Current Date

Search
Close this search box.
Search
Close this search box.

ദുഃഖിച്ചാൽ ദുഃഖം മാറുമോ?

ജീവിതത്തിൽ ഒരിക്കലെങ്കിലും ദുഃഖിക്കാത്തവരായി ആരും ഉണ്ടാവില്ല. സങ്കടത്തിൻ കണ്ണുനീർ ചാലിൽ അടി തെറ്റി വീഴാതെ സ്വയം രക്ഷിച്ചെടുക്കുന്ന മാർഗം കണ്ടെത്തുന്നതാണ് പക്ഷെ വിജയം. ദുഃഖം സഹിക്കാതെ മനം നൊന്തു ഒരു തുണ്ടം കയറിൽ ജീവിതം ഒടുക്കുന്ന കോടീശ്വരന്മാർ പോലും ഇക്കാലത്തു ഒട്ടും കുറവല്ല. ഐഹിക ലോകത്തും പരലോകത്തും മനുഷ്യനെ ഉറപ്പിച്ചു നിർത്തുന്ന ചില വാക്കുകളുണ്ട്. ദൈവത്തിൻറെ ചില വചനങ്ങൾ. മനസ്സിന്റെ ആഴത്തിൽ അത്തരം വാക്കുകളെ കുടിയിരുത്തുകയല്ലാതെ ദുഖത്താൽ അടിപതറാതിരിക്കാൻ വേറെ വഴികളില്ല. ദൈവത്തിൻറെ വചനങ്ങൾ വേരുപിടിച്ച മനസ്സ് സമയാ സമയം ആവശ്യമായ വചനങ്ങൾ ഓർമപ്പെടുത്തി കൊണ്ടിരിക്കും.

ഖുർആൻ സൂറ ഇബ്രാഹീമിലെ 27 ആം സൂക്തം ശ്രദ്ധിക്കുക.

“ഐഹികജീവിതത്തിലും, പരലോകത്തും സുസ്ഥിരമായ വാക്കുകൊണ്ട് സത്യവിശ്വാസികളെ അല്ലാഹു ഉറപ്പിച്ച് നിര്‍ത്തുന്നതാണ്‌. അക്രമകാരികളെ അല്ലാഹു ദുര്‍മാര്‍ഗത്തിലാക്കുകയും ചെയ്യും. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നതെന്തോ അത് പ്രവര്‍ത്തിക്കുന്നു.”

Also read: മാറ്റുവിന്‍ ചട്ടങ്ങളെ …..

എല്ലാത്തിനും ഒരു നിശ്ചയമുണ്ടെന്നും താനറിയാതെ വല്ലയിടത്തു നിന്നും പരിഹാരങ്ങൾ വന്നണയാനുള്ള സാധ്യതയുണ്ടെന്നും ഉറച്ചു വിശ്വസിക്കാൻ വിശ്വാസി ബാധ്യസ്തനാണ്‌. സ്ട്രാഷ്ടാവ് അനുവദിച്ച സാധ്യമായ പരിശ്രമങ്ങളിൽ ഏർപ്പെട്ട ശേഷം പ്രശ്നങ്ങളെ അതിന്റെ സ്വതന്ത്രമായ പര്യവസാനങ്ങൾക്ക് വിട്ടു കൊടുക്കുകയാണ് വിശ്വാസി ചെയ്യുക. പ്രശ്നങ്ങളിൽ അല്ലാഹുവിന്റെ അദൃശ്യമായ ഇടപെടലുകൾ സംഭവിക്കാനുള്ള സാധ്യതയിൽ അവൻ വിശ്വസിച്ചു കൊണ്ടിരിക്കും.

അല്ലാഹുവിന്റെ സഹായം തങ്ങൾക്ക് ലഭിക്കുകയില്ലന്നു കരുതന്നവർ അവനവന്റെ മേൽപ്പുരയിൽ കയറു കെട്ടി ആത്മഹത്യ ചെയ്തു കൊള്ളട്ടെ എന്നർത്ഥം വരുന്ന ഒരു ചോദ്യം അധ്യായം 22 ൽ ഖുർആൻ ഉന്നയിക്കുന്നുണ്ട്.

“ഇഹലോകത്തും പരലോകത്തും അല്ലാഹു സഹായിക്കുന്നതേ അല്ല എന്ന് വല്ലവനും വിചാരിക്കുന്നുവെങ്കില്‍ അവന്‍ ആകാശത്തേക്ക് ഒരു കയര്‍ നീട്ടിക്കെട്ടിയിട്ട് വിച്ഛേദിച്ചുകൊള്ളട്ടെ. എന്നിട്ട് തന്നെ രോഷം കൊള്ളിക്കുന്ന കാര്യത്തെ തന്‍റെ തന്ത്രം കൊണ്ട് ഇല്ലാതാക്കാന്‍ കഴിയുമോ എന്ന് അവന്‍ നോക്കട്ടെ.”.

ദുഃഖത്തിനു കീഴ്പെടുന്നതോ ആത്മഹത്യ പോലെയുള്ള കടും കൈകൾ ചെയ്യുന്നതോ ബുദ്‌ധിയല്ലെന്നു വ്യക്തമാക്കുകയാണ് ഖുർആൻ ഇവിടെ. ദുഃഖിച്ചാൽ ദുഃഖം മാറില്ലെന്ന് ചിന്തിച്ചാൽ മനസ്സിലാവാത്ത ഒരല്പം ബുദ്ധിയെങ്കിലുമുള്ള ആരാണുള്ളത്?. പക്ഷെ ആവശ്യമുള്ള സമയത്തു ഈ ബുദ്‌ധി ഉദിക്കണമെങ്കിൽ വേണം ഒരു ഉതവി. ആവശ്യമുള്ള സമയത്തെല്ലാം സന്ദർഭത്തിനനുസരിച്ച വാക്കുകൾ നൽകി മനസ്സിനെ ഉറപ്പിച്ചു നിർത്തുന്ന കൃത്യം ഭംഗിയായി വിശ്വാസം നിർവഹിച്ചു കൊണ്ടിരിക്കും.

ഖുർആൻ അധ്യായം 14: 24, 25 വചനങ്ങൾ ഈ യാഥാർഥ്യത്തെ അടിവരയിടുന്നു.

“അല്ലാഹു നല്ല വചനത്തിന് എങ്ങനെയാണ് ഉപമ നല്‍കിയിരിക്കുന്നത് എന്ന് നീ കണ്ടില്ലേ? (അത്‌) ഒരു നല്ല മരം പോലെയാകുന്നു. അതിന്‍റെ മുരട് ഉറച്ചുനില്‍ക്കുന്നതും അതിന്‍റെ ശാഖകള്‍ ആകാശത്തേക്ക് ഉയര്‍ന്ന് നില്‍ക്കുന്നതുമാകുന്നു. അതിന്‍റെ രക്ഷിതാവിന്‍റെ ഉത്തരവനുസരിച്ച് അത് എല്ലാ കാലത്തും അതിന്‍റെ ഫലം നല്‍കിക്കൊണ്ടിരിക്കും. മനുഷ്യര്‍ക്ക് അവര്‍ ആലോചിച്ച് മനസ്സിലാക്കുന്നതിനായി അല്ലാഹു ഉപമകള്‍ വിവരിച്ചുകൊടുക്കുന്നു.”

Also read: സമൂഹം കാത്തിരിക്കുന്ന ഭാവി നേതാക്കള്‍

വർഷങ്ങൾക്ക് മുമ്പത്തെ ഇതുസംബന്ധിച്ച എന്റെ ഒരനുഭവമുണ്ട്.

നാട്ടിലെ ഞാൻ അറിയുന്ന ഒരു ചെറുപ്പക്കാരൻ ഒരിക്കൽ ജീവിതം മടുത്തുവെന്നു എഴുതി കീശയിലിട്ട് കുറേകാലം നടന്ന ശേഷം ആത്മഹത്യക്ക് ശ്രമിച്ചു. കെട്ടിത്തൂങ്ങി. ഭാഗ്യത്തിന് ആരൊക്കെയോ ഓടിക്കൂടി രക്ഷപ്പെടുത്തി. സംഭവം ശ്രദ്ധയിൽ പെട്ട ഞാൻ ആ യുവാവിനെ എന്റെ ഓഫീസിൽ കൊണ്ടുവന്നു ചില മനഃശാസ്ത്ര സമീപനങ്ങളിലൂടെ സുഖപ്പെടുത്താൻ ഒരുങ്ങി. ഉച്ചക്ക് ഭക്ഷണവും ഒരു ചെറിയ ജോലിയും നൽകി. ഞാൻ അവനോടു മൂന്നു ചോദ്യങ്ങൾ ആവർത്തിച്ചു ചോദിച്ചു കൊണ്ടിരുന്നു.

ഒന്ന്: ദുഃഖിച്ചാൽ ദുഃഖം മാറുമോ?
ദുഃഖിച്ചാൽ ദുഃഖം മാറുമെങ്കിൽ രണ്ടോ മൂന്നോ ആഴ്ച ദുഃഖിച്ചിരിക്കാൻ ആവശ്യമായ ഒരിടവും ഭക്ഷണവും ഏർപ്പാടാക്കാമെന്നു ഞാൻ അവനു വാക്കു കൊടുത്തു. പക്ഷെ ദുഃഖിച്ചാൽ ദുഃഖം മാറില്ലെന്ന് മാത്രമല്ല ദുഖിച്ചിരുന്നിട്ട് ദുഃഖം കൂടി വരികയാണെന്നായിരുന്നു അവന്റെ മറുപടി.

ഉടനെ ഞാൻ അവനെ കൊണ്ട് ഒരു പേപ്പറിൽ ഇരുപത് പ്രാവശ്യം എഴുതിച്ചു.
ദുഃഖിച്ചാൽ ദുഃഖം മാറില്ല.

രണ്ട്: വിഷമിച്ചാൽ വിഷമം മാറുമോ?
മാറുമെങ്കിൽ രണ്ടോ മൂന്നോ ആഴ്ച വിഷമിച്ചിരിക്കാൻ ആവശ്യമായ സൗകര്യങ്ങൾ ഏർപ്പാടാക്കാമെന്നു ഞാൻ അവനു വാക്കു കൊടുത്തു.
വിഷമിച്ചാൽ വിഷമം മാറില്ലെന്ന് മാത്രമല്ല വിഷമിച്ചിരുന്നാൽ വിഷമം കൂടി വരികയെ ഉള്ളുവെന്നായിരുന്നു അവന്റെ മറുപടി. ഉടനെ ഞാൻ അവനെ കൊണ്ട് ഒരു പേപ്പറിൽ ഇരുപത് പ്രാവശ്യം എഴുതിച്ചു.
വിഷമിച്ചാൽ വിഷമം മാറില്ല.

മൂന്ന്: എന്തെങ്കിലും ഒക്കെ സങ്കടപെടുത്തുന്ന കാര്യങ്ങൾ ചിന്തിച്ചിരുന്നാൽ ദുഃഖം മാറുമോ?
മൂന്നാമത്തെ ചോദ്യത്തിനും ഇല്ലെന്നായിരുന്നു അവന്റെ മറുപടി.
എന്റെ മൂന്നാമത്തെ ചോദ്യത്തിന് അവൻ നൽകിയ ഉത്തരവും ഞാൻ അവനെക്കൊണ്ട് ഇരുപത് പ്രാവശ്യം എഴുതിപ്പിച്ചു.

ഒരു മാസം ഈ പ്രക്രിയ തുടർന്നു. അത്ഭുതകരമെന്നു പറയട്ടെ അവൻ പൂർണ സുഖം പ്രാപിച്ചു.
നേരത്തെ അവൻ ഇരിക്കുന്ന വേളയിൽ എന്റെ ഓഫീസിൽ വന്നിരുന്നവരെ ഭയത്തോടെ നോക്കുക മാത്രം ചെയ്തിരുന്ന ആ ചെറുപ്പക്കാരൻ ഒരു മാസം കൊണ്ട് ഒരു സാധാരണ മനുഷ്യനായി. എല്ലാവരോടും ഒരു പൂർണ മാനസിക ആരോഗ്യമുള്ളയാളെ പോലെ പെരുമാറി തുടങ്ങി. ഇന്നവൻ വിവാഹം കഴിച്ചു സുഖമായി ജീവിക്കുന്നു.

ചുരുക്കത്തിൽ ദുഃഖത്തിനു പരിഹാരം ഒരിക്കലും ദുഃഖിച്ചിരിക്കലല്ല. ജീവിതം ഒടുക്കലോ തകർക്കലോ അല്ല. അല്ലാഹുവിന്റെ ശക്തിയിലും കാരുണ്യത്തിലും വിശ്വാസമർപ്പിക്കുക. വിശ്വാസം വർധിപ്പിക്കുക. എങ്കിൽ, നാമറിയാതെ മനസ്സിനെ ഉറപ്പിച്ചു നിർത്താൻ ആവശ്യമായ വാക്കുകളെ ഉത്പാദിപ്പിച്ചു തന്നു മനസ്സ് നമ്മെ ശരിയായ മാർഗത്തിൽ വഴി നടത്തും.

Related Articles