No more blah blah… കൂടുതൽ ബ്ലാ ബ്ലാ വേണ്ട.
ആഗോള കാപട്യങ്ങൾക്ക് മേൽ ഒരു കൗമാമാരക്കാരിയുടെ പരിഹാസത്തിൻ്റെ ഈ ചാട്ടുളി തറച്ചത് സ്കോട്ട്ലാൻ്റിലെ ഗ്ലാസ്ഗോ ഉച്ചകോടിയിലാണ്. 2021 ഒക്ടോബർ 31മുതൽ നവംബർ 12 വരെ നീണ്ട ആഗോള കാലാവസ്ഥയെ ചൊല്ലിയുള്ള ഗ്ലാസ്ഗോ ഉച്ചകോടി കെട്ടിലും മട്ടിലും ഒരാഗോള സംഭവം തന്നെയായിരുന്നു. കാലാവസ്ഥ വ്യതിയാനത്തിന് കാരണമാവുന്ന എല്ലാ വിധ മനുഷ്യ കൈ കടത്തലകൾക്കും ഇതോടെ വിരാമമാവുമെന്നായിരുന്നു വീമ്പ്പറച്ചിൽ. അന്തരീക്ഷ താപനില 1.5 ഡിഗ്രി ഷൽസ്യസിൽ പിടിച്ചു നിർത്താൻ യുഎന്നിൻ്റെ 26-ാം കാലാവസ്ഥ ഉച്ചകോടി പ്രതിജ്ഞാബദ്ധമാണെന്നും പ്രഖ്യാപിക്കപ്പെട്ടു.
യു എസ് പ്രസിഡൻ്റ് ജോ ബൈഡനും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോൺസനുമുൾപ്പെടെ ലോകനേതാക്കൾ ഉച്ചകോടിയെ ഭൂമിയെ രക്ഷിക്കാനുള്ള ഏറ്റവും മികച്ച അവസാനത്തെ അവസരമായി വാഴ്ത്തി. അമേരിക്കയുടെ സ്വന്തം കാലാവസ്ഥ വാചാടോപകൻ ജോൺ കെറി ചൈനയുടെ പ്രതിനിധി സി ഷെൻഹുവയുടെ തോളിൽ കയ്യിട്ട് സമ്മേളന ഹാളിലേക്ക് പ്രവേശിച്ചത് ആഗോള രോമാഞ്ചമുണ്ടാക്കി. ഉച്ചകോടിയെ നയിച്ച അലോക് ശർമ്മയുമൊന്നിച്ച് കെറിയും ഷെൻഹുവയും ചേർന്നിരുന്നതും പലരെയും എന്തെന്നില്ലത്ത ഉൾപ്പുളകമണിയിച്ചു. ആകപ്പാടെ അങ്ങനെ വീർപ്പിച്ച് വരികെയായിരുന്നു ഗ്രെറ്റ തുൻബെ എന്ന പതിനേഴുകാരി ഒറ്റക്കുത്തിന് ബലൂൺ പൊട്ടിച്ചത്!
ഗ്ലാസ്ഗോയിൽ ഗ്രെറ്റ പറഞ്ഞത്. ‘ഇവിടെ നടക്കുന്നതൊരു നാടകമാണ്. ഈ കലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാഷ്ട്രത്തലവൻമാർ പരിസ്ഥിതി വിഷയത്തിൽ തങ്ങളെന്തോ ഗൗരവതരമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ പോവുകയാണെന്ന് അഭിനയിക്കുകയാണ്. ഇങ്ങനെ ഒരു സമ്മേളനം കൊണ്ട് മാറ്റന്നമുണ്ടാകുമെന്നത് മൂഢമായ വിചാരം മാത്രമാണ്. വാചാടോപങ്ങളല്ല, പ്രവർത്തികളാണ് ഉണ്ടാവേണ്ടത്. കൂടുതൽ ബ്ലാ ബ്ലാ വേണ്ട’.
സ്വീഡൻ തലസ്ഥാനമായ സ്റ്റോക്ഹോമിൽ 2003 ജനുവരി 3നാണ് ഗ്രെറ്റ ടിൻ്റിൻ എലിയോനോറ ഏൺമാൻ തുൻബെയുടെ ജനനം. അച്ഛൻ ഓപ്പറേ നടൻ സ്വാൻ്റേ തുൻബെ. അമ്മ ഓപ്പറെ നടി മലേന ഏൺമാൻ. കുട്ടിയായിരിക്കെ തന്നെ പാരിസ്ഥിതികമായ അവബോധത്താൽ അവൾ ശ്രദ്ധേയയായി. വീടകം മുതൽ സ്കൂൾ വരെ പ്രകൃതിക്കും പരിസ്ഥിതിക്കും വേണ്ടി വാചാലയായി. അക്കാര്യത്തിൽ അന്നേ അവളുടെ ഭാഷയും ശൈലിയും വിട്ടുവീഴ്ചയില്ലാത്തതും ദൃഢവുമായിരുന്നു!
2018 ആഗസ്റ്റിലാണ് ഗ്രെറ്റയിലെ പ്രക്ഷോഭകാരി ലോകത്തിൻ്റെ ശ്രദ്ധയിലേക്ക് തീപ്പൊരിയാവുന്നത്. അതും അവളുടെ സ്കൂൾ മുറ്റത്ത്. അന്നവൾക്ക് വയസ്സ് പതിനഞ്ച്! സ്വീഡൻ തെരഞ്ഞെടുപ്പിലേക്ക് ചൂട് പിടിക്കവെ, കൈകൊണ്ടെഴുതിയ ഒരു പ്ലെക്കാഡുമായി ഗ്രെറ്റ സ്കൂൾ മുറ്റത്ത് കുത്തിയിരുന്നു. ‘സ്കോൾസ്ട്രെജ്ക് ഫോർ ക്ലൈമറ്റ്’, കാലാവസ്ഥക്ക് വേണ്ടി സ്കൂൾ സമരം എന്ന് ലോകം ആ പ്ലെക്കാഡ് വായിച്ചു. രാജ്യത്ത് തെരഞ്ഞെടുപ്പ് കഴിയും വരെ ഞാനിനി സ്കൂളിലേക്കില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇത് വെള്ളിയാഴ്ചകളിലെ സമരമായിരിക്കും എന്നവൾ പ്രഖ്യാപിച്ചു.
കാലാവസ്ഥ വ്യതിയാനത്തിനെതിരെ നിസ്സംഗമായിരിക്കുന്ന തൻ്റെ രാജ്യത്തെ സർക്കാറിനെ കുത്തി എഴുന്നേൽപ്പിക്കുക എന്നതായിരുന്നു ഗ്രെറ്റയുടെ ലക്ഷ്യം. കാർബൺ പുറന്തളളൽ നിയന്ത്രിക്കുവാനുള്ള പാരീസ് കരാർ സ്വീഡിഷ് സർക്കാർ പാലിക്കണം എന്നതായിരുന്നു അവളുടെ പ്രധാന ആവശ്യം. സ്കൂളിൽ പോകാതെ അവൾ പ്ലെക്കാഡും ലഘുലേഖകളുമായി സ്റ്റോക്ഹോമിൻ്റെ തെരുവുകളിലൂടെ നടന്നു. സ്വീഡിഷ് പാർലമെൻ്റിന് മുമ്പിൽ ഒറ്റക്ക് ലഘുലേഖകൾ വിതരണം ചെയ്യവെ തന്നെ പരിഹസിച്ചവരോട് ഗ്രെറ്റ തിരിച്ചു ചോദിച്ചു, ഇല്ലാത്ത ഭാവിക്ക് വേണ്ടി ഞാനെന്തിന് പഠിക്കണം? ഇല്ലാത്ത ഭാവി എന്നത് അവളുടെ കരിയർ ഭാവിയായിരുന്നില്ല. പ്രകൃതിയുടെയും പരിസ്ഥിതിയുടെയും ഭൂമിയുടെ തന്നെ ഭാവിയായിരുന്നു!
ഗ്രെറ്റയോടൊപ്പം ക്രമേണ അവളുടെ സഹപാഠികളും കൂട്ടുകാരും ചേർന്നു. വെള്ളിയാഴ്ചകൾ ഭാവിക്ക് വേണ്ടി എന്ന അവളുടെ സമരത്തെ പല ഭാവങ്ങളിലായി സ്വീഡനിലെ വിദ്യാർഥികളും യുവതയും ഏറ്റെടുത്തു. മാസങ്ങൾക്കകം ലോകത്തിലെ നൂറ്റി അറുപതോളം രാജ്യങ്ങളിലേക്ക് കാലാവസ്ഥക്കും പരിസ്ഥിതിക്കും അവാസ വ്യവസ്ഥക്കും വേണ്ടിയുള്ള യുവതയുടെ സ്പന്ദനമായി അത് പടർന്നു. നൂറ് കണക്കിന് നഗരങ്ങളിൽ ഗ്രെറ്റ ഊതി വിട്ട തീപ്പൊരി തീയായി കനത്തു!
2019 സെപ്തംബർ 23 ന്യൂയോർക്കിൽ നടന്ന യുഎൻ കാലാവസ്ഥ ഉച്ചകോടിയിലാണ് ഗ്രെറ്റയുടെ പതിഞ്ഞ ആ ദൃഢമായ വാക്കുകളുടെ തീച്ചൂട് ലോകം അനുഭവിക്കുന്നത്. ഒരു കാർബൺ രഹിത നൗകയിലാണ് കടൽമാർഗം ഉച്ചകോടിയിലേക്കുള്ള ക്ഷണിതാവായി അവൾ ന്യൂയോർക്കിലേക്കെത്തുന്നത്. തൻ്റെ പ്രഭാഷണത്തിൽ ലോകനേതാക്കളോട് അക്ഷരാർത്ഥത്തിൽ തന്നെ കയർക്കു യായിരുന്നു അവൾ!
How dare you എന്ന് ലോകം ഏറ്റെടുത്ത ഗ്രെറ്റയുടെ വാക്കുകൾ, ‘അർഥശൂന്യമായ വാചാടോപങ്ങൾ കൊണ്ട് നിങ്ങൾ കവർന്നത് എൻ്റെ സ്വപ്നങ്ങളെയും ബാല്യത്തേയുമാണ്. മനുഷ്യർ പൊറുതിമുട്ടുകയാണ്. അവർ മരിച്ചു കൊണ്ടിരിക്കുന്നു. ആവാസ വ്യവസ്ഥകൾ അപ്പാടെ തകരുകയാണ്. നാം വംശനാശത്തിൻ്റെ വക്കിലാണ്. എന്നിട്ടും നിങ്ങൾ സംസാരിക്കുന്നത് പണത്തേയും സാമ്പത്തിക വളർച്ചയെ കുറിച്ചും! എങ്ങനെ ധൈര്യം വന്നു നിങ്ങൾക്ക്?
നിങ്ങൾ ഞങ്ങളെ പരാജയപ്പെടുത്തുകയാണ്. എന്നാൽ, ഞങ്ങൾ യുവത നിങ്ങളുടെ വഞ്ചനയെ മനസ്സിലാക്കാൻ തുടങ്ങിയിരിക്കുന്നു. നിങ്ങൾ ഭാവി തലമുറയുടെ നിരീക്ഷണത്തിലാണ്. ഞങ്ങളെ പരാജയപ്പെടുത്താൻ ശ്രമിച്ചാൽ ഒരിക്കലും നിങ്ങളോട് ഞങ്ങൾ ക്ഷമിക്കില്ല. ഇതിൽ നിന്ന് ഒളിച്ചോടാൻ നിങ്ങളെ ഞങ്ങൾ അനുവദിക്കില്ല. ഇവിടെ, ഇപ്പോൾ ഞങ്ങൾ അതിർത്തി വരക്കുന്നു. ലോകം ഉണർന്നെഴുന്നേൽക്കുകയാണ്. നിങ്ങൾക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ലോകം മാറുകയാണ്’
2019 ജനുവരിയിൽ ദാവോസിലെ ലോക സാമ്പത്തിക ഫോറത്തിൽ ബിസ്സിനസ്സ് അഭിവൃദ്ധിയെ കുറിച്ച് ചർച്ചക്കാൻ കൂടിയ ആഗോള വ്യവസായികളുടെ മുഖത്തടിച്ച അവളുടെ വാക്കുകൾ ഇതായിരുന്നു. ‘വ്യക്തികൾ, കമ്പനികൾ, അവർക്ക് വേണ്ടി തീരുമാനങ്ങളെടുക്കുന്നവർ, സങ്കൽപ്പിക്കാനാവാത്തത്ര ധനം സമാഹരിക്കുന്നതിനായി അവർ ചവിട്ടിത്തകർക്കുന്ന വിലമതിക്കാനാവാത്ത മൂല്യങ്ങൾ എന്തൊക്കെയെന്ന് അവർക്ക് നല്ല ധാരണയുണ്ട്. ഇവിടെ സമ്മേളിച്ചിരിക്കുന്നവരിൽ മിക്കവരും അവരിൽ പെട്ടവരാണ്!
വിഷയ കേന്ദ്രീകൃതമായ പക്വവും ദൃഢവുമായ വാക്കുകൾ ആ കൗമാര ഹൃദയത്തിൽ നിന്ന് അനിവാര്യമായ വികാര തീവ്രതയോടെ പുറത്ത് വരുമ്പോൾ ലോകയുവത അത് നെഞ്ചേറ്റുന്നു. അവർ ഗ്രെറ്റക്കൊപ്പം പരിസ്ഥിതിക്കും കുട്ടികൾക്കും ഭൂമിക്കും വേണ്ടിയുള്ള ഉറച്ച ശബ്ദങ്ങളാവുന്നു. നിങ്ങൾ നിങ്ങളുടെ കാലത്ത് തകർത്ത് പോവുന്ന ഈ ഭൂമിയും അതിൻ്റെ അന്തരീക്ഷവും ഞങ്ങളുടെ ഭാവിയുട ശ്വാസകോശങ്ങളാണ്, നിങ്ങൾക്ക് അപരിചിതരായ തലമുറകൾ ഇനിയും എത്രയോ ഇവിടെ ജനിക്കാനിരിക്കുന്നു. അവർക്ക് വേണ്ടി ഈ ഭൂമിയും പരിസ്ഥിതിയും നില നിർത്തപ്പെടേണ്ടതുണ്ട്. നിങ്ങളോടു കൂടി ഇത് അവസാനിക്കാവതല്ല. ഗ്രെറ്റയുടെ ആശയ ശബ്ദങ്ങളെ ഭാവിക്കു വേണ്ടിയുള്ള നിലവിളിയായി ലോകം ഏറ്റെടുക്കുകയാണ്.
സ്വീഡനിലും യൂറോപ്പിലും ഒതുങ്ങി നിൽക്കാതെ ഭൂഖണ്ഡങ്ങളിലെ വിവിധ പരിസ്ഥിതി വിഷയങ്ങളെ കൂടി ഗ്രെറ്റയും സംഘവും ഏറ്റെടുത്തു. സോളമൻ ദ്വീപുകളെ സമുദ്ര ജലപ്പരപ്പ് വിഴുങ്ങുന്നത് മുതൽ ദക്ഷിണാഫ്രിക്കയിലെ വിഷമാലിന്യങ്ങളിലേക്കും ഇൻഡ്യയിലെ പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരങ്ങളിലേക്കും വായു മലിനീകരണത്തിലേക്കും വരെ അവളുടെ കണ്ണുകൾ പാഞ്ഞു! പരിസ്ഥിതിയിൽ നിന്നും മനുഷ്യാവകാശങ്ങളിലേക്കും അധിനിവേശ വിരുദ്ധതയിലേക്കും ഭരണകൂട ഭീകരതക്കും വംശീയ ഉന്മൂലനങ്ങൾക്കും എതിരായും ഗ്രെറ്റയുടെ സമര പ്രക്ഷോഭങ്ങൾ തരം മാറുന്ന കാഴ്ചയാണ് ഇന്ന് ലോകം കണ്ട് കൊണ്ടിരിക്കുന്നത്.
കർഷക സമരം കൊടുമ്പിരികൊള്ളവെ ഇന്ത്യയിലെ കർഷകർക്കൊപ്പമെന്ന് ഗ്രെറ്റ പ്രഖ്യാപിച്ചു. അവളുടെ ട്വീറ്റ് വന്നപാടെ ഖലിസ്ഥാൻ തീവ്രവാദ സ്വാധീനം ആരോപിച്ച് ദൽഹി പോലീസ് ഗ്രെറ്റക്കെതിരെ കേസെടുത്തു. കൂടാതെ ഗ്രെറ്റയുമായി ‘ടൂൾകിറ്റ്’ കൈമാറി എന്ന ആരോപണം ഉന്നയിച്ച് യുവ ആക്റ്റിവിസ്റ്റുകളായ ദിശ രവിയെ അറസ്റ്റ് ചെയ്യുകയും മലയാളിയായ നിഖിത ജേക്കബിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു. എന്നാൽ, ഗ്രെറ്റ അവളുടെ നിലപാട് അണുവിട ഇളകാതെ കൂടുതൽ കടുപ്പിച്ചു. ‘ഞാൻ ഇൻഡ്യയിലെ കർഷകർക്കൊപ്പം തന്നെയായിരിക്കും. അവരുടെ സമാധാനപരമായ പ്രക്ഷോപത്തെ പിന്തുണക്കുന്നു. വിദ്വേഷമോ ഭീഷണിയോ എൻ്റെ തീരുമാനത്തിൽ മാറ്റം വരുത്തില്ല’. അപ്പോഴും പതിനായിരങ്ങൾ കോവിഡ് ബാധിച്ച് കൂട്ടമരണത്തിന് വിധേയമാവുന്ന ഇന്ത്യക്ക് വേണ്ടി ലോകത്തോട് വിളിച്ചു പറയാനും ഗ്രെറ്റ മറന്നില്ല!
ഗ്രെറ്റയുടെ ഗസ്സ ദൗത്യം അവളെ രൂപപ്പെടുത്തിയ മാനവിക ആശയങ്ങളുടെ തുടർച്ച തന്നെയാണ്. എട്ടാം വയസ്സിൽ തന്നെ പാരിസ്ഥിതിക പ്രത്യാഘാതങ്ങളെ കുറിച്ചുള്ള അറിവുകൾ അവളിൽ സ്വഭാവ പരമായ മാറ്റങ്ങൾ ഉണ്ടാക്കിത്തുടങ്ങി. ആ അവബോധം അവളിൽ വല്ലാത്തൊരു നിരാശ പടർത്തിയതായി മാതാപിതാക്കൾ പറയുന്നു. പതിനൊന്നാം വയസ്സോടെ ഭക്ഷണം കഴിക്കാനും സംസാരിക്കാനും താൽപര്യമില്ലാതായ അവളിൽ വളരെ കുറച്ചു മാത്രം സംസാരിക്കുകയും ഒറ്റക്കാര്യത്തിലേക്ക് മാത്രം കേന്ദ്രീകരിക്കുകയും ചെയ്യുന്ന ആസ്പർജൻ സിൻഡ്രോം എന്ന രോഗമുണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ടു.
എന്നാൽ, ഗ്രെറ്റയെ ഒരു മഹാശയമായി ആ ‘രോഗം’ അവളിൽ തന്നെ പണിയുകയായിരുന്നു! അങ്ങനെ മാനുഷികത എന്ന ഒറ്റക്കേന്ദ്രത്തിൽ തളഞ്ഞ് അവൾ ലോകോത്തരയായി! 2024 സപ്റ്റംബറിൽ ഡൻമാർക്കിലെ കോപ്പൻഹേഗൻ സർവകലാശാലയുടെ കവാടം Students Against The Occupation എന്ന സംഘടനയോടൊത്ത് ഗസ്സക്ക് വേണ്ട കഫിയ്യ ധരിച്ച് ഉപരോധിച്ചു കൊണ്ട് ഗ്രെറ്റയും കൂട്ടരും അറസ്റ്റ് വരിച്ചു.
തുടർന്നിങ്ങോട്ട് ഗസ്സക്കു വേണ്ടി ആരും ധൈര്യപ്പെടാത്ത ഒരു ദൗത്യത്തിലേക്ക് ഗ്രെറ്റ തന്നെ ദൃഢനിശ്ചത്തോടെ സമർപ്പിച്ചതിൻ്റെ നേർ ചിത്രങ്ങളാണ് ഫ്രീഡം ഫ്ലോട്ടില സഖ്യമായും മദ്ലീൻ നൗകയായും നാം കണ്ടു കൊണ്ടിരിക്കുന്നത്. ഉപരോധം ഭേദിച്ച് ഗസ്സയിലേക്ക് പ്രവേശിക്കും മുമ്പ് ഇസ്രയേൽ ഗ്രെറ്റയും യൂറോപ്യൻ പാർലമെൻറ് അംഗമായ റീമ ഹസനും ഉൾപ്പെടെയുള്ള പന്ത്രണ്ട് സംഘാംഗങ്ങളെയും അവരുടെ നൗകയോടെ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് തട്ടിക്കൊണ്ടു പോവുകയും ഗ്രെറ്റയെ പാരീസിലേക്ക് നാടുകത്തുകയും ചെയ്തിരിക്കുകയാണ്. ഞങ്ങളെ ഈ ദൗത്യത്തിൽ നിന്നും പിന്തിരിപ്പിക്കാനാവില്ലെന്നും പൂർവാധികം ശക്തിയോടെ ഗസ്സക്ക് വേണ്ടിയുള്ള തങ്ങളുടെ പോരാട്ടം തുടരുമെന്നും ഗ്രെറ്റ പ്രഖ്യാപിച്ച് കഴിഞ്ഞു.
കാൽപനികമായ വർത്തമാനങ്ങൾക്കപ്പുറം, കരയിലും കടലിലും സമര പ്രക്ഷോഭങ്ങളുടെ തീപ്പന്തമായി ലക്ഷക്കണക്കിന് കൗമാര യുവ ഹൃദയങ്ങളിൽ തീച്ചൂട് കോരിയിടുന്ന നമ്മുടെ കാലത്തെ ഗ്രെറ്റ തുൻബെയെന്ന ഈ മഹാവിസ്മയത്തെ തിരിച്ചുപോക്കില്ലാത്ത നിശ്ചയദാർഢ്യത്തിൻ്റെ കരുത്തുറ്റ പേരായി സംഗ്രഹിക്കാം.