Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേൽ: ലിക്കുഡ് പാര്‍ട്ടി ഇല്ലാത്ത ഒരു സര്‍ക്കാരിന് വഴിയൊരുങ്ങുന്നു

ഗസ്സയില്‍ 250ലേറെ ഫലസ്ത്വീനികളെ നിഷ്ഠൂരമായി കൊന്നൊടുക്കിയ യുദ്ധമൊന്നും ബെഞ്ചമിന്‍ നെതന്യാഹു എന്ന സയണിസ്റ്റ് ഭീകര ഭരണാധികാരിയുടെ രക്ഷക്കെത്തില്ല. അഴിമതിക്കേസുകളില്‍പെട്ട് അഴികള്‍ക്ക് അകത്താകാതിരിക്കാന്‍ പ്രധാന മന്ത്രിക്കസേരയില്‍ അള്ളിപ്പിടിക്കാമെന്ന നെതന്യാഹുവിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടി നല്‍കി പ്രതിപക്ഷ നേതാവ് യയിര്‍ ലപീഡിന്റെ നേതൃത്വത്തില്‍ പുതിയ സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുന്നു.

‘മാറ്റത്തിന്റെ സര്‍ക്കാര്‍’ എന്ന മുദ്രാവാക്യവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന നീക്കത്തെ പൊളിക്കാന്‍ നെതന്യാഹു സകല തന്ത്രങ്ങളും പയറ്റുന്നുണ്ടെങ്കിലും പന്ത്രണ്ട് വര്‍ഷം തുടര്‍ച്ചയായി ഇരുന്ന പ്രധാനമന്ത്രിക്കസേര നഷ്ടമായേക്കാമെന്ന സൂചനയാണ് പുറത്തുവരുന്നത്. ഇസ്രായേലിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം ഈ പദവിയിലിരുന്ന തീവ്ര വലതുപക്ഷ നേതാവിനെ പുറത്താക്കാനുള്ള കരാര്‍ രൂപപ്പെട്ടു കഴിഞ്ഞു.

രണ്ട് വര്‍ഷത്തിനിടെ നാലാം തവണ നടന്ന തിരഞ്ഞെടുപ്പിന് ശേഷമാണ് വലതുപക്ഷവും മധ്യവര്‍ഗ പാര്‍ട്ടികളും ഇടതുപക്ഷവും ചേര്‍ന്ന സഖ്യം ലപീഡിന്റെ നേതൃത്വത്തില്‍ അധികാരമേല്‍ക്കാന്‍ പോകുന്നത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ലപീഡിന് പ്രസിഡന്റ് നല്‍കിയ സമയപരിധി ബുധനാഴ്ച അവസാനിക്കുകയാണ്.

നഫ്താലി ബെന്നറ്റ് നയിക്കുന്ന തീവ വലതുപക്ഷ യാമിന പാര്‍ട്ടിയുടെ പിന്തുണ ലപീഡിന് കിട്ടിയതോടെയാണ് നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി ഇല്ലാത്ത ഒരു സര്‍ക്കാരിന് വഴിയൊരുങ്ങുന്നത്. 120 അംഗ നെസറ്റില്‍ ഏഴു സീറ്റുകള്‍ മാത്രമാണ് നെതന്യാഹുവിന്റെ മുന്‍ മന:സാക്ഷി സൂക്ഷിപ്പുകാരന്‍ കൂടിയായ ബെന്നറ്റിന്റെ പാര്‍ട്ടിക്ക്. പ്രതിരോധ മന്ത്രി പദവി വഹിച്ചിരുന്ന ബെന്നറ്റ്, നെതന്യാഹുവുമായി തെറ്റിപ്പിരിഞ്ഞാണ് തീവ്ര ജൂത വലതുപക്ഷ പാര്‍ട്ടിയുമായി രംഗത്തുവന്നത്. ബെന്നറ്റ് മാത്രമല്ല, ഗീഡിയന്‍ സാര്‍, അവിഗ്ദര്‍ ലിയബര്‍മെന്‍ തുടങ്ങി പഴയ സുഹൃത്തുക്കളൊക്കെ നെതന്യാഹുവിന്റെ ശത്രുക്കളാണ് ഇപ്പോള്‍.

പുതിയ നീക്കം 49കാരനായ ബെന്നറ്റിനെ കിംഗ് മേക്കറാക്കുക മാത്രമല്ല, ലപീഡുമായുള്ള കരാര്‍ അനുസരിച്ച് ആദ്യ ടേമില്‍ പ്രധാനമന്ത്രി പദവിയില്‍ എത്തിക്കുകയും ചെയ്യും. അടുത്ത ടേമില്‍ മാത്രമായിരിക്കും മുന്‍ മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ ലപീഡ് പ്രധാനമന്ത്രി പദവി വഹിക്കുക. അദ്ദേഹത്തിന്റെ യെഷ് അതിദ് പാര്‍ട്ടിക്ക് 11 സീറ്റുണ്ട്.

ഇലക്ഷനില്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിക്കും സഖ്യത്തിനും 52 സീറ്റുകളേ ലഭിച്ചുള്ളൂ. നെതന്യാഹു വിരുദ്ധർക്ക് മൊത്തം 57 സീറ്റുകളും. 120 സീറ്റുകളുള്ള നെസറ്റില്‍ (പാർലിമെന്റ്) കേവല ഭൂരിപക്ഷത്തിനു വേണ്ടത് 61 സീറ്റുകൾ. അതോടെ, ഇരു സഖ്യങ്ങളിലും ഉൾപ്പെടാതിരുന്ന യാമിന പാര്‍ട്ടിയുടെയും അറബ് ഇസ്ലാമിസ്റ്റ് പാര്‍ട്ടിയുടെയും (റാഅം) തീരുമാനം നിർണായകമായി. നാലു സീറ്റുകളുള്ള മന്‍സൂര്‍ അബ്ബാസിന്റെ റാഅമുമായി ചേര്‍ന്ന് മുന്നണി ഉണ്ടാക്കാന്‍ ലാപിഡിന് സമ്മതമായിരുന്നെങ്കിലും തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ പ്രസ്തുത സഖ്യത്തില്‍ ചേരില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.

കേവല ഭൂരിപക്ഷമായ 61 സീറ്റ് ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും കിട്ടാറില്ല. ഒന്നുകില്‍ ചെറുപാര്‍ട്ടികളെ കൂട്ടുപിടിച്ച് വന്‍ പാര്‍ട്ടികള്‍ സഖ്യകക്ഷി സര്‍ക്കാര്‍ ഉണ്ടാക്കും. അല്ലെങ്കില്‍ ദേശീയ ഐക്യ സര്‍ക്കാര്‍. ഇതാണ് അവിടത്തെ സ്ഥിതി. ഇത്തവണയും നെതന്യാഹുവിനു തന്നെയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആദ്യ അവസരം പ്രസിഡന്റ് നല്‍കിയത്. എന്നാല്‍, സമയപരിധിയായ ഒരു മാസത്തിനകം അതിന് സാധ്യമാവാതെ വന്ന സാഹചര്യത്തിലാണ് ലപീഡിന് ക്ഷണം ലഭിച്ചത്.

സര്‍ക്കാര്‍ രൂപീകരണ നടപടികളുമായി മുന്നോട്ടുപോകാന്‍ ലപീഡ് തയ്യാറെടുക്കവെയാണ് കിഴക്കന്‍ ജറൂസലമിലെ ശൈഖ് ജറയില്‍ ഫലസ്ത്വീന്‍ കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള ഇസ്രായില്‍ നീക്കം ശക്തപ്പെട്ടതും അല്‍ അഖ്‌സ പള്ളിയില്‍ അതിക്രമിച്ചു കയറി സൈന്യം കുഴപ്പങ്ങള്‍ ഉണ്ടാക്കിയതും. പള്ളിയില്‍നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള ഹമാസിന്റെ അന്ത്യശാസനം തള്ളിയ ഇസ്രായിലിനെതിരെ ഗസ്സയില്‍നിന്ന് റോക്കറ്റാക്രമണം തുടങ്ങിയതോടെ പതിനൊന്ന് ദിവസം നീണ്ട യുദ്ധത്തിലാണ് അത് കലാശിച്ചത്. എന്നാല്‍, ഫലസ്ത്വീനികള്‍ക്കെതിരായ യുദ്ധത്തിലൂടെ പൊതുജനാഭിപ്രായം തനിക്ക് അനുകൂലമാക്കാമെന്നും അതുവഴി വിവിധ തീവ്ര വലതുപക്ഷ പാര്‍ട്ടികളുടെ പിന്തുണയോടെ ദേശീയ സര്‍ക്കാര്‍ രൂപീകരിക്കാമെന്നുമാണ് നെതന്യാഹു കണക്കുകൂട്ടിയത്. അതിനാണ് തിരിച്ചടി കിട്ടിയിരിക്കുന്നത്.

പി.കെ. നിയാസ്

Related Articles