Current Date

Search
Close this search box.
Search
Close this search box.

ഫാത്തിമ ലത്തീഫ് – ജാതീയതയുടെ അവസാന ഇരയാകില്ല

ഇന്നലെ രാത്രി ആദില്‍ വിളിച്ചിരുന്നു. തിരക്കാണോ എന്ന് ചോദിച്ചാണ് അവന്‍ സംസാരം തുടങ്ങിയത്. അവനു കുറച്ചു കാര്യങ്ങള്‍ സംസാരിക്കാനുണ്ടായിരുന്നു. ബാബറി മസ്ജിദ് വിഷയത്തില്‍ കോടതി വിധിയുമായി ബന്ധപ്പെട്ടു അവന്‍ എത്തിച്ചേര്‍ന്ന നിഗമനം അവന്‍ പറഞ്ഞു. അതെല്ലാം ഞാന്‍ കേട്ടിരുന്നു. നാട്ടിലെ സംഭവ വികാസങ്ങള്‍ അറിഞ്ഞു കൊണ്ട് വേണം അവരും വളരാന്‍. പ്രൊഫഷനല്‍ കലാലയങ്ങള്‍ എന്നത് പലപ്പോഴും ഒരു അരാഷ്ട്രീയ കൂട്ടമാണ്. തങ്ങള്‍ പഠിക്കുന്ന വിഷയത്തിനപ്പുറം അവര്‍ക്ക് ലോകവുമായി ബന്ധം കാണില്ല. അവരെ കാത്തിരിക്കുന്ന ലോകം അത്ര സുഖകരമല്ല എന്ന വിവരമാണ് നാം ആദ്യമായി നല്‍കേണ്ടത്.

ചെന്നൈ ഐ ഐ ടി യില്‍ നിന്നും മറ്റൊരു ദുഖകരമായ വാര്‍ത്ത കൂടി നാം കേള്‍ക്കുന്നു. ഹൈദരാബാദ് സര്‍വ്വകലാശാലയിലെ രോഹിത് വെമുലയുടെ മരണത്തിന്റെ വാര്‍ത്തകള്‍ നാം മറന്നു പോയിട്ടില്ല. ഇപ്പോള്‍ ഫാത്തിമയും ജീവനൊടുക്കിയത് ജാതി വിവേചനപരമായ കാരണമാണ് എന്നതാണ് ബന്ധുക്കള്‍ ഉന്നയിക്കുന്ന പരാതി. ഉന്നത വിദ്യാഭ്യാസ രംഗത്ത് കുട്ടികള്‍ നേരിടുന്ന ഒരുപാട് പ്രതിബന്ധങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. അതിലപ്പുറം നമ്മുടെ പൊതു സാമൂഹിക രംഗത്ത് മതവും ജാതിയും ഇപ്പോഴും സജീവ സാന്നിധ്യമാണ്.

രോഹിത് വെമുലയുടെ മരണം അന്ന് രാജ്യം വളരെയധികം ചര്‍ച്ച ചെയ്തതാണ്. ദളിത് സമൂഹം എങ്ങിനെ പൊതു രംഗത്ത് പരിഗണിക്കപ്പെടുന്നു എന്നതിന്റെ ഉദാഹരണായി അന്ന് രോഹിതിന്റെ മരണം ചര്‍ച്ച ചെയ്യപ്പെട്ടു. അന്ന് പ്രതിസ്ഥാനത്ത് വന്നത് എ ബി വി പി എന്ന വിദ്യാര്‍ഥി പ്രസ്ഥാനവും സ്ഥാനപതിന്റെ വി സി യുമായിരുന്നു. കഴിഞ്ഞ ആഴ്ച ചെന്നൈ ഐ ഐ ടി യില്‍ ജീവനൊടുക്കിയ ഫാത്തിമ ലത്തീഫ് എന്ന ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയുടെ മരണവും ചെന്ന് നില്‍ക്കുന്നത് മതപരമായ വിവേചനത്തിലാണ്. തന്റെ പേര് പോലും പ്രശ്‌നമാണെന്ന് ഒരിക്കല്‍ അവള്‍ ബാപ്പയോട് സൂചിപ്പിച്ചിരുന്നു എന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. അവളുടെ തന്നെ മൊബൈലില്‍ നിന്നും കേസിലേക്ക് ആസ്പദമായ വിവരം ലഭിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ ഒരു മണിക്കൂറില്‍ ഒരു വിദ്യാര്‍ത്ഥി വീതം ആത്മഹത്യ ചെയ്യുന്നു എന്നാണ് കണക്ക്. 2014 – 17 കാലത്തിനുള്ളില്‍ മൊത്തം 26000 പേര്‍ സ്വയം ജീവനൊടുക്കി എന്നാണ് കണക്കുകള്‍ പറയുന്നത്. പരീക്ഷയും തോല്‍വിയുമാണ് മുഖ്യ കാരണങ്ങളായി പറയപ്പെടുന്നത്. എങ്കിലും അതൊരു സത്യസന്ധമായ വിലയിരുത്തലല്ല എന്നാതാണ് മൊത്തത്തിലുള്ള അവലോകനം. അതിലപ്പുറം വലിയൊരു ശതമാനം കുട്ടികള്‍ മാനസിക അസ്വസ്ഥത കാണിക്കുന്നവരാണ് എന്നും പഠനം പറയുന്നു. കുട്ടികളെ അവര്ക്കിഷ്ടമില്ലാത്ത വിഷയം പഠിക്കാന്‍ നിര്‍ബന്ധിക്കല്‍ മുതല്‍ അധ്യാപകരുടെ ഭാഗത്ത് നിന്നുള്ള പലവിധ പീഡനങ്ങളും കാരണമായി പറയപ്പെടുന്നു. അതിനു പുറമെയാണ് ജാതിയുടെയും മതത്തിന്റെയും പേരിലുള്ള മാനസിക പീഡനങ്ങള്‍.

ജാതി ഇന്ത്യന്‍ സമൂഹത്തില്‍ ഒരു യാഥാര്‍ഥ്യമാണ്. ജാതി ജന്മം കൊണ്ട് മാത്രം ലഭിക്കുന്ന ഒന്നാണ്. കര്‍മം കൊണ്ടല്ല ജനനം കൊണ്ടാണ് മനുഷ്യന്‍ ഉന്നതനാകുന്നത് എന്നതാണ് ജാതിയുടെ പൊരുള്‍. അത് കൊണ്ട് തന്നെ ഇന്ത്യന്‍ സമൂഹത്തില്‍ ഉന്നതി പലരും സ്വയം തീരുമാനിച്ചു വെച്ചിരിക്കുന്നു. നവോഥാനത്തിന്റെ ചരിത്രം പറയുന്ന കേരളത്തില്‍ നമുക്കത് അത്രമാത്രം ബോധ്യമാകില്ലെങ്കിലും കേരളത്തിനു പുറത്തു പലപ്പോഴും അത് മാത്രമാണ് ആധാരം. രോഹിത് വെമുലയും ഫാത്തിമയും തമ്മില്‍ ചേര്‍ന്ന് വരുന്ന ചില യാതാര്‍ത്ഥ്യങ്ങളുണ്ട്. രോഹിത് വെമുല സംവരണ ക്വോട്ടയിലല്ല സര്‍വ്വകലാശാലയില്‍ പ്രവേശനം നേടിയത്. മെറിറ്റില്‍ തന്നെയായിരുന്നു. ഫാത്തിമയും അഖിലേന്ത്യാ തലത്തില്‍ ഒന്നാം സ്ഥാനം നേടിയാണ് ചെന്നൈ ഐ ഐ ടി യില്‍ പ്രവേശനം നേടിയത്. അത് തന്നെ ഇവരെപ്പോലുള്ളവരെ അകറ്റി നിര്‍ത്താന്‍ ജാതി മനസ്സില്‍ കയറിയവര്‍ക്ക് കാരണമാണ് എന്ന് വരുന്നു. രോഹിതിന്റെ വിഷയം കോളേജില്‍ നിന്നും പുറത്താക്കലും അതിന്റെ പേരില്‍ ലഭിക്കേണ്ട സ്‌കോളര്‍ഷിപ്പ് അധികൃതര്‍ തടഞ്ഞു വെച്ചു എന്നതുമായിരുന്നു. ഫാത്തിമയുടെ വിഷയം ലഭിക്കേണ്ട മാര്‍ക്ക് നല്‍കിയില്ല എന്നതാണ്. പുനര്‍ നിര്‍ണയത്തിന് നല്‍കിയപ്പോള്‍ മാര്‍ക്ക് കൂടുകയും അതിന്റെ പേരില്‍ അവള്‍ തന്നെ പേരെടുത്തു പറയുന്ന സുദര്‍ശന്‍ പത്മനാഭന്‍ അദ്ധ്യാപകന്‍ മത പരമായി ആക്ഷേപിച്ചു എന്നതുമാണ്.

സംഭവത്തിന്റെ നിജസ്ഥിതി പുറത്തു കൊണ്ട് വരേണ്ടത് പോലീസാണ്. പക്ഷെ പോലീസ് ഈ വിഷയത്തില്‍ ഒരു മുന്‍ ധാരണ ഉണ്ടാക്കി വെച്ചിട്ടുണ്ട്. പരീക്ഷക്ക് മാര്‍ക്ക് കുറഞ്ഞത് കൊണ്ടാണ് ആത്മഹത്യ നടന്നത് എന്നാണു അവരുടെ പക്ഷം. അതെ സമയം പരീക്ഷ വരാനിരിക്കുന്നേയുള്ളൂ എന്നതാണ് മറ്റൊരു വശം. രാജ്യത്തെ ഉന്നത കലാലയങ്ങള്‍ അത്ര സുഖകരമായ രീതിയിലല്ല മുന്നോട്ടു പോകുന്നത്. ഒറ്റപ്പെട്ട സംഭവം എന്ന് പറഞ്ഞു മാറ്റി നിര്‍ത്താമെങ്കിലും അദ്ധ്യാപകരുടെ പീഡനത്തിനു ഇരയാകുന്ന കുട്ടികള്‍ ധാരാളമാണ്. മറ്റൊരു കാര്യം പ്രൊഫഷണല്‍ കോളേജുകളിലെ കുട്ടികളെ അധികവും ഒരു പ്രത്യേക സാമൂഹിക അവസ്ഥയിലൂടെ കടന്നു പോകുന്നവരാണ്. ലോകത്തെ കുറിച്ചും തങ്ങളുടെ ചുറ്റുപാടുകളെ കുറിച്ചും അവരില്‍ അധികവും അജ്ഞരാണ്. സംഘടന പ്രവര്‍ത്തനമോ രാഷ്ട്രീയ ബോധമോ പലപ്പോഴും ഇവര്‍ക്ക് അന്യമാണ്.

രോഹിതിലും ഫാതിമയിലും അവസാനിക്കുന്നതല്ല ഇപ്പോഴത്തെ വിഷയങ്ങള്‍. ജാതിയുടെ മോശമായ അതിപ്രസരം വിദ്യാഭ്യാസം കൊണ്ട് മറികടക്കാന്‍ കഴിയുന്നില്ല എന്നതാണ് നാം നേരിടുന്ന വലിയ ദുരന്തം. പിന്നോക്കക്കാരന്‍ മുന്നോട്ട് വരുന്നത് അംഗീകരിക്കാന്‍ കഴിയാത്ത മാനസിക അവസ്ഥ മാറിയാല്‍ മാത്രമാണ് ഇതിനൊരു പരിഹാരമാകുക. ഇന്ത്യന്‍ രാഷ്ട്രീയം തന്നെ ജാതി മത വിഭാഗീയതയുടെ പേരില്‍ നിലനില്‍ക്കുന്ന കാലത്ത് അത്തരം ഒരു സ്വപ്നം യാതാര്‍ത്ഥ്യമാകാനുള്ള സാധ്യത കുറവാണ്.

കുട്ടികളെ ലോകത്തെ കുറിച്ച് പഠിപ്പിക്കാന്‍ കൂടി രക്ഷിതാക്കള്‍ തയ്യാറാകണം. എന്തും നേരിടാനുള്ള മാനസിക അവസ്ഥയിലേക്ക് അവരെ മാറ്റിയെടുക്കണം. കേവലം അക്ഷരങ്ങളില്‍ നിന്നും അവരുടെ ശ്രദ്ധ ലോകത്തിലേക്ക് തിരിക്കണം. താന്‍ അഭിമുഖീകരിക്കാന്‍ പോകുന്ന ലോകം അത്ര സുഖകരമാകില്ല എന്ന അറിവും അവര്‍ക്ക് നല്‍കണം. ദൈവം നല്‍കിയ ജീവന്‍ വിലപ്പെട്ടതാണ്. അത് നിസാര സംഗതികളില്‍ ഉപേക്ഷിക്കാനുള്ളതല്ല എന്ന അറിവും അവര്‍ക്ക് നല്കാന്‍ രക്ഷിതാക്കള്‍ തയ്യാറാകണം. കുട്ടികളുടെ പഠനത്തെ ബാധിക്കും എന്ന പേരില്‍ വീട്ടില്‍ പത്രം പോലും വരുത്താന്‍ മടി കാണിക്കുന്ന രക്ഷിതാക്കലുള്ള കാലമാണിത് എന്ന് കൂടി നാം ഓര്‍ത്ത് വെക്കണം.

Related Articles