Current Date

Search
Close this search box.
Search
Close this search box.

പിതാവിന്റെ രണ്ടാം വിവാഹവും മക്കളുടെ ആധിയും

കുറെ കാലത്തിനു ശേഷമാണ് സാദിഖിനെ കണ്ടത്. പണ്ട് ഒന്നിച്ചു അബുദാബിയില്‍ താമസിച്ചിരുന്നു. അതിനിടയില്‍ അവന്‍ ദുബായിലേക്ക് സ്ഥലം മാറിപ്പോയി. പിന്നെ ഇതുവരെ കണ്ടിരുന്നില്ല. വിശേഷങ്ങള്‍ ചോദിച്ച കൂട്ടത്തില്‍ ഉപ്പയെ കുറിച്ചും ചോദിച്ചു. സാദിഖിന്റെ മറുപടിയില്‍ അത്ര സുഖം തോന്നിയില്ല. ഉപ്പയെ കുറിച്ച് പറയാന്‍ ഒരിക്കല്‍ അവനു നൂറു നാവായിരുന്നു. ഉപ്പയും അവനും ഒന്നിച്ചാണ് ദുബായില്‍ ഉണ്ടായിരുന്നത്. ഇടയ്ക്കു എപ്പോഴോ ഉമ്മ മരിച്ച വിവരം മറ്റാരോ പറഞ്ഞു അറിഞ്ഞിരുന്നു. അതിനു ശേഷം ഉപ്പ കൂടുതല്‍ ഗള്‍ഫില്‍ നിന്നില്ല. നാട്ടിലേക്ക് തിരിച്ചു പോന്നു. മക്കളുടെ കൂടെയാണ് താമസം എന്നാണറിഞ്ഞത്. മൂന്നു ആണ്‍മക്കളും രണ്ടു പെണ്‍മക്കളും. അദ്ദേഹം അധ്വാനിച്ചു തന്നെയാണ് മക്കളെ വളര്‍ത്തിയത്. ജീവിതത്തില്‍ അധിക കാലവും അദ്ദേഹം കഴിച്ചു കൂട്ടിയത് മരുഭൂമിയിലും. അവസാന സമയത്തു ഭാര്യയുടെ അസുഖം വര്‍ധിച്ചപ്പോഴും അദ്ദേഹത്തിന് തിരിച്ചു പോകാന്‍ കഴിഞ്ഞില്ല.

ഭാര്യ മരണപ്പെട്ടതിനു ശേഷം ഉപ്പ കൂടുതല്‍ ഒറ്റപ്പെട്ടു. ഒരു വിവാഹത്തെ കുറിച്ച് സ്‌നേഹിതര്‍ പലരും സൂചിപ്പിച്ചു. മക്കളും ബന്ധുക്കളില്‍ പലരും അതിനു പച്ചക്കൊടി കാട്ടിയില്ല. മമ്മുക്കയുടെ വയസ്സു കാലത്തെ ഒറ്റപ്പെടല്‍ അവര്‍ക്കൊരു വിഷയമായി തോന്നിയില്ല. അതിലപ്പുറം അവരുടെ ചിന്ത വന്നു നിന്നത് മറ്റൊരു ബന്ധത്തിലൂടെ നഷ്ടമാകുന്ന ബാപ്പയുടെ സ്വത്തായിരുന്നു. ഉപ്പയെ ഞങ്ങള്‍ നോക്കിക്കൊള്ളാം എന്ന് മക്കള്‍ ഒന്നിച്ചു പറഞ്ഞു. അതിനുള്ള പരിഹാരവും അവര്‍ തന്നെ നിര്‍ദ്ദേശിച്ചു. തറവാട് വില്‍ക്കുക. എന്നിട്ട് സമയാ സമയം നിശ്ചയിച്ച മക്കളുടെ വീടുകളില്‍ താമസിക്കുക. അംഗീകരിക്കാന്‍ ബന്ധുക്കളും നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. മമ്മുക്ക അതെല്ലാം നിരസിച്ചു. തനിക്കു ആരോഗ്യമുള്ള കാലത്തോളം ആരെയും ബുദ്ധിമുട്ടിക്കാന്‍ അദ്ദേഹം തയ്യാറായില്ല. അവസാനം പറ്റിയ ഒരു ഇണയെയും അദ്ദേഹം കണ്ടെത്തി. എന്നാല്‍, മക്കളുടെ നിലപാട് മാറി, ബന്ധുക്കളുടെയും. രണ്ടാം ഭാര്യയെ ഒരു നിലക്കും അവര്‍ അംഗീകരിച്ചില്ല. തങ്ങളുടെ സ്വത്തു തട്ടിയെടുക്കാന്‍ വന്നവള്‍ എന്ന രീതിയിലാണ് പിന്നെ എല്ലാവരും അവരെ കണ്ടത്.

വിവരങ്ങളെല്ലാം ഹനീഫയാണ് പറഞ്ഞത്. ഭര്‍ത്താവിന്റെ മുമ്പ് ഭാര്യ മരിക്കുക എന്നത് ഒരു അസാധാരണ സംഭവമാണ്. അധിക സമയത്തും ആദ്യം ലോകത്തോട് വിട പറയുക പുരുഷന്‍ തന്നെയാകും. ഭര്‍ത്താവ് മരിച്ച സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഒരു പ്രായം കഴിഞ്ഞാല്‍ ജീവിതം അത്ര വിരസമാകില്ല. അവര്‍ക്കു കൂടുതല്‍ മറ്റുള്ളവരുമായി ഇഴകി ചേരാന്‍ കഴിയും. അതെ സമയം പുരുഷന്മാര്‍ അധികവും ഒറ്റപ്പെട്ടു പോകുന്നു. അത് കൊണ്ട് തന്നെ എത്ര പ്രായമായാലും മറ്റൊരു വിവാഹത്തെ കുറിച്ച് പുരുഷന്മാര്‍ ചിന്തിക്കുന്നു. സ്വന്തമായി വരുമാനവും സമ്പത്തും ഉണ്ട് എന്നത് തന്നെ അതൊരു ബാധ്യതയായി മാറുന്നില്ല. ഇത്തരം കേസുകളില്‍ പലപ്പോഴും വില്ലനായി രംഗത്തു വരിക മക്കളും ബന്ധുക്കളും തന്നെയാകും. സമ്പത്താണ് പലപ്പോഴും വില്ലനാവുക. തങ്ങള്‍ക്കു ലഭിക്കേണ്ട വിഹിതം മറ്റു പലരും കൊണ്ട് പോകുമെന്ന ഭയമെന്നെ ഇതിനെ പറയാന്‍ കഴിയൂ. പലപ്പോഴും പിതാവിന്റെ രണ്ടാം ഭാര്യ കുടുംബത്തില്‍ ഒരു ശത്രുവിന്റെ സ്ഥാനത്താകും.

ബാപ്പയെ ഞങ്ങള്‍ നോക്കാം എന്നത് പലപ്പോഴും ഒരു വികാരത്തിന്റെ പുറത്തുള്ള പറച്ചിലാകും. സമ്പത്തു കയ്യില്‍ കിട്ടിയാല്‍ പിന്നെ ആ ജീവിതം ഒരു ദുരിതമാവും. ‘എന്റെ ഭര്‍ത്താവിന്റെ സമ്പത്തു തീര്‍ക്കാനുള്ള സാധനം’ എന്ന് ഭര്‍ത്താവിന്റെ ഉമ്മയെ കുറിച്ച് മരുമകള്‍ പറഞ്ഞ അഭിപ്രായം കേട്ട അത്ഭുതവും സങ്കടവും ഇതുവരെ മാറിയിട്ടില്ല. ഒരു കാലം കഴിഞ്ഞാല്‍ മാതാ പിതാക്കള്‍ മക്കളുടെ അധികാരത്തിനു കീഴിലാകണം എന്നൊരു അലിഖിത നിയമം എവിടെയോ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. അതിന്റെ ഭാഗമാണ് പിതാവിന്റെ വിവാഹം പോലും മക്കള്‍ മുടക്കുന്നത്. ഒരിക്കലും ഒരു പൂര്‍ണ ദാമ്പത്യമല്ല പ്രായമായ പുരുഷന്‍ ആഗ്രഹിക്കുന്നത്. ഒരു സ്വാന്തനമാണ്. ഇണകള്‍ക്കു നല്‍കാന്‍ കഴിയുന്ന ഒരു സ്വാന്തനവും മറ്റാര്‍ക്കും നല്‍കാന്‍ കഴിയില്ല. വിധവ വിവാഹവും മറ്റൊരു വിഷയമാണ്. കുട്ടികളുമായി ജീവിതം നരകിച്ചു തീര്‍ക്കുക എന്നതാണ് പലപ്പോഴും സംഭവിക്കുന്നത്. മൂന്നു പെണ്‍മക്കളുള്ള ഒരാള്‍ മരിച്ചപ്പോള്‍ സഹോദരങ്ങള്‍ സ്വത്തിനു വേണ്ടി രംഗത്തു വന്നു. അതിലപ്പുറം സഹോദരന്റെ വിധവയും കുട്ടികളും എങ്ങിനെ ജീവിക്കുന്നു എന്നത് അവരുടെ പരിധിയില്‍ വന്നില്ല.

പട്ടണത്തില്‍ ഒരു വീട്, നാട്ടില്‍ മറ്റൊരു വീട്, പട്ടണത്തില്‍ കെട്ടിടങ്ങള്‍ ഇതെല്ലാം മറ്റുള്ളവര്‍ക്കും കൂടി പങ്കു വെക്കുന്നതിന്റെ വിഷമമാണ് സാദിഖിന്റെ വാക്കുകളില്‍ നിഴലിച്ചത്. തന്റെ സ്വത്തെല്ലാം മരണം വരെ തന്റേതു തന്നെ എന്ന ഉറച്ച നിശ്ചയത്തിലാണ് മമ്മുക്ക എന്നറിഞ്ഞു. അതിനാല്‍ തന്നെ തികഞ്ഞ അഭിമാനത്തോടെയാണ് അദ്ദേഹം ഇന്നും ജീവിക്കുന്നത്.

Related Articles