ഇക്കഴിഞ്ഞ ജൂൺ ആദ്യവാരമാണ്, കുടിയേറ്റ പരിശോധനകൾക്കെതിരായ പ്രതിഷേധ പ്രകടനങ്ങളെ അടിച്ചമർത്താൻ ട്രമ്പ് നിയോഗിച്ച നാഷണൽ ഗാർഡ് ട്രൂപിലെ സൈനികർ തെരുവിൽ ഉറങ്ങുന്നു എന്ന നിലക്ക് കാലിഫോർണിയ ഗവർണർ ഗവിൻ ന്യൂസോം രണ്ട് ചിത്രങ്ങൾ തൻ്റെ എക്സ് ഹാൻഡിലിൽ പോസ്റ് ചെയ്യുന്നു, ഉടനെ വലിയ ചർച്ചകൾക്ക് അത് വഴി വെച്ചു. ഇത് വ്യാജമാണെന്നും വർഷങ്ങൾക്ക് മുമ്പുള്ള ചിത്രം റീ സൈക്കിൾ ചെയ്തതാണെന്നും അഫ്ഗാനിലെ ചിത്രമാണെന്നുമൊക്കെ അഭിപ്രയങ്ങളുണ്ടായി. ഏന്നാൽ ഈ അഭിപ്രായങ്ങളൊക്കെയും തന്നെ എക്സിൻ്റെ എ.ഐ ഗ്രോകിനെയും ചാറ്റ് ജി.പി.ടി യെയും ഉദ്ധരിച്ചുകൊണ്ടായിരുന്നു. മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കാണ് എ.ഐ ബോട്ടുകളുടെ വിവരങ്ങൾ അന്ന് വഴി വെച്ചത്. ഒടുക്കം ഫാക്ട് ചെക്കിങ് പ്ലാറ്റ്‌ഫോമായ പോളിഫാക്ട് ആ ചിത്രങ്ങൾ സത്യമായിരുന്നെന്നും സൻ ഫ്രാൻസിസ്കോ ക്രോണിക്കിൾ അത് പ്രസിദ്ധീകരിച്ചുണ്ടെന്നും സ്ഥിരീകരിച്ചു.ഗ്രോക്കിന് തന്നെ തങ്ങളുടെ തെറ്റ് തിരുത്തേണ്ടിയും വന്നു.
ചാറ്റ് ജി.പി.ടി പോലെയുള്ള ആപ്പുകളെക്കാൾ ഇത്തരം ചാറ്റ് ബോട്ടുകൾ ഏറെ ശ്രദ്ധ ആകർഷിക്കുന്നുണ്ട്. എന്നാൽ ഇത്തരം ബോട്ടുകളുടെ ഇടപെടലുകൾ ആകർഷണീയം എന്നതിനപ്പുറം പലപ്പോഴും അസത്യങ്ങൾക്ക് വഴിവെക്കുന്നു എന്നത് ഏറെ ഗൗരവകരമായ വിഷയം തന്നെയാണ്. ചാറ്റ് ജി.പി.ടി, ജെമിനി പോലെയുള്ള ചാറ്റ് ബോട്ടുകളെല്ലാം എൽ.എൽ.എം (ലാർജ് ലാംഗ്വേജ് മോഡൽ) എന്ന ഇനത്തിൽ പെടുന്നവയാണ്, അതിനാൽ തന്നെ തങ്ങൾക്ക് കിട്ടിയ പരിശീലന ഡാറ്റകൾക്കാനുസരിച്ച് അവയിൽ പ്രകടമായ മാറ്റങ്ങൾ കാണാം. എന്നാൽ ഗ്രോക്കിൻ്റെ കാര്യത്തിൽ യാതൊരു വിധ പൊളിറ്റിക്കൽ കറക്ട്നെസ്സും വേണ്ട എന്ന നിലപാടെടുത്തത് കാരണം ഹിറ്റ്ലർ സ്തുതി, ആൻ്റി സെമിറ്റിക് കാഴ്ചപ്പാടുകൾ തുടങ്ങിയവയെല്ലാം അതിൽ ഇടക്കിടെ കാണാം. കൂടാതെ എക്സ് ഉപഭോക്താക്കളുടെ പോസ്റ്റുകൾ തെളിവുകളായി സ്വീകരിക്കുന്ന നിലപാടും ഗ്രോക്കിൻ്റെ ആധികാരികതക്ക് മേൽ കരിനിഴൽ വീഴ്ത്തുന്നുണ്ട്.
ജൂൺ മാസത്തിലെ രണ്ട് പോസ്റ്റുകളെയാണ് അൽജസീറ വിശകലനത്തിനായി തിരഞ്ഞെടുത്തത്. നേരത്തെ പരാമർശിച്ച ഗാവിൻ ന്യൂസമിന്റെ പോസ്റ്റാണ് ആദ്യത്തേത്. ട്രംപിനെതിരെയുള്ള മസ്കിൻ്റെ ആരോപണം അടങ്ങുന്ന പോസ്റ്റാണ് രണ്ടാമത്തേത്. ആദ്യത്തെ പോസ്റ്റിൽ ഗ്രോക്കിനെ ടാഗ് ചെയ്ത പോസ്റ്റുകളിൽ 68% ആളുകളും ആവശ്യപ്പെട്ടത് ഫാക്ട് ചെക്കിങ്ങായിരുന്നു. ചുരുക്കം ചിലർ ചിത്രങ്ങളുണ്ടാക്കാനും മറ്റും ആവശ്യപ്പെട്ടു. മസ്‌കിൻ്റെ പോസ്റ്റിൽ പകുതിയിലധികം ആളുകളുടെയും ആവശ്യം വിശദീകരണമായിരുന്നു. ഒരു ഇരുപത് ശതമാനം ഫാക്ട് ചെക്കിങ്ങും ആവശ്യപ്പെട്ടു. എക്സിൽ 2.3 മില്യൺ പ്രാവശ്യമാണ് ഈ രണ്ട് ആഴ്ചക്കിടയിൽ ഗ്രോക്ക് ടാഗ് ചെയ്യപ്പെട്ടത്, ഈ പ്രവണത സമൂഹത്തിനിടയിൽ എത്രത്തോളം വേരിറങ്ങിയിട്ടുണ്ടെന്നതിൻറെ കൃത്യമായ തെളിവാണ് ഇത്. ഗ്രോക്കിനെ ഫാക്റ്റ് ചെക്കിങ്ങിന് അവലംബ്ക്കുന്ന എക്സ് തങ്ങളുടെ ഉപഭോക്താക്കളെ വ്യാജ വർത്തകളുടെ ഒരുതരം ചേംബറിൽ തടഞ്ഞു വെച്ചിരിക്കുകയാണെന്നാണ് പോയിൻ്റർ ഇൻസ്റ്റിറ്റ്യൂട്ടിലെ അനലിസ്റ്റ് അലക്സ് മഹാദേവൻ അഭിപ്രായപ്പെടുന്നത്.
ഫാക്ട് ചെക്കിംഗിലെ ഗ്രോക്കിൻറെ അസ്ഥിരത വലിയൊരു വിഭാഗം ഓൺലൈൻ ഉപഭോക്താക്കളുടെ അഭിപ്രായ രൂപിലീകരണത്തിൽ സ്വാധീനം ചെലുത്തുന്നുണ്ട് എന്ന ഗൗരവതരമായ പഠനമാണ് ഡിജിറ്റൽ ഫോറൻസിക് റിസേർച്ച് ലാബ് ഈയിടെ പുറത്തുവിട്ടത്. ഇസ്രായേൽ-ഇറാൻ സംഘർഷത്തിനിടയിലെ ഒരു ലക്ഷത്തിലധികം പോസ്റ്റുകളെ പഠന വിധേയമാക്കിയ അവർ ഫാക്ട് ചെക്കിങ്ങിലെ ഗ്രോക്കിൻ്റെ ദയനീയ പ്രകടനത്തെയാണ് ചൂണ്ടിക്കാട്ടിയത്. ഇറാൻ പോസ്റ്റുകളുടെ ആധികാരികത നിർണയിക്കുന്നതിലും ഗ്രോക്ക് നിരന്തരം പരാജയപ്പെടുവെന്ന് അവർ പറഞ്ഞ് വെക്കുന്നു. വളർന്നു വരുന്ന ഇത്തരം ചാറ്റ് ബോട്ട് ഫാക്ട് ചെക്കിംഗ് പ്രവണതകൾക്കിടയിലും റോയിട്ടേഴ്‌സിൻ്റെ ഈ വർഷത്തെ ഡിജിറ്റൽ ന്യൂസ് റിപ്പോർട്ട് സൂചിപ്പിക്കുന്നത് അധിക വായനക്കാരും വാർത്ത ഏജൻസികളെയാണ് ഫാക്ട് ചെക്കിംഗിനായി ആശ്രയിക്കുന്നത് എന്നാണ്.
വർഷങ്ങളായി ട്വിറ്റർ യൂസേഴ്സ് ഉപയോഗിച്ചുപോന്നിരുന്ന കമ്മ്യൂണിറ്റി നോട്ട് എന്ന ഫാക്ട് ചെക്കിങ് രീതിയെ എടുത്ത് കളഞ്ഞ് എക്സിനെ വ്യാജ വാർത്തകളുടെ കോളാമ്പിയാക്കി മാറ്റിയിരിക്കുകയാണ് മസ്ക്. കമ്മ്യൂണിറ്റി നോട്ടുകളാണ് എ.ഐ യെക്കാൾ വിശ്വസനീയമെന്ന് പഠനങ്ങൾ തെളിയിക്കുന്നുണ്ട്. എന്നാൽ ഒരു പോസ്റ്റിന് കമ്മ്യൂണിറ്റി നോട്ട് ഇടാനുള്ള സമയം വലിയ തോതിൽ മസ്ക് വെട്ടിക്കുറച്ചതായി കാണാം. ആയതിനാൽ തന്നെ നോട്ടുകൾ ഇടാനുള്ള ആളുകളുടെ താൽപര്യത്തിലും കുറവ് സംഭവിച്ചിട്ടുണ്ട്. അതിവേഗ മറുപടികൾക്കിടയിൽ പലപ്പോഴും ഗ്രോക്ക് സത്യങ്ങൾ മറന്ന് പോകുന്നതായി കാണാം. ഏന്നാൽ ഈ ഒരു വിടവ് നികത്താൻ മനുഷ്യ – എ.ഐ കൂട്ടുകെട്ട് നിർമ്മിക്കാനുള്ള ശ്രമതിലാണിപ്പോൾ എക്സ്. ഉപയോക്താക്കൾക്ക് സ്വന്തമായി ചാറ്റ് ബോട്ടുകൾ നിർമിക്കാൻ സാധിക്കുന്ന തരത്തിൽ കര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നു. എന്നിരുന്നാലും മനുഷ്യ ബുദ്ധിയുടെ ഇടപെടലുകളില്ലാതെ കര്യങ്ങൾ യഥാവിധി നടക്കുകയില്ല എന്നത് തന്നെയാണ് യാഥാർത്ഥ്യം.
എക്സ് എ.ഐ തങ്ങളുടെ പുതിയ മോഡലായ Grok.4 പുറത്തിറക്കിയത് ദിവസങ്ങൾക്ക് മുന്നേ മാത്രമാണ്. എന്നാൽ തങ്ങളുടെ സൃഷ്ടാക്കളുടെ കാര്യത്തിൽ പോലും ഗ്രോക്ക് ദയ കാണിക്കുന്നില്ല എന്നതാണ് സത്യം. ട്രംപും മസ്കും വധശിക്ഷക്ക് അർഹരാണെന്നായിരുന്നു ഗ്രോക്കിൻറെ ഒരു മറുപടി. വലതാണോ ഇടതാണോ രാഷ്ട്രീയമായി കൂടുതൽ പരാക്രമങ്ങൾ കാണിച്ചിട്ടുള്ളത് എന്ന ചോദ്യത്തിന് റോയിറ്റേഴ്‌സിനെയും ഗവൺമെൻ്റ് സൈറ്റുകളെയും ഉദ്ധരിച്ച് ഗ്രോക്ക് നൽകിയ മറുപടി വലതുപക്ഷം എന്നായിരുന്നു, അതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടിയതാവട്ടെ ക്യാപിറ്റോൾ ഹിൽ ആക്രമവും. എന്നാൽ ഇത് തീർത്തും വാസ്തവവിരുദ്ധമായ ഒരു അഭിപ്രായ പ്രകടനമായിരുന്നു എന്നാണ് മസ്ക് ഇതിൽ പ്രതികരിച്ചത്. തെറ്റുകളെല്ലാം തിരുത്തി പൊളിറ്റിക്കൽ കറക്റ്റ്നെസ്സിനെക്കാൾ സത്യത്തിന് പ്രാമുഖ്യം നൽകുമെന്നും മസ്ക് തുറന്നടിച്ചു. പിഴവുകൾ വരുത്തുമെങ്കിലും എൽ.എൽ.എമ്മുകൾ ആധികാരിക രേഖകൾ ഉദ്ധരിക്കുന്നതിൽ ഏറെ കൃത്യത പുലർത്താറുണ്ട്. തങ്ങളുടെ നിർമ്മാതാക്കളെ പോലും വിമർശിക്കാൻ മടിക്കാറില്ല എന്നതാണ് ഇവകളെക്കുറിച്ചുള്ള രസകരമായ യാഥാർഥ്യം.
പൊളിറ്റിക്കൽ കറക്റ്റ്നെസ് നോക്കേണ്ട എന്ന ഗൈഡ്ലൈനുമായി ഇറങ്ങിയ ഗ്രോക്ക് ദിവസങ്ങൾക്കുള്ളിൽ ഹിറ്റ്ലർ സ്തുതിയുമായി ഉപയോക്താക്കളെ ഞെട്ടിച്ചു. തുടർന്ന് പോസ്റ് ഡിലീറ്റ് ചെയ്ത് ഈ ഗൈഡ്‌ലൈൻ മാറ്റുകയായിരുന്നു. എന്നാൽ ഗ്രോക്ക്.4 ഇറങ്ങിയ ശേഷവും രാഷ്ട്രീയ വിഷയങ്ങളിൽ ഗ്രോക്ക് പതറുന്നത് കാണാം. മസ്കിൻ്റ് അഭിപ്രായങ്ങൾ പരതി അതിനനുസരിച്ച് മറുപടി കണ്ടെത്തുന്ന രീതി പല ഗവേഷകരും ചൂണ്ടിക്കാണിക്കുന്നുണ്ട്. വിവാദങ്ങളെ തുടർന്ന് ഗ്രോക്ക്.3 ൽ നിന്ന് നീക്കിയ ഗൈഡ്ലൈനുകൾ ഗ്രോക്ക്.4 ൽ വീണ്ടും ഉൾപ്പെടുത്തിയതും ഏറെ ആശ്ചര്യപ്പെടുത്തുന്നുണ്ട്. ഇത് ഗ്രോക്കിൻറെ വിശ്വാസ്യതയേയും അതിനെത്തുടർന്ന് എക്സിൻറെ ബിസിനസിനെയും കാര്യമായി തന്നെ ബാധിക്കാനുള്ള സാധ്യതകൾ ഏറെയാണെന്നാണ് വിദഗ്ധാഭിപ്രായം.
വിവ: ആദിൽ സംനാസ്
അവലംബം: അൽ ജസീറ
English Summary: This analysis problematizes Grok, the AI fact-checking tool developed by X (formerly Twitter), by critically examining its limitations, inaccuracies, and racially biased outputs. Positioned by Elon Musk’s platform as a tool for truth verification, Grok has, paradoxically, become a source of misinformation and disinformation itself. Multiple documented instances reveal that Grok has produced factually incorrect responses, especially on politically sensitive or racially charged topics—often echoing far-right talking points or dismissing legitimate historical and social grievances.