Current Date

Search
Close this search box.
Search
Close this search box.

ജർമ്മൻ ഫുട്ബോൾ ടീമിന്റെ ഈ പ്രതിഷേധം കാപട്യമാണ്

കഴിഞ്ഞ ലോകകപ്പിൽ സൗത്ത് കൊറിയയോടും നാണംകെട്ട് തോറ്റ് ജർമ്മൻ ടീം ആദ്യ റൗണ്ടിൽ പുറത്തയപ്പോൾ ജർമ്മൻ വംശീയവാദികൾ മെസ്യൂട്ട് ഓസിലിനെ വളഞ്ഞിട്ട് അക്രമിച്ചു.

ലോകകപ്പിന് മുമ്പ് ഒരു ഫുട്ബോൾ മത്സരത്തിനിടെ തുർക്കിഷ് വംശജനായ ഓസിൽ തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനൊപ്പം ഫോട്ടൊയെടുത്തതാണ് ജർമ്മൻ ഫുട്ബോൾ ഫെഡറേഷനെയും ജർമ്മൻ വംശീയവാദികളെയും ചൊടിപ്പിക്കാൻ കാരണം.

ലോകകപ്പിൽ തോറ്റ എല്ലാ ഭാരവും അവർ ഓസിലിന്റെ മേൽകെട്ടിവെച്ചു. 2014ൽ ജർമ്മനിയെ ജേതാക്കളാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച ഓസിലിന്റെ രാജ്യസ്നേഹം ചോദ്യം ചെയ്യപ്പെട്ടു.

ഓസിലിന് നേരെ നടക്കുന്ന വംശീയാക്രമണത്തിന് പിന്തുണയുമായി ഒരാളും വന്നില്ല. അപ്പോഴും അവർ വാപൊത്തി തന്നെ നിന്നു. ജർമ്മൻ ഫുട്ബോൾ ഫെഡറേഷന്റെ മൗനാനുവാദത്തോടെ നടന്ന വംശീയക്രമണം സഹിക്കാൻ കഴിയാതെ തന്റെ മുപ്പതാം വയസ്സിൽ ലോകം കണ്ട ഏറ്റവും മികച്ച പ്ലേമേക്കറിലൊരാളായ ഓസിൽ ഫുട്ബോളിൽ നിന്ന് വിരമിക്കേണ്ടി വന്നു.

വിരമിക്കൽ പ്രഖ്യാപനത്തിന് മുമ്പ് ഓസിൽ പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്:

“ ഞങ്ങൾ ജയിക്കുമ്പോൾ ഞാൻ ജർമ്മനിയാണ്, പക്ഷേ തോൽക്കുമ്പോൾ ഞാൻ ഒരു കുടിയേറ്റക്കാരനാണ്. പൂർണ്ണമായി ജർമ്മൻകാരനായിരിക്കുന്നതിന് എനിക്ക് അനുയോജ്യമല്ലാത്ത മാനദണ്ഡങ്ങളുണ്ടോ? എന്റെ സുഹൃത്ത് പോഡോൾസ്‌കിയെയും ക്ലോസെയെയും ഒരിക്കലും ജർമ്മൻ-പോളിഷ് എന്ന് പരാമർശിക്കുന്നില്ല, പിന്നെ എന്തുകൊണ്ടാണ് ഞാൻ ജർമ്മൻ-ടർക്കിഷ്? തുർക്കി ആയതുകൊണ്ടാണോ? ഞാനൊരു മുസ്ലീമായതുകൊണ്ടാണോ? ”

ഓസിലിന്റെ ഈ ചോദ്യം ഇപ്പോഴും അന്തരീക്ഷത്തിലുണ്ട്. ഓസിൽ ഉയർത്തിയ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ കഴിയാതെ ജർമ്മൻ ടീം അന്നും ഇന്നും വാപൊത്തി പിടിച്ചിരിക്കുക തന്നെയാണ്.

Related Articles