Sunday, November 16, 2025

Current Date

ഭക്ഷണത്തിന് വേണ്ടി ഞാനെന്റെ പുസ്തകങ്ങൾ വിറ്റു..

This extract shares the harrowing reality of hunger, thirst, and total famine from the ground in Gaza. Speaking as a student, the narrator recounts how survival has forced unimaginable sacrifices

എനിക്ക് പത്തൊൻപത് വയസ്സാണ്. ഞാൻ ഏഴ് യുദ്ധങ്ങളിലൂടെ കടന്നുപോയി. 2008-09 ലെ ആദ്യ യുദ്ധത്തിൽ എനിക്ക് രണ്ട് വയസ്സായിരുന്നു. 2012ലെയും 2014ലെയും യുദ്ധകാലങ്ങളിൽ ഞാൻ ഉണ്ടായിരുന്നു. 2019ലും 2021ലും 2022ലും നടന്ന ആക്രമണങ്ങൾക്ക് ഞാൻ സാക്ഷിയായി. എന്റെ ജീവിതകാലത്ത്, ഗസ്സയിൽ ഞങ്ങളുടെ ജനങ്ങൾക്കെതിരെ നിരവധി ക്രൂരമായ സൈനിക ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ ഏറ്റവും പുതിയ അതിക്രമങ്ങളിലൂടെയാണ് ഞങ്ങൾ കടന്ന് പോവുന്നത്.

ഞാൻ ഇപ്പോഴും ജീവിച്ചിരിക്കുന്നു, ഇപ്പോഴും ശ്വസിക്കുന്നു. എന്നാൽ ഗസ്സയിലെ ജീവിതം വേദനയിൽ നിന്നും അതിജീവനത്തിലേക്ക് മാറിയിരിക്കുന്നു. എനിക്ക് സ്വപ്നങ്ങളും പുസ്തകങ്ങളും ഉണ്ടായിരുന്നു. എനിക്ക് ജീവിതത്തെ കുറിച്ച് പല പദ്ധതികളുമുണ്ടായിരുന്നു. പക്ഷെ, ഇപ്പോൾ എനിക്ക് ഭക്ഷണം മാത്രം മതി. മുമ്പ് അനുഭവിച്ചതിൽ നിന്ന് വ്യത്യസ്തമാണ് ഇത്തവണ. ഇത് കൂടുതൽ ദൈർഘ്യമേറിയതും, അതികഠിനവും, വിശപ്പും പട്ടിണിയും നിറഞ്ഞ നിശബ്ദതയും ചേർന്നതുമാണ്. ഇതൊരു വംശഹത്യയാണ്.

ഞാൻ ഇപ്പോഴും വടക്കൻ ഗസ്സയിലാണ്. മുമ്പും ഞാൻ പട്ടിണി അനുഭവിച്ചിട്ടുണ്ട്. 2023 ഒക്ടോബർ 7 മുതൽ 2024 മെയ് 1 വരെ 15 മാസത്തേക്ക് ഇസ്രായേൽ അതിർത്തികൾ അടച്ചിട്ടപ്പോഴാണ് ആദ്യമായി അതനുഭവിച്ചത്. എന്റെ ആരോഗ്യം ക്ഷയിക്കുകയും, മുഖം മെലിഞ്ഞു വിളറുകയും ചെയ്തിരുന്നു. ഈ വർഷം മാർച്ച് 2ന്, ഏകദേശം രണ്ട് മാസത്തോളം നീണ്ടുനിന്ന വെടിനിർത്തൽ മാർച്ച് 18ന് ഏകപക്ഷീയമായി അവസാനിപ്പിക്കുന്നതിന് മുമ്പ് ഇസ്രായേൽ വീണ്ടും അതിർത്തികൾ അടച്ചു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇത് മൂന്നാമത്തെ തവണയാണ് – രണ്ടാമത്തേത് 2024 സെപ്റ്റംബർ മുതൽ 2025 ജനുവരി വരെ നീണ്ടുനിന്നു – ഇസ്രായേൽ ഞങ്ങളുടെ മേൽ പട്ടിണി അടിച്ചേൽപ്പിക്കുന്നത്.

ഭക്ഷണമായി പയറ് മാത്രം

മാർച്ചിൽ ഞങ്ങൾ കുറച്ച് മാംസം സൂക്ഷിക്കാൻ ശ്രമിച്ചു. പക്ഷേ വൈദ്യുതിയില്ലാത്തതിനാൽ ശീതീകരണം സാധ്യമായില്ല. ഒന്നും രണ്ടും ക്ഷാമ കാലങ്ങളിൽ ഞങ്ങൾ ഇതിനകം ഇത് അനുഭവിച്ചിരുന്നു. ആദ്യത്തെ ക്ഷാമകാലത്ത് ഞങ്ങൾ ഖോബിസ* മാത്രം കഴിച്ചാണ് ജീവിച്ചിരുന്നത്. (വരണ്ട ഭൂപ്രദേശങ്ങളിൽ വ്യാപകമായി വളരുന്ന ഒരു കാട്ടുചെടിയാണ് ഇത്. ‘കോമൺ മാലോ വീഡ്’ എന്നാണ് ഇതിന്‍റെ ഇംഗ്ലീഷ് നാമം) 

ധാന്യമാവ് ക്രമേണ അപ്രത്യക്ഷമായി. കിട്ടാൻ പ്രയാസമായപ്പോൾ അതിന്റെ വിലയും വർദ്ധിച്ചു. കഴിഞ്ഞ മാർച്ചിൽ, ഞങ്ങൾക്ക് 12 ഡോളറിന് ഒരു കിലോ മാവാണ് ലഭിച്ചത്. ജൂൺ പകുതിയോടെ, വില ഏകദേശം ഇരട്ടിയായി 22 ഡോളറായി. അങ്ങനെ ഞങ്ങൾ മാവ് വാങ്ങാൻ വേണ്ടി ഉണ്ടായിരുന്ന പഞ്ചസാര വിറ്റു, അത് ഏകദേശം പത്ത് ദിവസത്തേക്ക് മതിയായിരുന്നു. ചോക്ലേറ്റ്, ചിപ്‌സ് തുടങ്ങിയ ആഡംബര വസ്തുക്കളും അപ്രത്യക്ഷമായിത്തുടങ്ങി. എന്നാൽ അത്തരം സാധനങ്ങൾക്ക് ഞങ്ങൾ ഇനി വലിയ പ്രാധാന്യം നൽകുന്നില്ല.

ജൂൺ അവസാനമായതോടെ ഞങ്ങളുടെ പക്കലുണ്ടായിരുന്ന മാവ് പൂർണമായും തീർന്നു. എന്റെ മാതാപിതാക്കൾ, രണ്ട് സഹോദരന്മാർ, പതിമൂന്നുകാരി മറിയമടക്കം മൂന്ന് സഹോദരിമാർ എന്നിവരുൾപ്പെടുന്ന ഞങ്ങൾ എട്ട് പേർക്ക് പത്ത് കിലോ അരിയും പത്ത് കിലോ പയറും മാത്രമാണ് ബാക്കിയായി ഉണ്ടായിരുന്നത്. എല്ലാ ദിവസവും ഒരു കിലോ അരിയും ഒരു കിലോ പയറും ഞങ്ങൾക്ക് ആവശ്യമായിരുന്നു. ഏകദേശം ഒരു മാസത്തോളം, ഞങ്ങൾ ഒരു പാത്രം പയറും അരിയും വീണ്ടും വീണ്ടും ചൂടാക്കി. പയറ് സൂപ്പ് മാത്രം കഴിച്ചാണ് ഞങ്ങൾ ജീവിച്ചത്. അത് വിശപ്പടക്കാൻ മതിയാകുമായിരുന്നില്ല. ജൂലൈ മാസത്തിന്റെ തുടക്കത്തിൽ ഒന്നും അവശേഷിച്ചില്ല. പയർ സൂപ്പില്ല, ഭക്ഷണമില്ല, സഹായമില്ല, പ്രതീക്ഷയുമില്ല. 

ഞങ്ങളുടെ അയൽക്കാർക്കും ഒന്നും ഉണ്ടായിരുന്നില്ല. അങ്ങാടികൾ കാലിയായിരുന്നു. കടകളിൽ ഒന്നുമില്ല, കൈയിലാണെങ്കിൽ പണവുമില്ല. ഭക്ഷണം എങ്ങനെ കണ്ടെത്തുമെന്ന ഭ്രാന്തമായ ആലോചനയിലായിരുന്നു എന്റെ കുടുംബം. എന്റെ സഹോദരന്മാർ പ്രതീക്ഷയോടെ ജോലി എടുക്കുകയും ഭക്ഷണം അന്വേഷിക്കുകയും ചെയ്തു, പക്ഷേ അവർ ഒന്നും കിട്ടാതെ മടങ്ങി. വയറു നിറയാൻ വേണ്ടി ഉപ്പുവെള്ളം കുടിക്കേണ്ടി വന്നു അവർക്ക്.

വിശപ്പും തലകറക്കവും

ജൂലൈ 13ന്, ഗസ്സ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിൽ എനിക്ക് അവസാന വിവർത്തന പരീക്ഷ ഉണ്ടായിരുന്നു. ഇപ്പോൾ അത് പഴയ കാമ്പസിന്റെ പൊട്ടിത്തെറിച്ച ഒരു കഷ്ണം മാത്രമാണ്. കഠിനാധ്വാനിയായ ഒരു വിദ്യാർത്ഥിയായിരുന്നു ഞാൻ. എല്ലാ പ്രതിബന്ധങ്ങൾക്കിടയിലും പഠിച്ചും കെട്ടിപ്പടുക്കേണ്ട നല്ല ഭാവി സ്വപ്നം കണ്ടും രാത്രി മുഴുവൻ ഞാൻ ഉണർന്നിരുന്നു. എനിക്ക് ഊർജ്ജവും ശ്രദ്ധയും ലഭിക്കാൻ എന്റെ കുടുംബം അവർക്കാവുന്ന പോലെ എനിക്ക് എന്തെങ്കിലും കഴിക്കാൻ തന്നു. ആ ദിവസം, ഞാൻ തെരുവുകളിലൂടെ നടക്കുമ്പോൾ, എന്റെ കണ്ണുകൾക്ക് ഭക്ഷണം മാത്രമേ തിരയാൻ കഴിഞ്ഞുള്ളൂ. അമിത വിലയ്ക്ക് ഫലാഫിൽ വിൽക്കുന്ന കുറച്ച് ആളുകളെ മാത്രമാണ് ഞാൻ കണ്ടത്.

ഗസ്സയിൽ ഇപ്പോൾ ഫലാഫിൽ സ്വർണ്ണമോ മാംസമോ പോലെയാണ്. എല്ലാത്തരം ആഡംബരവസ്തുക്കളുടെയും ആകെത്തുക അതായിരുന്നു. കടല തീർന്നുപോയപ്പോഴും ആളുകൾ പയർവർഗ്ഗങ്ങൾ ഉപയോഗിച്ച് ഫലാഫിൽ ഉണ്ടാക്കിക്കൊണ്ടിരുന്നു. അവയ്ക്ക് അത്ര നല്ല രുചിയില്ലായിരുന്നു. ഭാഗ്യവശാൽ കടല തിരിച്ചെത്തി, പക്ഷേ ഒരു സാൻഡ്‌വിച്ച് വാങ്ങാൻ പോലും എന്റെ കൈവശം ആവശ്യത്തിന് പണമില്ലായിരുന്നു. ഏറ്റവും നേർത്ത ബ്രെഡിൽ പൊതിഞ്ഞാൽ പോലും അത് 3 ഡോളറിൽ കൂടുതൽ വിലയ്ക്കാണ് വിറ്റുകൊണ്ടിരുന്നത്. യാത്ര ചെയ്യാനും എന്റെ കൈവശം പണമില്ലായിരുന്നു. അതിനാൽ ഫ്രീലാൻസർമാർക്ക് ഇന്റർനെറ്റ് ഉപയോഗിക്കാൻ കഴിയുന്ന ഒരു സ്ഥലത്തേക്കും പരീക്ഷ എഴുതുന്ന സ്ഥലത്തേക്കും ഞാൻ രണ്ട് കിലോമീറ്റർ നടന്നു. അൽ-ദറാജ്ലാണ് ഞാൻ താമസിക്കുന്നത്, അൽ-റിമൽ എന്ന സ്ഥലത്താണ് ഇന്റർനെറ്റ് തിരയേണ്ടിവന്നത്.

വിശപ്പ് സഹിച്ചും മോഹാലസ്യത്തോടെയും ഞാൻ പരീക്ഷ എഴുതാൻ വേണ്ടി നടന്നു. എന്റെ മുന്നിലുള്ള ചോദ്യങ്ങളേക്കാൾ ഭക്ഷണത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ട് ഞാൻ പരീക്ഷ എഴുതി. ഞാൻ വീട്ടിലേക്ക് മടങ്ങിയപ്പോൾ വിശപ്പ് കൂടുതൽ ശക്തമായി. എന്റെ യൂണിവേഴ്സിറ്റി പുസ്തകങ്ങൾ പുനഃക്രമീകരിക്കുന്നതിനിടയിൽ പെട്ടെന്ന് അവ വിൽക്കുക എന്ന ആശയം എന്റെ മനസ്സിലേക്ക് വന്നു. ഫെബ്രുവരിയിൽ സെമസ്റ്റർ ആരംഭിച്ചപ്പോൾ ഇരട്ടി വിലയ്ക്കാണ് ഞാൻ ഈ പുസ്തകങ്ങൾ വാങ്ങിയത്. പുസ്തകങ്ങൾ പോലും വിലക്കയറ്റം മൂലമുള്ള ക്ഷാമത്തിൽനിന്നും ഒഴിവായിട്ടില്ല. 

ഞാൻ ഒരു യൂണിവേഴ്സിറ്റി വിദ്യാർത്ഥിയാണെന്ന് എന്നെ ഓർമ്മിപ്പിക്കുന്ന ഒരേയൊരു കാര്യം ഈ പുസ്തകങ്ങളായിരുന്നു. ഓരോ പേജും പ്രതീക്ഷയോടെയാണ് ഞാൻ ഹൈലൈറ്റ് ചെയ്തിരുന്നത്. ഞാൻ സ്വയം ഒരു തിരഞ്ഞെടുപ്പ് നടത്തി: പുസ്തകങ്ങൾ സൂക്ഷിക്കുക അല്ലെങ്കിൽ എന്നെയും എന്റെ കുടുംബത്തെയും പോറ്റാൻ അവ വിൽക്കുക. പ്രതീക്ഷയ്ക്കും ഒരു വിലയുണ്ടെന്ന് ഞാൻ ചിന്തിച്ചു.

ഫലാഫിലിനായി സ്വപ്നങ്ങൾ വിൽക്കുന്നു

എന്റെ പുസ്തകങ്ങൾ യൂണിവേഴ്സിറ്റി വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ ഞാൻ വിൽപ്പനയ്ക്ക് വച്ചു. എന്നെ സഹായിക്കാൻ വേണ്ടി ഒരു സുഹൃത്ത് അവ വാങ്ങാൻ തീരുമാനിച്ചു. ഞാൻ എന്റെ യൂണിവേഴ്സിറ്റി പുസ്തകങ്ങൾ വിറ്റു… അതുകൊണ്ട് ഞാൻ ഫലാഫിൽ വാങ്ങി. ഒരു ഫലാഫിലിന് ഇപ്പോൾ 30 സെന്റ് വിലയുണ്ട്. മുമ്പ് ആ വിലയ്ക്ക് പത്തെണ്ണം ലഭിച്ചിരുന്നു. ഞങ്ങൾക്കെല്ലാവർക്കുമായി ഞാൻ 50 എണ്ണം വാങ്ങി, ബ്രെഡ് ഇല്ലാതെ. അത് മതിയാകുമായിരുന്നില്ല, പക്ഷേ അത് ഞങ്ങളെ ജീവനോടെ നിലനിർത്തി. സന്തോഷവും വേദനയും കണ്ണീരുമുള്ള സമ്മിശ്ര വികാരങ്ങളോടെ ഞങ്ങൾ ആ ഫലാഫിൽ കഴിച്ചു.

വിശപ്പും ക്ഷീണവും ഉണ്ടായിരുന്നിട്ടും എന്റെ മാതാപിതാക്കൾ ഭക്ഷണം കഴിച്ചില്ല. അവർ ഞങ്ങൾക്ക് വേണ്ടി അവരുടെ പങ്ക് കരുതിവച്ചു. വേദനാജനകമായിരുന്നു അത്. ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ ഞാൻ കരഞ്ഞു. ആ രാത്രി കഠിനമായിരുന്നു. എന്റെ ഉമ്മാക്കും സഹോദരിമാർക്കും വിശപ്പുകാരണം ഉറങ്ങാൻ കഴിഞ്ഞില്ല. അവർ വെള്ളം കുടിച്ചുകൊണ്ട് രാത്രി ചെലവഴിച്ചു. മൂന്ന് മണിക്കൂറിന് ശേഷം പിറ്റേന്ന് രാവിലെ ഉപ്പ അങ്ങാടിയിൽ നിന്ന് മടങ്ങിവന്നു. അദ്ദേഹം കുറച്ച് പയർ കൊണ്ടുവന്നു. ഞങ്ങൾക്ക് പരിചിതമായ പയറിനേക്കാൾ വലുതും കടുപ്പമുള്ളതുമായിരുന്നു അവ. മൂന്ന് മണിക്കൂറോളം അത് വേവിക്കാൻ ഞങ്ങൾ ശ്രമിച്ചു, പക്ഷേ മൃദുവായില്ല. എന്തായാലും ഞങ്ങൾ അത് കഴിച്ചു. അവ കഴിക്കാൻ വളരെ ബുദ്ധിമുട്ടായിരുന്നു. ആർക്കും അത് തീർക്കാൻ കഴിഞ്ഞില്ല. ജൂലൈ 14ന്, ആ ദിവസത്തെ ഞങ്ങളുടെ ഏക ഭക്ഷണം അതായിരുന്നു.

എപ്പോഴോ ഞാൻ കൈ കഴുകാനും അല്പം ഉപ്പ് ചേർത്ത വെള്ളം കുടിക്കാനും എഴുന്നേറ്റു, പെട്ടെന്ന് എല്ലാം ഇരുണ്ടതായി. കണ്ണുതുറന്നപ്പോൾ ഞാൻ നിലത്ത് കുഴഞ്ഞുവീണുകിടക്കുകയായിരുന്നു. ഉപ്പ എന്റെ അരികിൽ ഇരിക്കുന്നത് ഞാൻ കണ്ടു. അദ്ദേഹം എന്റെ മുഖത്ത് നിന്ന് എന്റെ മുടി മാറ്റി, “മോളേ…” എന്ന് വീണ്ടും വീണ്ടും വിളിച്ചു. എന്റെ ശരീരം തളരുന്നത് ഇതാദ്യമല്ല. എന്റെ വിറയലിൽ നിന്ന് എനിക്ക് അത് അനുഭവപ്പെടും. അന്നുമുതൽ ഇതുവരെ ഞങ്ങളുടെ വീട്ടിൽ ഭക്ഷണമൊന്നും ഉണ്ടായിരുന്നില്ല. ഓഗസ്റ്റിൽ അരിയും പയർവർഗ്ഗങ്ങളും വിപണിയിലേക്ക് തിരിച്ചെത്തിയപ്പോൾ സ്ഥിതി മെച്ചപ്പെട്ടു.

വിലകൾ ഉയർന്ന നിലയിൽ തുടരുന്നു. അടുത്ത ദിവസം ഞങ്ങൾ കഴിക്കുമോ എന്ന് ഞങ്ങൾക്ക് ഇപ്പോഴും അറിയില്ല. ഞങ്ങളുടെ അതിജീവനം അതിർത്തികളിലൂടെ വരുന്ന സഹായ വാർത്തകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ആ വാർത്ത ചിലപ്പോൾ ഞങ്ങൾക്ക് ജീവൻ നൽകിയേക്കാം, അല്ലെങ്കിൽ അത് എടുത്തുകളഞ്ഞേക്കാം.

ഇത്രയും വിശപ്പ് എനിക്ക് മുമ്പ് ഒരിക്കലും അനുഭവപ്പെട്ടിട്ടില്ല. അത്ര കഷ്ടപ്പെട്ട് പഠിച്ച, എന്റെ സ്വപ്നങ്ങളെ താങ്ങിനിർത്തിയ പുസ്തകങ്ങൾ  ഭക്ഷണം കഴിക്കാൻ വേണ്ടി വിൽക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. എനിക്കറിയാവുന്നത് ഇത് മാത്രമാണ്, വംശഹത്യയ്‌ക്കൊപ്പം വിശപ്പ് എന്ന ഒരു രാക്ഷസൻ കൂടെ ഞങ്ങളുടെ ശരീരത്തെ കാർന്ന്  തിന്നു കൊണ്ടിരിക്കുകയാണ്.

വിവ: ഹിറ പുത്തലത്ത്

Summary: This extract shares the harrowing reality of hunger, thirst, and total famine from the ground in Gaza. Speaking as a student, the narrator recounts how survival has forced unimaginable sacrifices—such as selling her most cherished books, once symbols of hope and learning, just to buy a little food to stay alive. Her words capture not only the physical suffering caused by blockade and war, but also the painful erosion of dreams and aspirations, as even the pursuit of knowledge must be surrendered in the struggle to endure.

Related Articles