വണ്ടി വര്‍ക്ക്‌ഷോപ്പിലാണ് എന്നത് കൊണ്ട് തന്നെ യാത്രക്ക് ബസിനെ ആശ്രയിക്കേണ്ടി വരുന്നു. അങ്ങിനെ തിരൂരില്‍ വെച്ചാണ് മുകേഷിനെ കണ്ടു മുട്ടിയത്. കോഴിക്കേട്ടേക്കുള്ള യാത്രയില്‍ ഒരു കൂട്ടായി അദ്ദേഹത്തെ ലഭിച്ചു. യാത്രയുടെ മടുപ്പ് ഇല്ലാതാക്കാന്‍ അയാള്‍ പൂര്‍ണമായി മൊബൈലില്‍ കുനിഞ്ഞിരുന്നു. ഒരു കാര്യം ഞാന്‍ ശ്രദ്ധിച്ചു. സംഘ പരിവാര്‍ പുറത്തു വിട്ട ക്ലിപ്പുകളും പോസ്റ്റുകളുമാണ് അയാള്‍ കൂടുതലായി കാണുന്നതും കേള്‍ക്കുന്നതും. ഒരു സമയത്തു നോക്കുമ്പോള്‍ അയാള്‍ ആസ്വദിക്കുന്നത് രണ്ടു ദിവസം മുമ്പ് മാതാ അമൃതാനന്ദമയി നടത്തിയ പ്രസംഗവും. നേരത്തെ കേട്ടത് കൊണ്ട് എനിക്ക് കാര്യം മനസ്സിലായി. സംസാരം ആ വഴിക്കു തിരിഞ്ഞു. പ്രതിഷ്ഠയും ദൈവ വിശ്വാസവും തമ്മിലുള്ളതായിരുന്നു ഞങ്ങളുടെ ചര്‍ച്ചയുടെ കാതല്‍. എന്ത് കൊണ്ട് ഏകദൈവം, പല ദൈവങ്ങള്‍ ഉണ്ടായാല്‍ എന്ത് സംഭവിക്കും എന്ന സ്വാഭാവിക സംശയം അദ്ദേഹം ഉന്നയിച്ചു.
മക്കയില്‍ നിലവിലുണ്ടായിരുന്ന ദൈവ സങ്കല്പം ഓരോ ഗോത്രത്തിനും ഓരോ ദൈവം എന്നതായിരുന്നു. ഏകദൈവത്തെ പരിചയപ്പെടുത്തിയപ്പോള്‍ മക്കക്കാര്‍ അത്ഭുതത്തോടെ ചോദിച്ചു. ഈ ദൈവത്തിന്റെ കുലവും ഗോത്രവും എന്താണ്?. അതിനു മറുപടി പറഞ്ഞത് ഖുര്‍ആനാണ്. ‘പ്രവാചകന്‍ പറഞ്ഞുകൊടുക്കുക: അവന്‍ അല്ലാഹുവാകുന്നു. ഏകന്‍. അല്ലാഹു ആരുടെയും ആശ്രയം വേണ്ടാത്തവനും എല്ലാവരാലും ആശ്രയിക്കപ്പെടുന്നവനുമാകുന്നു. അവന്ന് സന്തതിയേതുമില്ല. അവന്‍ ആരുടെയും സന്താനവുമല്ല. അവന്ന് തുല്യനായി ആരുമില്ല’. പ്രവാചക കാലത്തെ ഇസ്‌ലാമിന് പുറത്തുള്ളവരെ കുറിച്ച് ദൈവ നിഷേധികള്‍ എന്നും ഖുര്‍ആന്‍ പറഞ്ഞില്ല പകരം ‘അവര്‍ അല്ലാഹുവിനെ കണക്കാക്കേണ്ട വിധം കണക്കാക്കിയില്ല’ എന്നാണ് പറഞ്ഞു വെച്ചത്.
കഴിഞ്ഞ ദിവസം മാതാഅമൃതാനന്ദമയിയുടെ പ്രഭാഷണം കേട്ടപ്പോഴും ഇതെല്ലാം ഓര്‍മ വന്നു. പ്രതിഷ്ഠയും ദൈവവും തമ്മിലുള്ള അന്തരം അവര്‍ സൂചിപ്പിച്ചതു സമുദ്രത്തലെ മത്സ്യവും ടാങ്കിലെ മത്സ്യവും തമ്മിലുള്ള അന്തരമായി പറഞ്ഞു. തന്ത്രിയും പൂജാരിയും ഇല്ലെങ്കില്‍ അശക്തനായി പോകുന്ന പ്രതിഷ്ഠയെ കുറിച്ചും അവര്‍ പറഞ്ഞു. നിസ്സഹായനായ ദൈവത്തെയാണോ മനുഷ്യര്‍ കുമ്പിടേണ്ടത് അതോ ഒരാളുടെയും സഹായം ആവശ്യമില്ലാത്ത എല്ലാവരും ആശ്രയിക്കേണ്ടി വരുന്ന ദൈവത്തെയാണോ നാം ആരാധിക്കേണ്ടത്. ദൈവ വിശ്വാസത്തിലേ പ്രസക്തമായ ചോദ്യമായി അത് മനസ്സിലാക്കപ്പെടുന്നു. ഏതു ദേവനെയാണ് ഞാന്‍ ആരാധിക്കേണ്ടത് എന്ന് സ്വയം തീരുമാനിക്കാനുള്ള അവകാശം ഇസ്‌ലാം നല്‍കുന്നില്ല. പ്രതിഷ്ഠ എന്നത് കൊണ്ട് ഉദ്ദേശം അതത്രെ. എന്റെ ആരാധ്യനെ ഞാന്‍ തീരുമാനിക്കുക എന്ന് വന്നാല്‍ ആരാധ്യനെക്കാള്‍ മേലെയാകും ഞാന്‍ എന്ന് വരും.
ദൈവത്തിനു വേണ്ടി മനുഷ്യന്‍ ഒന്നും ചെയ്യേണ്ടതില്ല പക്ഷം മനുഷ്യന്‍ ചെയ്യേണ്ടത് മനുഷ്യന് വേണ്ടി തന്നെ എന്നതാണ് ഇസ്ലാം പഠിപ്പിക്കുന്ന പാഠം. പൂജയും ആചാരങ്ങളും നിലനിന്നാല്‍ മാത്രം നില നില്‍ക്കുന്ന ദൈവിക സങ്കല്പമല്ല ഇസ്ലാം മുന്നോട്ട് വെക്കുന്നത്. ദൈവ വിശ്വാസം പോലും ദൈവത്തിനു വേണ്ടി എന്ന സങ്കല്പം ഇസ്‌ലാമിനില്ല. അത് കൊണ്ട് തന്നെ വിശ്വസിക്കാനും അവശ്വസിക്കാനുമുള്ള അവകാശം മനുഷ്യന് വിട്ടു കൊടുത്തു. ആരാധന കാര്യത്തില്‍ സ്ത്രീക്കും പുരുഷനും തുല്യ അവകാശം നല്‍കി. ഇസ്‌ലാമിലെ ആരാധനകള്‍ സ്ത്രീക്കും പുരുഷനും തുല്യമാണ്. പള്ളികള്‍ ദൈവത്തെ ആരാധിക്കാനുള്ള ഇടം എന്നതില്‍ നിന്നും ഉപരിയായി സമൂഹത്തിന്റെ കേന്ദ്രം എന്ന നിലയിലാണ് ഇസ്ലാമില്‍ മനസ്സിലാക്കപ്പെടുന്നത്. ഇസ്‌ലാമില്‍ ദൈവത്തിനു ആരും ജയ് വിളിക്കുന്നില്ല. അങ്ങിനെ ജയ് വിളിച്ചു ആലാക്കേണ്ട ഒന്നാണ് ദൈവം എന്ന വിശ്വാസം മുസ്ലിംകള്‍ക്കില്ല.
വിശ്വാസത്തിലെ ഒന്നാമത്തെ വിഷയം ദൈവത്തെ അറിയുക, മനസ്സിലാക്കുക എന്നതാണ്. ഇലാഹ്,റബ്ബ് എന്നീ രീതികളില്‍ ഇസ്‌ലാം ഏകനായ ദൈവത്തെ പരിചയപ്പെടുത്തുന്നു. അതായത് ആരാണോ സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത് ആ ദൈവത്തെ മാത്രം ആരാധ്യനായി സ്വീകരിക്കുക. അതാണ് ഇസ്‌ലാം പറയുന്നതും. ആരാധ്യനായി കാണുന്ന പ്രതിഷ്ഠയ്ക്ക് നമ്മുടെ ജനനത്തിലും മരണത്തിലും പങ്കില്ല. അതെ സമയം ഏകനായ ദൈവം മനുഷ്യന്റെ ജനനം മുതല്‍ മരണം വരെ ഇടപെടുന്നു. മരണത്തിനു ശേഷവും ആ ഇടപെടല്‍ അവസാനിക്കുന്നില്ല എന്നതാണ് ഇസ്ലാമിലെ ദൈവ വിശ്വാസം. ഓരോ കാര്യത്തിന് വേണ്ടിയാണു പലരും പല പ്രതിഷ്ഠകളിലും ആരാധനകള്‍ അര്‍പ്പിക്കുന്നത്. അതെ സമയം ഏകനായ ദൈവത്തില്‍ വിശ്വാസികള്‍ എല്ലാം അര്‍പ്പിക്കുന്നു. അരൂപിയായ ദൈവത്തെ രൂപത്തില്‍ ഒതുക്കുക എന്നത് ദൈവത്തെ ചെറുതാക്കുക എന്നതിന് തുല്യമാണ്.
വണ്ടി കോഴിക്കോട് എത്തിയപ്പോള്‍ ഞാന്‍ യാത്ര പറഞ്ഞിറങ്ങി. ദൈവത്തിനു പരിധി നിശ്ചയിക്കുക എന്നതാണ് മനുഷ്യന്‍ ദൈവത്തോട് ചെയ്യുന്ന വലിയ അനീതി. വാസ്തവത്തില്‍ മനുഷ്യന് പരിധി നിശ്ചയിക്കാനുള്ള അവകാശം ദൈവത്തിനാണ്. ഇവിടെ ദൈവം നിസഹായനായി പോകുന്നു എന്നതാണ് വലിയ ദുരന്തം.