Columns

കിതാബ് തുറക്കാനാവാത്തതില്‍ ആവലാതിപ്പെടുന്നവര്‍

കുഞ്ഞിമോന്‍ക്ക പറഞ്ഞ സംഭവമാണ്. ഒരിക്കല്‍ ഒരാളെ അന്വേഷിച്ചു അദ്ദേഹം അബൂദാബിയില്‍ ഒരു റൂമില്‍ പോയി. അന്ന് മൊബൈല്‍ ഫോണ്‍ ഇല്ലാത്ത കാലമാണ്. അവിടെ ഒരാളിരുന്ന് എന്തോ എഴുതുന്നുണ്ട്. സലാം പറഞ്ഞിട്ടും തല ഉയര്‍ത്തി നോക്കുക എന്നല്ലാതെ അയാള്‍ പ്രതികരിച്ചില്ല. കുറച്ചു സമയം കഴിഞ്ഞു കുഞ്ഞിമോന്‍ക്ക അന്വേഷിച്ചു ചെന്ന ആള്‍ വന്നു. സംസാര മധ്യേ കുഞ്ഞിമോന്‍ക്ക എയര്‍പോര്‍ട്ടിലാണ് ജോലി ചെയ്യുന്നത് എന്ന് ആദ്യമുള്ള ആള്‍ക്ക് മനസ്സിലായി. പതുക്കെ തന്റെ സ്ഥലത്ത് നിന്നും എഴുന്നേറ്റു അയാള്‍ കുഞ്ഞിമോന്‍ക്കയോട് ചോദിച്ചു ‘നാളെ നാട്ടില്‍ പോകുകയാണ്. തൂക്കത്തില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ’

സ്വന്തം കാര്യത്തിനു മാത്രം വാ തുറക്കുന്ന ജനമുള്ള നാടാണ് നമ്മുടേത്. മനുഷ്യ ജീവനെ പച്ചയായി അപമാനിച്ച സംഭവങ്ങള്‍ പലതും കഴിഞ്ഞു പോയിട്ടും വായ തുറക്കാത്തവരും അഭിപ്രായം പറയാത്തവരും ഇന്ന് അഭിപ്രായവുമായി രംഗത്ത് വന്നിരിക്കുന്നു. നാടകം കളിയ്ക്കാന്‍ കഴിയാത്ത കുട്ടികളുടെ കണ്ണുനീര്‍ അവര്‍ക്ക് സഹിക്കുന്നില്ല. പലരും പറഞ്ഞു വന്നത് കേരളത്തില്‍ ശക്തി പ്രാപിച്ചു വരുന്ന ഇസ്ലാമിക തീവ്രവാദമാണ് കാരണം എന്ന അടിസ്ഥാനത്തിലാണ്.

കിത്താബ് ഒരു നാടകമോ അതോ ഒരു ഒരു മതത്തിന്റെ നേരെയുള്ള കയ്യേറ്റമോ എന്നതാണ് പ്രസക്തമായ ചോദ്യം. ഒരേ സമയം രണ്ടു പക്ഷികളെ വീഴ്ത്താനുള്ള നാടക സംവിധായകന്റെയും അണിയറ ശില്‍പ്പികളുടെയും ഗൂഢ പദ്ധതി എന്നാണ് അതില്‍ നിന്നും മനസ്സിലാകുക. ഇസ്ലാമിലെ സ്ത്രീയെയും അതിന്റെ വിശ്വാസത്തെയും അവഹേളിക്കാന്‍ ഇതിലും നല്ല സദസ്സില്ല എന്നതായിരുന്നു അവരുടെ കണ്ടെത്തല്‍.

കേരളത്തിലെ ഒരു ഇസ്ലാമിക സംഘടനയും അതിനെതിരെ സംഘ പരിവാരിന്റെ ശബരിമല രീതി സ്വീകരിച്ചില്ല. മാന്യമായ രീതിയിലായിരുന്നു അവരുടെ ഇടപെടല്‍. തികച്ചും ജനാധിപത്യ രീതിയില്‍. സമരം ചെയ്യുക, പ്രതിഷേധം അറിയിക്കുക എന്നത് ജനാധിപത്യ രീതിയാണു. അതെ സമയം ബലം പ്രയോഗിച്ചു തടയാനൊന്നും ആരും പോയില്ല. മതങ്ങള്‍ക്ക് നിഷേധിക്കാന്‍ കഴിയാത്ത സ്ഥാനമുള്ള നാട്ടില്‍ ഒരു കലാമൂല്യവുമില്ലാത്ത തികച്ചും അവഹേളനമായ ഇത്തരം കാര്യങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കരുത് എന്നത് ഒരു നല്ല തീരുമാനമാണ്. മതങ്ങളെ വിമര്‍ശിക്കാം. നാടകം സംഘടിപ്പിക്കാം. അത് മതങ്ങള്‍ ഊന്നി പറയുന്ന അടിസ്ഥാനത്തിനെ എതിര്‍ത്ത് കൊണ്ടാകണം. അല്ലാതെ മതത്തില്‍ ഇല്ലാത്ത ഒന്ന് അവരുടെ മേലില്‍ കെട്ടി വെച്ചാകരുത്.

സമൂഹങ്ങള്‍ തമ്മില്‍ കുഴപ്പം കാണാന്‍ സംഘ പരിവാര്‍ ശക്തികള്‍ കണ്ണില്‍ എണ്ണ ഒഴിച്ച് കാത്തിരിക്കുന്ന കാലത്ത് ഇത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ പാടില്ല. അതിന്റെ സാമൂഹിക വശം മനസ്സിലാക്കി തന്നെയാണ് കോടതിയും അനുമതി നല്‍കാതിരുന്നത്. മതം ഒരു ഇരുതല മൂര്‍ച്ചയുള്ള ആയുധമായാണ് പലരും കാണുന്നത്. എപ്പോള്‍ വേണമെങ്കിലും കുഴപ്പത്തിലേക്കു കൊണ്ട് പോകാന്‍ കഴിയുന്ന കാര്യം. അതിനാല്‍ പ്രബുദ്ധ കേരളത്തില്‍ മതങ്ങള്‍ തമ്മിലും മത നിഷേധികള്‍ തമ്മിലും സംവാദം നടക്കട്ടെ. അവഹേളനം അവസാനിപ്പിക്കട്ടെ.

ചോദിച്ചയാളെ കുഞ്ഞിമോന്‍ക്ക രൂക്ഷമായി ഒന്ന് നോക്കി. ആ നോട്ടത്തില്‍ എല്ലാം ഉണ്ടായിരുന്നു. അവരുടെ ആവശ്യത്തിനു മാത്രം അഭിപ്രായം പറഞ്ഞു വരുന്നവരെ നാം അങ്ങിനെ നോക്കണം. കുട്ടികള്‍ നാടകം കളിക്കട്ടെ. അത് മറ്റുള്ളവരുടെ ചിലവില്‍ ആകരുത് എന്ന് മാത്രം. അതും ഒരു പൊതു സ്ഥാപനത്തില്‍.

Facebook Comments
Show More

Related Articles

Close
Close