Current Date

Search
Close this search box.
Search
Close this search box.

‘വീട് പൊളിക്കാന്‍ പറഞ്ഞ കാരണങ്ങള്‍ ഓരോന്നും പച്ചക്കള്ളം’

പ്രവാചക നിന്ദക്കെതിരായ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ പൗരപ്രമുഖനും വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ കമ്മിറ്റി അംഗം ജാവേദ് മുഹമ്മദിന്റെയും വിദ്യാര്‍ത്ഥി ആക്റ്റിവിസ്റ്റ് അഫ്രീന്‍ ഫാത്തിമയുടെയും വീടടക്കം വിവിധ വീടുകള്‍ ഒന്നടങ്കം തരിപ്പണമാക്കിയ യോഗി സര്‍ക്കാരിന്റെ ക്രൂരത നാം കണ്ടതാണ്. പ്രതിഷേധം നടത്തിയതിന്റെ തൊട്ടുപിറ്റേന്ന് തന്നെ ഇവരെ കുടുംബത്തെയൊന്നാകെ അറസ്റ്റ് ചെയ്യുകയും വീടുകള്‍ തകര്‍ക്കുകയും ചെയ്യുന്ന അത്യന്തം ഫാഷിസ്റ്റ് തേര്‍വാഴ്ചയാണ് യു.പിയില്‍ നടമാടിക്കൊണ്ടിരിക്കുന്നത്.

ഈ വീടുകള്‍ പൊളിക്കുന്നതിനായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞ കാരണങ്ങള്‍ ഓരോന്നും പച്ചക്കള്ളമെന്ന് തെളിയിക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പ്രയാഗ്രാജ് ജില്ലാ ഭരണകൂടം വീട് പൊളിക്കുന്നതിനായി മാധ്യമങ്ങളോട് പറഞ്ഞ് പ്രധാന കാരണമായിരുന്നു വീടിന് അനുമതി ഇല്ല, അനധികൃതം എന്നൊക്കെ. ഇതെല്ലാം പച്ചക്കള്ളവും വ്യാജവുമാണെന്ന് വിശദമാക്കി ഇപ്പോള്‍ കുടുംബവും ജാവേദിന്റെ അഭിഭാഷകരും രംഗത്തെത്തിയിരിക്കുകയാണ്. അഫ്രീന്‍ ഫാത്തിമയും മാതാവ് സുമയ്യ ഫാത്വിമ സഹോദരി പര്‍വീന്‍ ഫാത്തിമയുമാണ് ഉത്തര്‍പ്രദേശ് പൊലിസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ന്യായീകരണങ്ങളെ ചോദ്യം ചെയ്ത് രംഗത്തെത്തിയത്.

വീട് അനധികൃതമായി നിര്‍മിച്ചതാണെന്നും വീടിന് ബന്ധപ്പെട്ട അധികൃതരില്‍ അനുമതി ലഭിച്ചിരുന്നില്ലെന്നും നികുതിയടക്കുന്നില്ലെന്ന ആരോപണം തെറ്റാണെന്നും കഴിഞ്ഞ 20 വര്‍ഷമായി വീടിന് നികുതി അടക്കുന്നുണ്ടെന്നാണ് കഴിഞ്ഞ ദിവസം അഫ്രീന്‍ ഫാത്തിമ മാധ്യമങ്ങളോട് പറഞ്ഞത്. ഞങ്ങള്‍ വീട്ടുനികുതി, ജലനികുതി, കൂടാതെ മറ്റെല്ലാ നികുതികളും ആവശ്യാനുസരണം പ്രതിമാസം അല്ലെങ്കില്‍ വാര്‍ഷിക അടിസ്ഥാനത്തില്‍ അടയ്ക്കുന്നുണ്ട്. വീട് നിയമവിരുദ്ധമാണെന്ന് കാണിച്ച് അലഹാബാദ് ഡെവലപ്‌മെന്റ് അതോറിറ്റിയില്‍ നിന്നും ഇതുവരെ ഭീഷണിയൊന്നും ഉണ്ടായിട്ടുമില്ല. അനധികൃതമാണെങ്കില്‍ എന്തിനാണ് അവര്‍ ഞങ്ങളില്‍ നിന്നും നികുതി സ്വീകരിച്ചതെന്നും അഫ്രീന്‍ ചോദിക്കുന്നുണ്ട്.

സോഷ്യല്‍ മീഡിയകളിലൂടെയും ഫേസ്ബുക്കിലൂടെയും ജാവേദ് മുഹമ്മദ് കലാപത്തിന് ആഹ്വാനം ചെയ്തുവെന്നും പ്രവാചക നിന്ദ പരാമര്‍ശങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ കലാപമാക്കി മാറ്റിയെന്നും അതിന്റെ മുഖ്യ ആസൂത്രകന്‍ ജാവേദ് മുഹമ്മദ് ആണെന്നുമായിരുന്നു പൊലിസിന്റെ പ്രധാന വാദം. ഇത് തെളിയിക്കുന്ന ‘രേഖകള്‍’ അധികൃതര്‍ക്ക് വീട്ടില്‍ നിന്ന് കിട്ടിയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ വീടിന് പുറത്ത് സ്ഥാപിച്ച അദ്ദേഹത്തിന്റെ ഫോട്ടോയും പേരും പാര്‍ട്ടിയുടെ സ്ഥാനമാനങ്ങളും എഴുതിയ ബോര്‍ഡും വെല്‍ഫെയര്‍ പാര്‍ടിയുടെ പതാകകളുമാണ് രേഖകളാക്കി അവതരിപ്പിച്ചത്. സംഘ്പരിവാര്‍ അനുകൂല മാധ്യങ്ങള്‍ ഇതിന്റെ പൊടിപ്പും തൊങ്ങലും വെച്ചുള്ള വാര്‍ത്തകളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന വ്യാജ ആരോപണത്തെ ഖണ്ഡിക്കുന്നതാണ് ജാവേദിന്റെ അവസാനത്തെ ഫേസ്ബുക്ക് പോസ്റ്റുകള്‍. ‘ജുമുഅ നമസ്‌കാരം കഴിഞ്ഞ് സമാധാനമായി എല്ലാവരും പിരിഞ്ഞുപോകണമെന്നു സമാധാനമായി പ്രതിഷേധിക്കണമെന്നുമാണ്’ ജാവേദ് കഴിഞ്ഞ വെള്ളിയാഴ്ച അഥവാ പ്രതിഷേധം നടന്ന ദിവസം രാവിലെ പോസിറ്റിട്ടത്.

‘ഒരാളും അനാവശ്യമായി റോഡില്‍ കൂട്ടംകൂടിനില്‍ക്കരുത്. അതിന് സമുദായം മൊത്തത്തില്‍ അനുഭവിക്കേണ്ടിവരും. ജുമുഅ നമസ്‌കരിച്ച് വീട്ടിലേക്ക് പോകൂ. സ്നേഹവും സമാധാനവും നിലനില്‍ക്കാന്‍ പ്രാര്‍ത്ഥിക്കൂ’ എന്നാണ് എഫ്.ബിയില്‍ കുറിച്ചതിന്റെ ചുരുക്കം. ഏതെങ്കിലും ഒരു വിഷയത്തില്‍ സര്‍ക്കാരിനോട് സംസാരിക്കണമെങ്കില്‍ ഏറ്റവും മികച്ച വഴി സമയമെടുത്ത് അധികൃതര്‍ക്ക് പരാതി നല്‍കുകയാണ്. എപ്പോഴും സമാധാനത്തെ ഇഷ്ടപ്പെടുന്ന നഗരമാണിത്. നിലവിലെ സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ നമ്മള്‍ നമസ്‌കാരം നിര്‍വഹിച്ച് സമാധാനം നിലകൊള്ളാന്‍ പ്രാര്‍ത്ഥിക്കണം. സമാധാനമായി പ്രതിഷേധിക്കണം’- അദ്ദേഹം പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇതൊന്നും മാധ്യമങ്ങളും പൊലിസും കണ്ടതേയില്ല, അല്ലെങ്കില്‍ കണ്ടിട്ടും കാണാത്ത ഭാവം നടിക്കുകയായിരുന്നുവെന്ന് വേണം മനസ്സിലാക്കാന്‍.

വീട് പൊളിക്കുന്നതിന് മുന്‍പ് നോട്ടീസ് നല്‍കിയിരുന്നെന്ന അധികൃതരുടെ വാദത്തെയും കുടുംബം നിഷേധിച്ചു. നേരത്തെ ഒരു തരത്തിലുള്ള നോട്ടീസും നല്‍കിയിരുന്നില്ല. പൊളിക്കുന്നതിന്റെ തലേ ദിവസം രാത്രി 10 മണിക്കാണ് പൊലിസ് ആദ്യമായി വീട്ടില്‍ നോട്ടീസ് പതിക്കുന്നത്. പിറ്റേദവസം രാവിലെ 11 മണിക്ക് തന്നെ വീട് പൊളിക്കുകയും ചെയ്തു. തങ്ങള്‍ക്കെതിരെ കോടതിയില്‍ കേസുണ്ടെന്നും വീട് പൊളിച്ചുനീക്കുന്നതിനെക്കുറിച്ച് മുന്‍പും നോട്ടീസ് നല്‍കിയിരുന്നെന്നും നോട്ടീസില്‍ പറയുന്നുണ്ട്. ഇത് പച്ചക്കള്ളവും വേദനാജനകവുമായിരുന്നെന്നും അഫ്രീന്‍ പറഞ്ഞു. കള്ളമാണ് നോട്ടീസില്‍ എഴുതിവെച്ചത്. കേസിന്റെ വിശദാംശങ്ങളോ മുന്‍പ് നോട്ടീസ് നല്‍കിയതിന്റെ വിശദാംശങ്ങളോ അതില്‍ ഇല്ലായിരുന്നു. ഞങ്ങള്‍ക്ക് വീട് ഒഴിയാനോ സാധന-സാമഗ്രികകള്‍ എടുത്ത് മാറ്റാനോ ഉള്ള സമയം പോലും അവര്‍ അനുവദിച്ചില്ല.

ശനിയാഴ്ചയാണ് ഞങ്ങള്‍ക്ക് നോട്ടീസ് നല്‍കിയത്. പിറ്റേന്ന് ഞായറാഴ്ചയായതിനാല്‍ കോടതി അവധിയായിരിക്കുമെന്ന് മുന്‍കൂട്ടി കണ്ടുള്ള വ്യക്തമായ പദ്ധതിയായിരുന്നു അവരുടേത്. മാത്രമല്ല, വീട് ജാവേദിന്റെ പേരിലല്ല, അദ്ദേഹത്തിന്റെ ഭാര്യയുടെ പേരിലാണെന്നും കുടുംബം പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി കുടുംബം അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

പിതാവിനെ ചോദ്യം ചെയ്യാനെന്ന പേരിലാണ് രാത്രി പൊലിസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. പിന്നീട് ഇന്നുവരെ ജാവേദിനെക്കുറിച്ച് യാതൊരു വിവരവുമില്ല. അദ്ദേഹത്തിനെതിരെ ചുമത്തിയ കേസ് എന്താണെന്ന് പോലും കുടുംബത്തെ അറിയിച്ചില്ല. അദ്ദേഹം കസ്റ്റഡിയിലാണോ ജയിലിലാണോ എന്നൊന്നും കുടുംബത്തിന് വിവരമില്ല. തന്റെ ഉമ്മയെയും സഹോദരിയെയും 30 മണിക്കൂര്‍ നേരം കസ്റ്റഡിയില്‍ വെച്ച ശേഷം വിട്ടയക്കുകയായിരുന്നെന്നും അവരെ എങ്ങോട്ടാണ് കൊണ്ടുപോയതെന്ന് അറിയില്ലെന്നും അഫ്രീന്‍ പറഞ്ഞു. ഇത്തരത്തില്‍ തീര്‍ത്തും വ്യാജമായ ആരോപണങ്ങളും കള്ളങ്ങളുമാണ് സംഘ്പരിവാര്‍ ഭരണകൂടവും പൊലിസും പറയുന്നത്. അതേറ്റ് പാടുകയാണ് ഗോഡി മീഡിയകളും സംഘ്പരിവാര്‍ സൈബര്‍ പോരാളികളും ചെയ്യുന്നത്. ഇതിനിടയില്‍ സത്യം വെളിച്ചത്ത് കൊണ്ടുവരിക എന്നത് തന്നെ വലിയ ഒരു പോരാട്ടമായി മാറിയിരിക്കുകയാണിന്ന്.

 

 

Related Articles