Current Date

Search
Close this search box.
Search
Close this search box.

ശത്രുവും മിത്രവും

നാല്പത് വര്ഷം മുമ്പ് ഒരു സെപ്റ്റംബര്‍ മാസത്തിലാണ് ഇറാന്‍ ഇറാഖ് യുദ്ധം ആരംഭിച്ചത്. ആധുനിക ലോകത്തെ കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ട ഒന്നായി ഈ യുദ്ധത്തെയും എണ്ണപ്പെടുന്നു. എട്ടു വര്‍ഷത്തെ യുദ്ധം അവസാനിച്ചപ്പോള്‍ രണ്ടു രാജ്യവും ആദ്യമുണ്ടായിരുന്നിടത്ത് ഒരടി മുന്നോട്ടോ പിന്നോട്ടോ പോയില്ല. അഞ്ചു ലക്ഷം മനുഷ്യര്‍ കൊല്ലപ്പെട്ടു, ലക്ഷക്കണക്കിന്‌ ആളുകള്‍ക്ക് പരിക്കേറ്റു ഒരു പാട് ലക്ഷങ്ങളെ കാണാതായി. അതിലപ്പുറം രണ്ടു രാജ്യങ്ങള്‍ക്കും അനുഭവിക്കേണ്ടി വന്ന സാമ്പത്തിക ദുരന്തം വിവരണത്തിന് അപ്പുറമാണ്. ഏതു സ്ഥലത്തിന്റെ പേരിലാണോ രണ്ടു രാജ്യവും യുദ്ധം ചെയ്തത് ആ സ്ഥലം നികത്താന്‍ മാത്രം ശവങ്ങള്‍ ഈ യുദ്ധം ഉണ്ടാക്കിയിരുന്നു.

മിഡില്‍ ഈസ്റ്റില്‍ പിന്നീട് ഉണ്ടായ മുഴുവന്‍ സംഭവ വികാസങ്ങള്‍ക്കും ഈ യുദ്ധം കാരണാമായിട്ടുണ്ട്. മുസ്ലിം ഭൂരിപക്ഷ മേഖലയില്‍ സുന്നി ശിയാ എന്ന വേര്‍തിരിവിനു കൂടുതല്‍ കരുത്തു നല്‍കാന്‍  കൂടി ഈ യുദ്ധം കാരണമായി. സുന്നി ശിയാ എന്നത് ഇറാന്‍ വിപ്ലവത്തിന് മുമ്പും ഒരു യാഥാര്‍ഥ്യമായിരുന്നു. പക്ഷെ ഇന്നത്തെ പോലെ രണ്ടു വിഭാഗവും ഒരു ഏറ്റുമുട്ടലിലേക്ക് കാര്യങ്ങള്‍ പോയിരുന്നില്ല.  ഇറാന്‍ വിപ്ലവം ആ രാജ്യത്തിന്റെ ഒരു ആഭ്യന്തര കാര്യമായി എടുത്താല്‍ മതിയായിരുന്നു. ശിയാ ഭൂരിപക്ഷ പ്രദേശമായ ഇറാഖ് കൂടി ഇത്തരം വിപ്ലവങ്ങള്‍ക്ക് പാത്രമാകുമോ എന്ന സദ്ദാംഹുസൈന്റെ ഭയമാകും ഇത്തരം ഒരു യുധത്തിലെക്ക് കാര്യങ്ങള്‍ എത്തിച്ചതെന്ന് ലോകം ഇപ്പോഴും വിലയിരുത്തുന്നു. ഇറാന്‍ മുന്നോട്ട് വെച്ച ജനായത്ത രീതികള്‍ പ്രദേശത്തെ സ്വാദീനിക്കുമോ എന്ന ഭയവും ഇറാഖിനെ പിന്തുണക്കാന്‍ മറ്റു രാജ്യങ്ങള്‍ക്ക് ഒരു കാരണമായിട്ടുണ്ട്.

Also read: അല്ലയോ ഉർദുഗാൻ, ഒമ്പത് വർഷം സോമാലിയയെ പിന്തുണച്ചതിന് നന്ദി

നാല് പതിറ്റാണ്ടിനു ശേഷം നാം കാണുന്നത് ഇറാന് കൂടുതല്‍ രാഷ്ട്രീയ സ്വാദീനം ലഭിച്ച ഒരു മിഡില്‍ ഈസ്റ്റാണ്. ഇറാഖ് സിറിയ യമന്‍ ലബനാന്‍ എന്നിവടങ്ങളില്‍ അവരുടെ സ്വാദീനം ശക്തമാണ്. അത് കൊണ്ട് തന്നെ ഇസ്രയേലില്‍ നിന്നും ഉണ്ടാകാന്‍ സാധ്യതയുള്ള ഭീഷണിയെക്കാള്‍ വലുതാണ് ഇറാനില്‍ നിന്നുണ്ടാകുന്ന ഭീഷണി എന്ന് മനസ്സിലാക്കുന്നിടത്താണ് പല ശത്രുക്കളില്‍ നിന്നും ഒരു ശത്രുവില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന നിലപാടിലേക്ക് പല രാജ്യങ്ങള്‍ക്കും പോകേണ്ടി വന്നത്. പ്രദേശത്തെ മറ്റു രാജ്യങ്ങളും ഇസ്രയേലുമായി ബന്ധം സ്ഥാപിക്കും എന്ന് ട്രമ്പ്‌ ഉറപ്പു പറയുന്നത് ഈ ഇറാന്‍ എന്ന പൊതു ശത്രുവിനെ ചൂണ്ടി കാണിച്ചാണ്.

മുസ്ലിം രാജ്യങ്ങള്‍ക്കിടയില്‍ പരമാവധി ഭിന്നത നിലനിര്‍ത്താന്‍ തല്‍പ്പര കക്ഷികള്‍ എന്നും ശ്രമിച്ചിട്ടുണ്ട്. ഇറാന്‍ ഇറാഖ് വിഷയത്തില്‍ ഒരു ഒത്തു തീര്‍പ്പിന് പകരം ആദ്യം പക്ഷം ചേരാന്‍ പലരും കാണിച്ച ഉത്സാഹം അതിന്റെ തെളിവാണ്.  സുന്നി ശിയാ എന്നത് ഒരു പുതിയ കാര്യമല്ല. അതിനു പ്രവാചകനോളം പഴക്കമുണ്ട്. പ്രവാചക മരണത്തിനു ശേഷം മൂന്നു പതിറ്റാണ്ടിനുള്ളില്‍ തന്നെ അങ്ങിനെ ഒരു വിഭജനം മുസ്ലിം ലോകത്ത് നടന്നിരുന്നു. രണ്ടു വിഭാഗത്തിനുമിടയില്‍ പല വിഷയങ്ങളിലും അഭിപ്രായ വ്യത്യാസങ്ങള്‍ നിലനിന്നിരുന്നു. ആദ്യത്തെ മൂന്നു ഖലീഫമാരുടെ കാര്യത്തില്‍ അത് തുടങ്ങുന്നു.

Also read: സ്ത്രീ രൂപത്തോട് പുരുഷ മസ്തിഷ്‌കം പ്രതികരിക്കുന്നതെങ്ങനെ?

ആധുനിക ലോകത്ത് ഇറാനില്‍ ഉണ്ടായ  വിപ്ലവത്തോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ലോക മുസ്ലിം ജനതയുടെ സിംഹ ഭാഗവും സുന്നി മുസ്ലിംകളാണ്. ശിയാക്കള്‍ക്ക് രാഷ്ട്രീയ സ്വാദീനമുള്ള രാജ്യം എന്ന നിലയിലേക്ക് ഇറാന്‍ കടന്നു വന്നത് മേഖലക്ക് ഭീഷണി എന്നതിനേക്കാള്‍ മേഖലയിലെ ഭരണാധികാരികള്‍ക്ക് ഭീഷണിയായി എന്നതാവും ശരിയായ വീക്ഷണം. ഇസ്രയേലുമായി അധികം മുസ്ലിം മുസ്ലിം രാജ്യങ്ങളും അതിര്‍ത്തി പങ്കിടുന്നില്ല. അത്  കൊണ്ട് തന്നെ ഇസ്രയേലിനോടുള്ള എതിര്‍പ്പിനു  കാരണം ഫലസ്തീന്‍ ജനത എന്നതായിരുന്നു. ഫലസ്തീന്‍ കാര്യത്തില്‍ സുന്നികളും ശിയാക്കളും ഒരേ നിലപാട് തന്നെയാണ് സ്വീകരിച്ചത്.  ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്‍ മുജാഹിദീന്‍ തന്നെയാണ് ഇസ്രയേലിന് വലിയ തലവേദന എന്നതും ഒരു ചരിത്ര യാഥാര്‍ഥ്യമാണ്.

സദ്ദാം ഹുസൈന്‍ എന്ന ഭരണാധികാരി ഇറാഖില്‍ ശിയാ സമൂഹത്തെ കാര്യമായി പീഡിപ്പിച്ചിരുന്നു എന്നൊക്കെ നാം വായിച്ചിട്ടുണ്ട്. ശിയാക്കളെ കൊന്നു എന്ന കാരണം പറഞ്ഞാണ് സദ്ദാമിനെ കോടതി തൂക്കി കൊന്നതും. സദ്ദാമിന്റെ കൊല ശിയാക്കള്‍ ഒരു ആഘോഷമാക്കി മാറ്റിയത്രേ. അവര്‍ തെരുവുകളില്‍ നൃത്തം ചെയ്തെന്ന റിപ്പോര്‍ട്ടും അന്ന് വന്നിരുന്നു. മുസ്ലിം ലോകത്തു നില നിന്നിരുന്ന സുന്നി ശിയാ വിഭജനം അതിന്റെ പൂര്‍ണതയിലേക്ക് കൊണ്ട് പോകാന്‍ സാമ്രാജത്വ ശക്തികള്‍ക്കു സാധിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ ഇറാന്‍ ഇസ്രയേല്‍ എന്ന ചോദ്യത്തിന് മുന്നില്‍ ഇറാന്‍ എന്ന് പലര്‍ക്കും പറയേണ്ടി വന്നു.

അറബ് മുസ്ലിം രാജ്യങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങള്‍ രൂക്ഷമായി വരികയും ഇസ്രയേലുമായി കാര്യങ്ങള്‍ സാധാരണ രീതിയിലേക്ക് വരികയും ചെയ്യുക എന്നത് പുതിയ തീരുമാനത്തിന്റെ ബാക്കി പത്രമാണ്‌. ഇനിയും കൂടുതല്‍ രാജ്യങ്ങള്‍ അടുത്ത് തന്നെ ഇസ്രായേലുമായി ബന്ധം ശരിപ്പെടുത്തും എന്ന് ട്രമ്പ്‌ ഉറപ്പിച്ചു പറയുന്നത് വെറുതെയാകില്ല എന്നാണു ലോകം വിലയിരുത്തുന്നത്. സുഡാന്‍ കുവൈറ്റ്‌ ഒമാന്‍ അള്‍ജീറിയ സഊദി ഖത്തര്‍ എന്നീ രാജ്യങ്ങള്‍ക്ക് കൂടുതല്‍ വൈകാതെ യു എ ഇ യുടെയും ബഹറിന്‍റെയും പാതയില്‍ വരും എന്ന് ട്രമ്പ്‌ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു എന്നാണ് വാര്‍ത്താമാധ്യമങ്ങള്‍ പറയുന്നത്. അതിനു ട്രംപിനു കാര്യമായി എടുത്തു കാണിക്കാനുള്ള ആയുധം ഇറാന്‍ തന്നെ.

Also read: ജോര്‍ജ്ജസ് ഇബ്രാഹിം അബ്ദുല്ല; തടവറയില്‍ 36 വര്‍ഷം പിന്നിടുമ്പോള്‍

ഫലസ്തീന്‍ വിഷയത്തില്‍ ഇസ്രയേല്‍ നിലപാട് മാറ്റിയാല്‍ മാത്രമേ അത്തരം ഒരു നടപടിക്ക് സാധ്യതയുള്ളൂ എന്ന് പലരും വ്യക്തമാക്കിയിട്ടുണ്ട്. ഈ കൂട്ടത്തില്‍ ആദ്യം ബന്ധം സ്ഥാപിക്കാന്‍ സാധ്യത സുഡാനാണ്. ഇപ്പോഴത്തെ താല്‍ക്കാലിക സര്‍ക്കാറിന് ശേഷം വരുന്ന സര്‍ക്കാര്‍ ആദ്യം ചെയ്യുന്ന കാര്യങ്ങളില്‍ ഒന്ന് ഇതാകും എന്നാണു അമേരിക്ക മനസ്സിലാക്കുന്നത്. അവര്‍ക്ക് വേണ്ടത് സമ്പത്താണ്‌. അത് നല്‍കാന്‍ പലരും തയ്യാറായിട്ടുണ്ടത്രേ.

ചുരുക്കത്തില്‍ സുന്നി ശിയാ തര്‍ക്കം മുസ്ലിം രാജ്യങ്ങളുടെ   ശത്രുവിനെയും മിത്രത്തെയും തീരുമാനിക്കുന്നിടത്തേക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നു.  യോജിക്കാനുള്ള മാര്‍ഗങ്ങള്‍ അന്വേഷിക്കുക എന്നതിന് പകരം ഭിന്നിപ്പിന്റെ വഴികള്‍ അന്വേഷിച്ചാല്‍ അത് ഗുണം ചെയ്യുക ശത്രുവിന് തന്നെയാകും. ഫലസ്തീന്‍ ജനതയെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുംപോഴും ഒരു തടസ്സവുമില്ലാതെ ഇസ്രയേല്‍ എങ്ങിനെ മുസ്ലിം രാജ്യങ്ങളില്‍ കടന്നു കയറുന്നു എന്ന ചോദ്യം  ചരിത്രത്തില്‍ ഒരു താമാശായി അവശേഷിക്കും 

Related Articles