Current Date

Search
Close this search box.
Search
Close this search box.

ആമിര്‍ഖാന്റെ തുര്‍ക്കി സന്ദര്‍ശനം ഒരു സംഘപരിവാര്‍ ഫ്ലാഷ്ബാക്ക്

അമീര്‍ഖാന്‍ ഒരു സിനിമ നടന്‍ എന്നതിലപ്പുറം ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് മറ്റൊന്നുമല്ല. സംഘപരിവാര്‍ സംഘടനകളില്‍ മുഖ്യമായ RSS മുഖപത്രം The Organiser അമീര്‍ഖാന്‍ തുര്‍ക്കി പ്രഥമ വനിതയെ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ടു ഒരു ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാധാരണ കാണുന്ന വര്‍ഗീയതയുടെയും വംശീയതയുടെയും നുണകളുടെയും അതിപ്രസരം ഇവിടെയും കാണാം. താരത്തിന്റെ സന്ദര്‍ശനത്തെ സോഷ്യല്‍ മീഡിയ “ തേച്ചോട്ടിച്ചു” എന്നാണ് വാരിക പറയുന്നത്. തുര്‍ക്കി ഇന്ത്യയുടെ ശത്രു പക്ഷത്താണ് എന്നതാണ് ഈ സന്ദര്‍ശനത്തെ എതിര്‍ക്കാന്‍ അവര്‍ കാരണം പറയുന്നത്. തുര്‍ക്കിയും ഇന്ത്യയും തമ്മില്‍ ഇപ്പോഴും നല്ല രീതിയില്‍ നയതന്ത്ര ബന്ധം തുടര്‍ന്ന് പോകുന്നു. തുര്‍ക്കിയുടെ പാകിസ്താന്‍ ചായ്‌വ് പുതിയതല്ല. അതിനു പാകിസ്ഥാനോളം പഴക്കമുണ്ട് . അതെല്ലാം നിലനിര്‍ത്തി കൊണ്ട് തന്നെയാണു ബന്ധം തുടര്‍ന്ന് പോയിരുന്നത്.

തുര്‍ക്കി ഒരു സ്വതന്ത്ര രാജ്യമാണ്. മറ്റു രാജ്യങ്ങളെ പോലെ. Organisation of Islamic Cooperation എന്ന കൂട്ടായ്മയില്‍ ഏകദേശം അമ്പതോളം രാജ്യങ്ങളുണ്ട്. പക്ഷെ അവരില്‍ പലരും പല പക്ഷത്തു നിലയുറപ്പിച്ചവരാണ്. അത് കൊണ്ട് തന്നെ ഒരു വിഷയത്തില്‍ കൂട്ടായ തീരുമാനം കൈക്കൊള്ളാന്‍ പലപ്പോഴും ഈ കൂട്ടായ്മക്ക് കഴിയാറില്ല. ഒന്നുകില്‍ അവര്‍ മൌനികളാവും അല്ലെങ്കില്‍ അക്രമികളുടെ കൂടെ കൂടും. ഇതാണ് കണ്ടു വരുന്ന രീതി.

അവിടെയാണു ആധുനിക തുര്‍ക്കി വ്യത്യസ്തമാകുന്നത്. തുര്‍ക്കി ഭരണ പാര്‍ട്ടിയായ എ കെ പാര്‍ട്ടി ഒരു ഇസ്ലാമിക പാര്‍ട്ടി എന്നവര്‍ അവകാശപ്പെട്ടിട്ടില്ല . പക്ഷെ എതിരാളികള്‍ ആ വിശേഷണം വേണ്ടത്ര അവര്‍ക്ക് പതിച്ചു നല്‍കുന്നു. അതില്‍ നിന്ന് കൊണ്ടാണ് പലരും തുര്‍ക്കിയെ കാണുന്നത്. ഇസ്ലാമികം എന്ന കാഴ്ചപ്പാടില്‍ നിന്നും പലപ്പോഴും തുര്‍ക്കി ദേശീയത എന്നതിലേക്ക് അവരും മാറിപ്പോകുന്നുണ്ട്. കുര്‍ദ്ദിഷ് വിഷയം അങ്ങിനെ വേണം കണക്കാക്കാന്‍. തുര്‍ക്കിയും ഇന്ത്യയും തമ്മിലുള്ള ബന്ധം ബി സി ആയിരത്തിലേക്ക് നീളുന്നു എന്ന് ചരിത്രം പറയുന്നു. ഇന്ത്യന്‍ കലാ സാസ്കാരിക മേഖലകളില്‍ തുര്‍ക്കി നല്‍കിയ സംഭാവന പലരും എടുത്തു പറഞ്ഞിട്ടുണ്ട് . ഹിന്ദിയിലും തുര്‍ക്കി ഭാഷയിലും സമാനമായ ഒരു പാട് വാക്കുകളുണ്ടെന്നു പറയപ്പെടുന്നു. സംഘ പരിവാര്‍ തുര്‍ക്കിയെ കാണുന്നത് ഒരു മുസ്ലിം പക്ഷത്തു നിന്ന് കൊണ്ടാണ്. അതെ കാഴ്ച തന്നെയാണ് ഇടതിനും എന്നത് കേവലം ഒരു സമാനത എന്നതില്‍ അപ്പുറമാണ് എന്ന് കരുതാനാണ്‌ കൂടുതല്‍ തെളിവുകള്‍.

Also read: തലച്ചോർ എന്ന നമുക്കുള്ളിലെ അനന്തപ്രപഞ്ചം

അടുത്തിടെ ഹിന്ദി സിനിമ നടന്‍ ആമിര്‍ഖാന്‍ തുര്‍ക്കി പ്രഥമ വനിത Emine നെ സന്ദര്‍ശിച്ചിരുന്നു. നടന്‍ തന്നെയാണ് അതിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്തത്. തന്റെ പുതിയ ചിത്രമായ Laal Singh Chaddha യുടെ ഷൂട്ടിങ്ങിനു വേണ്ടി തുര്‍ക്കിയില്‍ പോയപ്പോഴാണ് താരവും പ്രഥമ വനിതയും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. ആമിര്‍ഖാന്റെ സന്ദര്‍ശനത്തെ പുകഴ്ത്തി പ്രഥമ വനിതയും “ ട്വീറ്റ് “ ചെയ്തിരുന്നു. “ ലോകത്തിലെ തന്നെ പ്രശസ്തനായ ഇന്ത്യന്‍ ആക്ടര്‍ അമീര്‍ഖാനെ ഇസ്താംബൂളില്‍ വെച്ച് കണ്ടു മുട്ടാന്‍ കഴിഞ്ഞതില്‍ ഞാന്‍ അതിയായ സന്തോഷം രേഖപ്പെടുത്തുന്നു. തുര്‍ക്കിയുടെ വിവിധ ഭാഗങ്ങളില്‍ വെച്ച് അദ്ദേഹം തന്റെ പുതിയ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിരിക്കുന്നു …………..”

കൂടിക്കാഴ്ചയില്‍ അമീര്‍ഖാന്‍ താന്‍ നടത്തുന്ന സാമൂഹിക പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. തുര്‍ക്കി പ്രഥമ വനിത അതില്‍ സന്തോഷം രേഖപ്പെടുത്തുകയും ചെയ്തു. ആഗസ്ത് പതിനഞ്ചിനാണ് അമീര്‍ഖാന്‍ പ്രഥമ വനിതയെ കണ്ടത്. ഇന്ത്യ സ്വാതന്ത്ര്യം നേടിയ ദിവസം തന്നെ ഒരു ഇന്ത്യക്കാരന്‍ ഇന്ത്യയുടെ ശത്രുവുമായി കണ്ടുമുട്ടി എന്നതാണു സംഘ പരിവാര്‍ ഉന്നയിക്കുന്ന വലിയ ആരോപണം.

കശ്മീര്‍ വിഷയത്തില്‍ തുര്‍ക്കി പാകിസ്ഥാന്റെ കൂടെയാണ് എന്നാണു സംഘ പരിവാര്‍ വാദം . പതിറ്റാണ്ടുകളായി കാശ്മീര്‍ ജനത അനുഭവിക്കുന്ന നീതി നിഷേധം തുര്‍ക്കി എടുത്തു പറഞ്ഞിട്ടുണ്ട്. അതിനു മാന്യമായ പരിഹാരം എന്നതാണ് അവര്‍ മുന്നോട്ടു വെക്കുന്ന മാര്‍ഗം. കാശ്മീരിന്റെ 370 വകുപ്പ് എടുത്തു മാറ്റിയതിനെ ഇന്ത്യയുടെ ആഭ്യന്തര കാര്യമായിട്ടും തുര്‍ക്കി ചോദ്യം ചെയ്തിരുന്നു. എന്ത് കൊണ്ട് കൂടിക്കാഴ്ചയില്‍ അമീര്‍ഖാന്‍ ഈ വിഷയം സംസാരിച്ചില്ല എന്ന് ചോദിക്കുന്നവരും സംഘ പരിവാര്‍ കൂട്ടത്തിലുണ്ട്. ഒരു സാധാരണ ഇന്ത്യന്‍ പൗരന്‍ എന്നതിലപ്പുറം മറ്റൊരു സാങ്കേതികയും അവകാശപ്പെടാന്‍ ഇല്ലാത്തവരാണ് നടന്മാര്‍. ഇന്ത്യന്‍ സര്‍ക്കാര്‍ നയതന്ത്ര പരമായി ചെയ്യേണ്ട കാര്യം എങ്ങിനെയാണ്‌ ഒരു വ്യക്തി നിര്‍വഹിക്കുക എന്നൊന്നും നാം ചോദിക്കരുത് . ( അമീര്‍ഖാന്റെ പുതിയ ചിത്രം ബഹിഷ്കരണമെന്ന അഭിപ്രായവും വാരിക മുന്നോട്ടു വെക്കുന്നുണ്ട്)

Also read: ധാർമികത ഇസ് ലാമിലും നാസ്തികതയിലും

മറ്റൊരു ആരോപണം ദല്‍ഹി കലാപത്തെ തുര്‍ക്കി മുസ്ലിംകള്‍ക്കെതിരെയുള്ള വംശീയ ഉന്മൂലന കലാപമായി ചിത്രീകരിച്ചു എന്നതാണ്. “ ഇന്ത്യയില്‍ മുസ്ലിം ജനത കൂട്ടക്കൊലകള്‍ക്കു പാത്രമാവുകയാണ് “ എന്ന് ഉര്‍ദുഗാന്‍ പറഞ്ഞതായി വാരിക ആരോപിക്കുന്നു. ലോകത്ത് അങ്ങിനെ പറയാന്‍ ആളില്ല എന്നതാണ് ഇന്ത്യന്‍ മുസ്ലിംകള്‍ നേരിടുന്ന വലിയ ഭീഷണി. പരമ്പരാഗത മുസ്ലിം പക്ഷക്കാര്‍ മൌനികളാകുന്നിടത് പ്രതികരിക്കാന്‍ ആളുണ്ടാവുക എന്നത് നീതിയുടെ തേട്ടം എന്നെ പറയാന്‍ കഴിയൂ.

ആമിര്‍ഖാന്‍ വിഷയങ്ങള്‍ തിരഞ്ഞെടുത്തു മാത്രം പ്രതികരിക്കുന്നു എന്നാണ് സംഘ പരിവാര്‍ വാദം. “ഇന്ത്യ എന്റെ കുട്ടികള്‍ക്ക് ജീവിക്കാന്‍ സാധ്യമല്ലാത്ത രീതിയില്‍ മാറിയിരിക്കുന്നു . ഒരുവേള ഇന്ത്യ വിടുന്നതിനെ കുറിച്ച് പോലും ചിന്തിച്ചു. വാര്‍ത്തമാന പത്രങ്ങള്‍ ദിവസവും നല്‍കുന്നത് വേദനിപ്പിക്കുന്ന വാര്‍ത്തകള്‍ മാത്രം …………..” . അതൊരു ആരോപണമായി ആരും പറയില്ല. ഇന്ത്യയില്‍ സംഘ പരിവാര്‍ നടപ്പാക്കി കൊണ്ടിരിക്കുന്ന വംശീയ ഉന്മൂലന കലാപങ്ങളും അതിനു ഭരണകൂടങ്ങള്‍ നല്‍കുന്ന പിന്തുണയും ഒരു പച്ചയായ യാഥാര്‍ഥ്യം മാത്രം. ബാബറി മസ്ജിദ് ഭൂമിയില്‍ ഭരണകൂടം തന്നെ ശിലാന്യാസം നടത്തിയത് മറ്റൊരു ഉദാഹരണം.

മറ്റൊരു ആരോപണം കൂടി വാരിക ഉന്നയിക്കുന്നുണ്ട്‌ . 2018 ല്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തെ കാണാന്‍ നടന്‍ വിസമ്മതിച്ചു എന്നതാണ്. അതെ അമിതാബച്ചന്‍ അഭിഷേക് ബച്ചന്‍ പോലുള്ളവര്‍ അതില്‍ മോഡിയോട് കൂടി വിരുന്നില്‍ പങ്കെടുക്കുകയും ചെയ്തു.

Also read: പൗരത്വ നിയമം; ഒരു രോഹിങ്കന്‍ വിചാരം

സംഘ പരിവാര്‍ ദേശസ്നേഹത്തിനും ദേശീയതക്കും ഒരു അതിര്‍ വരമ്പുകള്‍ നിര്‍മ്മിച്ചു വെച്ചിരിക്കുന്നു. അവര്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും മാത്രമാണ് ദേശസ്നേഹം . ബാക്കിയെല്ലാം ദേശദ്രോഹവും. നമുക്ക് തീരുമാനം ഉള്ളത് പോലെതന്നെ മറ്റുളളവര്‍ക്കും അവരുടെ തീരുമാനം കാണും. അതിനെ അംഗീകരിച്ചില്ലെങ്കിലും അത് പറയാനുള്ള അവകാശത്തെ മാനിക്കുക എന്നതാണ് ജനാധിപത്യ മര്യാദ. ആളുകളുടെയും രാജ്യങ്ങളുടെയും മതവും ജാതിയും നോക്കിയല്ല നാം തീരുമാനം കൈക്കൊള്ളുന്നത് . അവരുടെ നിലപാട് നോക്കിയാണ്. യാത്രാ വിലക്കില്ലാത്ത ഏതു രാജ്യത്തേക്കും ആര്‍ക്കും യാത്ര ചെയ്യാം. സാധ്യമായാല്‍ അനൌദ്യോഗികമായി അവിടുത്തെ ഭരണാധികാരികളെ സന്ദര്‍ശിക്കാം. അനൌദ്യോഗിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാം. അതെല്ലാം വ്യക്തികളുടെ വിഷയമാണ്.
അതെ സമയം തുര്‍ക്കിയില്‍ എന്ത് കൊണ്ട് സംഘ പരിവര്‍ ഉടക്കി നില്‍ക്കുന്നു എന്ന് ചോദിച്ചാല്‍ അതിനുള്ള മറുപടി അവരുടെ മതം തന്നെ എന്ന് പറയണം. കാശ്മീര്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി വിഷയമാണ് എന്ന അഭിപ്രായമില്ലാത്ത രാജ്യങ്ങള്‍ ലോകത്ത് വേറെയുമുണ്ട്. ഇന്ത്യയില്‍ മുസ്ലിം ന്യൂനപക്ഷം അനുഭവിച്ചു വരുന്ന പീഡനങ്ങളെ അപലപിക്കുന്ന രാജ്യങ്ങളും വേറെയുണ്ട് . അവരോടൊന്നും ഇല്ലാത്ത പുകില്‍ എന്ത് കൊണ്ട് തുര്‍ക്കിയോട് എന്ന ചോദ്യം തന്നെ അപ്രസക്തമാണ്.

പ്രസ്തുത ലേഖനം ഇങ്ങിനെ അവസാനിക്കുന്നു. “ …………………ആമിര്‍ഖാന്‍ എന്നും ഒരു ഇരട്ട മുഖമുള്ള കലാകാരനാണ്. ഇന്ത്യ എന്നതിനേക്കാള്‍ തന്റെ ഫാനിനെ സുഖിപ്പിക്കുക എന്നതാണ് അദ്ദേഹം ചെയ്യുന്നത്. ഇത്തരം ആളുകളുടെ കാര്യത്തില്‍ ബോളിവുഡ് ഒരു നിലപാട് സ്വീകരിക്കണം ……………”. അത് ആമിര്‍ഖാന്‍ തീരുമാനിക്കട്ടെ .
ഒരാളുടെയും ദേശസ്നേഹവും ദേശക്കൂറും അളക്കാനുള്ള ഉപകരണം സംഘ പരിവാറിന്റെ കയ്യില്‍ ഏല്‍പ്പിച്ചിട്ടില്ല എന്ന് നാം ഉറക്കെ പറയണം. ഇന്ത്യയും ഇന്ത്യക്കാരും കഴിഞ്ഞ ആറു വര്ഷം കൊണ്ട് ഉണ്ടായതല്ല. ദേശ വിരുദ്ധ ശക്തികളോട് പോരാടി നേടിയ സ്വാതന്ത്ര്യവും നാം രൂപപ്പെടുത്തിയ ജനാധിപത്യ മൂല്യങ്ങളും സംഘ പരിവാറിന്റെ കാലില്‍ അടിയറവ് വെക്കാന്‍ സാധ്യമല്ല എന്ന് ഉറക്കെ പറയലാണ് ഈ കാലത്തെ വലിയ ജനാധിപത്യ പോരാട്ടം എന്ന് കൂടി ചേര്‍ത്തു വായിക്കണം.

Related Articles