ഇന്നും ഉറക്കമുണർന്നത് ശക്തമായ ബോംബ് സ്‌ഫോടനങ്ങളിലേക്കും എൻ്റെ ഏറ്റവും അടുത്ത സുഹൃത്ത് അക്റമിൻ്റെ കുടുംബത്തിലെ ആറുപേർ കൊല്ലപ്പെട്ടിട്ടുണ്ട് എന്ന വാർത്തയുടെ ഞെട്ടലിലേക്കുമായിരുന്നു. അവൻ അതിൽ ഉണ്ടാകരുതേ എന്ന പ്രാർത്ഥനയോടെ ഞാനവനെയൊന്ന് വിളിക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. പക്ഷേ, കിട്ടിയില്ല. യുദ്ധ സമയത്ത് ഗസ്സയിൽ മൊബൈൽ നെറ്റ്‌വർക്ക് പാടേ താറുമാറാവും. ഇസ്രായേൽ ആദ്യം ചെയ്യുന്ന പണികളിൽ പെട്ടതാണത്. 21 പേരെയാണ് ഒറ്റ ദിവസം കൊണ്ട് ഞങ്ങൾക്ക് നഷ്ടമായത്. അതിൽ പതിനെട്ട് മാസം പ്രായമുള്ള ഒരു കുഞ്ഞുണ്ടായിരുന്നു. ഉമ്മയുടെ മടിയിൽ കിടക്കുകയായിരുന്ന രണ്ടര വയസ്സുള്ള മറ്റൊരു കുഞ്ഞും…
പക്ഷേ, ഗസ്സക്ക് പുറത്തുള്ള ലോകത്ത് ആർക്കും ഇതിലൊന്നും ഒരു പ്രശ്നവുമുണ്ടായിരുന്നില്ല. യുദ്ധം ആരും മൈൻഡ് ചെയ്യാത്തതു പോലെ. ‘ഫലസ്തീനിൽ യുദ്ധവും കുടുംബങ്ങൾ കൊല്ലപ്പെടലും ഒക്കെ പതിവുള്ളതല്ലേ, ഇതിലെന്താണിത്ര പുതുമ?’ എന്നൊരു നിസ്സംഗതയായിരുന്നു എല്ലാവർക്കും. എന്തിന്, അറബ് രാജ്യങ്ങൾ പോലും അപലപിക്കുന്നു എന്ന ഒറ്റവാക്കിൽ എല്ലാ കടമകളും തീർത്ത് സാധാരണ മട്ടിൽ ജീവിതം തുടർന്നു.
ഞാൻ ശ്രദ്ധിച്ചത് അതു തന്നെയായിരുന്നു. എല്ലായിപ്പോഴും ഇസ്രായേൽ ആക്രമണം തുടങ്ങിയാൽ ആദ്യ ദിവസം തന്നെ വെടിനിർത്തലിനെ കുറിച്ചോ സമാധാന ചർച്ചകളെ കുറിച്ചോ ഏതെങ്കിലും കോണിൽ നിന്ന് സംസാരമുണ്ടാവും. ഇസ്രായേലിന് അത്ര പെട്ടെന്നൊന്നും കൊന്നിട്ട് മതിയാവില്ല എന്നും അവരങ്ങനെ എളുപ്പത്തിൽ ആയുധം താഴെ വെക്കില്ല എന്നും എല്ലാവർക്കും അറിയാം. എന്നാലും, വെടിനിർത്തൽ എന്ന വാക്ക് എന്തോ ഒരു പ്രതീക്ഷയും സമാധാനവും തരും. ഇപ്രാവശ്യം പക്ഷേ, യുദ്ധം തുടങ്ങി എഴുപത്തി രണ്ടു മണിക്കൂറിലേറെ പിന്നിട്ടിട്ടും ആരും അതവസാനിപ്പിക്കുന്നതിനെ കുറിച്ച് ഒരു വാക്ക് പോലും ഉച്ചരിച്ചിട്ടില്ല.
നേരിയൊരാശ്വാസം ഗസ്സക്കാരെ ഇനിയും കൊല്ലരുത് എന്ന് പറഞ്ഞ് ചില യൂറോപ്യൻ തെരുവുകളിൽ നടക്കുന്ന റാലികളാണ്. മറ്റുള്ളവരെല്ലാം ഈ ക്രൂരത കണ്ടില്ലെന്ന് നടിക്കുമ്പോൾ, നിങ്ങളുടെ ഭാഗത്തെ ന്യായം പറയാൻ, നിങ്ങളുടെ ആത്മാഭിമാനത്തിന് വില കൊടുക്കാൻ ആരെങ്കിലുമൊക്കെ ഉണ്ടാകുന്നത് വലിയ കാര്യമാണ്. അത് യുദ്ധം അവസാനിപ്പിക്കാൻ പോന്നതല്ല എങ്കിൽ കൂടിയും. മക്കൾക്ക് സ്കൂൾ മിസ്സ് ചെയ്യാൻ തുടങ്ങിയിരിക്കുന്നു. “റമദാൻ കഴിഞ്ഞാൽ വീണ്ടും സ്കൂളിൽ പോകാൻ കഴിയുമായിരിക്കും അല്ലേ?” ഇന്ന് നഈം ചോദിച്ചു. നോമ്പ് പകുതിയേ ആയിട്ടുള്ളൂ. എന്നിട്ടും, ഇനിയും രണ്ടാഴ്ച കഴിഞ്ഞുള്ള കാര്യമാണല്ലോ അവൻ പറയുന്നത് എന്നോർത്ത് തെല്ലൊന്നു അമ്പരന്നു. ഒരുപക്ഷേ ഇത് ഉടനെയൊന്നും അവസാനിക്കാതെ തുടരുന്ന യുദ്ധമാണെന്ന് വലിയവരെ പോലെ കുട്ടികൾക്കും ആശങ്ക തോന്നുന്നുണ്ടാവും. അതവൻ എന്നോട് നേരിട്ട് പറയുകയും ചെയ്തു.
“എനിക്കെന്തോ ഇനി പോകാൻ പറ്റില്ല എന്നൊക്കെ തോന്നുന്നു അബ്ബാ… ഈ യുദ്ധം എന്താ അവസാനിക്കാത്തത്?”
“മോനിങ്ങനെ പേടിക്കണ്ട. യുദ്ധം ഇന്നോ നാളെയോ അങ്ങ് തീരില്ലേ. പിന്നെന്താ?” എൻ്റെയുള്ളിലെ ബേജാറ് പുറത്ത് കാണിക്കാതെ ഞാനവനെ കൂൾ ആക്കാൻ നോക്കി.
“ഇന്നലെ മുസ്തഫ ചോദിച്ചപ്പോഴും അബ്ബാ നാളെ അവസാനിക്കും എന്നാണല്ലോ പറഞ്ഞത്. എന്നിട്ട് ഇപ്പോഴും ബോംബ് പൊട്ടുന്നുണ്ടല്ലോ. അപ്പോഴോ?” അവന് സമാധാനം കിട്ടുന്നുണ്ടായിരുന്നില്ല.
“നാളെ എന്ന് വെച്ചാൽ ഏറ്റവും അടുത്ത ദിവസം തന്നെ എന്ന്. എന്തായാലും രണ്ടു ദിവസത്തിനകം യുദ്ധം തീരും. ”
“ഇല്ലെങ്കിലോ? യുദ്ധം തീർന്നില്ലെങ്കിലും അടുത്ത ടേമിന് എനിക്ക് സ്കൂളിൽ പൊയ്‌ക്കൂടെ? ” കുഞ്ഞിൻ്റെ കണ്ണിൽ അനിശ്ചിതത്വവും ഭീതിയുമുണ്ടായിരുന്നു.
“ക്ലാസ് തുടങ്ങുന്ന ദിവസം എൻ്റെ കുട്ടി ഉറപ്പായും ആദ്യത്തെ ബെഞ്ചിൽത്തന്നെ ഇരിക്കുന്നുണ്ടാവും. ഇത് അബ്ബാ തരുന്ന പ്രോമിസാണ്. പോരേ? “
എൻ്റെ മുഖത്ത് മനപ്പൂർവ്വം വരുത്തി വെച്ച ആത്മവിശ്വാസം ശരിക്കുമുള്ളതാണ് എന്ന് തെറ്റിദ്ധരിച്ചിരിക്കുകയാണ് ആ പാവം. അവൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി. എന്നെയും അതുപോലെയൊന്ന് ആശ്വസിപ്പിക്കാൻ, ഇതൊക്കെ ഇപ്പൊ തീരില്ലേ എന്ന് വിശ്വസിപ്പിക്കാൻ ആരെങ്കിലും ഒരാള്, ഒരാളെങ്കിലുമുണ്ടായിരുന്നെങ്കിൽ എന്ന് അതിതീവ്രമായി ആഗ്രഹിക്കുകയായിരുന്നു ഞാനപ്പോൾ.
രാത്രി മക്കളുറങ്ങി ഏറെ നേരം കഴിഞ്ഞിട്ടും ഉറക്കം കിട്ടാതിരുന്ന ഞാനും ഹന്നയും ഇരുട്ടത്തിരിക്കുകയായിരുന്നു. സാധരണ റമദാനിലെ ഈ നേരത്ത് ഞങ്ങൾ ഹന്നക്ക് ഇഷ്ടപ്പെട്ട റമദാൻ ടി.വി സീരീസ് കാണുകയാവും. പക്ഷേ, ഇപ്പോൾ ഗസ്സയിൽ വൈദ്യുതിയില്ല. ഏഴു കൊല്ലം മുമ്പ് ഗസ്സ പവർ സ്റ്റേഷൻ ഇസ്രായേൽ ബോംബിട്ട് തകർത്തതിൽ പിന്നെ വൈദ്യുതി വിതരണം നന്നേ കുറവാണ്. ഇപ്പോൾ അത് ദിവസത്തിൽ മൂന്നോ നാലോ മണിക്കൂറുകൾ മാത്രമായി ചുരുങ്ങിയിരിക്കുന്നു. അതുകൊണ്ട് ദിവസത്തിൻ്റെ ഏറിയ പങ്കും പത്തൊൻപതാം നൂറ്റാണ്ടിലെന്ന വണ്ണമാണ് ഗസ്സക്കാരുടെ ജീവിതം.
എത്ര നേരം ഇരുട്ടത്തായാലും വേണ്ടില്ല, മെഴുകുതിരികൾ കത്തിക്കാനേ പാടില്ല എന്നതാണ് ഞങ്ങളുടെ വീട്ടിൽ ആരും ലംഘിക്കാത്ത നിയമം. മറ്റൊന്നും കൊണ്ടല്ല, ഇടുങ്ങിയ മുറികളിൽ മെഴുകുതിരി മറിഞ്ഞ് തീ പടരുന്നതും മക്കൾ വെന്ത് മരിക്കുന്നതും ഓർക്കാൻ പോലും മനക്കരുത്തില്ല ഞങ്ങൾക്ക്. അങ്ങനെ എത്രയോ പേടിപ്പെടുത്തുന്ന സംഭവങ്ങൾ നിത്യേനയെന്നോണം കേട്ടിരിക്കുന്നു! മുമ്പ്, പല കുടുംബങ്ങളെയും പോലെ ഞങ്ങളും ഒരു ജനറേറ്റർ വാങ്ങി വരാന്തയിൽ വെച്ചിരുന്നു. അതും അത്യന്തം അപകടകരമാണെന്ന് അധികം വൈകാതെ തന്നെ മനസ്സിലായി. ജനറേറ്ററിൽ നിന്ന് ഷോക്കേറ്റതും തീ ആളിപ്പടർന്ന് ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞുങ്ങളടക്കം പൊള്ളലേറ്റ് മരിച്ചു പോയതും കെട്ടിടങ്ങള് കുറേ കത്തി നശിച്ചതുമൊക്കെ കണ്മുന്നിൽ കണ്ടു. അങ്ങനെ അതും ഉപയോഗിക്കാതെയായി.
വിരസത മാറ്റാൻ എന്നും ഒരു അര മണിക്കൂർ നേരത്തേക്കെങ്കിലും മെഴുകുതിരി വെളിച്ചത്തിൽ എഴുതാൻ തുടങ്ങിയാലോ എന്ന് ചിലപ്പോൾ തോന്നും. ഹന്നയോട് അനുവാദം ചോദിക്കണമെന്നോർക്കും. പക്ഷേ , പെട്ടെന്ന് ഉഗ്ര ശബ്ദത്തോടെ അടുത്തെവിടെയെങ്കിലും ഒരു യുദ്ധ വിമാനം ബോംബിടുന്നതും അതിൻ്റെ പ്രകമ്പനത്തിൽ വിറച്ച് മെഴുകുതിരി മറിഞ്ഞ് വീഴുന്നതും എഴുതിക്കൊണ്ടിരുന്ന കടലാസിന് തീ പിടിച്ച് അത് പെട്ടെന്നു തന്നെ അരികത്ത് കിടക്കുന്ന മക്കളുടെ പുതപ്പിലേക്ക് പടരുന്നതും ഓർക്കുമ്പോൾ ഭയത്തോടെ ആ മോഹം വേണ്ടെന്നു വെക്കും.
“ഞാൻ ജീവനോടെയുണ്ട്. എൻ്റെ കസിനും ഭാര്യയും ഉമ്മയും കുഞ്ഞുങ്ങളുമാണ് മരിച്ചത്. അവൻ്റെ അഞ്ചു മാസവും പതിനൊന്ന് വയസ്സുമുള്ള മറ്റു രണ്ടു കുഞ്ഞുങ്ങൾ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലാണ്.” അക്റമിൻ്റെ മെസേജ് വന്നു. ഇടക്കിടെ ആകാശത്ത് കാണാവുന്ന ഡ്രോണുകളുടെ തീവെളിച്ചത്തിൽ ഞാൻ ജനലിനപ്പുറത്തെ ഗസ്സയെ നോക്കി. ജീവൻ്റെ അടയാളങ്ങളൊന്നും ബാക്കിയില്ലാതെ, കണ്ണിന് കാണാവുന്ന ദൂരത്തോളം കുറേയേറെ കോൺക്രീറ്റ് കൂനകളും ആളുകൾ മരിച്ചൊഴിഞ്ഞതിൻ്റെ പേടിപ്പെടുത്തുന്ന നിശ്ശബ്ദതയും മാത്രം. എനിക്ക് പ്രിയപ്പെട്ട ഗസ്സ ഒരു പ്രേതനഗരമായി മാറിയിരിക്കുന്നു…!
വിവ: ഷഹ് ല പെരുമാൾ
Summary: The piece is a deeply emotional first-person account from Gaza, describing the unbearable reality of life under continuous Israeli bombardment. The writer wakes to explosions and learns that his close friend Akram’s family has been killed, one among many victims in a single day—including infants. While Gaza bleeds, the world remains indifferent, treating Palestinian suffering as routine. Even Arab nations limit their response to token condemnations. Amid the chaos, a father tries to comfort his frightened child who wonders when the war will end or if he will ever return to school. The narrative captures the despair of families living without electricity, fearing to light candles because of constant danger, and clinging to hope through messages from surviving friends.