Columns

“ഈമാൻ മധുരം” നഷ്ടപ്പെടുത്തുന്ന നോട്ടങ്ങൾ

മുഹമ്മദ് നബി (സ) അരുൾ ചെയ്യുന്നു: “ആസക്തിയോടെയുള്ള നോട്ടം ഇബ് ലീസിന്റെ അമ്പുകളിൽ നിന്നുള്ള അമ്പാണ്. ലൈംഗികാസക്തിയോടെയുള്ള നോട്ടം വിഷത്തിലൂട്ടിയ ഇബ് ലീസിന്റ ശരങ്ങളിൽ ഒരു ശരമാണ്. അല്ലാഹുവിനോടുള്ള ഭയത്താൽ ആരെങ്കിലും അത് ഉപേക്ഷിച്ചാൽ അല്ലാഹു അയാൾക്ക്/ അവൾക്ക് സത്യവിശ്വാസത്തിൽ വർധനവ് പ്രദാനം ചെയ്യും.അതിന്റെ മാധുര്യം (ഹലാവത്തുൽ ഈമാൻ) അവരുടെ മനസ്സിൽ അനുഭവിച്ചറിയാൻ കഴിയും” (ഹാകിം)

ഡോ: യൂസുഫുൽ ഖറദാവി തന്റെ വിശ്രുതമായ “ഫതാവാ മുആസ്വിറ:” എന്ന ഗ്രന്ഥത്തിൽ (ഭാഗം:4) ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. മുതലാളിത്തം ഉൾപ്പെടെയുള്ള സകല മനുഷ്യ നിർമ്മിത പ്രത്യയശാസ്ത്രങ്ങൾക്കും പകരമായി ദൈവിക വ്യവസ്ഥയായ ഇസ് ലാം, ആരോഗ്യകരമായ ഒരു സമൂഹത്തെസംവിധാനിക്കുന്നു. അതു കൊണ്ടു തന്നെ ഖുർആനും സുന്നത്തും സദാചാര ചിട്ടകൾക്ക് അതുല്യമായപ്രാധാന്യം നൽകിയിരിക്കുന്നു.

നാടിന്റെ വർത്തമാനാവസ്ഥ ചിന്തിക്കുന്നവർക്ക് ഈ നബിവചനത്തിന്റെ പൊരുൾ വളരെ പെട്ടെന്നു പിടി കിട്ടും. കുപ്രസിദ്ധമായ സ്ത്രീപീഡനങ്ങളെല്ലാം തുടങ്ങുന്നത് തെറ്റായ ഒരു നോട്ടത്തിൽ നിന്നാണ്. തെറ്റായ നോട്ടം ചീത്ത ചിന്തകൾക്ക് ഇടം നൽകുന്നു. പിന്നീടത്  വഴിവിട്ട സല്ലാപങ്ങളിലേക്കും അരുതാത്ത ബന്ധങ്ങളിലേക്കും വഴി നടത്തുന്നു. ആൺ/പെൺ നഗ്നദൃശ്യങ്ങൾ കൊണ്ട് “സമൃദ്ധ”മാ ണ് ചുറ്റുപാടും എന്നു പറയേണ്ടതില്ല. വേഷവിധാനങ്ങളിലെ പ്രലോഭനവും പ്രകോപനവും ഇന്ന് മുമ്പില്ലാത്ത വിധം വർധിച്ചിരിക്കുന്നു.

അതു കൊണ്ടു തന്നെ ഭൗതികതയുടെ അതിപ്രസരത്തിൽ ഇത്തരം ദീനീ ഉണർത്തലുകൾക്കൊന്നും നാം ഒരു വിലയും നൽകുന്നില്ല! എന്നാൽ നാം അറിയണം… ഇത്തരം ദീനീ വിധിവിലക്കുകൾ അവഗണിച്ചാൽ അതിന്റെ ഫലം മാരകമാണ്.. നമുക്ക് ദൈവികഭയം വിനഷ്ട മാകുന്നു! ഈമാനിന്റെ മധുരവും കുളിരും ശാന്തിയും ലഭിക്കാതെ പോകുന്നു!സർവ്വോപരി ആദർശദാർഢ്യത എന്നത് അധര വ്യായാമം മാത്രമായി പരിണമിക്കുന്നു!

സദാ അല്ലാഹുവെ ഓർത്തും അവനെ ഭയപ്പെട്ടും ജീവിക്കേണ്ടവരാണ് സത്യവിശ്വാസികൾ. വ്യക്തി തലം മുതൽ പൊതു ഇടങ്ങൾ വരെ ഈ മാനസീകാവസ്ഥ കൈവിടരുത്. എങ്കിൽ മുന്നിൽ വന്നു നിൽക്കുന്ന ഏത് പ്രലോഭനങ്ങളെയും മറികടക്കാൻ നമുക്ക് സാധിക്കും.

അകം അവ്വിധം പരുവപ്പെട്ടില്ലെങ്കിൽ കാണുന്ന എല്ലാ ജീർണദൃശ്യങ്ങളിലും മനസ്സ് ഉടക്കും. കണ്ണിലൂടെ കയറി വരുന്ന വിഷലിപ്തമായ കാഴ്ചകൾ ഹൃദയത്തെ കറുപ്പിക്കും.അതിനാൽ കണ്ണുകൾ നിയന്ത്രിച്ചു ശീലിക്കുക. അതു വഴി ഈമാൻ വർധനവും അതിന്റെ മധുരവും അനുഭവിച്ചറിയുക!

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker