Current Date

Search
Close this search box.
Search
Close this search box.

ശഹീദ് ഹസനുല്‍ ബന്ന: ഓര്‍മകള്‍ക്ക് ഏഴു പതിറ്റാണ്ട്

ജംഇയ്യത്തു ശുബ്ബാനുല്‍ മുസ്ലിമീന്‍ ആസ്ഥാനത്ത് വെച്ച് സര്‍ക്കാര്‍ പ്രതിനിധികളുമായി ഒരു ചര്‍ച്ചക്കാണ് ഇമാം ഹസനുല്‍ ബന്നയും സഹോദരനും വന്നത്. അഞ്ചു മണിയായിട്ടും ചര്‍ച്ചയില്‍ പങ്കെടുക്കേണ്ട സര്‍ക്കാര്‍ പ്രതിനിധി വന്നില്ല. അദ്ദേഹം ഒരു മന്ത്രി കൂടിയായിരുന്നു. കാത്തിരുന്ന് മുഷിഞ്ഞ് പുറത്തിറങ്ങി ടാക്‌സിക്കു കാത്തു നില്‍ക്കുമ്പോഴാണ് അദ്ദേഹത്തിനു നേരെ വെടിയുതിര്‍ത്തത്. അതൊരു ഒത്തുകളിയുടെ ഭാഗമാണ് എന്ന് കൃത്യമായി മനസ്സിലായത് പിന്നീടായിരുന്നു. ഇന്നേക്ക് ഏഴു പതിറ്റാണ്ട് മുമ്പാണ് ആ അറുകൊല നടന്നത്.

ഹസനുല്‍ ബന്ന എന്ന വ്യക്തിയെ മാത്രമല്ല കൊലയാളികള്‍ ഉദ്ദേശിച്ചത്. അദ്ദേഹം ഉയര്‍ത്തിയ ചിന്തകളും അതിന്റെ അടിസ്ഥാനത്തില്‍ പടുത്തുയര്‍ത്തപ്പെട്ട ഒരു പ്രസ്ഥാനവും അധികാരികള്‍ക്ക് എന്നും ഒരു ഭീഷണിയായിരുന്നു. നാമമാത്രമായ ഖിലാഫത്ത് പോലും അവസാനിപ്പിക്കപ്പെട്ട അവസരത്തിലാണ് ലോകത്ത് ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ രൂപം കൊള്ളുന്നത്. അറബി നാടുകളില്‍ അതിനുള്ള ചിന്തക്ക് തുടക്കം കുറിച്ചത് ഇമാം ഹസനുല്‍ ബന്നയായിരുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ സയ്യിദ് മൗദൂദിയും. ഇസ്ലാം കേവല ആചാര മതമല്ല അതൊരു ജീവിത വ്യവസ്ഥ കൂടിയാണ് എന്ന ഓര്‍മ്മപ്പെടുത്തലാണ് അദ്ദേഹം നിര്‍വഹിച്ച വലിയ കാര്യം. പക്ഷെ അതിനു ഹിംസാത്മകമായ രീതികളല്ല പകരം മനസ്സില്‍ നിന്നും ആരംഭിക്കുന്ന സംസ്‌കരണ പ്രവര്‍ത്തനമാണ് മുഖ്യ ഘടകം എന്നദ്ദേഹം ഊന്നി പറഞ്ഞു. ഈജിപ്തിലെ യുവാക്കള്‍ക്ക് ഇസ്ലാം ഒരു ആചാരം എന്നതിനേക്കാള്‍ അതൊരു ആവേശമാണ് എന്ന് കൂടി അദ്ദേഹം തെളിയിച്ചു കൊടുത്തു.

പാശ്ചാത്യന്‍ വിദ്യാഭ്യാസം യുവതയെ എല്ലാ തലത്തിലും സ്വാധീനിച്ചിരുന്നു. ഇസ്ലാമിക സംസ്‌കാരത്തില്‍ നിന്നും അവര്‍ കുറെ ദൂരം സഞ്ചരിച്ചിരുന്നു. വിവിധങ്ങളായ കൊളോണിയല്‍ ഭരണത്തിനു കീഴില്‍ ജീവിക്കുന്ന ഒരു ജനതക്ക് എല്ലാ അര്‍ത്ഥത്തിലും അവരുടെ സംസ്‌കാരം നഷ്ടമായിരുന്നു. മുസ്ലിം ജനതയ്ക്ക് ആത്മവിശ്വാസം നല്‍കുക എന്ന ദൗത്യമാണ് ബന്ന യഥാര്‍ത്ഥത്തില്‍ നിര്‍വഹിച്ചത്. ഇസ്രായേല്‍ രാജ്യസ്ഥാപനത്തിന് വേണ്ടി ബ്രിട്ടന്‍ നടത്തിയിരുന്ന പ്രവര്‍ത്തനങ്ങളെ ലോക ശ്രദ്ധയില്‍ കൊണ്ട് വന്നതില്‍ ബന്നയും അദ്ദേഹത്തിന്റെ പ്രസ്ഥാനവും വഹിച്ച പങ്ക് വലുതാണ്.

ഇസ്‌ലാം സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ സ്വാധീനം ചെലുത്താന്‍ തുടങ്ങി എന്ന് മനസ്സിലാക്കാന്‍ ഭരണകൂടങ്ങള്‍ക്ക് അധികം സമയം വേണ്ടി വന്നില്ല. വിവിധങ്ങളായ പ്രവര്‍ത്തങ്ങളിലൂടെയാണ് ഇഖ്‌വാന്‍ ഈജിപ്ത് മണ്ണില്‍ നിലയുറച്ചത്. കേവല ഉപദേശം എന്നതിലപ്പുറം ജീവിക്കുന്ന മനുഷ്യരുടെ ദൈന്യം ദിന കാര്യങ്ങളില്‍ ഇഖ്‌വാനും ബന്നയും ഇടപെട്ടിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസ പ്രവത്തനങ്ങള്‍ ഉത്‌ബോധനങ്ങള്‍ തുടങ്ങി എല്ലാ മേഖലകളിലും അവരുടെ സ്വാധീനം പ്രകടമായിരുന്നു.

ഇരുപതാം നൂറ്റാണ്ടിലെ ഇസ്ലാമിക നവോത്ഥാന ചിന്തകള്‍ക്കും ഇഖ്‌വാനുല്‍ മുസ്ലിമൂന്‍ പ്രസ്ഥാനത്തിനും രൂപം നല്‍കിയ ശഹീദ് ഹസനുല്‍ ബന്ന പ്രവര്‍ത്തനം ആരംഭിച്ച ഈജിപ്ഷ്യന്‍ സാഹചര്യം മൗലാനാ അബുല്‍ഹസന്‍ നദ്‌വി വിലയിരുത്തുന്നു: ‘ഇസ്ലാമിക അറബ് ഭൂഭാഗങ്ങള്‍, പ്രത്യേകിച്ച് ഈജിപ്ത് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അകപ്പെട്ട പതിതാവസ്ഥ അതീവ ഗുരുതരമായിരുന്നു. ആദര്‍ശത്തിലും വിശ്വാസത്തിലും സാമൂഹിക ഘടനയിലും സ്വഭാവ രീതികളിലും എല്ലാം നിരാശാജനകമായ ദുര്‍ഘടാവസ്ഥയാണ് നേരിട്ടത്. അടിമ രാജാക്കന്മാരും തുര്‍ക്കി ഭരണാധികാരികളും അധിനിവേശം നടത്തിയ ഇംഗ്ലീഷുകാരും ആഫ്രിക്കന്‍ ഭൗതിക നാഗരികതയും മതനിരാസത്തില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസവും, അവസരവാദ രാഷ്ട്രീയ കക്ഷികളുടെ പ്രവര്‍ത്തനങ്ങളും ഈജിപ്തിനെ നാശത്തിന്റെ പടുകുഴിയില്‍ ആഴ്ത്തിക്കഴിഞ്ഞിരുന്നു. പണ്ഡിതന്മാരുടെ നിസ്സംഗതയും അധികാരകേന്ദ്രങ്ങളോടുള്ള അവരുടെ വിധേയത്വവും പണക്കൊതിയും സ്ഥിതി കൂടുതല്‍ വഷളാക്കി. അധാര്‍മികതയും നിരീശ്വരത്വവും മതനിരാസവും അശ്ലീലതയും അരാജകത്വവും ഇരുട്ടിന് കട്ടികൂട്ടി” (എന്റെ ജീവിതത്തെ സ്വാധീനിച്ച വ്യക്തിത്വങ്ങളും ഗ്രന്ഥങ്ങളും അബുല്‍ ഹസന്‍ അലി നദ്‌വി).

നേതാക്കള്‍ കൊല്ലപ്പെട്ടാല്‍ പ്രസ്ഥാനം അവസാനിക്കും എന്ന തെറ്റായ ധാരണയിലായിരുന്നു ഭരണകൂടം. ഹസനുല്‍ ബന്ന വളര്‍ത്തിയ ഒരു സമൂഹം നേതാവില്‍ മാത്രം വിശ്വസിച്ചു മുന്നോട്ടു പോയ പ്രസ്ഥാനമല്ല. നേതാവ് വരികയും പോകുകയും ചെയ്യും. ഉഹ്ദ് യുദ്ധത്തില്‍ പ്രവാചകനെ കുറിച്ച് പോലും അങ്ങിനെയാണ് പറഞ്ഞത്. മനസ്സും ശരീരവും ദൈവിക മാര്‍ഗത്തില്‍ സമര്‍പ്പിക്കാന്‍ തയാറായ ജനതയുടെ ഇസ്ലാമിക വീര്യം തകര്‍ക്കാന്‍ ഒരു കൊലക്ക് കഴിയില്ല എന്ന അറിവ് ഇന്നും ഭരണ കൂടത്തെ ഓര്‍മ്മപെടുത്തുന്നതാണ് ശഹീദ് ബന്നയുടെ ജീവിതവും മരണവും. കേവലം നാല്‍പത്തി രണ്ടു കൊല്ലമാണ് ശഹീദ് ബന്ന ഈ ഭൂമിയില്‍ ജീവിച്ചത്. എത്ര കൊല്ലം എന്നതിനേക്കാള്‍ എങ്ങിനെ ജീവിച്ചു എന്നതാണ് പ്രതിഭകളുടെ കാര്യത്തില്‍ എന്നും നാം സ്വീകാരിക്കേണ്ടത്.

Related Articles