Current Date

Search
Close this search box.
Search
Close this search box.

ഗാഡ്ഗിൽ റിപ്പോർട് – അവഗണയുടെ ദുരന്ത ഫലം

ഇന്ത്യയുടെ 40 ശതമാനത്തോളം വരുന്ന ഭൂപ്രദേശങ്ങള്‍ പശ്ചിമഘട്ട മലനിരകളോട് ബന്ധപ്പെട്ട പരിസ്ഥിതിവ്യൂഹത്തിന്റെ സ്വാധീന പ്രദേശങ്ങളായി വരുന്നുണ്ട്. ഏകദേശം 28 കോടി ജനങ്ങള്‍ക്ക് ഈ വനങ്ങള്‍ ജീവിതവിഭവങ്ങള്‍ തരുന്നുമുണ്ട് . ഈ മേഖലയിലെ അനിയന്ത്രിതമായ പ്രകൃതി ചൂഷണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനായി പശ്ചിമഘട്ടത്തിന് പ്രത്യേക പരിഗണനകൊടുത്തുകൊണ്ടുള്ള സംരക്ഷണ പ്രക്രിയയ്ക്ക് തുടക്കമിടണമെന്നത് കാലങ്ങളായുള്ള ജനകീയ ആവശ്യമായിരുന്നു.അതിന്റെ ഭാഗമായാണ് ഈ വിഷയത്തെ കുറിച്ച് പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മാധവ് ഗാഡ്ഗില്‍ അധ്യക്ഷനായി ഒരു സമിതി രൂപീകരിച്ചത്. ഇന്ത്യയില്‍ മൊത്തം 44 ജില്ലകള്‍ പശ്ചിമ ഘട്ടത്തില്‍ വരുന്നുണ്ട്. അതില്‍ പന്ത്രണ്ടണ്ണം കേരളത്തിലാണ്. അതായത് നമ്മുടെ കൊച്ചു കേരളം അത്രമേല്‍ പ്രകൃതി ലോലമായ പ്രദേശമാണ്.

പശ്ചിമ ഘട്ട സംരക്ഷണം സംബന്ധിച്ച പഠനത്തിന് ശേഷം വിശദമായ റിപ്പോര്‍ട് തന്നെ സമിതി സര്‍ക്കാരിന് സമര്‍പ്പിച്ചു. അതില്‍ പല കാര്യങ്ങളും പറയുന്ന കൂട്ടത്തില്‍ എടുത്തു പറഞ്ഞ ശ്രദ്ധേയമായ കാര്യങ്ങള്‍ താഴെ പറയുന്നു:
മേഖല 1ലും 2ലും പുതിയ ഖനനം അനുവദിക്കരുത്. 2016ഓടെ മേഖല 1ലെ ഖനനം നിര്‍ത്തണം. നിയന്ത്രണ വിധേയമായി മേഖല 2ല്‍ ഇപ്പോഴുള്ള ഖനനവും മേഖല 3ല്‍ പുതിയ ഖനനവും ആവാം. റോഡ് വികസനം പരിസ്ഥിതി ആഘാത പഠനങ്ങള്‍ക്കു ശേഷമേ ആകാവൂ. ഇവയില്‍ പരിസ്ഥതിനാശത്തിന്റെ മൂല്യം കണക്കാക്കണം. പരിസ്ഥതിക്ക് കോട്ടം പറ്റാത്ത രീതിയിലാവണം കെട്ടിടനിര്‍മ്മാണം. സിമന്റ്, കമ്പി, മണല്‍ എന്നിവയുടെ ഉപയോഗം പരമാവധി കുറക്കണം. എല്ലാ മേഖലകളിലും മഴവെള്ളശേഖരണം, ആധുനിക ഊര്‍ജ്ജത്തിന്റെ ഉപയോഗം, മാലിന്യസംസ്‌കരണം എന്നിവയ്ക്കുള്ള സൗകര്യം ഉണ്ടായിരിക്കണം.

വേറെയും പല നിബന്ധനകളും സമിതി മുന്നോട്ടു വെച്ചു. സര്‍ക്കാര്‍ ഈ നിബന്ധനകള്‍ നടപ്പാക്കാന്‍ ശ്രമിച്ചില്ല എന്ന് മാത്രമല്ല ഗാഡ്ഗില്‍ കമ്മീഷനില്‍ വെള്ളം ചേര്‍ക്കാന്‍ മറ്റൊരു കമ്മീഷനെ നിയോഗിച്ചു. കസ്തൂരിരംഗന്‍ സമിതി സുപ്രധാനമായ ചില മേഖലകളില്‍ കാതലായ മാറ്റങ്ങളും നിര്‍ദ്ദേശിച്ചു. പശ്ചിമഘട്ട മലനിരകളുടെ നാലില്‍ മൂന്ന് ഭാഗവും പരിസ്ഥിതി ദുര്‍ബല പ്രദേശമായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഗാഡ്ഗില്‍ സമിതി ശുപാര്‍ശകളില്‍ വിയോജിപ്പ് രേഖപ്പെടുത്തി പശ്ചിമഘട്ട മലനിരകളുടെ ഏകദേശം 37 ശതമാനം ഇപ്രകാരമുള്ള പ്രദേശമാണെന്ന് കസ്തൂരിരംഗന്‍ സമിതി വിലയിരുത്തി. ഗാഡ്ഗില്‍ കമ്മറ്റി ശുപാര്‍ശ ചെയ്ത മൂന്നു തരം പരിസ്ഥിതി സംവേദക മേഖലകള്‍ക്കു പകരം ഒറ്റ മേഖലയെ മാത്രം സംരക്ഷിക്കാനാണ് നിര്‍ദ്ദേശം. കേരളത്തിലെ റിസര്‍വ്, നിക്ഷിപ്ത വന മേഖലകള്‍ പോലും പൂര്‍ണമായി സംരക്ഷിക്കാന്‍ സമിതി ശുപാര്‍ശ ചെയ്യുന്നില്ല. മൊത്തത്തില്‍ ആദ്യത്തെ റിപ്പോര്‍ട്ടിനെ ദുര്ബലപ്പെടുത്തുന്നതായി രണ്ടാമത്തെ കമ്മീഷന്റെ കണ്ടെത്തല്‍.

കേരളം അനുഭവിക്കാന്‍ പോകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെ അന്ന് തന്നെ ഗാഡ്ഗില്‍ ചൂണ്ടി കാണിച്ചിരുന്നു. കേരളത്തില്‍ വര്‍ധിച്ചു വരുന്ന ഖനനം പരിസ്ഥിതിക്ക് വലിയ ആഘാതം ഉണ്ടാക്കും എന്നത് എല്ലാവരും ഉന്നയിച്ച ആശങ്കയാണ്. ആ ആശങ്കകള്‍ ഇന്ന് സത്യമായി നമ്മുടെ മുന്നില്‍ നില്‍ക്കുന്നു. ഇന്ന് കേരളം ഒരു സ്ഥിര പ്രകൃതി ദുരന്ത സംസ്ഥാനമായി മാറിയിരിക്കുന്നു. പ്രളയ സമയത്തെ ദുരിതാശ്വാസം എന്നതില്‍ നിന്നും എന്ത് കൊണ്ട് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു എന്ന രീതിയിലുള്ള പഠനത്തിന് ബന്ധപ്പെട്ടവര്‍ തയ്യാറാകുന്നില്ല. നമ്മുടെ വികസന പ്രവര്‍ത്തനത്തിന്റെ ഭാഗമായി പാരിസ്ഥിതിക പഠനം നിര്ബന്ധമാണ് എന്ന് രണ്ടു കമ്മീഷനും പറയുന്നു. അതെ സമയം അത്തരം ഒരു പഠനത്തിന്റെ ആവശ്യകത സര്‍ക്കാരുകള്‍ ചോദ്യം ചെയ്യുന്നു. പുതിയ ദേശീയ നിര്‍ദ്ദിഷ്ട പാത അതിനൊരു ഉദാഹരണം മാത്രം. നാല്‍പ്പത്തിയഞ്ച് മീറ്റര്‍ വീഥിയില്‍ റോഡ് വന്നാല്‍ ഈ പ്രദേശങ്ങള്‍ നേരിടാന്‍ പോകുന്ന പാരിസ്ഥിതിക വിഷയങ്ങളെ വളരെ നിസാരമായാണ് സര്‍ക്കാര്‍ കാണുന്നത്.

ഖനനം, നിര്‍മാണ പ്രവര്‍ത്തനം, മണ്ണെടുപ്പ് എന്നിവ പ്രകൃതിക്കു ഉണ്ടാക്കുന്ന പരുക്ക് വളരെ വലുതാണ്. ഈ നിലയില്‍ മുന്നോട്ടു പോയാല്‍ കേരളത്തിന്റെ മൊത്തം റവന്യൂ വരുമാനം പ്രളയം നേരിടാന്‍ മാത്രമായി മാറ്റി വെക്കേണ്ടി വരും. മഴ ഇല്ലെങ്കില്‍ വരള്‍ച്ച മഴ പെയ്താല്‍ പ്രളയം എന്നത് ഒരു നാടിന്റെ ദുരന്തത്തെ കുറിക്കുന്നു. ഗാഡ്ഗില്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ കുറിച്ച് പഠിക്കാനും നടപ്പാക്കാനും നാം ഇനിയും അമാന്തം കാണിച്ചാല്‍ അത് മൊത്തം നാടിനെ ബാധിക്കും എന്നുറപ്പാണ്. അടിസ്ഥാന മൂല്യങ്ങളെ അവഗണിച്ചു നടപ്പാക്കുന്ന വികസനം ഒരു ദുരന്തമാണ് എന്ന് മനസ്സിലാക്കാന്‍ ഇനിയും എത്ര പ്രളയത്തെ അതിജീവിക്കണം എന്നതാണ് കാതലായ ചോദ്യം. ഗാഡ്ഗില്‍ റിപ്പോര്‍ട് നടപ്പാക്കാന്‍ കഴിയാത്തതിന് പിന്നില്‍ ഭൂ മാഫിയ എന്നാണ് സംസാരം. കേരളത്തിലെ ഭൂമി അധികവും അവരുടെ കയ്യിലാണ്. അവര്‍ക്കു ഭൂമി കേവലം ഒരു വില്‍പ്പന ചരക്കാണ്. ജനത്തിന് അത് നിലനില്‍പ്പിന്റെ കാര്യവും.

Related Articles