Current Date

Search
Close this search box.
Search
Close this search box.

പൊട്ടിത്തെറിക്കുന്ന അഫ്ഗാനിസ്ഥാൻ

അഫ്ഗാനിസ്ഥാൻ പൊട്ടിത്തുടങ്ങിയിരിക്കുന്നു. രക്തരഹിതമായാണ് അഫ്ഗാൻ താലിബാൻ പിടിച്ചെടുത്തത്. കാര്യമായ എതിർപ്പുകൾ താലിബാൻ സൈന്യത്തിന് എവിടെയും ആരിൽ നിന്നും നേരിടേണ്ടി വന്നില്ല. അമേരിക്കയുടെയും സഖ്യ കക്ഷികളുടെയും പരിചരണത്തിൽ വളർന്ന അഫ്ഗാൻ സൈന്യത്തിന്റെ നിഴൽ പോലും നാം എവിടെയും കണ്ടില്ല. ഇതെഴുതുമ്പോൾ അഫ്ഗാനിസ്ഥാനിൽ ഒരു സർക്കാരില്ല. താലിബാൻ ഇതുവരെ സർക്കാർ രൂപീകരിച്ചിട്ടില്ല. അതിനുള്ള ശ്രമങ്ങൾ ദ്രുതഗതിയിൽ നടക്കുന്നു എന്നിരുന്നാലും ഇതുവരെ രൂപീകരിക്കാൻ പോകുന്ന സർക്കാരിനെ കുറിച്ച് കൃത്യമായ രൂപം ലോകത്തിനു ലഭിച്ചിട്ടില്ല.

ഏതു തരത്തിലുള്ള സർക്കാരാണ് രൂപീകരിക്കാൻ പോകുന്നത് എന്ന് താലിബാൻ ആദ്യമേ പ്രഖ്യാപിച്ചിട്ടുണ്ട്. മുസ്ലിം ഭൂരിപക്ഷ രാജ്യമായ അഫ്ഗാൻ ഒരു ഇസ്ലാമിക് എമിരേറ്റ്സ് എന്ന രീതിയിൽ അറിയപ്പെടും എന്നാണു താലിബാൻ പറഞ്ഞു വെച്ചത്. കൃത്യമായ ഒരു ഭരണഘടനയുടെ അടിസ്ഥാനത്തിൽ നടക്കുന്ന ഭരണമാണ് റിപബ്ലിക് എന്നറിയപ്പെടുന്നത്. ഒരു രാജാവിന്റെ കീഴിൽ നടത്തപ്പെടുന്ന ഭരണത്തെ എമിരേറ്റ്സ് എന്നാണ് വിളിക്കപ്പെടുന്നത്. താലിബാൻ അഫ്ഗാൻ പിടിച്ചു എന്നതിനേക്കാൾ ആളുകളെ ഭയപ്പെടുത്തുന്നത്‌ താലിബാൻ രൂപീകരിക്കാൻ പോകുന്ന സർക്കാരാണ്. ലോകത്തിന്റെ ആകുലത ശരിയാണ്. ഒരിക്കൽ അഫ്ഗാൻ ഭരിച്ചവരാണ് താലിബാൻ എന്നത് തന്നെ കാരണം. അത് കൊണ്ട് തന്നെ ഇപ്പോൾ ലോകത്തിന്റെ ആശങ്ക പൂർണമായും അഫ്ഗാനിസ്ഥാനാണ്.

ഒരു പുരോഗമന രാജ്യത്ത് കാണേണ്ട ഒന്നും നാം അഫ്ഗാനിൽ കാണുന്നില്ല. ഇപ്പോൾ തന്നെ രാജ്യം ഭക്ഷണ ക്ഷാമം നേരിടുന്നു എന്നാണു വാർത്ത. കൊറോണ വ്യാപന കാലത്ത് രാജ്യത്തിന്റെ സ്ഥിതി ഗുരുതരമായ അവസ്ഥയിലേക്ക് നീങ്ങുന്നു എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ചുരുക്കത്തിൽ ഒരു നല്ല ജീവിതം സ്വപ്നം കാണാൻ അഫ്ഗാൻ ജനത ഇനിയും കുറെ കാലം ജീവിക്കണം. രാജ്യം പിടിച്ചെടുക്കാൻ കാണിച്ച ആവേശം എന്ത് കൊണ്ട് താലിബാൻ സർക്കാർ രൂപീകരിക്കാൻ കാണിക്കുന്നില്ല എന്ന ചോദ്യവും പല ദിക്കിൽ നിന്നും ഉയരുന്നുണ്ട്. ആര് ഭരിച്ചാലും വിദേശ സഹായങ്ങളില്ലാതെ അഫ്ഗാൻ ജനതക്ക് മുന്നോട്ട് പോകാൻ കഴിയില്ല എന്നുറപ്പാണ്.

താലിബാൻ മുന്നോട്ട് വെക്കുന്ന ഇസ്ലാമിക് എമിരേറ്റ്സ് എന്ന ആശയത്തോട് ലോകത്തിനു വിയോജിക്കേണ്ട ആവശ്യമില്ല. കാരണം ലോകത്തിലെ ആദ്യത്തെ “ ഇസ്ലാമിക് എമിരേറ്റ്സ്” അല്ല അഫ്ഗാനിസ്ഥാൻ. എന്നിട്ടും ഇസ്ലാം എന്ന് പറയുമ്പോൾ അഫ്ഗാനിൽ മാത്രം എന്ത് കൊണ്ട് ലോകം ആശങ്കപ്പെടുന്നു എന്ന ചോദ്യവും പ്രസക്തമാണ്‌. സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ താലിബാൻ എന്ത് നിലപാട് സ്വീകരിക്കും എന്നതാണ് കാതലായ ചോദ്യം. അതിനു ഉത്തരം നൽകാനുള്ള ചുമതല അവർക്ക് തന്നെയാണ്. പതിനഞ്ചു വയസ്സായ പെൺകുട്ടികളെ താലിബാൻ വീടുകളിൽ നിന്നും ബലമായി കൊണ്ട് പോകുന്നു, അവരെ ജോലിയിൽ നിന്നും വിലക്കുന്നു, സ്കൂളുകൾ അടച്ചു പൂട്ടുന്നു എന്നീ വാർത്തകൾ നാം വായിക്കുകയും കേൾക്കുകയും ചെയ്യുന്നു. അതിൽ എത്രമാത്രം സത്യമുണ്ട് എന്നത് ഇനിയും മനസ്സിലാക്കിയിട്ടു വേണം. പല പടിഞ്ഞാറൻ നിരീക്ഷകരും ഇത്തരം നിഗമനങ്ങൾ പങ്കു വെക്കുന്നു.

ഇസ്ലാമിനോട് ലോകം കാണിക്കുന്ന ഇരട്ടത്താപ്പ് വളരെയധികം ചർച്ച ചെയ്യപ്പെട്ട കാര്യമാണ്. ചരിത്ര പരമായ കാരണം കൊണ്ട് അഫ്ഗാൻ ജനത പിറകോട്ട് പോയിട്ടുണ്ട്. മേഖലയിലെ മറ്റു രാഷ്ട്രങ്ങൾ വൈദേശിക ആധിപത്യം ഒഴിവാക്കി മുന്നോട്ട് പോകാൻ ശ്രമിക്കുന്ന കാലത്ത് അഫ്ഗാൻ ജനത സ്വാതന്ത്രത്തിനു വേണ്ടി യുദ്ധം ചെയ്യുകയായിരുന്നു. ഒരു ജനതയുടെ ഉന്നമനത്തിനായി ചെയ്യേണ്ട ഒന്നും അഫ്ഗാൻ ജനതയ്ക്ക് ലഭിച്ചില്ല. നല്ല വിദ്യാഭ്യാസം അവർക്കെന്നും ഒരു സ്വപ്നമായി തന്നെ അവശേഷിപ്പിച്ചതിൽ ലോകത്തിന്റെ പങ്കു വിസ്മരിക്കാൻ കഴിയില്ല. അഫ്ഗാനിസ്ഥാൻ കരയിലേക്ക് അടുക്കാൻ ഇനിയും തുഴയെണ്ടി വരും എന്നുറപ്പാണ്. താലിബാനെ പല രാജ്യങ്ങളും അംഗീകരിച്ചു എന്നത് ശരിയാണ്. അതെ സമയം യോറോപ്യൻ യൂണിയൻ അവരുമായി നിസ്സഹകരണം പ്രഖ്യാപിച്ചിരിക്കുന്നു.

വിദേശികളെ ഒഴിപ്പിക്കുക എന്നത് ഇനിയും അവസാനിച്ചിട്ടില്ല. ഇന്നലത്തെ ബോംബ്‌ സ്ഫോടനം ആരാണ് നടത്തിയത് എന്നത് ഇനിയും അറിഞ്ഞിട്ടു വേണം. താലിബാൻ വിഷയത്തെ അപലപിച്ചിട്ടുണ്ട്. ആർക്കും കയറിക്കളിക്കാൻ മാത്രം ദുർബലമാണ് അഫ്ഗാൻ സുരക്ഷ. തെരുവുകളിലെ പൊട്ടിത്തെറികൾ ഇനിയും അധികരിക്കാനാണ് സാധ്യത. താലിബാൻ അധികാരത്തിൽ വരാൻ വഴി തുറന്നു കൊടുത്തത് അമേരിക്ക തന്നെ. അവരുടെ സേനാ പിന്മാറ്റമാണ് മുഖ്യ കാരണം. അമേരിക്കയും താലിബാനും തമ്മിലുള്ള ബന്ധം എങ്ങിനെ എന്നതും ദുരൂഹമായി നിലനിൽക്കുന്നു. മൊത്തത്തിൽ ഇപ്പോഴും അഫ്ഗാനിന്റെ മുകളിലെ ദുരൂഹത നീങ്ങിയിട്ടില്ല. അവിടെ നിന്നും വരുന്ന വാർത്തകൾ പൂർണമായും “ ഒരു ഇസ്ലാമോഫോബിയ “ രീതിയിലാണ്‌. താലിബാൻ സമം ഇസ്ലാം എന്ന് സ്ഥിരീകരിക്കാൻ ലോകം നടത്തുന്ന പ്രയത്നം നാം കാണാതെ പോകരുത്.

ഇസ്ലാം സുതാര്യമാണ്. മനുഷ്യരുടേതു മാത്രമല്ല അചേതന വസ്തുക്കളുടെ അവസ്ഥ പോലും ഇസ്ലാമിൽ സുതാര്യമാണ്. ഇസ്ലാമോഫോബിക് മുന്നണികൾ മുന്നോട്ട് വെക്കുന്ന ഇസ്ലാമും സംരംഭങ്ങളും തികച്ചും ദുരൂഹമാണ്. മുസ്ലിം ലോകത്ത് അടുത്ത കാലത്ത് കൂടുതൽ നാം കാണേണ്ടി വന്നത് പൊട്ടിത്തെറികളാണ്. അഫ്ഗാനിൽ ഇനിയും അത് തുടരും എന്ന് കരുതാനാണ്‌ കൂടുതൽ ന്യായം.

Related Articles