Thursday, November 13, 2025

Current Date

ശിഅ്ബ് അബീത്വാലിബിനെ ഓർമിപ്പിക്കുന്നുണ്ട് ഗസ്സ

gaza

ഗോത്ര വംശീയതയിലധിഷ്ടിതമായ മക്കാ നിവാസികളിലേക്കാണ് മുഹമ്മദ് നബി (സ) നിയോഗിതനായത്. പൂർവികരുടെ ചെയ്തികളെ അന്ധമായി പിൻപറ്റുന്നതായിരുന്നു അവരുടെ ജീവിത രീതി. പ്രവാചകത്വ ദൗത്യത്തിൽ നിന്നും സർവ്വ തന്ത്രങ്ങൾ മെനഞ്ഞും റസൂലിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. അതിനെയെല്ലാം അസ്ഥാനത്താക്കുന്നതായിരുന്നു റസൂലിൻ്റെ പ്രബോധന പ്രവർത്തനം. ഇത് ചെറുതല്ലാത്ത രീതിയിൽ മക്കാ മുശ്‌രിക്കുകളെ ചൊടിപ്പിച്ചു. ഖുറൈശി ഗോത്രത്തിലെ പ്രധാന കുടുംബമായ ഹാശിം കുടുംബത്തിലെ അംഗമായതിനാൽ റസൂലിനെ ശരീരികമായി കൈയ്യേറ്റം ചെയ്യാൻ അവർ മടിച്ചു നിന്നു. അതിന് പകരം റസൂലിനോടൊപ്പം ചേർന്ന ദുർബലരായ മനുഷ്യരെ നിഷ്കരുണം പീഢിപ്പിക്കുകയായിരുന്നു അവർ. അത്യധികം ക്രൂരമായ ഇത്തരം നടപടികൾ പ്രബോധനത്തെ ഒരു തരത്തിലും ബാധിച്ചില്ല എന്ന് മാത്രമല്ല ഇസ്‌ലാമിൻ്റെ വ്യാപനത്തിന് ഏറെ സഹായകരമാവുകയും ചെയ്തു. 

ഇസ്‌ലാമിൻ്റെ ഈ അനിയന്ത്രിത വളർച്ച കൂടുതൽ മൂർച്ചയേറിയ പ്രതിരോധം തീർക്കാൻ മക്കയിലെ പ്രമാണിമാരെ നിർബന്ധിതരാക്കി. ദാറുന്നദ് വയിൽ വെച്ച് ദിവസങ്ങളോളം സംഘടിപ്പിച്ച ചർച്ചകൾക്കൊടുവിൽ അവസാന പരീക്ഷണ മുറയായി ഉപരോധത്തെ സ്വീകരിക്കുകയായിരുന്നു അവർ. ഉപരോധം പ്രഖ്യാപിക്കപ്പെട്ടതോടെ ബനൂ ഹാശിം വംശജരുടെ കുടുംബ സ്വത്തിൽപ്പെട്ട ശിഅ്ബ് അബീത്വാലിബിലേക്ക് എടുത്തെറിയപ്പെടുകയായിരുന്നു റസൂലും (സ) കൂട്ടരരും. മക്കയോട് ചേർന്ന ഒരു താഴ്‌വരയായിരുന്നു അത്. നബി (സ) യെ വിട്ടു തരുന്നത് വരെ ബനൂ ഹാശിം വംശജരുമായി സഹകരിക്കുകയോ ഇടപാടുകൾ നടത്തുകയോ ഇല്ലെന്ന് കരാർ പത്രിക തയ്യാറാക്കി കഅ്ബാലയത്തിൻ്റെ ഭിത്തിയിൽ പതിച്ചു ശത്രുക്കൾ. 

‘മുഹമ്മദിനെ വിട്ടു നൽകുന്നത് വരെ അവർക്ക് വിവാഹം ചെയ്ത് കൊടുക്കരുത്, അവരിൽ നിന്ന് വിവാഹാലോചന സ്വീകരിക്കരുത്, അവർക്ക് കച്ചവടച്ചരക്കുകൾ വിൽക്കരുത്, അവരിൽ നിന്ന് വാങ്ങരുത്, അവരിലേക്ക് വിഭവങ്ങൾ ലഭിക്കാൻ കാരണമാകുന്ന യാതൊന്നിലും ഏർപ്പെടരുത്, അവരുമായി സന്ധിയിലേർപ്പെടരുത്, അവരോട് ദയ കാണിക്കരുത്, അവരുമായി ഇടപഴകുകയോ ചേർന്നിരിക്കുകയോ സംസാരിക്കുകയോ ചെയ്യരുത്, അവരുടെ വീടുകൾ സന്ദർശിക്കരുത്’ എന്നതായിരുന്നു കരാർ പത്രിക. കരാർ പത്രിക കഅ്ബാലയ ഭിത്തിയിൽ പതിച്ചതിലൂടെ അതിനൊരു പരിശുദ്ധി കൂടി കൈവന്നു. ഏകദേശം മൂന്ന് വർഷം വരെ ഈ ഉപരോധം തുടർന്നു. പട്ടിണിയാൽ പച്ചില കൊണ്ടായിരുന്നു ദിവസങ്ങളോളം അവർ വിശപ്പടക്കിയിരുന്നത്. 

പിന്നീട് ഒരു സ്വഹാബി ഉപരോധ കാലത്തെ ഒരനുഭവം അയവിറക്കുന്നുണ്ട്. ഇരുട്ടത്ത് പുറത്ത് പോയി മൂത്രമൊഴിക്കുന്ന നേരത്ത് ഒരു ശബ്ദം കേട്ടു. എടുത്തു നോക്കിയപ്പോൾ ഉണങ്ങിവരണ്ട ഒട്ടകത്തോൽ. അതെടുത്ത് കഴുകി വൃത്തിയാക്കി ഉണക്കി പൊടിച്ച് ചൂടാക്കി മൂന്നു ദിവസത്തെ വിശപ്പകറ്റി. അത്രയും ഭീകരമായിരുന്നു പട്ടിണിയുടെ കാഠിന്യം. അതിനിടയിൽ പോലും സ്വന്തം കുടുംബാംഗങ്ങളിൽപ്പെട്ട (അബൂലഹബിനെ പോലുള്ളവർ) ചിലർ അവരോട് മൃഗീയമായി പെരുമാറി. പട്ടിണിയുടെ ഭീകരതയാൽ പിഞ്ചോമനകൾ വേദനിച്ച് കരയുമ്പോൾ അവരിൽ പലരും ആനന്ദനൃത്തമാടി. പൂർണ്ണ മനസ്സമതമില്ലാതെ ഉപരോധത്തെ പിന്തുണച്ചവർക്ക് പ്രിയപ്പെട്ടവരുടെ നിസ്സഹായാവസ്ഥ കണ്ട് അലിവു തോന്നി. 

ഖദീജ (റ)യുടെ സഹോദര പുത്രൻ ഹക്കിം ബിൻ ഹിസാം രഹസ്യമായി ഭക്ഷണ സാധനങ്ങൾ എത്തിക്കാൻ ശ്രമിച്ചു. യാദൃശ്ചികമായി അബൂ ജഹലിൻ്റെ കണ്ണിൽ പെടുകയും തടയാൻ ശ്രമിക്കുകയും ചെയ്തു. ഇത് കണ്ട ഹിശാം ബിൻ അംറ് ‘സഹോദര പുത്രൻ പിതൃസഹോദരിക്ക് നൽകുന്നതിനെ തടയുകയോ?’ എന്ന് ചോദിച്ച് അബു ജഹലിനെ തടഞ്ഞ് നിർത്തി. അദ്ധേഹവും രഹസ്യമായി ഭക്ഷണ സാധനങ്ങൾ ശിഅ്ബ് അബീത്വാലിബിലേക്ക് എത്തിച്ചു കൊടുക്കാറുണ്ർായിരുന്നു. പ്രതിബന്ധങ്ങൾ പലതുമുണ്ടായിരുന്നിട്ടും പലരും പല രൂപത്തിൽ സഹായ ഹസ്തത്താൽ അവരെ സമീപിച്ചു.

ഉപരോധത്തിൻ്റെ മൂന്നാം വർഷത്തിൽ ഉപരോധത്തിന് പൂർണ്ണമായോ മൗനമായോ പിന്തുണ നൽകിയവരിൽ പലരും വിമത ശബ്ദമുയർത്തി. അവരിൽ മുൻപന്തിയിലുണ്ടായിരുന്നവരായിരുന്നു ഹിശാം ബിനു അംറ്, സുഹൈർ ബ്നു അബീ ഉമയ്യ, അൽ മുത്ഇം ബ്നു അദിയ്യ് തുടങ്ങിയവർ. അബ്ദുൽ മുത്വലിബിൻ്റെ വംശ പരമ്പരയിൽപെടുന്നവനാണ് സുഹൈർ. ഹിശാം സുഹൈറിനെ കാര്യം ധരിപ്പിച്ചപ്പോൾ തനിയെ എനിക്ക് എന്ത് ചെയ്യാൻ കഴിയും എന്ന് പറഞ്ഞ് നിസ്സഹായനായി കൈമലർത്തി. രണ്ടാമതായി ഞാനുണ്ടാകുമെന്ന ഹിശാമിൻ്റെ പിന്തുണയോടെ മൂന്നാമനെ തേടിയിറങ്ങി ഇരുവരും. മുത്ഇം ബ്നു അദിയ്യ്, അബുൽ ബുഖ്തരി ബ്നു ഹിശാം, സംഅതുബ്നുൽ അസ്‌വദ്ബ്നു അബ്ദുൽ മുത്വലിബ് എന്നിവരെയും കൂടെക്കൂട്ടി. അങ്ങനെയവർ മക്കയുടെ മുകൾ ഭാഗത്തുള്ള ഖത്വമുൽ ഹജൂനിൽ ഒത്തു കൂടി കരാർ പത്രിക കീറിക്കളയാൻ തീരുമാനിച്ചു. 

സുഹൈറുബ്നു അബീ ഉമയ്യ കരാർ പത്രം കീറുകയും ഉടനെ മറ്റുള്ളവർ പിന്തുണച്ച് മുന്നോട്ട് വരുകയും ചെയ്യുക എന്നതായിരുന്നു പദ്ധതി. അടുത്ത ദിവസം ഏഴ് തവണ കഅ്ബയെ പ്രദക്ഷിണം ചെയ്ത് സുഹൈർ കരാർ പത്രം കീറുകയും തീരുമാനിച്ചതു പോലെ അബൂ ജഹലിൻ്റെ ആക്രോശം കേട്ടയുടനെ മറ്റുള്ളവർ പിന്തുണയമായി മുന്നോട്ട് വന്നു. അല്ലാഹുവിൻ്റെ മഹത്തായ അനുഗ്രഹത്തിൻ്റെ അടയാളമായി സുഹൈർ കഅ്ബയുടെ അകത്ത് കയറിയപ്പോൾ കരാർ പത്രികയുടെ തുടക്കത്തിലുള്ള ‘ബിസ്മിക്കല്ലാഹുമ്മ’ (അല്ലാഹുവിൻ്റെ നാമത്തിൽ) എന്നതൊഴിച്ചുള്ള ബാക്കിയെല്ലാം ചിതലരിച്ചിരുന്നു. അവർക്കിടയിൽ നടന്ന ചെറിയ സംഘട്ടനത്തിനൊടുവിൽ ഉപരോധം പിൻവലിച്ചു.

ചരിത്രത്തിൻ്റെ ആവർത്തനമെന്നോണം സമാന സഹാചര്യത്തെയാണ് ഫലസ്ത്വീനികൾ നേരിടുന്നത്. ഒക്ടോബർ ഏഴിന് ശേഷമുള്ള ഗസ്സ ശിഅ്ബ് അബീത്വാലിബിനെ ഓർമപ്പെടുത്തുന്നു. ഇസ്രായേലിൻ്റെ കടൽ-കര-വാന ഉപരോധം ഗസ്സയെ കൂടുതൽ വലിഞ്ഞു മുറുക്കി. വിശപ്പടക്കാൻ പച്ചില പോലും തളിർക്കാൻ കഴിയാത്ത തരിശു പ്രദേശമാക്കിത്തീർത്തു. മിസൈലുകൾ പതിക്കാത്ത ഒരു തുണ്ട് ഭൂമിപോലും അവിടെ അവശേഷിക്കുന്നില്ല. 89 കുട്ടികൾ ഉൾപ്പെടെ 154 ഫലസ്ത്വീനികൾ വിശപ്പ് കൊണ്ട് രക്തസാക്ഷികളായെന്നാണ് കഴിഞ്ഞ ദിവസം അൽ ജസീറ റിപ്പോർട്ട് ചെയ്തത്. മണ്ണ് കൊണ്ട് വിശപ്പടക്കുന്ന പിഞ്ചു മക്കൾ റസൂലിനേക്കാൾ കഠിനമായ ഉപരോധമാണ് നേരിടുന്നതെന്ന് പറയേണ്ടിവരും. റസൂലിനും അനുചരൻമാർക്കും പച്ചിലയെങ്കിലും ഉണ്ടായിരുന്നല്ലോ വിശപ്പകറ്റാൻ! ഗസ്സയിലെ പിഞ്ചോമന പൈതങ്ങളുടെ ദയനീയതകളുടെ സ്മരണകൾക്കപ്പുറം ശിഅ്ബ് അബീത്വാലിബ് നൽകുന്ന പാഠങ്ങൾ ചെറുതല്ലാത്ത പ്രതീക്ഷ നൽകുന്നു.

രഹസ്യമായി പ്രിയപ്പെട്ടവർക്ക് ഭക്ഷണ സാധനങ്ങൾ നൽകാൻ ശ്രമിച്ച ഖദീജ (റ) യുടെ സഹോദര പുത്രൻ ഇന്ന് പലരെയും വരച്ച് കാട്ടുന്നു. മൈലുകൾ താണ്ടി തുനീഷ്യയിൽ നിന്നും 1500 ഓളം സാധാരണക്കാരും ആക്ടിവിസ്റ്റുകളും ഉൾപ്പെടുന്ന വലിയൊരു വാഹനവ്യൂഹം ഗസ്സയെ ലക്ഷ്യമാക്കി യാത്ര ആരംഭിച്ചു. സുമൂദ് കോൺവോയ് (Somoud convoy) എന്നായിരുന്നു അതിനെ അവർ നാമകരണം ചെയ്തത്. ലിബിയ വഴി ഈജ്പ്തിൻ്റെ അതിർത്തി പ്രദേശമായ റഫയിലൂടെ ഗസ്സയിലേക്ക് പ്രവേശിക്കാനായിരുന്നു അവരുടെ തീരുമാനം. അതേ സമയം തന്നെ രണ്ടായിരത്തിൽ പരം വരുന്ന പശ്ചാത്യലോകത്തെ ആക്ടിവിസ്റ്റുകൾ ഈജിപ്തിലേക്ക് വന്ന് അവിടെ നിന്ന് റഫാ അതിർത്തി മുറിച്ചു കടക്കാനുള്ള ലക്ഷ്യവുമായി ‘Global March to Gaza’ സംഘടിപ്പിച്ചിരുന്നു. ഗസ്സയിലെ മനുഷ്യരുടെ പട്ടിണിക്കുള്ള പരിഹാരമായിരുന്നു ഇരു സംഗത്തിൻ്റെയും പ്രധാന ലക്ഷ്യം. 

ജൂൺ 13 ന് ഈജിപ്തിലെ തദ്ദേശീയരടക്കമുള്ള ഇവരെ സൈനിക നേതൃത്വം തടഞ്ഞു. അറബികളായ തങ്ങളുടെ സഹോദരങ്ങളുടെ പട്ടിണിയകറ്റാൻ യൂറോപ്പിൽ നിന്നും ഒരു സംഘം വന്നപ്പോൾ അവരെ തടഞ്ഞത് ആ അറബികളിലെ ഒരു കൂട്ടമായിരുന്നു എന്നത് വളരെ വിരോധാഭാസം നിറഞ്ഞ കാര്യമാണ്. ശിഅ്ബ് അബീത്വാലിബിലേക്ക് സഹായവുമായി പോകുന്നവരെ തടയുന്നവരുടെ കൂട്ടത്തിൽ ആബൂലഹബുമാരും ഉണ്ടായിരുന്നല്ലോ. ‘Global March to Gaza’ തടയപ്പെട്ടതിനെ തുടർന്ന് അതിനുള്ള സാധ്യത ഇല്ലാതായതോടെ ലിബിയൻ നാഷണൽ ആർമിയുടെ നിർബന്ധത്തിന് വഴങ്ങി സുമൂദ് കോൺവോ ജൂൺ 16 ന് ലിബിയയിൽ വച്ച് അവസാനിപ്പിച്ചു. ഇതിന് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഗ്രേറ്റ തുംബർഗിൻ്റെ നേതൃത്വത്തിലുള്ള ഫ്രീഡം ഫ്ലോട്ടില്ല ഇസ്രായേലി സൈന്യം പിടിച്ചെടുത്തത്. അവരെ അറസ്റ്റ് ചെയ്ത് സ്വീഡനിലേക്ക് തിരിച്ചയച്ചു.

നിസ്സഹായതയിൽ സഹികെട്ട് ലോകം ശേഖരിച്ച ധാന്യങ്ങൾ റഫാ അതിർഥിയിൽ കെട്ടിക്കിടന്നു. ലോക രാഷ്ട്രീയ നേതാക്കളുടെ സമ്മർദ്ധത്തിൻ്റെ തോതനുസരിച്ച് ഏതാനും ട്രക്കുകൾ ചില ദിവസങ്ങളിൽ റഫാ ബോർഡർ മുറിച്ച് കടക്കുന്നു. അതിൽ തന്നെ പലതും ഇസ്റ്രായേലികളാൽ കൊള്ളയടിക്കപ്പെടുന്നു. അബൂലഹബുമാർ ആധിപത്യം വാഴുന്ന കാലത്ത് ഹിശാം, മുത്വ്ഇംമുമാർ മുന്നോട്ട് വരുന്നതും അബൂജഹലിനെ തള്ളിമാറ്റുന്ന സുഹൈറുമാരും ചെറുതല്ലാത്ത പ്രതീക്ഷയ്ക്ക് ഇടം നൽകുന്നു.

ഖുദ്സിൻ്റെ സംരക്ഷകരെ പട്ടിണി പരുവത്തിൽ കാണേണ്ടി വന്ന നിസ്സഹായരായ മനുഷ്യർ കുപ്പിയിലാക്കിയ ധാന്യം കടലിലെറിയുന്നതിലൂടെ പുതിയ സാധ്യതകളെ തേടിയിറങ്ങുന്നു. മൗന സമ്മതത്തിലൂടെ വംശഹത്യാ ഉപരോധത്തിന് പൂർണ്ണ പിന്തുണ നൽകിയ ഫ്രാൻസ്, ബ്രിട്ടൻ അടക്കമുള്ള യൂറോപ്യൻ യൂണിയനിലെ 25 അംഗരാജ്യങ്ങൾ പരസ്യമായി ഇസ്രായേലിനെതിരെ രംഗത്ത് വരുന്നു. ഉപരോധത്തിന് പൂർണ്ണ പിന്തുണ നൽകിയ പലരും രഹസ്യമായും പരസ്യമായും വിമതസ്വരങ്ങളുയർത്തുന്നു. ദശലക്ഷക്കണക്കിന് മനുഷ്യരുടെ യാതനകൾ ആയിരക്കണക്കിന് മനുഷ്യരുടെ സന്മാർഗലബ്ധിക്ക് കാരണമാകുന്നു. ഉപരോധം പിൻവലിക്കുന്നത് ലോകത്തിൻ്റെ വടക്ക് മുതൽ കഴക്ക് വരെ ചിന്നിച്ചിതറിയ മനുഷ്യർക്ക് സ്വന്തം മണ്ണിലേക്കുള്ള മടക്ക യാത്രക്ക് പ്രതീക്ഷ നൽകുന്നു. ഇസ്രായേലിനെ തടഞ്ഞ് നിർത്തുന്ന സുഹൈറുമാരെ ലോകം കാത്തിരിക്കുന്നു. ചാരു മഞ്ചങ്ങളിൽ അന്തിയുറങ്ങുന്ന അബൂ ലഹബുമാർ പൊതുമധ്യത്തിൽ നിന്ദിതരാവുന്ന കാലവും വിദൂരമല്ല. ജാഹിലിയ്യത്തിൻ്റെ നിർമാർചനത്തോടെ വിമോചനത്തിൻ്റെ പുതിയ ലോകത്തെ കുറിച്ച നിലക്കാത്ത പ്രതീക്ഷകൾ സാധ്യമാകുന്നു. ഉപരോധം നൽകുന്ന പാഠവും മറ്റൊന്നല്ല.

 

Summary: This reflection draws a powerful parallel between the siege of Prophet Muhammad (PBUH) and his companions in the valley of Shi’b Abi Talib and the current humanitarian and military siege endured by the people of Gaza. In both cases, communities committed to truth, justice, and resistance faced systematic isolation, starvation, and brutality at the hands of oppressive forces. The Quraysh imposed a brutal economic and social boycott on the early Muslims, aiming to break their spirit and force them into submission. Yet, despite hunger, fear, and suffering, the believers in Shi’b Abi Talib remained steadfast in their faith and united in their cause—just as the Palestinian people and resistance fighters in Gaza continue to stand firm today in the face of overwhelming military aggression and international indifference.

Related Articles