Current Date

Search
Close this search box.
Search
Close this search box.

കച്ചവടവല്‍ക്കരിക്കപ്പെടുന്ന കറാമത്തുകള്‍

അന്ന് കാലത്തു സുബഹി നമസ്‌കാരത്തിന് അബൂബക്കര്‍ (റ) പ്രവാചകന്റെ പള്ളിയില്‍ ഉണ്ടായിരുന്നു. അസുഖ ബാധിതനായ പ്രവാചകന്‍ തന്റെ അനുചരന്മാര്‍ നമസ്‌കരിക്കുന്നത് ജനലിലൂടെ നോക്കി കണ്ടിരുന്നു. നമസ്‌കാര ശേഷം അബൂബക്കര്‍ മദീനയില്‍ നിന്നും കുറച്ചകലെയുള്ള തന്റെ കൃഷി തോട്ടത്തിലേക്ക് പോയി. പോകുന്ന സമയത്തു പ്രവാചകനോട് വിവരം പറഞ്ഞിരുന്നു. പ്രവാചകന്‍ എതിര്‍പ്പൊന്നും പറഞ്ഞില്ല. അത് പ്രവാചകനെ ജീവനോടെ നേരില്‍ കാണാന്‍ കഴിയുന്ന അവസാന സമയമാണ് എന്ന് അബൂബക്കറിനും തിരിച്ചു പ്രവാചകനും മനസ്സിലായില്ല. കാരണം ഒരാളുടെ മരണം എപ്പോഴെന്നതു അല്ലാഹുവിനു മാത്രം അറിയുന്ന കാര്യം എന്നത് ഇസ്ലാമിക വിശ്വാസവുമായി ബന്ധപ്പെട്ടതാണ്.

നമ്മുടെ നാട്ടില്‍ പലരും അവരുടെ മരണം മുന്‍ കൂട്ടി അറിയുന്നു. അല്ലാഹു നിശ്ചയിച്ച മരണം നിശ്ചിത സമയത്തു തന്നെ നടക്കും. അത് ആരെയും മുന്‍ കൂട്ടി അറിയിക്കുക എന്നത് അല്ലാഹുവിന്റെ സുന്നത്തല്ല. അങ്ങിനെ ഒന്ന് ഉണ്ടായിരുന്നെങ്കില്‍ അത് പ്രവാചകന്‍ അറിയണം. പ്രവാചകന് അത് അറിയുമായിരുന്നില്ല എന്നതാണ് ചരിത്രം. അല്ലാഹുവിന്റെ പ്രവാചകന്‍ പഠിപ്പിച്ച മതം ഒരു ജീവിത രീതിയായിരുന്നു. വിശ്വാസവും അനുഷ്ഠാനവും അതിന്റെ ഭാഗമായിരുന്നു. നാമിന്നു കണ്ടു കൊണ്ടിരിക്കുന്ന മതവും ഒരു ജീവിത രീതിയാണ്. ഒന്നാമത്തെ രീതി മനുഷ്യന് വേണ്ടിയുള്ളതാണ് രണ്ടാമത്തെ രീതി മനുഷ്യരെ പറ്റിച്ചു ജീവിക്കാനും.

ഏതോ ഒരാള്‍ മരിക്കുന്നത് മുന്‍കൂട്ടി പറഞ്ഞു എന്ന് പറഞ്ഞാണ് പുതിയ തട്ടിപ്പിന്റെ തുടക്കം. ഒരു ആത്മീയ ചികിത്സകന്‍ മരണപ്പെട്ടപ്പോള്‍ അദ്ദേഹം മരണം മുന്‍കൂട്ടി കണ്ടെന്നും മരിക്കുന്ന ദിവസം തന്നെ കാണാന്‍ വരണമെന്ന് പറഞ്ഞെന്നും സോഷ്യല്‍ മീഡിയയില്‍ കാണാനിടയായി. അല്ലാഹു രോഗവും ചികിത്സയും ഇറക്കി എന്നതാണ് പ്രവാചക വചനം. അസുഖം വരിക എന്നത് ശരീരത്തിന്റെ വിഷയമാണ്. ചിലപ്പോള്‍ മനസ്സിന്റെയും. പ്രവാചകന്‍ പോലും അസുഖത്തിന് മരുന്ന് കഴിച്ചിരുന്നു എന്നാണു ചരിത്രം. കറാമത്തുകള്‍ ആരും നിഷേധിക്കില്ല. പക്ഷെ ഇപ്പറയുന്ന കറാമത്തുകള്‍ അംഗീകരിക്കാനും കഴിയില്ല. അല്ലാഹുവിന്റെ ഔലിയാക്കള്‍ കറാമത്തുകള്‍ വ്യവസായമായി ഉപയോഗിക്കാറില്ല. ഇന്നത്തെ കറാമത്തുകള്‍ വ്യാവസായിക അടിസ്ഥാനത്തില്‍ കെട്ടിപ്പടുത്തതും. പ്രവാചകനും സഹാബത്തിനും പറഞ്ഞു കേള്‍ക്കാന്‍ കഴിയാത്ത കാര്യങ്ങളാണ് ഇന്നത്തെ വലിയ്യുകള്‍ക്കു പറഞ്ഞു കേള്‍ക്കുന്നത്. നാട്ടിലെ ഒരു വലിയ്യും സഹാബിയുടെ അവസ്ഥയിലേക്ക് വരില്ല എന്നുറപ്പാണ്. പ്രവാചകന്‍ ജീവിച്ചിരുന്നപ്പോഴും മരണപ്പെട്ടപ്പോഴും ഒരുപാട് ദുരന്തങ്ങള്‍ അവരെ തേടിയെത്തിയിട്ടുണ്ട്. പക്ഷെ അവരൊന്നും ഇന്നത്തെ പോലെ കറാമത്തുകള്‍ തൂക്കി വിറ്റിരുന്നില്ല.

ഇവിടെയാണ് പണ്ഡിതരും പുരോഹിതരും തമ്മിലുള്ള അന്തരം മനസ്സിലാക്കാന്‍ കഴിയുക. പണ്ഡിതര്‍ പ്രവാചകന്റെ അനുയായികളാണ്. പ്രവാചകന്റെ മകന്‍ മരിച്ച ദിവസം സൂര്യ ഗ്രഹണമുണ്ടായി. പ്രവാചകന്റെ മകന്റെ മരണ കാരണമെന്ന് പലരും പറഞ്ഞു തുടങി. ജനനവും മരണവും ഗ്രഹണവും തമ്മില്‍ യാതൊരു ബന്ധവുമില്ല എന്ന് പ്രവാചകന്‍ തിരുത്തി. പലരുടെയും കറാമത്തുകള്‍ അന്തമില്ലാത്ത അണികള്‍ വിളിച്ചു പറയുമ്പോള്‍ യഥാര്‍ത്ഥ പണ്ഡിതന്മാര്‍ അത് തടസ്സപ്പെടുത്തും. അതെ സമയം പുരോഹിതര്‍ ഇത്തരം പ്രവണതകളെ പ്രോത്സാഹിപ്പിക്കും. കാരണം അവരുടെ നോട്ടം ജനത്തിന്റെ സമ്പത്താണ്. ഒന്നാമത്തെ വിഭാഗം ആഗ്രഹിക്കുന്നത് അല്ലാഹുവിന്റെ സാമീപ്യവും ജനങ്ങളെ നേര്‍വഴിക്കു നയിക്കുക എന്നതുമാണ്.

ജീവിച്ചിരിക്കുന്ന മനുഷ്യരെയാണ് പ്രവാചകരും പണ്ഡിതരും പരിഗണിച്ചത്. അവരുടെ ഇഹപര വിജയമാണ് അവരുടെ ലക്ഷ്യം. പുരോഹിതനും ശവപ്പെട്ടി കച്ചവടക്കാരനും കച്ചവടം ആരംഭിക്കുക മരണത്തോടെയാണ്. ശവം തീനികള്‍ എന്ന് പറഞ്ഞാലും അത് കൂടുതലാകില്ല എന്നതാണ് സത്യം. ഔലിയാക്കളില്‍ നേതാവായ അബൂബക്കര്‍, ഉമര്‍, ഉസ്മാന്‍ അലി (റ) എന്നിവരുടെ ജീവിതവും മരണവും നമ്മുടെ മുന്നിലുണ്ട്. അന്ന് ജീവിച്ചിരുന്ന സഹാബത്ത് അവരുടെ മരണം ഇന്നത്തെ മരണങ്ങളെ പോലെയല്ല സ്വീകരിച്ചത്. മരണത്തോടെ ഒരാള്‍ ഭൗതിക ലോകത്തു നിന്നും മാറി പോകുന്നു. അതാണ് മരണം. പക്ഷെ ആധുനിക വലിയ്യുകള്‍ ജീവിതം തുടങ്ങുന്നത് മരണത്തോടെയാണ് എന്നതാണ് വിചിത്ര വാദം.
പ്രവാചകന്റെ കൂടെ എന്നും നിഴലായി നിലകൊണ്ട അബൂബക്കര്‍ തന്റെ മരണ സമയത്തും അടുത്തുണ്ടാകാന്‍ പ്രവാചകന്‍ ആഗ്രഹിച്ചു കാണും. പക്ഷെ മരണം എപ്പോഴെന്നു അറിയില്ല എന്നത് തന്നെയാണ് അബൂബക്കര്‍ അടുത്തില്ലാതെയായി പോയതും.

Related Articles