സര്‍വ്വശക്തനായ ദൈവത്തെ സ്വന്തം ഭാവന അനുസരിച്ചല്ല ഉള്‍ക്കൊള്ളേണ്ടതും അംഗീകരിക്കേണ്ടതും. അല്ലാഹുവിനെ അവന്‍ തന്നെ വിശുദ്ധ ഖുര്‍ആനിലൂടെ പരിചയപ്പെടുത്തിയിട്ടുണ്ട്. അല്ലാഹുവിനെ പരിചയപ്പെടുത്താന്‍ ഉപയോഗിച്ചനാമങ്ങളാണ് അസ്മാഉല്‍ ഹുസ്നാ (വിശുദ്ധ നാമങ്ങള്‍) എന്ന പേരില്‍ അറിയപ്പെടുന്നത്. അല്ലാഹുവിന്റെ സല്‍നാമങ്ങളെ പറ്റിയുള്ള സജീവബോധം നമ്മുടെ മനസ്സില്‍ സദാ നിലനിര്‍ത്താനുള്ള ഉപാധി കൂടിയാണ് പ്രാര്‍ത്ഥനകളില്‍ അസ്മാഉല്‍ ഹുസ്ന ഉപയോഗിക്കുന്നത്. സത്യവിശ്വാസം ദൃഢീകരിക്കാനും ഉത്തരലഭ്യതയ്ക്കും അത് സഹായകമാണ്.
അല്ലാഹു സൃഷ്ടികര്‍ത്താവ് മാത്രമല്ല. മാര്‍ഗദര്‍ശനമേകുന്നവന്‍ കൂടിയാണ് (ഹാദി). അത് ദൈവം തന്റെ ബാധ്യതയായി ഏറ്റെടുത്തിട്ടുമുണ്ട്. “നിസ്സംശയം മാര്‍ഗദര്‍ശനം നമ്മുടെ ബാധ്യതയാണ്” (92:12). അല്ലാഹു ഭൂമുഖത്ത് സകലതും സംവിധാനിച്ചപ്പോള്‍ മാര്‍ഗദര്‍ശനത്തിന് ഏര്‍പ്പാടുണ്ടാക്കി. പ്രഥമ മനുഷ്യനായ ആദമിനെ പ്രവാചകന്‍ കൂടിയാക്കിയതിന്റെ പൊരുള്‍ അതാണ്. പല കാലങ്ങളിൽ പരശ്ശതം പ്രവാചകന്‍മാരിലൂടെ റബ്ബിന്റെ ഹിദായത്ത് തുടര്‍ന്നുവന്നു. വിശുദ്ധ ഖുര്‍ആനില്‍ നാലിനം ഹിദായത്ത് പരാമർശിച്ചതായി കാണാം.
- സഹജാവബോധം
ജന്മസിദ്ധമായി മനുഷ്യന്‍ ഉള്‍പ്പെടെയുള്ള സൃഷ്ടികള്‍ക്ക് നല്‍കപ്പെട്ടിട്ടുള്ള കഴിവുകള്‍ അല്ലാഹുവിന്റെ മഹത്തായ മാര്‍ഗദര്‍ശനമാണ്. ഇത് സകല സൃഷ്ടികള്‍ക്കും ഉചിത രൂപത്തില്‍ നല്‍കിയിരിക്കുന്നു. മനുഷ്യേതര സൃഷ്ടികളില്‍ ഈ ഹിദായത്ത് മനുഷ്യരേക്കാള്‍ കൂടുതലായുണ്ടെന്ന് തോന്നിപ്പിക്കുമാറ് അതിശയകരമാണ്. ഈ മാര്‍ഗദര്‍ശനത്തിന്റെ ബലത്തിലാണ് ഉറുമ്പ്, മൂട്ട, കൊതുക്, തേനീച്ച ഇങ്ങനെ പലതും നിലനിന്നു പോകുന്നത്. പല ജന്തുക്കളും യാതൊരു മുന്‍കാല പരിശീലനവുമില്ലാതെ ജലത്തിലിട്ടാല്‍ നീന്തുന്നതായി നാം കാണുന്നതും സൃഷ്ടികര്‍ത്താവ് നല്‍കിയ സഹജാവബോധത്തിന്റെ ബലത്തിലാണ്.
മനുഷ്യനേക്കാള്‍ ശ്രവണ, ഘ്രാണശക്തി പട്ടിക്കുണ്ട്. പൂച്ചക്ക് കൂരിരുട്ടിലും നല്ല കാഴ്ചയുണ്ട്. പല ജന്തുക്കളും പരസഹായമില്ലാതെ അതിജീവനം സാധിക്കുന്നവയാണ്. സാമൂഹ്യജീവിയായ മനുഷ്യന് പരിമിത കഴിവേയുള്ളൂ. അതിജീവനത്തിന് പരസഹായം വേണം. മനുഷ്യന്‍ അതിദുര്‍ബലനായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന് ഖുര്‍ആന്‍ പ്രസ്താവിക്കുന്നത് ഈ അര്‍ത്ഥത്തിലായിരിക്കാം. തേനീച്ചക്ക് പടച്ചവന്‍ കനിഞ്ഞ് നല്‍കിയ ഹിദായത്തിനെ പറ്റി വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് കാണുക: “നിന്റെ റബ്ബ് തേനീച്ചക്ക് ബോധനം നല്‍കി. മലകളിലും വൃക്ഷങ്ങളിലും മനുഷ്യന്‍ പണിതുണ്ടാക്കുന്ന പന്തലുകളിലും നിങ്ങള്‍ കൂടുണ്ടാക്കുക. എന്നിട്ട് എല്ലായിനം ഫലങ്ങളും ഭക്ഷിക്കുക. അങ്ങനെ നിന്റെ നാഥന്‍ സജ്ജമാക്കിയ പാതകളിലൂടെ സഞ്ചരിച്ചുകൊള്ളുക”(16: 68,69).
മനുഷ്യ ശിശുവിന് അതീവ ദുര്‍ബലാവസ്ഥയില്‍ അല്ലാഹു നല്‍കിയ ഹിദായത്തിനെ പറ്റി ഖുര്‍ആന്‍ പറയുന്നത് ഇങ്ങനെയാണ്: “നാമവന് ഇരു നയനങ്ങള്‍ നല്‍കിയില്ലേ? നാക്കും ചുണ്ടുകളും. രണ്ടു മാർഗങ്ങളിലേക്കും ഹിദായത്തേകുകയും ചെയ്തു.”( 90:8-10) ഒരു ശിശു ഭൂലോകത്ത് വന്ന ഉടനെ, ഈ ഭൂമിയിൽ അവൻ വളരെ അപരിചിതനാണ്. പക്ഷേ ഏതാനും മിനിറ്റുകൾക്കകം എത്ര മനോഹരമായിട്ടാണ് മാതാവിന്റെ മുൽപ്പാൽ അവൻ നുകരുന്നത്. ഒരു തുള്ളിപോലും വഴിഞ്ഞുപോകാതെ കുടിക്കുന്നു. നേരത്തെ യാതൊരുവിധ പരിശീലനവും കുട്ടിക്ക് കിട്ടിയിരുന്നില്ല. സത്യത്തിൽ ആരാണ് പിഞ്ചുകുഞ്ഞിനെ അതിനുള്ള ബോധനം നൽകിയത്. അല്ലഹുവാണ്, അല്ലാഹുമാത്രമാണ്. ഒരുപക്ഷേ ആ പിഞ്ചു കുഞ്ഞിനെ അതിന് സാധിച്ചില്ലായിരുന്നെങ്കിലോ, അതു വളരെ പ്രയാസമാകുമായിരുന്നു. പക്ഷേ നമ്മുടെ സഹജാവബോധം (instinct) എന്ന ഹിദായത്ത് ആ അവസ്ഥയിൽ അല്ലാഹു കനിഞ്ഞേകി.
ആ ഹിദായത്തിന്റെ വികസിത രൂപമാണ് അല്ലാഹുവിന്റെ പരിശുദ്ധ ദീനുൽ ഇസ്ലാം. ഈ കാര്യം സൂറത്തുൽ ബലദിലെ أَلَمْ نَجْعَلْ لَهُ عَيْنَيْنِ ﴿8﴾ وَلِسَانًا وَشَفَتَيْنِ ﴿9﴾ وَهَدَيْنَاهُ النَّجْدَيْنِ{10} എന്നീ ആയത്തുകൾ ആലോചനാപൂർവ്വം വിശകലനം ചെയ്താൽ നമുക്കെളുപ്പം തിരിച്ചറിയാവുന്നതാണ്. ഈ ആയത്തിലെ النَّجْدَيْنِ എന്ന പദത്തിന് ഇബ്നു അബ്ബാസ് (റ) മാതാവിന്റെ മാറിടം എന്ന് അർഥം നൽകിയതായി ഇബ്നു കസീറിൽ കാണാൻ സാധിക്കും. ഇങ്ങനെ സൃഷ്ടി നീരീക്ഷണങ്ങളിലൂടെ സൃഷ്ടാവിന്റെ മാര്‍ഗദര്‍ശനത്തിന്റെ ഒട്ടുവളരെ ഉദാഹരണങ്ങള്‍ കണ്ടെത്താവുന്നതാണ്. സഹജാവബോധം എന്നും അതിജീവനശേഷി എന്നും മറ്റും പറയുന്ന ഈ പ്രതിഭാസം ചിന്തനീയം തന്നെ.
2. വിശേഷബുദ്ധി
ഹിദായത്ത് സകല സൃഷ്ടികള്‍ക്കുമുള്ളതാണെങ്കില്‍ വിശേഷബുദ്ധി മനുഷ്യന് മാത്രമുള്ളതാണ്. ഇതാണ് മനുഷ്യനെ ഇതരസൃഷ്ടികളില്‍ നിന്നും വ്യത്യസ്തനും വിശിഷ്ടനുമാക്കുന്നത്. വിശേഷബുദ്ധി, വകതിരിവ്, മനസ്സാക്ഷി തുടങ്ങിയ വിവിധ പദാവലികളാല്‍ വ്യവഹരിക്കപ്പെടുന്ന ഈ ഹിദായത്ത് ആകാശ ഭൂമികളും പര്‍വ്വതങ്ങളുമൊക്കെ വഹിക്കാന്‍ വിസ്സമ്മതിച്ച അമാനത്താണെന്നാണ് ഖുര്‍ആന്‍ പറയുന്നത്. “തീര്‍ച്ചയായും വാനഭൂമികളുടെയും പര്‍വ്വതങ്ങളുടെയും മുമ്പില്‍ നാം ഈ അമാനത്ത് സമര്‍പ്പിച്ചു. അപ്പോള്‍ അതേറ്റെടുക്കാന്‍ അവ വിസമ്മതിച്ചു. മനുഷ്യന്‍ അതേറ്റെടുത്തു”.(33:72) വിശുദ്ധ ഖുർആൻ പറയുന്നു:”إِنَّا هَدَيْنَٰهُ ٱلسَّبِيلَ إِمَّا شَاكِرًۭا وَإِمَّا كَفُورًا” “നാം അവന് വഴി കാട്ടിക്കൊടുത്തു. അവന് നന്ദിയുള്ളവനാകാം, നന്ദി കെട്ടവനുമാകാം.” (73:3)
3. പ്രവാചകന്മാര്‍
നേരത്തെ പറഞ്ഞ രണ്ട് ഹിദായത്ത് മനുഷ്യര്‍ക്കുണ്ടെങ്കിലും അവ കൊണ്ട് മനുഷ്യനില്‍ അര്‍പ്പിക്കപ്പെട്ട ഉത്തരവാദിത്തം കാര്യക്ഷമമായി നിര്‍വ്വഹിക്കാന്‍ പ്രയാസകരമാണെന്ന് സൃഷ്ടികര്‍ത്താവിനറിയാവുന്നതിനാലാണ് പ്രവാചകന്മാരിലൂടെയുള്ള മൂന്നാമതൊരു ഹിദായത്ത് പ്രസക്തമാകുന്നത്. “എന്താ സൃഷ്ടികര്‍ത്താവിന് സൃഷ്ടികളെ സംബന്ധിച്ച് അറിയില്ലെന്നോ. അവന്‍ ഗൂഢജ്ഞനും സൂക്ഷ്മജ്ഞനുമാണ്.” (67:14) പഞ്ചേന്ദ്രിയങ്ങള്‍ക്ക് പരിമിതികളുണ്ട്. ചിലപ്പോള്‍ അവ നല്‍കുന്ന വിവരം പിഴക്കാറുമുണ്ട്. നിശ്ചിത പരിധിക്കപ്പുറമോ ഇപ്പുറമോ കാണാനും കേള്‍ക്കാനും അവന് സാധ്യമല്ല.
വിശേഷബുദ്ധിയുടെ അടിസ്ഥാനത്തിലുള്ള വിവേചന ശേഷിക്ക് നല്ല പരിമിതിയും പോരായ്മയുമുണ്ടെന്നതിന് സോക്രട്ടീസ് മുതല്‍ കാറല്‍മാക്സ് വരെയുള്ളവരുടെ ചിന്തകള്‍ തെളിവാണ്. നേരത്തെ പറഞ്ഞ രണ്ടിനും മാര്‍ഗദര്‍ശനങ്ങള്‍ക്കുമപ്പുറം ഫലപ്രദമാക്കാനുതകുന്ന മൂന്നാമതൊരു മാര്‍ഗദര്‍ശനം വളരെ അനുപേക്ഷണീയമായതിനാലാണ് മനുഷ്യവാസം ആരംഭിച്ച പ്രഥമഘട്ടം മുതല്‍ പ്രവാചകന്മാരെ നിയോഗിച്ചത്. “അവ്വിധം അവരുടെ പിതാക്കളില്‍ നിന്നും മക്കളില്‍ നിന്നും സഹോദരങ്ങളില്‍ നിന്നും നാം മഹാന്മാരാക്കിയിട്ടുണ്ട്. അവരെ നാം പ്രത്യേകം തെരഞ്ഞെടുക്കുകയും നേര്‍വഴിയില്‍ നയിക്കുകയും ചെയ്തു.”(6:88)
4. സന്മാര്‍ഗം സ്വീകരിക്കാനുള്ള വഴി
ഒന്നാമത്തെ ഹിദായത്ത് ജന്തുവെന്ന നിലക്കും രണ്ടാമത്തെത് മനുഷ്യനെന്ന നിലക്കുമാണെങ്കില്‍ മൂന്നാമത്തേത്ത് പ്രവാചകന്മാരെ അംഗീകരിച്ചുകൊണ്ടുള്ള സത്യവിശ്വാസി എന്ന നിലക്കാണ്. ഇങ്ങനെ മൂന്നും ലഭിച്ചവനാണ് നാലാമത്തെ ഹിദായത്തിന് വേണ്ടി ആഗ്രഹിക്കുന്നത്. അതാണ് സത്യവിശ്വാസി ദിനേന ചുരുങ്ങിയത് പതിനേഴ് തവണ ആവര്‍ത്തിച്ച് അല്ലാഹുവോട് വിനയപൂര്‍വ്വം തേടുന്നത്. ധര്‍മാധര്‍മങ്ങള്‍ നിരന്തരം സംഘട്ടനത്തിലേര്‍പ്പെടുന്ന ഈ ജിവിതത്തില്‍ സത്യത്തേയും ധര്‍മത്തെയും പുല്‍കാനുള്ള ഭാഗ്യം ലഭിക്കുകയെന്നതും പടച്ചവന്റെ തുണകൊണ്ടേ സാധിക്കൂ.
തിന്മയെ നിരാകരിക്കാനും നന്മയെ പുല്‍കാനും എല്ലാവര്‍ക്കും സാധിക്കുന്നില്ല എന്നത് ഒരു അനുഭവസത്യം മാത്രമാണ്. ഖുര്‍ആന്‍ പറയുന്നു: “സത്യവിശ്വാസത്തെ അല്ലാഹു നിങ്ങള്‍ക്ക് പ്രിയങ്കരമാക്കിത്തരുകയും നിങ്ങളുടെ ഹൃദയങ്ങളില്‍ അലംകൃതമാക്കിത്തീര്‍ക്കുകയും ചെയ്തിരിക്കുന്നു. സത്യനിഷേധവും ദുര്‍നടപ്പും ധിക്കാരവും നിങ്ങള്‍ക്ക് വെറുപ്പുളവാക്കിത്തീര്‍ക്കുന്നു. അങ്ങനെയുള്ളവന്‍ തന്നെ സന്മാര്‍ഗ പ്രാപ്തന്‍”. (49:7)
നമ്മുടെ ദുർബലാവസ്ഥയിൽ അതിജീവനത്തിനും വളർച്ചക്കുവേണ്ടി അല്ലാഹു നൽകിയ ഹിദായത്താകുന്നു മാതാവിന്റെ അമ്മിഞ്ഞപ്പാൽ. അതുപോലെയാണ് ദീനുൽ ഇസ്ലാം. കൊച്ചു നാളിൽ ശൈശവാവസ്ഥയിൽ നമ്മൾ സസന്തോഷം സ്വീകരിച്ചു, ഉപയോഗപ്പെടുത്തി അങ്ങനെ നമ്മൾ വളർന്നു. വളർന്നു വലുതായതിൽ പിറകെ നമുക്ക് കുറേക്കൂടി വിശാലമായ ഉയർന്ന നിലവാരത്തിലുള്ള ഹിദായത്ത് (മാർഗ്ഗദർശനം) അല്ലാഹു നൽകുമ്പോൾ മനുഷ്യൻ വിസമ്മതം കാണിക്കുന്നു,അല്ലെങ്കിൽ മാറിനിൽക്കുന്നു. ഇത് വിവരക്കേടാണ്, വിഡ്ഢിത്തമാണ്.
കാരണം എന്റെ ദുർബലാവസ്ഥയിൽ എനിക്ക് ഏറ്റവും നല്ല ആഹാരം നൽകിയത് അല്ലാഹുവാണ്. അത് സ്വീകരിച്ച ഞാൻ അതേ റബ്ബ് എന്റെ വളർച്ചയുടെ മറ്റു ഘട്ടങ്ങളിൽ നൽകുന്ന മാർഗ്ഗദർശനം സ്വീകരിക്കാതെ തള്ളിക്കളയുന്നത് അവിവേകമാണ്.അല്ലാഹുവിന്റെ ദീൻ സത്യശുദ്ധമാണ്, മനുഷ്യന്റെ പ്രകൃതിയോട് ഏറ്റവും ചേർന്നതും ഉപകാരപ്രദവുമാണ്. ഈ അർത്ഥത്തിൽ അല്ലാഹുവിന്റെ ദീനിനെ അതിന്റ തനിമയോടുകൂടിയും മേന്മയോടു കൂടിയും മനസ്സിലാക്കുവാനും , അങ്ങേയറ്റത്തെ ആത്മാർത്ഥതയോടു കൂടി സ്വാംശീകരിക്കുവാനും ഉതവി നൽകി റബ്ബ് നമ്മെ അനുഗ്രഹിക്കുമാറാകട്ടെ..
Summary: The article explains that Allah introduces Himself through the Qur’an and His Beautiful Names (Asmaul Husna), guiding all creation through four forms of Hidayah (divine guidance): natural instinct, human intellect, prophetic revelation, and spiritual enlightenment. Every being, from animals to humans, is sustained by divine guidance suited to its nature. Just as a child instinctively feeds from its mother, humans are spiritually nourished through divine revelation. Rejecting Allah’s guidance after receiving it is ignorance, as Islam represents the pure, natural, and complete path that aligns with human nature and ensures true moral and spiritual growth.