Current Date

Search
Close this search box.
Search
Close this search box.

ആ നാളിനു വേണ്ടിയാണ് നല്ല മനുഷ്യര്‍ കാതോര്‍ത്തിരിക്കുന്നത് !

മനുഷ്യന്‍ എന്ന മാനദണ്ഡത്തിനു പകരം മതം, ജാതി, തൊലി നിറം, സമ്പത്ത് തുടങ്ങിയ കുറേ മാനദണ്ഡങ്ങളെ അടിസ്ഥാനങ്ങളായി സ്വീകരിക്കുകയും എന്നിട്ട് മനുഷ്യരുടെ ശവശരീരങ്ങള്‍ക്കു മീതെ തങ്ങളുടെ സിംഹാസനമുറപ്പിക്കുകയും ചെയ്യുന്ന സ്വേഛാധിപതികളുടെ കണ്ണ് തുറപ്പിക്കുമോ കൊറോണ?! തുടക്കത്തില്‍ വീമ്പ് പറഞ്ഞിരുന്ന ട്രംപ് എന്ന ലോകത്തിലെ ഏറ്റവും വലിയ അഹങ്കാരി നിന്ന് വിയര്‍ക്കുന്നു. 240000 അമേരിക്കക്കാർ മരിക്കുമെന്ന് മുൻകൂട്ടി പ്രഖ്യാപിക്കാൻ മാത്രം കഴിയുന്ന നിസ്സഹായനായ പ്രസിഡണ്ട് മാത്രമാണ് ഇപ്പോഴദ്ദേഹം.


ബ്രിട്ടന്‍റെ ബോറിസ് ജോണ്‍സന് കോവിഡ് ബാധയേല്‍ക്കുന്നു. 15 ലക്ഷം മനുഷ്യരെ ഗസ്സ എന്ന ജയിലിലിട്ട് ഇഞ്ചിഞ്ചായി കൊന്നുകൊണ്ടിരിക്കുന്ന മറ്റൊരു കൊലയാളി നെതന്യാഹു കോവിഡ് ഭീതിയില്‍ സ്വയം ജയില്‍ ശിക്ഷ അനുഭവിക്കുന്നു….
അതിനിടയിൽ പാവം ജര്‍മന്‍ ധനകാര്യ മന്ത്രി മുൻകൂട്ടി ആത്മഹത്യ ചെയ്യുന്നു. സ്വന്തം പ്രസിഡന്‍റിനെ ജയിലിലിട്ടു കൊന്ന ഈജിപ്ത് കിങ്കരന്‍ ജനറല്‍ അബ്ദുല്‍ ഫത്താഹ് സീസിയുടെ സൈനിക മേധാവികള്‍ കൊറോണ ബാധിച്ച് മരിക്കുന്നു.

Also read: “ആദ്യം ബൈത്തുൽ മുഖദ്ദസ് ; കോർദോവ കിനാവിലുണ്ട്”


ആരെന്തു പറഞ്ഞാലും പൗരത്വ ബില്ലുമായി മുന്നോട്ടു പോകുമെന്ന് പറഞ്ഞ അമിത് ഷാ കൊറോണയുടെ മുമ്പില്‍ അടിയറവ് പറയുന്നു… അറബ് ലോകത്തെ സ്വേഛാധിപതികള്‍ കൊറോണയുണ്ടാക്കിയ കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ അങ്കലാപ്പിലാണ്. അവരുടെ സകല തോന്നിവാസങ്ങളും പണം കൊണ്ട് മറച്ചു പിടിക്കാന്‍ മാത്രമുള്ള പണം ഇനിയവരുടെ കയ്യില്‍ ഉണ്ടായിക്കൊള്ളണമെന്നില്ല. പണ്ഡിതന്മാരും ചിന്തകന്മാരുമായ കുറേ നല്ല മനുഷ്യരെ ജയിലിലിട്ടു പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന ലോകത്തെ ഏറ്റവും വലിയ തോന്നിവാസികളാണവര്‍. ഏതായാലും കൊറോണക്ക് മുമ്പുള്ള ലോകമായിരിക്കുകയില്ല കൊറോണക്ക് ശേഷമുള്ള ലോകം. ഒന്നുകില്‍ ലോകം നന്നാവും. നന്നാവട്ടെ എന്ന് പ്രത്യാശിക്കാം, പ്രാര്‍ഥിക്കാം.


അല്ലെങ്കില്‍ ചീത്തയല്ലാതെ ഒന്നും ചെയ്യാന്‍ പഠിച്ചിട്ടില്ലാത്ത മനുഷ്യര്‍ കൂടുതല്‍ ചീത്തയായേക്കാം. കൊറോണ കാലത്തെ ലോക്ഡൗണ്‍ അടുത്ത അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള പരീക്ഷണമായി അവര്‍ ഉപയോഗപ്പെടുത്തിയേക്കാം. കോവിഡ് പരിശോധനയുടെ സാങ്കേതിക വിദ്യകള്‍ മനുഷ്യന്‍റെ സ്വകാര്യ ജീവിതം ഒപ്പിയെടുക്കാന്‍ ചൂഷണം ചെയ്തേക്കാം.

Also read: ചെറുത്തുനിൽപ്പിന്റെ കാലത്തെ കവിത


അങ്ങനെ കൂടുതല്‍ വൃത്തികെട്ട ഒരു ലോകമായിരിക്കാം ഒരു പക്ഷെ രൂപപ്പെട്ടു വരുന്നത്. അക്രമികളും അഹങ്കാരികളും വിജയിച്ചു എന്ന് കരുതിയിരിക്കുന്ന ആ ലോകത്തും പക്ഷെ പുതിയ മഹാമാരി വര്‍ഷിക്കും. ദൈവത്തെ തോല്‍പിക്കാനിറങ്ങിയവര്‍ തോല്‍ക്കും ഒരു നാള്‍. അതാണ് പ്രപഞ്ചത്തിന്‍റെ നീതിശാസ്ത്രം. ആ നാളിനു വേണ്ടിയാണ് നല്ല മനുഷ്യര്‍ കാതോര്‍ത്തിരിക്കുന്നത് !

Related Articles