Current Date

Search
Close this search box.
Search
Close this search box.

രണ്ടു കാര്യങ്ങളിൽ ഇസ്രായിലിന്റെ നിലപാട് ശരിയല്ല പോലും

സൗഹൃദ സന്ദർശനത്തിനെത്തുന്ന രാഷ്ട്രത്തലവന്മാർ ആതിഥേയ രാജ്യത്തിന് ഇഷ്ടമില്ലാത്ത പ്രസ്താവനകൾ പരസ്യമായി രേഖപ്പെടുത്തുന്നത് അപൂർവ്വമാണ്. സ്ഥാനമൊഴിയുന്ന ജർമൻ ചാൻസലർ ആഞ്ചല മെർക്കൽ തന്റെ ഇസ്രായിൽ സന്ദർശനത്തിൽ അവിടത്തെ പ്രധാനമന്ത്രിയുമൊന്നിച്ചുള്ള പത്രസമ്മേളനത്തിൽ നടത്തിയ പരാമർശങ്ങൾ അതുകൊണ്ട് തന്നെ വലിയ വാർത്താമൂല്യം നേടിയിരിക്കുന്നു.

ഇസ്രായിലിന്റെ ഏറ്റവുമടുത്ത സൗഹൃദ രാജ്യങ്ങളിലൊന്നാണ് ജർമനി. അതുകൊണ്ടാണ് സ്ഥാനമൊഴിയുന്നതിനു മുമ്പ് വിദേശ രാജ്യങ്ങളിൽ നടത്തുന്ന സന്ദർശനത്തിൽ മെർക്കൽ ഇസ്രായിലിന് മുൻതൂക്കം നൽകിയതും. ഗംഭീര വരവേൽപും അവർക്ക് ലഭിച്ചു. ഇസ്രായിലിന്റെ സുരക്ഷക്ക് ജർമനി എക്കാലവും മുന്നിലുണ്ടാകുമെന്നും ഇസ്രായിൽ ജർമനിയുടെ ഉത്തമ സുഹൃത്താണെന്നും തന്റെ കാലശേഷവും അത് തുടരുമെന്നുമൊക്കെ മെർക്കൽ പ്രസ്താവിച്ചു. താൻ ചാൻസലറായിരുന്ന 16 വർഷം ഇസ്രായിലുമായുള്ള ബന്ധം ഊഷ്മളമായിരുന്നുവെന്നും അവർ അനുസ്മരിക്കുകയുണ്ടായി.

എന്നാൽ, രണ്ടു കാര്യങ്ങളിൽ ഇസ്രായിലിന്റെ നിലപാട് ശരിയല്ലെന്നും അത് തിരുത്തണമെന്നും പ്രധാനമന്ത്രി നെഫ്താലി ബെന്നറ്റിനെ സാക്ഷിനിർത്തി പത്രസമ്മേളനത്തിൽ മെർക്കൽ തുറന്നടിച്ചു. ഇസ്രായിൽ-ഫലസ്ത്വീൻ പ്രശ്‌നപരിഹാരത്തിന് സ്വതന്ത്ര ഫലസ്ത്വീൻ രാഷ്ട്രം സ്ഥാപിതമാകണമെന്ന് പറഞ്ഞ മെർക്കൽ, അത് അടഞ്ഞ അധ്യായമല്ലെന്നും ഫലസ്ത്വീനികൾക്കും സുരക്ഷിതത്വത്തോടെ അവരുടേതായ നാട്ടിൽ താമസിക്കാൻ അവസരമുണ്ടാകണമെന്നും ആവശ്യപ്പെട്ടു. അധിനിവേശ ഫലസ്ത്വീനിൽ ഇസ്രായിൽ നിർബാധം നടത്തിക്കൊണ്ടിരിക്കുന്ന കുടിയേറ്റ കേന്ദ്രങ്ങളുടെ നിർമാണം പ്രശ്‌നപരിഹാരത്തിന് ഒട്ടും സഹായകരമല്ലെന്നും മെർക്കൽ ചൂണ്ടിക്കാട്ടി.

ഇസ്രായിലി നിലപാടിന് വിരുദ്ധമായി, ഇറാനുമായുള്ള ആണവ കരാർ പുനരുജ്ജീവിപ്പിക്കുന്നതിന് ജർമനി പ്രതിജ്ഞാബദ്ധമാണെന്നായിരുന്നു മെർക്കലിന്റെ അടുത്ത പ്രസ്താവന. യു.എസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏകപക്ഷീയമായി പിൻവാങ്ങിയതിനെ തുടർന്നാണ് ഇറാൻ ആണവ കരാർ റദ്ദായത്. ആണവ കരാറിലേക്ക് മടങ്ങരുതെന്നും ഇറാനെതിരെ ശക്തമായ ഉപരോധങ്ങളും വേണ്ടിവന്നാൽ സൈനിക നടപടികളും വേണമെന്നാണ് സയണിസ്റ്റ് ഭരണകൂടം ആവശ്യപ്പെടുന്നത്.

ഫലസ്ത്വീനികൾക്ക് സ്വതന്ത്ര രാജ്യം അനുവദിക്കരുതെന്ന് മുൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനേക്കാൾ ശക്തിയായി വാദിക്കുകയും അധിനിവേശ പ്രദേശങ്ങളിൽ കൂടുതൽ കുടിയേറ്റ കേന്ദ്രങ്ങളുടെ നിർമാണം പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്നയാളാണ് ബെന്നറ്റ്. ഫലസ്ത്വീൻ സ്റ്റേറ്റ് എന്നാൽ ഭീകര രാജ്യം എന്നാണ് അർഥമെന്നായിരുന്നു മെർക്കലിന്റെ പ്രസ്താവന കേട്ട് ഞെട്ടിത്തരിച്ച ബെന്നറ്റിന്റെ പ്രതികരണം.

യാഥാർഥ്യം എന്താണ്?ഭീകരതയുടെ ഏറ്റവും നീചമായ രൂപമാണ് അധിനിവേശം. ഒരു ജനതയെ അര നൂറ്റാണ്ടിലേറെക്കാലമായി ജന്മനാട്ടിൽ അടിമകളാക്കി അവരുടെ ജീവിക്കാനുള്ള അവകാശത്തെപ്പോലും ചോദ്യം ചെയ്യുന്നവരാണ് അധിനിവേശത്തിനെതിരായ പോരാട്ടങ്ങളെ ഭീകരതയായും അവർ സ്വപ്നം കാണുന്ന സ്വതന്ത്ര രാജ്യത്തെ ഭീകര രാഷ്ട്രമായും വിശേഷിപ്പിക്കുന്നത്. അധിനിവേശ ശക്തിയായാണ് ഇസ്രായിലിനെ ലോകം കാണുന്നത്. യു.എൻ രക്ഷാസമിതിയും പൊതു സഭയും യു.എന്നിന്റെ അനുബന്ധ ബോഡിയായ മനുഷ്യാവകാശ കൗൺസിലും (UNHRC) സയണിസ്റ്റ് ഭരണകൂടത്തിനെതിരെ പാസ്സാക്കിയതു പോലെ മറ്റൊരു രാജ്യത്തിനെതിരെയും പ്രമേയങ്ങൾ പാസ്സാക്കിയിട്ടില്ല. മേൽ പ്രമേയങ്ങൾക്ക് പുല്ലുവില കൽപിക്കാതെ അഴിഞ്ഞാട്ടം നടത്തുകയാണ് സയണിസ്റ്റ് രാജ്യം.

മെർക്കലും ജർമനിയും മാത്രമല്ല, യൂറോപ്യൻ യൂനിയൻ തന്നെയും ഇസ്രായിലിന്റെ അധിനിവേശത്തെയും അന്യായമായ കുടിയേറ്റ കേന്ദ്രങ്ങളുടെ നിർമാണത്തെയും അപലപിക്കാറുണ്ട്. അധിനിവേശ പ്രദേശങ്ങളിൽ നടത്തുന്ന ഭീകരമായ സൈനിക നടപടികളെ വിമർശിക്കാറുണ്ട്. എന്നാൽ ഇവയൊക്കെ വാക്കുകളിൽ ഒതുങ്ങുന്നു എന്നതാണ് യാഥാർഥ്യം.

സയണിസ്റ്റ് അധിനിവേശത്തിനെതിരെ ഘോരഘോരം പ്രസംഗിച്ചിരുന്ന അറബ് രാജ്യങ്ങൾ ഇസ്രായിലിന് ചുവപ്പ് പരവതാനി വിരിച്ച് ആനയിച്ചുകൊണ്ടിരിക്കുന്നു. അവർക്ക് ഫലസ്ത്വീനും അൽ ഖുദ്‌സുമൊന്നുമല്ല വിഷയം. പിന്നെ നാമെന്തിന് പടിഞ്ഞാറൻ രാജ്യങ്ങളെ പഴിചാരുന്നു!

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles