Columns

പശു സംരക്ഷകരെന്ന് അവകാശപ്പെടുന്നവരുടെ ഗോശാലകളോ ?

2018ല്‍ Indian Animal Protection Organization ( FIAPO) രാജ്യത്തെ മൊത്തം ഗോശാലകളിലെ അവസ്ഥകളെ കുറിച്ച് ഒരു പഠനം നടത്തിയിരുന്നു. തുടര്‍ന്ന് ഒരുപാട് ഗുരുതരമായ ആരോപണങ്ങള്‍ അവര്‍ പൊതുജനത്തിന്റെ മുന്നില്‍ കൊണ്ടുവന്നിരുന്നു. അന്നവര്‍ 13 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലും പഠനം നടത്തി. താഴെ പറയുന്ന കാര്യങ്ങളാണ് അവര്‍ പൊതുജന ശ്രദ്ധയില്‍ കൊണ്ടുവന്നത്

– അധികം ഗോശാലകളും ഡയറി ഫാം പോലെയാണ് പ്രവര്‍ത്തിക്കുന്നത്
– പശുക്കള്‍ക്ക് വളരെ ഇടുങ്ങിയ സ്ഥലത്ത് ജീവിക്കേണ്ടി വരുന്നു
– തുടര്‍ച്ചയായ ‘breeding’ നടക്കുന്നുണ്ടെങ്കിലും അതിന്റെ ശരിയായ റെക്കോര്‍ഡ് സൂക്ഷിക്കുന്നില്ല.
– ചാണകവും മൂത്രവും വേണ്ട രീതിയില്‍ വൃത്തിയാക്കുന്നില്ല
– 70 ശതമാനം ശാലകളിലും കുട്ടികളെ പശുക്കളില്‍ നിന്നും മാറ്റി നിര്‍ത്തുന്നു. പാല്‍ വിതരണം വഴി ലാഭമുണ്ടാക്കുക എന്നതാണ് പലരുടെയും ഉദ്ദേശം.
– പശുക്കളെ കെട്ടിയിടുന്നു. അതും ഒരു മീറ്ററില്‍ കുറഞ്ഞ നീളമുള്ള കയറില്‍. പശുക്കള്‍ക്ക് അത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു
– 80 ശതമാനം ശാലകളിലും സ്ഥിരമായ മൃഗഡോക്ടറില്ല. അധികം ശാലകളും വൃത്തിഹീനമായതിനാല്‍ കൊതുകുകളുടെ വിഹാര കേന്ദ്രമാണ്.
– പശുക്കുട്ടികള്‍ ശരിയായ രീതിയില്‍ സംരക്ഷിക്കപ്പെടുന്നില്ല
– പശുക്കളുടെ ഭക്ഷണം പലപ്പോഴും തുറന്ന സ്ഥലത്ത് ഇട്ടേച്ചു പോകുന്നു. ശരിയായ രീതിയില്‍ അത് സംരക്ഷിക്കപ്പെടുന്നില്ല.

ജനങ്ങളുടെ ഭക്തി ചൂഷണം ചെയ്യുക എന്നതിലപ്പുറം മൃഗങ്ങളോട് മാന്യമായ ഇടപെടല്‍ പല സ്ഥലത്തും നടക്കുന്നില്ല എന്ന് പറയുന്നത് അന്നത്തെ FIAPO ചെയര്‍മാന്‍ തന്നെയാണ്. ഇതിനു പകരമായി ഗോശാലകളില്‍ നടപ്പിലാക്കേണ്ട പല തീരുമാനങ്ങളും അവര്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. സാധാരണ റിപ്പോര്‍ട്ടുകള്‍ എന്നത് പോലെ തന്നെയായി അതിന്റെ അവസ്ഥയും.

അലഞ്ഞു തിരിഞ്ഞു നടക്കുന്ന പശുക്കള്‍ വടക്കേ ഇന്ത്യയില്‍ ഒരു സാമൂഹിക വിഷയമാണ്. അടുത്തിടെ ട്രെയിന്‍ തട്ടി പശുവിനു പരുക്കേറ്റതിന്റെ പേരില്‍ ഒരു ലോക്കോ പൈലറ്റിനെ ജനം മര്‍ദ്ദിച്ച വാര്‍ത്ത നാം വായിച്ചതാണ്. അലഞ്ഞു തിരിഞ്ഞു നടക്കുന്ന പശുക്കള്‍ തങ്ങളുടെ കൃഷിക്ക് ഭീഷണിയാണ് എന്ന് കൃഷിക്കാര്‍ പരാതിപ്പെടുന്ന കാര്യവും നാം പലകുറി വായിച്ചതാണ്.

കേരളത്തില്‍ ഒരു എം പിയുടെ കൂടി പങ്കോടെ നടത്തപ്പെടുന്ന സ്വകാര്യ ഗോശാലയിലെ പശുക്കളുടെ ദുരിതം അടുത്താണ് നാം അറിഞ്ഞത്. പശു മാതാവെന്നു വിശ്വസിക്കുന്നവരാണ് ആ ശാല നടത്തുന്നതും. രണ്ടു രീതിയില്‍ പശുക്കള്‍ ഗോശാലകളില്‍ മാന്യമായി സംരക്ഷിക്കപ്പെടണം. ഒന്ന് ഒരു മിണ്ടാപ്രാണി എന്ന നിലയില്‍. അത് പൊതുവായ സമീപനം. മറ്റൊന്ന് മാതാവ് എന്ന വിശ്വാസം കാരണം. മാതാവിനെ സംരക്ഷിക്കുന്നത് പോലെ പശുക്കളെയും അവര്‍ സംരക്ഷിക്കണം. പശുവിന്റെയും ആചാരത്തിന്റെയും പേരില്‍ സമൂഹത്തെ വിഭജിക്കാന്‍ കച്ചകെട്ടി ഇറങ്ങിയവര്‍ തന്നെ മാന്യമായ ഭക്ഷണം നല്‍കാതെ അവയെ പീഡിപ്പിക്കുന്നു എന്നത് നാം കാണാതിരിക്കരുത്.

വിശ്വാസികള്‍ പലപ്പോഴും വഞ്ചിക്കപ്പെടും. കാരണം പലരുടെയും വിശ്വാസത്തിനു അറിവിന്റെ പിന്‍ബലമില്ല എന്നത് തന്നെ. പശു ഫാസിസ കാലത്ത് ഒരു വിശ്വാസം എന്നതിനേക്കാള്‍ ഒരു വികാരമാണ്. ആ വികാരത്തെ മോശമായ രീതിയിലേക്ക് തിരിച്ചു വിടാന്‍ സംഘ പരിവാറിനു സാധിച്ചിട്ടുണ്ട്. അത്തരം വികാരങ്ങളെ ചൂഷണം ചെയ്യുന്നതിന്റെ അവസാന രൂപമാണ് ഇപ്പോള്‍ കണ്ട തിരുവനന്തപുരം ഗോശാല ദുരന്തവും. എല്ലാ മതങ്ങളിലും ചൂഷകരുണ്ട്. യഥാര്‍ത്ഥ വിശ്വാസികള്‍ വേണം അവരെ തുരത്തി ഓടിക്കാന്‍.

Facebook Comments
Related Articles
Show More

Check Also

Close
Close
Close