ്യരുടെ ആരോഗ്യം എന്നതിനേക്കാള്‍ മനുഷ്യരുടെ നിസ്സഹായാവസ്ഥയാണ് പലപ്പോഴും അവിടെ ചൂഷണം ചെയ്യുന്നത്. ജനത്തിന്റെ ആരോഗ്യം എന്നത് സര്‍ക്കാരുകളുടെ മുഖ്യ വിഷയമായിട്ടില്ല എന്നുറപ്പാണ്. നമ്മുടെ കേന്ദ്ര സംസ്ഥാന ബജറ്റുകളില്‍ ഈ മേഖലകള്‍ക്ക് നല്‍കുന്ന പ്രാധാന്യം മനസ്സിലാക്കാന്‍ വാര്‍ഷിക ബജറ്റില്‍ ഉള്‍പ്പെടുത്തുന്ന തുക ശ്രദ്ധിച്ചാല്‍ മതിയാകും. പൊതു മേഖലയിലെ ഫണ്ട് ഉപയോഗിച്ച് സ്വകാര്യ മേഖലയെ സഹായിക്കുക എന്നതാണ് മോദി സര്‍ക്കാരിന്റെ നയം വ്യക്തമാക്കുന്നത്. എണ്ണവിലയില്‍ തുടങ്ങി അടുത്ത് നടന്ന യുദ്ധ വിമാന ഇടപാടും അത് ശരിവെക്കുന്നു. ആരോഗ്യ ഇന്‍ഷുറന്‍സ് വഴിയും സംഭവിക്കുന്നത് അത് തന്നെയാണ് എന്നാണു പൊതുവെ വിലയിരുത്തല്‍. ഇത് നടപ്പിലാകും എന്ന് പറയുമ്പോഴും അതിന്റെ നടത്തിപ്പും മറ്റു കാര്യങ്ങളും ഇനിയും അറിഞ്ഞിട്ടു വേണം.

പാവപ്പെട്ട നൂറു മില്യണ്‍ കുടുംബത്തിന് ഈ പദ്ധതി ഗുണം ചെയ്യും എന്ന് പറയുമ്പോഴും അതിന്റെ അവസാന ഗുണം ആര്‍ക്കെന്നും അതിനു കണ്ടെത്തുന്ന സാമ്പത്തിക സ്രോതസ്സും കൂടി അറിയുമ്പോള്‍ മാത്രമാണ് കാര്യങ്ങള്‍ സുതാര്യമാകുക. തന്റേതല്ലാത്ത കാരണത്താല്‍ കനിവ് പ്രതീക്ഷിച്ചു കിടക്കുന്ന നേരത്തെ പറഞ്ഞ രോഗിയും കുടുംബവും നമ്മുടെ മുന്നിലുള്ള സത്യങ്ങളാണ്. ജനന സമയത്തുള്ള മരണ നിരക്ക് ഇന്നും ഇന്ത്യയില്‍ കൂടുതലാണ്. കുട്ടികള്‍ മരിക്കുക എന്നത് കേരളത്തിന് പുറത്തുള്ള ആശുപത്രികളില്‍ നിത്യ സംഭവവും. ഡോ. കഫീല്‍ ഖാന്‍ നമ്മുടെ മുന്നിലുള്ള ഒരു ഇരയാണ് എന്ന് കൂടി നാം ചേര്‍ത്ത് വായിക്കണം.

Related Articles