യുദ്ധത്തിന് മുടക്കം വരുത്താൻ കഴിയാത്ത ചിലതുണ്ട് ഗസ്സയിൽ. അതിലൊന്ന് ഉറപ്പായും ഫുട്ബാൾ ആണ്. അതുകൊണ്ടുതന്നെ, പീരങ്കികൾ റോന്ത് ചുറ്റുന്ന, ഇടക്കിടക്ക് ബോംബ് സ്ഫോടനം നടക്കുന്ന, ഡ്രോണുകൾ മുരണ്ടു പായുന്ന ആകാശമുള്ള അതേ മണ്ണിൽ “ഗോൾ….”.എന്ന് ഉച്ചത്തിൽ നീട്ടിയുള്ള ആർപ്പുവിളി കേൾക്കാനാവും നിങ്ങൾക്ക്. “ഛെ, നല്ലൊരു ചാൻസ് മിസ്സാക്കി” എന്ന് കൈകൾ തലയിൽ വെച്ചുള്ള ഒരു ആംഗ്യം, ഇഷ്ടമുള്ള ടീമിൻ്റെ കളിക്കാരൻ പന്തിന് പിറകെയോടി ഗോൾ പോസ്റ്റിനടുത്ത് എത്തുവോളമുള്ള ടെൻഷൻ, എതിർ ടീമിൻ്റെ തോൽവിയിൽ തോന്നുന്ന ആഹ്ലാദം…ഇങ്ങനെ ഫുട്ബാൾ കാണുന്നവർ സ്വഭാവികമായും ചെയ്യുന്നതെല്ലാം ഗസ്സയിലും കാണാം.
അതൊക്കെത്തന്നെ ആയിരുന്നു ഇന്നലെ രാത്രി ഖാൻ യൂനിസ് ബീച്ചിൽ വലിയൊരു സ്ക്രീൻ വെച്ച് അർജൻ്റീന vs നെതർലാൻഡ്സ് രണ്ടാം സെമി ഫൈനൽ കാണുന്നവരും ചെയ്തിരുന്നത്. പക്ഷേ, സ്വയം മറന്നുള്ള ആ സന്തോഷത്തിന് ഇനി ചില നിമിഷങ്ങൾ മാത്രമേ ആയുസ്സുള്ളൂ എന്നോ, തങ്ങളുടെ ജീവനെടുക്കാൻ വിറളി പൂണ്ട ഒരു യുദ്ധ പീരങ്കി വാ പിളർന്ന് തൊട്ടടുത്ത് എത്തിയിട്ടുണ്ട് എന്നോ അവർ അറിഞ്ഞിരുന്നില്ല. ഉടനെ കൊല്ലപ്പെടാൻ പോകുന്നതറിയാതെ അവർ ഫുട്ബാളിൽ മുഴുകി.
ആറു പേര് അപ്പോൾ തന്നെ ദാരുണമായി കൊല്ലപ്പെട്ടു. ജീവനോടെയിരിക്കെ 14 പേരുടെ കൈയും കാലും കണ്ണും കാതും ചിതറിത്തെറിച്ചു. ബീച്ചിലെ മണലിൽ ചോര തളം കെട്ടി നിന്നു. പതുക്കെ പതുക്കെ കടലിലേക്ക് ഊർന്നു പോയി വെള്ളത്തെ കടും ചുവപ്പ് നിറമാക്കി. അവരിൽ പലരുടെയും ചുണ്ടുകളിലുണ്ടായിരുന്ന ശീഷാ പൈപ്പ് അപ്പോൾ ആകാശത്തേക്ക് തെറിച്ച് പോയി. പിന്നെ, ഉടമസ്ഥൻ നഷ്ടമായ, ചോര പുരണ്ട ചെരിപ്പിനും കുപ്പായങ്ങൾക്കുമൊപ്പം ക്രൂരതയുടെ സാക്ഷി പത്രമായി നിലത്ത് വീണു കിടന്നു.
നേരം പുലരുമ്പോഴേക്കും ആ കൂട്ടത്തിലെ മൂന്ന് പേർക്ക് കൂടി ജീവൻ നഷ്ടമായി. ഇത്ര ഗോളിന് ഇന്ന ടീം ഫൈനലിൽ എത്തുമെന്ന്, കപ്പടിക്കുമെന്ന് പ്രവചിച്ചിരുന്നവർക്ക് കണ്ടു കൊണ്ടിരുന്ന കളി പോലും മുഴുമിപ്പിക്കാൻ കഴിയാതെ അന്യായമായി, അതി ക്രൂരമായി ദയയില്ലാത വിധം ഈ ഭൂമി വിട്ടു പോകേണ്ടി വന്നു. ഏറ്റവും സങ്കടം എന്തെന്നാൽ, അവരുടെ പ്രിയപ്പെട്ട കളിക്കാരിൽ ഒരാൾ പോലും ഇതൊന്നും അറിയാൻ പോകുന്നില്ല എന്നതാണ്. ഇനി അഥവാ അറിഞ്ഞാൽ തന്നെയും ആ സാധുക്കളുടെ ജീവന് വേണ്ടി ദുഃഖിക്കുകയുമില്ല.
രാവിലെ ഞാനുണരുമ്പോഴേക്കും ചെറുതും വലുതുമായ പല പല ഭീകരാക്രമണങ്ങളിൽ മുപ്പത് പേർ കൂടി കൊല്ലപ്പെട്ടിരുന്നു. ഒറ്റയടിക്ക് കുറേ പേരെ കൊല്ലുക എന്നതാണ് ഇസ്രായേലിൻ്റെ ഇപ്പോഴത്തെ രീതി. ഉന്നം വെക്കുന്നവരുടെ കൂട്ടത്തിൽ ആരും രക്ഷപ്പെട്ടിട്ടില്ല എന്നും തകർക്കുന്ന കെട്ടിടങ്ങളിൽ പിന്നീട് ജീവിക്കാനുതകുന്നതൊന്നും ബാക്കിയായിട്ടില്ല എന്നും പ്രതികാര ബുദ്ധിയോടെ അവർ ഉറപ്പുവരുത്തുന്നു. ഉച്ചക്ക്, അതി ശക്തമായ ഭൂകമ്പത്തിൽ എന്ന പോലെ ഞങ്ങളുടെ വീടും കെട്ടിടവും കുലുങ്ങിപ്പോയി. വീടിൻ്റെ കിഴക്ക് ഭാഗത്ത് സഫ്താവി സ്‌ക്വയറിൽ ഒരു കാറിന് ബോംബിട്ടതാണ്. അതിലുണ്ടായിരുന്നവർ – അതീവ ഗുരുതരമായ പരിക്കേറ്റ് പകുതി ജീവൻ മാത്രമായ ഒരാളൊഴികെ – എല്ലാവരും അപ്പോൾ തന്നെ കൊല്ലപ്പെട്ടു.
വൈകുന്നേരം കറൻ്റ് വന്നപ്പോൾ ഞാനും ഹന്നയും മക്കളും കൂടി ടി.വിയിൽ അവർക്ക് ഇഷ്ടപ്പെട്ട കാർട്ടൂൺ കാണാനിരുന്നു. ടി.വിയിൽ മുഴുകുന്ന കുറച്ച് നേരത്തേക്കെങ്കിലും കുഞ്ഞുങ്ങൾ യുദ്ധം മറക്കും, പേടി മറക്കും, സന്തോഷിക്കും. അതിനു വേണ്ടിത്തന്നെ ചെയ്യുന്നതാണ് അങ്ങനെയൊക്കെ. സ്വന്തത്തോടും മക്കളോടും ചെയ്യുന്ന ഏറ്റവും ഭംഗിയുള്ള പറ്റിക്കൽ ആണത്.
ഉച്ചത്തേതിൻ്റെ ബാക്കി എന്ന പോലെ പിന്നെയും ഭൂമി കുലുക്കവും സ്‌ഫോടനവുമുണ്ടായി – തൊട്ടടുത്ത്. അതിൻ്റെ ശക്തിയിൽ മരങ്ങൾ കടപുഴകി മുകളിലേക്ക് തെറിക്കുന്നതും അട്ടിയട്ടിയായി ഭൂമിയിൽ തന്നെ പതിച്ചതും ഞാൻ കണ്മുന്നിൽ കണ്ടു. ഭീകരമായ കാഴ്ച. അവിടെയുണ്ടായിരുന്ന മണ്ണ് അപ്പാടെ കുഴിഞ്ഞുപോയി. ആർക്കുമൊന്നും കാണാനാകാത്ത വിധം അന്തരീക്ഷം പൊടി പടലം കൊണ്ട് നിറഞ്ഞു. മനുഷ്യരാണ് എന്ന് തെറ്റിദ്ധരിച്ച് മരങ്ങളെയാണ് ഇപ്രാവശ്യം മരണം വരിഞ്ഞ് മുറുക്കിയത് എന്ന് തോന്നിപ്പോയി.
അല്ലെങ്കിലും സ്വന്തം കീശയിൽ വെച്ചിരിക്കുന്ന പേനയോ, കണ്ണിന് മേലെ വെച്ച കണ്ണടയോ മറ്റൊരിടത്ത് തപ്പി നടക്കുന്ന പോലെയാണ് മരണം ഞങ്ങളോട് കളിക്കുന്നത്. ഞങ്ങളുടെ ഏറ്റവും അടുത്ത് എല്ലായിപ്പോഴും അതുണ്ട്. എന്നാലോ, ഞാൻ നിങ്ങളെ കാണുന്നില്ലല്ലോ എന്ന് അഭിനയിക്കുകയാണത്. “അബ്ബാ, എനിക്കൊരു ഐസ്ക്രീം വാങ്ങിത്തരുവോ?” മുമ്പ് പതിവായി പോയിരുന്ന പാർലറിൻ്റെ പേര് പറഞ്ഞ് യാസിർ ചോദിച്ചു.
“ആ കട തുറന്നിട്ടില്ല മോനേ'”
“ഇപ്പോ വേണ്ട. പെരുന്നാൾ കഴിഞ്ഞ് ഷോപ്പ് തുറക്കുമ്പോൾ മതി.”
“ഓ.കെ” ഞാൻ പുഞ്ചിരിയോടെ സമ്മതിച്ചു.
അതൊന്നും ഇനി ഉണ്ടാകാൻ പോകുന്നില്ല എന്ന്, തൽക്കാലം സങ്കടം തോന്നാതിരിക്കാൻ അബ്ബാ വെറും വാക്ക് പറഞ്ഞതാണെന്ന് അവന് മനസ്സിലായിക്കാണുമോ?
വിവ: ഷഹ് ല പെരുമാൾ
Summary: The content vividly portrays the grim reality of daily life in war-torn Gaza, where even moments of joy and normalcy are shattered by sudden death. It begins with a scene of young people watching a World Cup match on a beach in Khan Younis — cheering, laughing, and forgetting the war for a brief moment — before an Israeli airstrike kills and maims many of them in an instant. The narrative then moves through the author’s day, filled with relentless bombings, collapsed buildings, and spreading fear. Despite the horror, families try to hold on to fragments of normal life — children watching cartoons, a father promising ice cream — gestures of love that momentarily mask the omnipresence of death.