Current Date

Search
Close this search box.
Search
Close this search box.

മാതൃകയാവുന്ന ജര്‍മനിയിലെ നീതിപീഠം

ജര്‍മനിയിലെ കോബ്ലന്‍സ് കോടതി ഇന്നലെ പുറപ്പെടുവിച്ച സുപ്രധാന വിധി യുദ്ധക്കുറ്റവാളികള്‍ക്ക് എതിരായ വ്യക്തമായ സന്ദേശമാണ് . സിറിയയിലെ ബശ്ശാറുല്‍ അസദ് എന്ന ഏകാധിപതിക്കു വേണ്ടി മനുഷ്യവേട്ട നടത്തിയ അന്‍വര്‍ റസ്‌ലാന്‍ എന്ന പഴയ കേണലിനെ ജീവപര്യന്തം തടവിനാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്.

യുദ്ധക്കുറ്റവാളികള്‍ക്ക് ലോകം പരവതാനി വിരിച്ചു കൊണ്ടിരിക്കുമ്പോഴാണ് ജര്‍മനിയിലെ ഒരു നീതിപീഠം മാതൃകയാവുന്നത്. ഒരു വര്‍ഷം മുമ്പ് മറ്റൊരു സിറിയന്‍ യുദ്ധക്കുറ്റവാളിയെയും നാലര വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു ഇതേ കോടതി. എന്നാല്‍, റസ് ലാനെപ്പോലെ ഉയര്‍ന്ന റാങ്കുകാരനായ ഉദ്യോഗസ്ഥനായിരുന്നില്ല ഇയാദ് അല്‍ ഗാരിബ്.

2011 ഏപ്രിലിനും 2012 സെപ്റ്റംബറിനുമിടയില്‍ ദമാസ്‌കസിലെ കുപ്രസിദ്ധമായ അല്‍ ഖാതിബ് ജയിലില്‍ നാലായിരത്തിലേറെ മനുഷ്യരെ ആസൂത്രിതവും അങ്ങേയറ്റം ക്രൂരവുമായ പീഡനനങ്ങള്‍ക്ക് വിധേയമാക്കിയത് അന്‍വര്‍ റസ്‌ലാന്റെ പൂര്‍ണ മേല്‍നോട്ടത്തിലായിരുന്നുവെന്ന് പ്രോസിക്യൂട്ടര്‍മാര്‍ കണ്ടെത്തി. വൈദ്യുതാഘാതം ഏല്‍പിക്കല്‍, ചാട്ടവാര്‍ കൊണ്ട് പ്രഹരിക്കല്‍, ലൈംഗികാതിക്രമങ്ങള്‍, ഉറക്കം നഷ്ടപ്പെടുത്തല്‍ തുടങ്ങിയവയാണ് ഇയാളുടെ നേതൃത്വത്തില്‍ അരങ്ങേറിയ ക്രൂരതകള്‍. 58 പേര്‍ പീഡനങ്ങള്‍ സഹിക്കാനാവാതെ കൊല്ലപ്പെട്ടു.
ബശ്ശാറുല്‍ അസദ് ഭരണകൂടത്തിന്റെ രഹസ്യാന്വേഷണ വിഭാഗത്തില്‍ 18 വര്‍ഷം ജോലി ചെയ്ത റസ് ലാന്‍ 2014ലാണ് ജര്‍മനിയില്‍ അഭയാര്‍ഥിയായി എത്തിയത്. എന്നാല്‍ 2019ല്‍ ഇയാള്‍ അറസ്റ്റിലായി. ഇയാദ് അല്‍ ഗാരിബും റസ് ലാനെപ്പോലെ സിറിയയില്‍നിന്ന് രക്ഷപ്പെടുകായിരുന്നു. പല ഏകാധിപതികളുടെയും ശിങ്കിടികള്‍ അങ്ങനെയാണ്. തങ്ങളുടെ ജീവനും പിന്നീട് അപകടത്തിലാകുമെന്ന് ബോധ്യപ്പെടുമ്പോഴാണ് അവര്‍ അഭയാര്‍ഥികളുടെ വേഷം കെട്ടാറുള്ളത്.

സ്വന്തം നിലയ്ക്കല്ല, സിറിയന്‍ ഭരണകൂടത്തിന്റെ ഉത്തരവനുസരിച്ചാണ് തന്റെ കക്ഷി പ്രവര്‍ത്തിച്ചതെന്നും അതിനാല്‍ വെറുതെ വിടണമെന്നും റസ്‌ലാനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോബ്ലന്‍സിലെ കോടതി മുമ്പാകെ വാദിക്കുകയുണ്ടായി.

നീതി കാംക്ഷിക്കുന്നവര്‍ക്ക് സംതൃപ്തി നല്‍കുന്നതാണ് അന്‍വര്‍ റസ് ലാനെതിരായ വിധി. ലോകത്തെവിടെ ആയിരുന്നാലും നീതിയുടെ പിടിത്തത്തില്‍നിന്ന് രക്ഷപ്പെടാനാവില്ലെന്ന് സിറിയന്‍ ഭരണകൂടത്തിന് നല്‍കുന്ന ശക്തമായ സന്ദേശമാണ് ജര്‍മന്‍ കോടതിയുടെ വിധിയെന്ന് ഹ്യൂമണ്‍റൈറ്റ്സ് വാച്ച് ഓര്‍മിപ്പിക്കുന്നു.

സിറിയയിലെ പീഡനവീരന്മാര്‍ക്കും യുദ്ധക്കുറ്റവാളികള്‍ക്കും എതിരെ ജര്‍മനി, ഫ്രാന്‍സ്, സ്വീഡന്‍ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലെ കോടതികളില്‍ കേസുകള്‍ നിലവിലുണ്ട്. അഭയാര്‍ഥികളാണ് ഇവര്‍ക്കെതിരെ കേസുകള്‍ ഫയല്‍ ചെയ്തിട്ടുള്ളത്. അസദിനുവേണ്ടി മനുഷ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ഒരു സിറിയന്‍ ഡോക്ടര്‍ക്കെതിരായ കേസ് മറ്റൊരു ജര്‍മന്‍ കോടതിയില്‍ അടുത്തയാഴ്ച വിചാരണ ആരംഭിക്കാനിരിക്കുകയാണ്.

കോബ്ലന്‍സ് കോടതി വിധി അതിന്റെ സ്വഭാവം കൊണ്ടു തന്നെ ഏറെ പുതുമകള്‍ ഉള്ളതാണ്. അത് ഒരിക്കലും അവസാനത്തേത് ആകാന്‍ പാടില്ലെന്നാണ് നീതിക്കുവേണ്ടി ദാഹിക്കുന്നവര്‍ ആഗ്രഹിക്കുന്നത്. ഫലസ്ത്വീനികളെ കൊന്നൊടുക്കുന്ന സയണിസ്റ്റ് യുദ്ധഭീകരര്‍ക്കെതിരെ പക്ഷേ, യൂറോപ്യന്‍ രാജ്യങ്ങള്‍ ഈ ‘ധൈര്യം’ കാണിക്കുന്നില്ല എന്നത് തീര്‍ച്ചയായും അപലപനീയവും ഇരട്ടത്താപ്പുമാണ്.

2011ല്‍ അറബ് ലോകത്ത് വീശിയടിച്ച ജനാധിപത്യ പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് അതേ വര്‍ഷം മാര്‍ച്ച് 15ന് സിറിയയില്‍ ബശ്ശാറുല്‍ അസദിന്റെ കിരാത ഭരണത്തിനെതിരെ ജനകീയ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. നിരായുധരായ ജനതയുടെ പ്രക്ഷോഭത്തെ തുടക്കം മുതല്‍ ചോരയില്‍ മുക്കിക്കൊല്ലാനാണ് ബഅസ് പാര്‍ട്ടി ഭരണകൂടം ശ്രമിച്ചത്. ഇതോടെ സിറിയക്ക് അകത്തും പുറത്തുമുള്ള പോരാട്ട ഗ്രൂപ്പുകളും തിരിച്ചടിക്കാന്‍ തുടങ്ങി. ഭീതിദമായ യുദ്ധത്തിലേക്കാണ് രാജ്യത്തെ അത് കൊണ്ടെത്തിച്ചത്. ഇറാനും ലെബനാനിലെ അവരുടെ പ്രോക്‌സിയായ ഹിസുബുല്ലയും തുടക്കത്തിലും അസദ് പരാജയപ്പെടുമെന്നായപ്പോള്‍ റഷ്യയും സഹായത്തിനെത്തിയതോടെ ഭീകരമായ കൂട്ടക്കൊലകള്‍ക്ക് സിറിയ സാക്ഷ്യം വഹിച്ചു.

പ്രതിപക്ഷ സംഘടനകളുടെയും ആക്റ്റിവിസ്റ്റുകളുടെയും കണക്കില്‍ പത്തു വര്‍ഷമായി തുടരുന്ന യുദ്ധം അപഹരിച്ചത്
അഞ്ചു ലക്ഷത്തോളം മനുഷ്യ ജീവനുകളെയാണ്. ബ്രിട്ടന്‍ ആസ്ഥാനമായുള്ള സിറിയന്‍ വാര്‍ മോണിറ്റര്‍ ഗ്രൂപ്പ് പറയുന്നത് കൊല്ലപ്പെട്ടവരുടെ എണ്ണം ആറു ലക്ഷം കവിഞ്ഞുവെന്നാണ്. യു.എന്‍ പുറത്തുവിട്ട ഔദ്യോഗിക കണക്കനുസരിച്ച് കൊല്ലപ്പെട്ടത് മൂന്നര ലക്ഷത്തിലേറെ പേര്‍. യുദ്ധം കാരണം രാജ്യത്തുനിന്ന് പലായനം ചെയ്തത് 68 ലക്ഷത്തിലേറെ പേര്‍. അത്ര തന്നെ ആളുകള്‍ വീടുകളും തൊഴിലും നഷ്ടപ്പെട്ട് രാജ്യത്തിനകത്ത് ദുരിതമനുഭവിക്കുന്നു.

നഷ്ടപ്പെട്ട ഭൂപ്രദേശങ്ങള്‍ ബശ്ശാറുല്‍ അസദ് വീണ്ടെെടുത്തതോടെ നേരത്തെ ആ ഏകാധിപതിക്ക് എതിരായിരുന്ന രാജ്യങ്ങള്‍ കളം മാറിച്ചവിട്ടി. ചില അറബ് രാജ്യങ്ങള്‍ ദമാസ്‌കസുമായുള്ള നയതന്ത്ര ബന്ധം പുന:സ്ഥാപിക്കുകയും നിര്‍ത്തിവെച്ചിരുന്ന വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കുകയും ചെയ്തു. യുദ്ധക്കുറ്റങ്ങള്‍ക്ക് അസദിനെ വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ടവരാണ് ഇന്ന് ആ ഏകാധിപതിയെ വിശുദ്ധനാക്കിയിരിക്കുന്നത് എന്നതാണ് സിറിയയുടെ ഏറ്റവും വലിയ ദുരന്തം.

Related Articles