Current Date

Search
Close this search box.
Search
Close this search box.

ആ മതിലുകൾ നമ്മുടെ സുരക്ഷക്കല്ല

ലവ് ജിഹാദിനെ എതിർത്തു തോൽപ്പിക്കാൻ ഹിന്ദുക്കളും കൃസ്ത്യാനികളും ഒന്നിച്ചു നിൽക്കണം എന്ന് കഴിഞ്ഞ ദിവസം കൂടി കേരള ബി ജെ പി നേതാക്കൾ പറഞ്ഞിരുന്നു. ഇന്ത്യ ഇന്ന് നേരിടുന വലിയ വിഷയം ലവ് ജിഹാദാണ്‌ എന്നത് സംഘ പരിവാർ പറഞ്ഞാൽ നമുക്ക് മനസിലാവും. പക്ഷെ ആ ചതിയിൽ ചില കൃസ്ത്യൻ വിഭാഗവും വീണു പോകുന്നു എന്നത് ദുരന്തമാണ്. കൃസ്ത്യൻ സമൂഹത്തോടുള്ള സ്നേഹം കാരണമാണ് ബി ജെ പി ഈ കാമ്പയിൻ നടത്തുന്നത് എന്ന തെറ്റിദ്ധാരണ അവർക്ക് വേണ്ട. പണ്ട് കാലത്ത് തന്നെ അവർ ശത്രുക്കളെ പ്രഖ്യാപിച്ചിരുന്നു. അതിൽ രണ്ടാം സ്ഥാനത്തു വരുന്നത് നാട്ടിലെ കൃസ്ത്യൻ സമൂഹമാണ്‌.

എല്ലാ ശത്രുവിനെയും ഒന്നിച്ചു നേരിടുക എന്നതിന് പകരം ആദ്യത്തെ ശത്രുവിനെ ഇല്ലാതാക്കാൻ ബാക്കിയുള്ളവരുടെ സഹായം തേടുക എന്ന അടവാണ് സംഘ പരിവാർ സ്വീകരിച്ചു വരുന്നത്. പശുവിന്റെയും ലവ് ജിഹാദിൻറെയും പേരിൽ ആളുകളെ ആക്രമിക്കുക, തല്ലിക്കൊല്ലുക എന്നിവ ഒരു കലാരൂപമായി വികസിപ്പിച്ചു എന്നതാണ് മോഡി കാലത്തെ ഭരണ നേട്ടം. ദളിത് പിന്നോക്ക ന്യൂനപക്ഷങ്ങൾ ഇല്ലാത്ത കാരണങ്ങളുടെ പേരിൽ ആക്രമിക്കപ്പെടുന്നു എന്നത് ആധുനിക ഇന്ത്യയിൽ ഒരു പുതിയ കാര്യമല്ല. പക്ഷെ ഇത്തരം ആക്രമങ്ങളെ ഒന്നിച്ചു എതിർക്കാൻ ഇരകൾ തയ്യാറാകാറില്ല എന്നതാണ് നമ്മുടെ മുന്നിലെ സാക്ഷ്യം. സംഘ പരിവാറിന്റെ ഇത്തരം ഫാസിസ്റ്റ് നിലപാടുകളിൽ കൂടുതൽ അനുഭവിക്കേണ്ടി വന്നത് മുസ്ലിംകൾ തന്നെയാണ്. അതെ സമയം കൃസ്ത്യൻ സമൂഹവും ആക്രമണത്തിന് പാത്രമായിട്ടുണ്ട്. ദളിതുകളും നിത്യേന എന്നോണം ആക്രമിക്കപ്പെടുന്നു.

കഴിഞ്ഞ ദിവസം നാല് കന്യാസ്ത്രീകൾ ഒരു ട്രെയിൻ യാത്രക്കിടയിൽ ആക്രമിക്കപ്പെട്ട വാർത്ത നാം വായിച്ചതാണ്. മത പരിവർത്തന നിരോധന നിയമമുള്ള സംസ്ഥാനമാണ് യു പി. സഭാ വസ്ത്രം ധരിച്ച രണ്ടു സ്ത്രീകളും സിവിൽ ഡ്രസ്സിൽ കണ്ട മറ്റു രണ്ടു പെൺകുട്ടികളെയും പോലീസ് അറസ്റ്റ് ചെയ്തു കൊണ്ട് പോയി. പിന്നീട് ചോദ്യം ചെയ്യലിന് ശേഷം അവരെ വിട്ടയച്ചു എന്നാണു വാർത്ത. ഈ മാസം 19 ന് ഒഡീഷയിലേക്ക് പോകുകയായിരുന്ന സേക്രട്ട് ഹാർട്ട് കോൺഗ്രിഗേഷൻ ഡൽഹി പ്രോവിൻസിലെ രണ്ടു യുവസന്യാസിനികൾക്കും വിദ്യാർത്ഥിനികളായ രണ്ട് സന്യാസിനികൾക്കും നേരെയാണ് ബജ്രംഗദൾ പ്രവർത്തകർ ആക്രമണം നടത്തിയത്. മുസ്ലിംകളും കൃസ്ത്യാനികളും ശത്രുക്കളാണ് എന്ന് പഠിപ്പിക്കപ്പെട്ട സമൂഹമാണ്‌ സംഘ പരിവാർ. അതു കൊണ്ട് തന്നെ അവരുടെ ഭാഗത്ത്‌ നിന്നും ഇത്തരം പ്രവണതകൾ ഉണ്ടാകുന്നതിൽ നമുക്ക് അത്ഭുതമില്ല.

ഇവിടെയാണ് കേരളത്തിലെ ചില കൃസ്ത്യൻ സമൂഹം കൈക്കൊള്ളുന്ന നിലപാടുകളെ നമുക്ക് പരാമർശിക്കേണ്ടി വരുന്നത്. ശത്രുവിനെ മിത്രമായി സ്വീകരിച്ച ഒരു സമൂഹവും രക്ഷപ്പെടില്ല എന്നത് ഒരു പൊതു നിയമമാണ്. അന്താരാഷ്ട്ര തലത്തിൽ മുസ്ലിംകൾ അനുഭവിക്കുന്ന ദുരന്തവും അത് തന്നെ. കേരളത്തിലെ ചില കൃസ്ത്യൻ സമൂഹങ്ങൾ തീകൊള്ളി കൊണ്ട് തല ചൊറിയുന്നു എന്നതിന്റെ തെളിവാണ് ഇപ്പോഴുണ്ടായ പുതിയ നീക്കങ്ങൾ. ഇസ്ലാമും കൃസ്തു മതവും സംഘ പരിവാറിനെ സംബന്ധിച്ചിടത്തോളം വിദേശിയാണ്‌. അതെ സമയം സവർണ മതം തന്നെ ഒരു വിദേശിയാണ്‌ എന്ന ചരിത്രം മാറ്റാനുള്ള ശ്രമം അവർ കാര്യമായി നോക്കുന്നുമുണ്ട്. വിദേശി മതങ്ങളെ ഇല്ലാതാക്കണം എന്നത് സംഘ പരിവാർ ആദർശമായി അംഗീകരിച്ച കാര്യമാണ്. അതിൽ നിന്നും ഒരിക്കലും അവർ പിറകോട്ടു പോയിട്ടില്ല.

സംഘ പരിവാർ കൃത്യമായ നയനിലപാടുകൾ മുന്നോട്ടു വെക്കുന്ന ആശയമാണ്. ഇന്ത്യ ഒരു ഹിന്ദു രാജ്യമാകാൻ തടസ്സം ആരൊക്കെയാണോ അവരെ നിഗ്രഹിക്കുക എന്നത് ആദർശമായി സ്വീകരിച്ചവരെ താല്ക്കാലിക നേട്ടത്തിനായി ചേർത്ത് പിടിച്ചാൽ അവർ പിടിച്ചവരേയും കൊണ്ട് പോകും. കൃസ്ത്യൻ ഭൂരിപക്ഷ മേഖലകളിൽ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബി ജെ പി നേട്ടം കൊയ്തിരുന്നു. ഇടവകയിലെ ഉത്തവാദിത്തപ്പെട്ടവർ തന്നെയാണ് ബി ജെ പി ക്ക് വേണ്ടി മത്സരിച്ചതും. വിശ്വാസികൾക്കിടയിൽ കടന്നു കൂടാനുള്ള ശ്രമത്തിന്റെ ഭാഗമായി പള്ളിത്തർക്കങ്ങളിലും സംഘ പരിവാർ ഇടപെട്ടു. അതും കൃസ്ത്യൻ സമൂഹത്തോടുള്ള സ്നഹം കൊണ്ട് എന്ന് തെറ്റിദ്ധരിക്കരുത്.

ജുനൈദ് എന്നൊരു ബാലനെ ഒരിക്കൽ ട്രെയിനിൽ വെച്ച് തന്നെ സംഘ പരിവാർ ആക്രമിച്ചു കൊലപ്പെടുത്തിയിരുന്നു. ബീഫിന്റെ പേരിലായിരുന്നു അന്നത്തെ കൊല നടന്നത്. പിന്നെയും കുറെ കൊലകൾ പലതിന്റെയും പേരിൽ നാട്ടിൽ അരങ്ങേറി. പക്ഷെ പലരും അങ്ങിനെ ഒന്ന് സംഭവിച്ച വിവരം അറിഞ്ഞു പോലുമില്ല. ആക്രമണം ആക്രമിക്കപ്പെടുന്നവരുടെ മാത്രം കാര്യമായി ചുരുങ്ങുന്നു എന്നിടത്തു രക്ഷപ്പെടുന്നത് ആക്രമികളാണ്. ഇരകൾ ഒന്നിച്ചു നിന്നാൽ മാത്രമേ അക്രമികളെ നിലയ്ക്ക് നിർത്താൻ കഴിയൂ. മുൻ ധാരണകളും തെറ്റിധാരണകളും മാറ്റിവെക്കുക എന്നതാണ് അതിന്റെ ആദ്യ പടി. ഇരകൾക്കിടയിൽ അതിർ വരമ്പുകൾ തീർക്കുക എന്നത് സംഘ പരിവാർ തുടർന്ന് കൊണ്ടിരിക്കുന്നു. ആ മതിലുകൾ നമ്മുടെ സുരക്ഷക്കല്ല പകരം നമ്മെ ശ്വാസം മുട്ടിച്ചു കൊല്ലാനുള്ളതാണ് എന്ന ബോധം നമ്മെ നയിക്കട്ടെ.

Related Articles